Archives / july 2021

കുളക്കട പ്രസന്നൻ
ആപ് കാലത്തെ സെൽഫിയും സെൽഫിഷും 

ഫോട്ടോ കമ്പമുള്ളവർ പണ്ടേയുണ്ട്. തങ്ങളുടെ ഫോട്ടോ മനോഹരമായി എടുക്കാൻ കുളിച്ച് പൗഡർ ഇട്ട് മുടിച്ചീകി  ഒതുക്കി ഏറ്റവും നല്ല വസ്ത്രമിട്ട് സ്റ്റുഡിയോയിൽ പോയി ക്യാമറാമാൻ പറയുന്ന പൊസിഷ്യനിൽ ഇരുന്ന് ഫോട്ടോ എടുത്തിരുന്ന ഒരു കാലം , ക്യാമറയുള്ള മൊബൈൽ ഫോൺ വരുന്നതിനു മുമ്പേ ഉണ്ടായിരുന്നു.  ഫോട്ടോ പിടിക്കുന്നതിനു മുമ്പ് ചിത്രകാരന്മാരുടെ സഹായത്തോടെ പടം വരച്ച് സൂക്ഷിക്കുമായിരുന്നു. ഒരു പക്ഷെ, അന്നു പടം വരച്ച് സൂക്ഷിക്കുന്നതും ആദ്യകാലങ്ങളിൽ ഫോട്ടോ എടുത്ത് ഫ്രെയിം ചെയ്യുന്നതും സമ്പന്നരുടെ പട്ടികയിൽ പെടുന്നവരായിരുന്നു. എന്നാൽ പിൽക്കാലത്ത് അതു മാറി. ക്യാമറയുള്ള മൊബൈൽ ഫോൺ വന്നതോടെ അത് സമ്പന്നതയുടെ ലക്ഷണം എന്നിടത്ത് സാങ്കേതിക വിദ്യാ പരിജ്ഞാനം കുറച്ചെങ്കിലും ഉള്ളവൻ്റെ ലോകമായി.

മൊബെൽ ഫോൺ ആദ്യകാലങ്ങളിൽ മറ്റൊരാളെ വിളിക്കാനും തിരിച്ചുവിളിക്കാനുമുള്ള സംവിധാനം ആയിരുന്നുവെങ്കിൽ മൊബൈൽ ഫോൺ നാൾക്കുനാൾ അധീശത്വം നേടുന്ന ഒരു ലോകമായി കൊണ്ടിരിക്കുന്നു. ക്യാമറ മാത്രമല്ല, ഇൻ്റർനെറ്റ് ഉപയോഗിച്ച് ജിമെയിൽ ഉൾപ്പെടെ എന്തെല്ലാം സാങ്കേതിക സഹായം ലഭ്യമാകുന്നു. ഫെയ്സ് ബുക്ക്, വാട്സാപ്പ് തുടങ്ങിയ നവ മാധ്യമങ്ങൾ , ഗെയിം , വീഡിയോ കോൾ, ഗൂഗിൾ മീറ്റ് വിവിധ ആപ്പുകൾ അങ്ങനെ സാധ്യതകൾ അനന്തമാകുന്നു.

അറിഞ്ഞു ഉപയോഗിക്കേണ്ടുന്ന ഒന്നാണ് മൊബൈൽഫോൺ . അതില്ലേൽ അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന പഴമൊഴി അന്വർത്ഥമാകും. ഒരു വിരൽത്തുമ്പു കൊണ്ടുള്ള കളിയിൽ തമാശക്കിറങ്ങുന്നത് സൂക്ഷിച്ചു വേണം. അല്ലേൽ മുഴുവൻ വിരലുകൊണ്ടും കരകയറാൻ കഴിയില്ല. സമൂഹത്തിൽ നമ്മൾ കാണുന്ന നന്മയും തിന്മയും എന്നതു പോലെ മൊബൈൽ ഫോൺ വഴിയും നന്മയും തിന്മയും സംഭവിക്കാം.

നമ്മൾ ഒന്നു പരിശോധിക്കു , വാട്സാപ്പ് കൂട്ടായ്മയിലൂടെ സമൂഹത്തിൽ എന്തെല്ലാം സദ് പ്രവൃത്തി നടക്കുന്നു. വീടുവച്ചു നൽകുന്നതിന്, രക്തം ദാനം ചെയ്യുന്നതിന്, ചികിത്സാ ധനസഹായത്തിന്, പom സഹായത്തിനു അങ്ങനെ എന്തെല്ലാം ഇടപെടലുകളുടെ കാരുണ്യ വർഷം നവ മാധ്യമങ്ങളുടെ അടിസ്ഥാന ഘടകമായ മൊബൈൽ ഫോൺ എന്ന സാങ്കേതിക വിദ്യ വഴി നടക്കുന്നു. അതു നമ്മൾ മനസ്സിലാക്കണം.

എന്നാൽ ചതിയുടെ വലയും ഇവിടെ നടക്കുന്നു . പ്രണയം നടിച്ച് വലയിൽ വീഴ്ത്താനും സാമ്പത്തിക കൊള്ളക്കും മറ്റു പലതിനും മൊബൈൽ ഫോൺ ഉപയോഗം സാധിതമാകും എന്നത് അതീവ ശ്രദ്ധ വേണ്ടുന്ന വിഷയമാണ് . ഇത്തരം വിഷയങ്ങൾ കൂടാതെയാണ് പലരുടെയും സെൽഫി ഭ്രമം എന്ന മറ്റൊരു അപകടവും.

ഒരു വിനോദയാത്രക്കിടെയോ , വിവാഹ ചടങ്ങിലോ മറ്റു വിശേഷ അവസരങ്ങളിലോ ഒത്തൊരുമിക്കുന്ന സുഹൃത്തുക്കൾ മൊബൈൽ ഫോൺ ക്യാമറയിൽ ഫോട്ടോ എടുക്കുന്നത് സ്വാഭാവികമാണ്. അതിൽ ഒരപകടവും ഉണ്ടാവുന്നില്ല.  എന്നാൽ ഈ സെൽഫി എടുപ്പ് മറ്റു അപകടം പിടിച്ച വിധമായാലോ ? അതാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.

സെൽഫി എടുക്കാനായി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുമുകളിൽ കയറുന്നതും സിംഹത്തിൻ്റെ കൂട്ടിൽ കയറുന്നതും അപകടമാണ്. സാഹസികത കാട്ടി സെൽഫി എടുക്കാൻ ശ്രമിക്കുന്ന ഇക്കൂട്ടർ ചെയ്യുന്നത് സാഹസികതയല്ല. പബ്ലിസിറ്റി മാനിയയിൽ ചെയ്യുന്ന അല്പത്തരമാണ്.  കായികം , ചിത്രരചന , കവിതയെഴുത്ത്, കാർട്ടൂൺ, പ്രസംഗം തുടങ്ങി ഏതെങ്കിലും ഒരു മേഖലയിൽ തൻ്റെ കഴിവ് വിനിയോഗിച്ച് ശ്രദ്ധേയനാകാൻ ശ്രമിക്കാതെ സെൽഫി എന്ന സെൽഫിഷ് മാത്രമാണ് ഇതിനു പിന്നിലെ ചേതോവികാരം.

അപകടരമാകുന്ന സെൽഫിഭ്രമത്തെ പ്രോത്സാഹിപ്പിക്കാൻ ഏതേലും മത്സരമോ മറ്റ് സംവിധാനങ്ങളോ ഉള്ളതായി അറിയില്ല. എന്നിട്ടും എന്തിനാണ് ജീവൻ പണയം വച്ചുള്ള സെൽഫി എടുപ്പ്. അഥവാ അത്തരം മത്സരമുണ്ടെങ്കിൽ അത് നിരുത്സാഹപ്പെടുത്തുകയാണ് വേണ്ടത്.

സെൽഫി വൈറലാക്കാൻ കാട്ടി കൂട്ടുന്ന കഷ്ടപ്പാടുകൾ പലവിധമുണ്ട്. തലമുടി പല വിധം ചീകി വച്ചും കൂളിംഗ് ഗ്ലാസ് ഫിറ്റ് ചെയ്തും മീശയിൽ കലാപരിപാടി കാട്ടിയും ഓരോരോ വേഷങ്ങൾ ധരിച്ചും സെൽഫിയിലൂടെ നിരവധി കോപ്രായങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.

ഹോ, ചിലരുടെ സെൽഫി. നിരുപദ്രവം എങ്കിലും വിഐപികൾക്കൊപ്പം പോസ് ചെയ്ത് പോസ്റ്റിടുന്നതാ. വി ഐ പിക്കൊപ്പം നിന്ന് നാല് കമൻ്റ് കിട്ടിയാൽ അന്നുറക്കം സുഖമാകുമായിരിക്കും. എന്തോ അറിയില്ല.

നമ്മുടെ വിഷയമതല്ല. അപകടം പിടിച്ച സെൽഫിയെ കുറിച്ചാണ്. ഈ അടുത്ത കാലത്ത് സെൽഫിക്കിടെ വെള്ളച്ചാട്ടത്തിൽ വീണ് അഞ്ച് യുവാക്കൾ മഹാരാഷ്ട്രയിൽ പാൽഘർ ജില്ലയിൽ മരിച്ചു. പാറപ്പുറത്ത് കയറി സെൽഫി എടുക്കുന്നതിനിടെ രണ്ടു പേർ വെള്ളത്തിലേക്കു വീണു. അവരെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടയിൽ മൂന്നു പേർ കൂടി വീണു. 13 യുവാക്കൾ ഈ ലോക് ഡൗൺ കാലത്ത് വിനോദയാത്രക്ക് ഇറങ്ങിയതാണ്. അക്കൂട്ടത്തിൽ അഞ്ച് യുവാക്കളാണ് മരിച്ചത്. കൊവിഡ് പ്രതിരോധത്തിനു വെല്ലുവിളി ഉയർത്തിയുള്ള വിനോദയാത്രയായിരുന്നു ഈ യുവാക്കളുടേത് എന്നതും ഓർക്കേണ്ടതുണ്ട്.

മറ്റൊരു വിഷയം ടിക് ടോക് നിരോധിച്ചതിനെ കുറിച്ചാണ്. ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘർത്തെതുടർന്ന് ചൈനീസ് ആപ്പുകൾ 59 എണ്ണം ഇന്ത്യ നിരോധിച്ചു. അതിൽ ടിക്ടോക്കുമുണ്ട്. അതോടെ പലരുടെയും ഹൃദയത്താളം ടിക്ടിക് നിലച്ച മട്ടാണ്. സെൽഫിയും ടിക്ടോക്കും എത്രത്തോളം മനുഷ്യ മനസ്സുകളെ കീഴ്പ്പെടുത്തി എന്നത് ആധികാരികമായി പരിശോധിക്കേണ്ടതുണ്ട്.

സ്വന്തം മുഖം മറ്റൊരു പ്രതലത്തിൽ കാണാൻ കൊതിച്ചിരുന്ന പഴയ ആൾക്കാർ ഞങ്ങൾക്കിത് വിധിച്ചിട്ടില്ല എന്ന് ആശ്വസിച്ചിട്ടുണ്ടാവും. എന്നാൽ ഫോട്ടോ പിടിത്തം സാങ്കേതിക വിദ്യയുടെ വളർച്ചയിൽ ജനകീയമായിട്ടുണ്ട്. അതു നല്ലതു തന്നെ. എന്നു കരുതി എന്തിനും ഒരു പരിധിയില്ലെ.

ഇപ്പോൾ തമാശയുണ്ട് ഫോട്ടോ ഗെയിമിൽ .ആണിന് പെൺവേഷമാകാനും പെണ്ണിനു ആൺവേഷമാകാനും അതുപോലെ ആബാലവൃദ്ധ മുഖങ്ങളാകാനും ആപ്പുണ്ട്. സാങ്കേതിക വിദ്യ നൽകുന്ന ഓരോ ആപ്പുകൾ. പക്ഷെ, മലയാളികൾ നൂറ്റാണ്ടുകൾക്കു മുന്നേ ആപ്പുകണ്ടു പിടിച്ചവരാണ്. എന്തെല്ലാം ആപ്പുകൾ. മൺവെട്ടിക്കും കുന്താലിക്കും പിക്കാസിനും ഒക്കെ തടി കഷണം ചെത്തിയൊരുക്കി ആപ്പ് വക്കുന്നത് പുതുതലമുറയ്ക്ക് പരിചയമുണ്ടാവണമെന്നില്ല. ആളുകൾ പരസ്പരം ആപ്പു വച്ച് ദ്രോഹിക്കാറുണ്ട്. അതു എല്ലാ കാലത്തും നടക്കുന്ന ഒന്നായതുകൊണ്ട് പരിചയപ്പെടുത്തേണ്ടതില്ല.

 ചൈനീസ് ആപ്പിൻ്റെ ഗെയിമുകൾക്ക് മുന്നേ ഈ നാട്ടിൽ ഈർക്കിൽ കുത്തുകളിയും കല്ലുകളിയും അമ്പസാറ്റ് കളിയുമൊക്കെ ആയിരുന്നു. മനുഷ്യൻ മനുഷ്യനെ അടുത്തറിഞ്ഞിരുന്നു. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നതായിരുന്നു നമ്മുടെ ആപ്തവാക്യം.  അതാണ് സ്നേഹാപ്പ്. 

കമൻ്റ്:    സെൽഫിക്കായി പാടുപെടുന്നവരുടെയും സെൽഫിഷാകാൻ മൊബൈൽ ഫോണിൽ ഒളിക്കുന്നവരുടെയും  ഒരു കാലഘട്ടമാണിത്. കൊറോണ വൈറസ് തോറ്റാൽ ഭാഗ്യം.
 

Share :