Archives / july2020

ഷീജ രാധാകൃഷ്ണൻ. ദില്ലി
അമ്മയെ കുളിപ്പിച്ചപ്പോൾ.

അമ്മയെ കുളിപ്പിച്ചൊരു
കുഞ്ഞിനെയെന്നപോലെ
ശോഷിച്ചോരുടലെന്റെ
കെെയ്യീന്നു വഴുതാതെ.

ഇളംചൂടുവെള്ളത്തിൽ
ചന്ദനമണമുള്ള
സോപ്പങ്ങ് ലയിപ്പിച്ചു
അധികം പതയ്ക്കാതെ..
കണ്ണുകൾ നീറാതെയും
കാതുകളടച്ചും ഞാൻ
കരുതികുളിപ്പിച്ചു
മൃദുവായി തുടച്ചല്ലോ.

ബാല്യത്തിലമ്മയെന്നെ
കുളിപ്പിച്ചൊരുക്കിയപ്പോൾ
കിലുകിലാചിരിപ്പിച്ചാ
വളകളിന്നില്ലായല്ലോ,
എന്നിളം കെെകളന്നു
എത്തിപ്പിടിച്ചിരുന്ന
പൊൻ മണിമാലയിന്നാ
മാറിലെങ്ങുമേയില്ലാ.

ചുളിവുകൾ അറിയിച്ചു
വന്നോരാ ഞൊറികളും
വളകളായിന്നമ്മതൻ
കെെയ്കളിലുണ്ടുതാനും.

അമ്മതൻ മൃതുമേനി
തൊട്ടുതലോടി കൊണ്ടങ്ങ്
ഇരിക്കാനാകാതെ ഞാൻ
വിതുംബി കരഞ്ഞുപോയ്.
വെറുതേ ഓർത്തുപോയി,
അമ്മയൊന്നുണർന്നെങ്കിൽ
ആ കെെകളിലിത്തിരി
എണ്ണയും താളിയുമായ്
വന്നെന്നെ കുളിപ്പിച്ചു
തുടങ്ങിയെങ്കിൽ എന്നും,
വൃർത്ഥമാം മോഹത്തിൽ
നിന്ന് ഉണർന്നിട്ടുടൻ തന്നെ
അമ്മയ്ക്കെൻ
അവസാന ഉമ്മയുംനൽകിയല്ലോ.

ചന്ദനമണമുള്ള
പൗഡറും അത്തറുമേ
അമ്മതൻ മേനിയിൽ
ഞാൻ നന്നായി പൂശിയല്ലോ.

പനിനീർ പൂ
നിറമുള്ളൊരു
പട്ടു ചേല
ഞൊറിഞ്ഞുടുപ്പിച്ചു
ചന്ദനക്കുറിയും
പിന്നൊരു
സിന്ദൂര തിലകവും
ആ തിരുനെറ്റിയിൻ മേൽ
ചാർത്തിയിട്ടങ്ങനെ.

ജൻമജൻമ്മാന്തരമാം
ബന്ധങ്ങളേക്കുറിച്ച്
അപ്പോൾ ഞാനങ്ങനെയും
ഓർത്തങ്ങിരുന്നുപോയ്....

 

Share :