Archives / june 2020

ഡോ.നീസാ, കരിക്കോട് 
ചലനമില്ലാത്ത നിരത്തുകൾ

ലോകം വിറങ്ങലിച്ചു നിൽക്കുന്ന  കൊറോണക്കാലം.

 ഞെട്ടി വിറച്ച് ഒരു നിലവിളിയോടെയാണ് ശാരിക കണ്ണ് തുറന്നത്. മുറി ആകെയിരുണ്ടു കിടക്കുന്നു. മൊബൈലിൽ സമയം വൈകിട്ട്  ആറുമണി.

കർട്ടൻ വകഞ്ഞു മാറ്റി ക്വാർട്ടേഴ്സിന്റെ വെളിയിലേക്ക് കണ്ണു പായിച്ചപ്പോൾ ആകെ വിജനത. തിരക്കു പിടിച്ച ആശുപത്രിയിലേക്കുള്ള പാതയിലേക്കാണ് ആ ജനൽപ്പാളി തുറക്കുന്നത്. കുട്ടികളുടെ ഒരു പാർക്കും അതിനപ്പുറമുണ്ട്. അവിടെ സാധാരണ ഈ നേരം പല പ്രായത്തിലെ കുട്ടികളുടെ കളിയും ചിരിയും  കുരുത്തകേടുകളും കൊണ്ട് നിറഞ്ഞിരുന്നു. അത് കാണുന്നതു തന്നെ മനസ്സിനൊരു കുളിർമയായിരുന്നു. ഇന്ന് അവിടെയെല്ലാം ശൂന്യം. ചലനമില്ലാത്ത നിരത്തുകളും പാർക്കും മനസ്സിന് ഒട്ടും സാന്ത്വനമായില്ല.

 

      കഴിഞ്ഞ രണ്ടാഴ്ചത്തെ വിശ്രമമില്ലാത്ത ഐ സി യു  ഡ്യൂട്ടിയും, രോഗികളുടെ പരിതാപകരമായ അവസ്ഥയും ആശയുടെ മുഖവും ശാരികയുടെ മനസ്സിനെ വല്ലാതെ അലട്ടി.

രണ്ടാഴ്ച ആ ആവരണത്തിനുള്ളിൽ കയറിക്കൂടി ഐസിയു വിൽ എങ്ങനെ ഡ്യൂട്ടിയെടുത്തു വെന്ന് ഇപ്പോഴും ഓർക്കാൻ കഴിയുന്നില്ല. രോഗാണുരഹിതമായ ആവരണത്തിൽ കയറിയ ആദ്യത്തെ ദിവസം മറക്കാനാവാത്ത ദിനമാണ്. ഉച്ചയായപ്പോൾ മുതൽ ടോയിലറ്റിൽ പോകണമെന്നു തോന്നി തുടങ്ങി. പക്ഷേ എങ്ങനെ പോകും? ഇതെല്ലാം അഴിച്ചുവെച്ചാൽ പിന്നെ പുതിയത് തരില്ലെന്ന് മേട്രൺ ആദ്യമേ താക്കീതു തന്നിരുന്നു. ആ ദിവസം ഡൂട്ടി സമയം കഴിച്ചു നീട്ടിയത് അവൾക്കും ദൈവത്തിനും മാത്രമറിയാം. അത് കൊണ്ട് ബാക്കി ദിവസങ്ങളിൽ മുൻ കരുതലായി ഡയപ്പർ ഉപയോഗിച്ച് രക്ഷപെട്ടു.

      അവൾക്ക് അവിടെയുണ്ടായിരുന്ന ഏക ആശ്വാസം സിസ്റ്റർ ആശയായിരുന്നു. പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോൾ ആശയ്ക്കും പനി വന്ന് ഐസൊലേഷനിലായി. കണ്ണുനീരും,നിലവിളികളും ഏങ്ങലുകളും വെന്റിലേറ്ററിന്റെ ശബ്ദവും മനസ്സിൽ ഇപ്പോഴും മുഴങ്ങുന്നു. ഡ്യൂട്ടി കഴിഞ്ഞ് വന്നു കിടന്നതു മാത്രമറിയാം.  എവിടെയൊക്കെയോ ഒഴുകി പോയി. 

അവിടെ അവളെയും ഒരു മുറിയിൽ ഒറ്റപ്പെടുത്തിയിരിക്കുന്നു. ബന്ധുക്കളില്ല, കൂട്ടുകാരില്ല. കുറേ നേരം കഴിഞ്ഞപ്പോൾ ഭീകരമായ ചിന്തകളിലലയാൻ തുടങ്ങി. അതാണ് നിലവിളിയായി പുറത്തു വന്നത്.

    ചെന്നൈയിൽ കൊറോണ രോ​ഗികളെ     ആത്മാർത്ഥമായി ചികിത്സിക്കുന്നതിനിടെ കോവിഡ് ബാധിച്ച് മരിച്ച ന്യൂറോസർജൻ സൈമൺ ഹെർക്കുലീസിന്റെ മൃതദേഹത്തോട് കടുത്ത അനാദരവാണ് നാട്ടുകാർ കാണിച്ചത്.   കോവിഡ് മരണമായത് കൊണ്ട് പ്രദേശവാസികൾ    സംസ്കരിക്കാൻ അനുവദിച്ചില്ല.  കല്ലുകളും വടികളുമായി ആംബുലൻസിനു നേരെ കല്ലെറിഞ്ഞ് ഡ്രൈവറുടെ തലപൊട്ടിച്ചു.

  പലരും ആക്രമണം ഭയന്നു പിന്മാറിയതോടെ

സഹപ്രവർത്തകൻ ഡോ. പ്രദീപും സഹപ്രവർത്തകരും ചേർന്നാണു മൃതദേഹം മറവു ചെയ്തത്. ഇപ്പോൾ

മൃതദേഹം   അന്ത്യാഭിലാഷപ്രകാരം  

കിൽപ്പോക്ക് സെമിത്തേരിയിൽ മാറ്റി സംസ്ക്കരിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആനന്ദി മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്ന വാര്‍ത്ത വായിക്കുമ്പോഴാണ് ഉറക്കത്തിലേക്ക് വഴുതി വീണത്. 

കൂടാതെ ഇന്നലെ ഉറക്കം വരാതിരിക്കാൻ പലരും കഥകൾ പറയുന്നതിനിടയിൽ

ഒന്നാം ലോകമഹായുദ്ധത്തിനിടയിൽ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്ലൂ എന്ന മനുഷ്യരാശി കണ്ട ഏറ്റവും വലിയ മഹാമാരി 

 ഏതാണ്ട് 50 കോടി മനുഷ്യരെ ബാധിക്കുകയും 5 കോടിയോളം മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്ത ശേഷമാണ്  വൈറസ് ഒന്ന് കെട്ടടങ്ങിയതെന്നും കൂട്ടുകാരി ഷീജ പറഞ്ഞതും ഘനീഭവിച്ച കിടപ്പുണ്ടായിരുന്നു.

മനസ്സിനേറ്റ മുറിവുകളുണങ്ങി ചലനമില്ലാത്ത നിരത്തുകൾ വീണ്ടും  ജീവിതചക്രങ്ങളാൽ നിറയാൻ ഇനി എത്ര നാൾ കാത്തിരിക്കേണ്ടി വരും? ശാരിക വീണ്ടും കണ്ണുകളടച്ച് ഉറങ്ങാൻ ശ്രമിച്ചു.

Share :