Archives / june 2020

സലിം ബഷീർ
ദൈവത്തിന്റെ തമാശ

ജീവിതം ഒരു പ്രഹേളിക. സന്തോഷത്തിന്റെ നിമിഷങ്ങൾ തന്നിട്ട് അതിൽ കണ്ണുനീർ വീഴ്ത്താൻ വെറും നിമിഷങ്ങൾ മാത്രം മതി. അല്ല; നിമിഷത്തിന്റെ ഒരംശം പോലും വേണ്ടി വരുന്നില്ല.
ഇന്നും ആ രംഗങ്ങൾ ഉള്ളിലൊരു നീറ്റലായി തുടരുന്നു. ആ ദുരന്തത്തിന്റെ ഓർമകളും പേറിയാണ്  ഞാനുമെന്റെ കുടുംബവും ഇന്ന് യാത്ര തിരിച്ചത്. കോഴിക്കോട് ജില്ലയിലെ  ഒരു ഗ്രാമം, അതാണ് ലക്ഷ്യം. അവിടെ അകാലത്തിൽ നഷ്ടപെട്ട പ്രിയസുഹൃത്തിന്റെ ഭാര്യയെയും മക്കളെയും കാണണം.
      നാടും വീടും വെടിഞ്ഞുള്ള  പ്രവാസ ജീവിതം എന്നും ദുഃഖമേറിയതായിരുന്നു. ഒരേയവസ്ഥയിലുള്ള, കേരളത്തിന്റെ പല കോണിൽ നിന്നുമെത്തിയ കുറച്ചു പേരെ പരിചയപ്പെടാൻ കഴിഞ്ഞത് ജീവിതത്തിന്റെ പിരിമുറുക്കത്തിനു കുറച്ചു അയവു വരുത്തി.  കൂട്ടുകാരൊത്തു കൂടി ആഹാരം കഴിക്കുകയും തമാശകൾ പങ്ക് വെക്കുകയും ചെയ്ക വല്ലപ്പോഴും കിട്ടുന്ന നല്ല നിമിഷങ്ങളായിരുന്നു. ഒരു വെള്ളിയാഴ്ച
ഞങ്ങൾ അഞ്ചാറു  കുടുംബങ്ങൾ ചേര്‍ന്ന് കടൽതീരത്തേക്ക് യാത്ര തിരിച്ചപ്പോൾ എന്തൊരു  സന്തോഷമായിരുന്നു. സുധീഷും ഷാജിയും സാദിക്കും ഷമീറും ഫിറോസും പിന്നെ ഞാനും  കുടുംബാംഗങ്ങളുമടങ്ങിയതായിരുന്നു അന്നത്തെ വിനോദയാത്രയിലെയംഗങ്ങൾ.
ഫിറോസായിരുന്നു ടീം ലീഡർ.
കുട്ടികളും മുതിര്‍ന്നവരും സകല ദുഃഖങ്ങളും മറന്ന് കടലും കടൽത്തീരവും ഒരു പോലെയാസ്വദിച്ചു. സ്ത്രീകൾ വീട്ടുകാര്യവും നാട്ടുവിശേഷവും പറഞ്ഞു ഭക്ഷണം എടുത്തു വെക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ശാന്തമായി ഓളം വെട്ടുന്ന കടലിലേക്ക് തമാശകൾ പറഞ്ഞും പരസ്പരം കളിയാക്കിയും ഞങ്ങൾ കുളിക്കാനിറങ്ങി.
പെട്ടന്നായിരുന്നു കടലിന്റെ രൂപമാറ്റം.
വിധിയെത്തടുക്കാനാകില്ലല്ലോ
  നിലവിളിയും ബഹളങ്ങളും കേട്ട് നോക്കിയപ്പോൾ ദൂരെ നിന്നും
ഒരു വലിയ തിരമാല ഇരച്ചുപാഞ്ഞു വരുന്നു
സകലതും നശിപ്പിക്കാനുള്ള ഇരമ്പൽ പോലെ തോന്നി. ഞങ്ങൾ ഭീതിയോടെ തീരത്തേക്കോടി. ആകെ തിക്കിതിരക്കായി. 
ഫിറോസിന്റെ ഭാര്യ ജസിലയുടെ നിലവിളി കേട്ടാണ് പെട്ടെന്ന് തിരിഞ്ഞു നോക്കിയത്.
ഫിറോനെ കാണാനില്ല. ലൈഫ് ജാക്കറ്റുമായി ഇറങ്ങിയവർ നിസ്സഹായരായി ഫിറോനെ കണ്ടു കിട്ടാതെ മടങ്ങി വന്നു.  വിവരമറിഞ്ഞെത്തിയ കുറെ നാട്ടുകാർ പ്രക്ഷുബ്ധമായ കടലിലേക്ക് ഫിറോനെ തിരഞ്ഞിറങ്ങി. തിരയുടെ ശക്തിയിൽ നീന്താനാകാതെ തളർന്ന ഫിറോനെ അവർ താങ്ങിയെടുത്തു കൊണ്ട് വന്നു. ചെറിയ നാഡിയിടുപ്പുണ്ടെന്ന് കണ്ടു ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അവന്റെ സമയം കഴിഞ്ഞിരുന്നു.
പ്രവാസജീവിതത്തിൽ ഒരുപാടു സ്വപ്നങ്ങളും മനക്കോട്ടകളും കെട്ടി കളിയും ചിരിയുമായി എല്ലാ വെള്ളിയാഴ്ചകളിലും പുത്തനുണർവേകിയിരുന്ന ഫിറോ. അവിടെ  വെള്ളപുതപ്പിച്ച് ഇരുമ്പ് കട്ടിലിൽ കിടക്കുന്ന കാഴ്ച ഹൃദയത്തിലേക്ക് ആണി തുളച്ചു കയറുന്ന പ്രതീതിയുളവാക്കി. അപ്പോൾ ജസിലയുടെ കാര്യം പറയാനുണ്ടോ?
രണ്ട് ദിവസങ്ങൾ കഴിഞ്ഞ് എല്ലാനൂലാമാലകളും കടമ്പകളും കടന്ന് നാട്ടിലേക്ക് തിരിക്കാൻ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ജസിലായെയവസാനമായി കണ്ടത്. കുട്ടികളുടെ കയ്യും പിടിച്ച് കണ്ണീരോടെ വിടപറയുമ്പോൾ, ഫിറോസിന്റെ കൈയ്യും പിടിച്ച് കിലുകിലെ വർത്തമാനം പറഞ്ഞ് ഞങ്ങളുടെയതേ ഫ്ളൈറ്റിൽ ഷാർജയിൽ വന്നിറങ്ങിയ രംഗം മനസ്സിലൂടെ കടന്നുപോയി.
ഓർമകളിൽ നിന്നും തിരികെയെത്തിയപ്പോൾ  കോഴിക്കോട് ജസിലയുടെ വീടിനടുത്തെത്തിയിരുന്നു.
ഞങ്ങളെ കണ്ടപ്പോൾ ജസിലായ്ക്കു വളരെ സന്തോഷമായി. നീണ്ട മുപ്പത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. വാപ്പായുടെ സുഹൃത്തിനെയും കുടുംബത്തെയും മക്കൾ രണ്ട് പേരും ചേര്‍ന്ന് സ്വീകരണമുറിയിൽ സൽക്കരിക്കുമ്പോൾ അവിടെ തൂക്കിയിരുന്ന ഫിറോസിന്റെ ചിത്രം ഞങ്ങളെ നോക്കി പുഞ്ചിരി തൂകുന്നുണ്ടായിരുന്നു.  

Share :