Archives / july 2021

അർച്ചന എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഭുവനേശ്വർ
വീണ്ടു വിചാരത്തിന്റെ കാലം

മസ്തിഷ്കം ചങ്ങലക്കിട്ടു

നടന്നു മാനുഷൻ, 

നൂറ്റാണ്ടുകൾ യുഗങ്ങൾ. 

സ്വൈര്യവിഹാരത്തിൽ 

നിന്നും പിഴുതെറിഞ്ഞു, 

മരങ്ങളെ , നദികളെ 

പക്ഷിമൃഗാദികളെ പിന്നെ 

മൗനയിരകളാം ആയിരം 

ജന്തുജാലങ്ങളെ. 

തൻ ഹൃത്തിനെ പകർത്തിയെഴുതി 

പ്രകൃതിയിൽ , 

മലീമസമാക്കി രണ്ടിനേയും. 

ബന്ധങ്ങൾ ബന്ധനങ്ങളാക്കി 

പിന്നെ കാപട്യം സ്നേഹത്തിനുള്ളിലാക്കി... 

ചിന്തിക്കാൻ ഇവരെന്തിനു  

പ്രാപ്തരായ്, 

ചിന്ത തൻ കലയെ 

മണ്ണിട്ട് മൂടിയോർ, 

ആമോദിനിയാം ധരണിയെ 

കൊന്നവർ. 

 

നരകുലമേ നിനക്കിത് 

വീണ്ടുവിചാരത്തിൻ കാലം, 

വീട്ടിലിരിപ്പൂ നീ

കൂട്ടിലടക്കപ്പെട്ടവർ നാട്ടിലിറങ്ങട്ടെ.

മേടുകൾ കാടുകൾ 

അലംകൃതരായ് അവതംസമണിയേ, 

കിളികൾ കാക്കകൾ 

കാട്ടാനകൾ 

പിന്നെ 

പുഴയും പൂക്കളും പുഞ്ചിരിക്കെ, 

ഇന്നൊഴുകും തെളിനീരിൽ 

വദനം നോക്കി  നീ 

കാണുക നിന്നെ, 

നിന്നുള്ളിനെ... 

 

ജാതിഭേദം മതദ്വേഷം 

ഏതുമില്ലാതെ സർവരും 

സമരെന്നു പറയുന്നു 

മഹാവ്യാധികാലം, 

നിസ്സാരരെന്നു പറയുന്നു 

വൈറസുകൾ. 

സമത്വം ഇന്നും വിദൂരം, 

സുരക്ഷക്കായ് വീട്ടിലിരിപ്പാൻ 

വിധിക്കുമ്പോൾ, 

വീടില്ലാത്തോർക്കെന്ത് വീട്ടിലിരുപ്പ് ? 

 

പഞ്ചാഗ്നിമധ്യത്തിൽ ഇരുന്ന് നാം 

ചിന്തിപ്പൂ രചിപ്പൂ 

പോയകാലത്തിൻ നല്ലോർമ്മകൾ.

കാടും കവിതയും 

സ്മൃതിപടം പൊഴിക്കുന്നു, 

നല്ല കാലത്തിൻ വരവിനെന്ന് 

പ്രത്യാശയും വീശുന്നു, 

അംഗാരമെരിയ്ക്കട്ടെ അജ്ഞതകൂമ്പാരം 

ഇനി, 

വീണ്ടുവിചാരം ചെയ്തീട നീ. 

 

 

Share :