Archives / july2020

ബിതാദാസ്
സ്നേഹം.

പറന്നു തളർന്ന തുമ്പിപ്പെണ്ണിന്നിളവേൽക്കാൻ

ഒരാൾ

സ്നേഹത്തോടെ

ഉള്ളംകൈ നീട്ടിക്കൊടുത്തു..

" തളർന്നല്ലേ..."

തുമ്പിപ്പെണ്ണ് പറഞ്ഞു:

"സാരമില്ല

എത്ര ഭംഗിയുള്ള പ്രകൃതിയാണിത്!!''

"നിനക്ക് ഇവിടിരുന്ന് കൊണ്ടു തന്നെ

ഇതെല്ലാം കാണാം.

ഞാൻ നിന്നെ സഹായിക്കാം "

ചില്ലു കൊണ്ട്

നാലുചുമരും

ഒരു മേൽക്കൂരയും

തുമ്പിപ്പെണ്ണിനായി അയാളൊരുക്കി.

ദൂരെ പ്രകൃതിയിലേക്ക്

പറന്നതുമ്പിപ്പെണ്ണ്

ചില്ലു ചുമരിൽ തലയിടിച്ച്

താഴെ വീണു.

"നീയെന്തിനാ

പറക്കാൻ പോയത് ?"

കയ്യിലുള്ളപ്ലാസ്റ്റിക് പൂക്കൾ

തുമ്പിപ്പെണ്ണിനുചുറ്റും 

നിരത്തി വയ്ക്കുന്നതിനിടെ അയാൾ സ്നേഹിച്ചു.

ആസ്നേഹത്തിലലിഞ്ഞ്

കണ്ണീർ പൊഴിച്ച തുമ്പിപ്പെണ്ണിനോട്

അയാൾ കൂട്ടിചേർത്തു:

"നോക്കൂ...

ഇതെല്ലാം കണ്ടു മടുക്കുമ്പോൾ

നിനക്കുയർത്താനായി

ഞാനിതാ

മതിയാവോളം കൊണ്ടുവന്നിരിക്കുന്നു

വ്യത്യസ്ത ഭാരത്തിലുള്ള

മിനുസമായ കല്ലുകൾ "

തുമ്പിപ്പെണ്ണ് നന്ദിയോടെ

ആ ശിലകളിലേക്കും

പ്ലാസ്റ്റിക് പൂക്കളിലേക്കും,

പിന്നീട്,

നെടുവീർപ്പോടെ,

തിളങ്ങുന്ന സ്ഫടികച്ചുമരിലൂടെ

തെളിഞ്ഞു കാണുന്ന

പച്ചപ്പിലേക്കും നോക്കി

മനോഹരമായിപ്പുഞ്ചിരിച്ചു.

 

Share :