Archives / july2020

മായ ബാലകൃഷ്ണൻ
നിറവസന്തം

നിറമില്ലാത്ത സ്വപ്നങ്ങൾക്കു ചായംതേയ്ക്കുവാൻ
നിറമോലും വസന്തർതുവിനെ ചൂടിവന്നവൻ.

ചേലയ്ക്കു മഞ്ഞയും കായാമ്പൂ മിഴികളിലും
അഴകാർന്നുടലിനോ ഞാവൽപ്പഴത്തിൻ ചേലും
ചുണ്ടിലോ ചെന്തൊണ്ടിതൻ തുള്ളിയുംതേച്ചു
സപ്തവർണ്ണക്കതിരിനെ നെറുകയിലും തിരുകി
കണ്ണിന്നു കുളിരായ് മുന്നിൽവന്നു നിറഞ്ഞവൻ!

ഹരിതാഭയായ് വനമാലയിൽ തുളസീദളവും 
ചെമ്പട്ടിൻ കാന്തിയോടു തെച്ചീമലർക്കുലകളുംചാർത്തി 
കതിരവൻതൻ പൊലിമയോടു കൗസ്തുഭവും മാറി -
ലണിഞ്ഞു; ഒളിമങ്ങാതൊരുണ്ണിയായ് വന്നവൻ.
പൂങ്കുയിൽ പാടും ശ്രുതിയിലോടക്കുഴലൂതി,
അണ്ണാരക്കണ്ണനും തേങ്കുരുവിയും പിന്നെ വാലിട്ടു 
കണ്ണെഴുതിയ പൂവാലിപ്പയ്യും കൂട്ടായണഞ്ഞു.

നിറമില്ലാത്ത സ്വപ്നങ്ങൾക്കു ചായംതേയ്ക്കുവാൻ
നിറമോലും വസന്തർതുവിനെ ചൂടി വന്നവൻ ;
നിറങ്ങൾതൻ പൊൻവസന്തമായ്  പ്രകൃതി-
യുമീശനുമൊന്നെന്ന പരമാർത്ഥമരുൾ ചെയ്തു.
എന്നീട്ടീവണ്ണം കൊടുംതമസ്സിൽ രമിച്ചി -
രിക്കുമെൻ മനോരഥത്തെ നിറമേഴും
ചാലിച്ചൊരു കവിതയായ് ഹൃത്തിൽ കുറിച്ചുതന്നു!...

 

Share :