Archives / july 2021

മാങ്ങാട് രത്നാകരൻ
ഒരു  കഠാരയുടെ സൂക്ഷിപ്പുകാരൻ

     

ഫോട്ടോകൾ : പുനലൂർ രാജൻ

അഹിംസയുടെ അപ്പോസ്തലനായ മഹാത്മാഗാന്ധിയെ 'മർമ്മഭേദക' മായി അഹിംസയെ നിർവചിച്ചത് ചീനത്തിലെ ജ്ഞാനിയായ ലാവോത്സുവാണ്. 'നിങ്ങളുടെ വൃക്ഷണത്തിൽ ഒതുകൊതുക് വന്നിരിക്കുമ്പോൾ മാത്രമേ ഹിംസയിലൂടെയല്ലാതെ പ്രശ്നം പരിഹരിക്കാൻ വേറെ വഴിയുണ്ടെന്ന് ബോധ്യം വരൂ'

       ഗാന്ധിജിയും ലാവോത്സുവും എന്തു പിഴച്ചു എന്നല്ലേ? കൊതുകിനെ ഒഴികെ മറ്റൊരു ജീവിയെയും അറിഞ്ഞു കൊണ്ട് കൊന്നിട്ടില്ലാത്ത ഞാൻ ഈയിടെ ഒരു കഠാരയുടെ സൂക്ഷിപ്പുകാരനായി . വെറുമൊരു കഠാരയല്ല , മലയാള സാഹിത്യ ചരിത്രത്തിലെ പ്രസിദ്ധമായ ഒരു കഠാര . മനുഷ്യ രക്തം ലേശം ചിന്തിട്ടുണ്ടെന്നതൊഴിച്ചാൽ ആരുടെയും നെഞ്ചിൽ ഇറങ്ങിയിട്ടില്ല. അഥവാ ഇറക്കിയിട്ടില്ല. എന്നാലോ, ധാരാളം ജിന്നുകളെ അരിഞ്ഞു വീഴ്ത്തിയിട്ടുണ്ട്.

    കഠാരയുടെ സൂക്ഷിപ്പുകാരൻ എന്നോടു പറഞ്ഞു. "എനിക്ക് പ്രായമായി. ഈ കഠാരയുടെ ചരിത്രം എനിക്കറിയാവുന്നത്രയില്ലെങ്കിലും നിനക്കറിയാം. നീയിത് ഭദ്രമായി സൂക്ഷിക്കണം"

           "എനിക്കും അധികം കാലമില്ലൊന്നാരു തോന്നൽ ". ആ കഠാരയെ ജീവിതത്തിൽ നിന്നൊഴിവാക്കാൻ വളഞ്ഞ വഴി പ്രയോഗിച്ചു. ." അപ്പോൾ ഈ കഠാര അനാഥമാകില്ലേ?" "ഇനി ചിലപ്പോൾ സ്വയം കുത്തി മരിക്കാൻ തോന്നിയെങ്കിലോ?"

           " അത് നല്ലതാണ് ". സൂക്ഷിപ്പുകാരൻ ചിരിച്ചു. "ഏതായാലും ഞാനിത് സൂക്ഷിക്കുന്നില്ല. ". തന്റെ പൂർവിക സമ്പാദ്യങ്ങൾ സൂക്ഷിച്ചിട്ടുള്ള മരപ്പെട്ടിയിൽ നിന്ന് ഒരു തുണി സഞ്ചിയിൽ സൂക്ഷിച്ചിരുന്ന കഠാര പുറത്തെടുത്ത് എനിക്കു തന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് കെ.പി.ജയദീപ് ആ മുഹുർത്തത്തെ അനശ്വരമാക്കി.

       'പരിണാമഗുസ്തി' ഇനിയും നീട്ടിക്കൊണ്ടു പോകണമെങ്കിൽ ഫോർ സിത്തിന്റെയൊ  ലെ കരയുടേയൊ സിദ്ധി വേണം. അതില്ലാത്തതു കൊണ്ട് ആദ്യമേ വെളിപ്പെടുത്തട്ടെ . വൈക്കം മുഹമ്മദ് ബഷീറിന്റെ കഠാര  . സൂക്ഷിപ്പുകാരൻ പുനലൂർ രാജൻ 
        ബഷീറിന് ഈ കഠാര എങ്ങനെ കിട്ടി ?

      ബഷീറിന്റെ ഇംഗ്ലീഷ് വിവർത്തകൻ കൂടിയായിരുന്ന വി.അബ്ദുള്ള , ഓർമ്മിക്കുന്നു:  അനേക വർഷമായി ആ കഠാര അതിന്റെ ഭംഗിയുള്ള തുകലുറയിൽ നിന്ന് ഊരാനാവാതെ തറഞ്ഞു മുറുകിക്കിടക്കുകയായിരുന്നു. ഒരു കൊല്ലന്റെ കലാവിരുതിന്റെ മകുടോദാഹരണം എന്ന നിലക്ക് എന്റെ ഒരു 'കസിൻ ബ്രദർ' എനിക്കു സമ്മാനമായി നൽകിയതാണ് ."

       വി. അബ്ദുള്ളയുടെ ഭാര്യ , പാചകറാണി ഉമ്മി അബ്ദുള്ള വിളമ്പിയ ഭക്ഷണം കഴിച്ചശേഷം വി.അബ്ദുള്ള ആ കഠാര ബഷീറിനെ കാണിച്ചു.

        ബഷീറിന് അന്ന് വേറൊരു കഠാര ഉണ്ടായിരുന്നുവെങ്കിലും 'വിശിഷ്ട ഭോജ്യം' കണ്ടപ്പോൾ കൊതിയൂറി . ഇതെനിക്കു വേണം , എന്നു് ബഷീർ. "കഠാര നിവർത്തുകയാണെങ്കിൽ എടുത്തോള്ളു." എന്ന് വി.അബ്ദുള്ള . ബഷീർ തോറ്റു തൊപ്പിയിടുമെന്ന കാര്യത്തിൽ വി.അബ്ദുള്ളയ്ക്ക് സംശയമുണ്ടായിരുന്നില്ല.

        ബഷീർ കഠാര വാങ്ങി. ആകെമൊത്തം ഒന്നുഴിഞ്ഞ് ,തിരിച്ചും മറിച്ചും നോക്കി , അതിന്റെ പിടിയുടെ കീഴിലുള്ള ലോക്ക് റിലീസ് ചെയ്ത് സ്റ്റെലായി നിവർത്തി . അന്നുതൊട്ട്, ആ കഠാര ബഷീറിന്റെതായി.

         ബഷീറിന് മനോവിഭ്രാന്തി വന്ന കാലത്ത് ഈ കഠാര പല വിക്രസ്റ്റുകളും കാണിച്ചു. തന്നെ ആക്രമിക്കാൻ വന്ന ജിന്നുകളെ പേടിപ്പിച്ചോടിച്ചു. ചിലതിനെ നിഷ്കരുണം അരിഞ്ഞു വീഴ്ത്തി.

        ഒരു ദിവസം രാത്രിയിൽ ബഷീർ ഭൂതാവിഷ്ടനായി. ഒരു കൈയിൽ ഈ കഠാരയും മറുകയ്യിൽ കത്തിയുമായി ബഷീർ 'അദൃശ്യശക്തി'കളുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. !

        എം.ടി. എഴുതുന്നു : "എന്റെ ശ്രദ്ധ മുഴുവൻ ആ വലിയ കഠാരയിലായിരുന്നു. ഒരു നിമിഷം അത് സൂത്രത്തിൽ തട്ടിയെടുക്കാമെന്ന മോഹത്താൽ കൈനീട്ടിയപ്പോൾ കത്തി വായുവിൽ ഉയർന്നു താണു ..."

 അനുനയത്തിനൊടുവിൽ ബഷീർ കാറിൽക്കയറി. മുൻ സീറ്റിൽ തന്നെ എം.ടിയും .തലയോലപ്പറമ്പിലേക്ക് പോകുന്നു എന്ന വ്യാജേന ബാലേട്ടൻ കാറോടിച്ചു. 

       "വലിയ കഠാര ബാലേട്ടന്റെയും ചെറിയ കത്തി എന്റെയും വാരിയെല്ലുകളെ തൊട്ടുമ്മുന്നു. ഏതോ അപഭ്രംശത്തിന്റെ നിമിഷത്തിൽ ബാലേട്ടനോ ഞാനോ ഇരുട്ടിന്റെ അദൃശ്യസന്തതികളിലാരോ വേഷം മാറിവന്നതാണെന്ന് കരുതിയാൽ ...."

       കാർ ആദ്യം (പുതുക്കുടി) ബാലേട്ടന്റെ വീട്ടിലേക്കും പിന്നെ കുതിരവട്ടം ഭ്രാന്താശുപത്രിയിലേക്കും പോയി. അപ്പോഴും ബഷീറിന്റെ കയ്യിൽ കഠാരയുണ്ടായിരുന്നു.

         ഇനിയുള്ള നിമിഷങ്ങൾ പുനലൂർ രാജൻ വിവരിക്കട്ടെ.

       "സൗമ്യനായ ഡോക്ടർ ശാന്തകുമാർ തന്ത്രപൂർവം വിറ്റാമിൻ ഇഞ്ചക്ഷനാണെന്നു പറഞ്ഞു കുത്തിവച്ച സൂചി എടുത്തു കഴിയും മുമ്പ് ബഷീർ ഉറക്കംതുടങ്ങിക്കഴിഞ്ഞിരുന്നു. നീണ്ട നിദ്ര. ശാന്തമായി ഒരു പകലും രാത്രിയും ഉറങ്ങി. അടുത്ത ദിവസം ഉറക്കമുണർന്നപ്പോൾ പ്രിയപ്പെട്ട കഠാര എനിക്കു തന്നു! തനിക്കിനി ആ മാരകായുധം കാണേണ്ടെന്ന ഓർമ്മപ്പെടുത്തലോടെ . കലമാൻകൊമ്പിൽ വെള്ളിയിൽ കൊത്തുപണികളോടുകൂടിയ മൂർച്ചയേറിയ ആ കഠാര , ഉടവാൾ കിട്ടിയ സന്തോഷത്തോടും സന്താപത്തോടും കൂടി ഇന്നും എന്റെ പൂർവിക സമ്പാദ്യങ്ങളുടെ കൂട്ടത്തിൽ സൂക്ഷിക്കുന്നു."

      ആ കഠാര ആദ്യമായി ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത് 1964-ലാണെന്ന് കരുതാം. പ്രശസ്ത ഫോട്ടോഗ്രാഫർ പി.ഡേവിഡ്, ചെന്നൈയിൽ ചന്ദ്രതാര പ്രൊഡക്ഷരസിന്റെ ഓഫീസ് മുറിയിൽ വച്ച് പകർത്തിയ ചിത്രത്തിൽ.  ആ സന്ദർഭം പി.ഡേവിഡ് ഓർക്കുന്നു. " ബഷീർ ചെന്നൈയിലെത്തി പെട്ടി തുറന്ന് കഠാരയെടുത്തപ്പോൾ , നടൻ മധു , എന്തിനാണ് കഠാര കൊണ്ടു നടക്കുന്നതെന്ന് ബഷീറിനോട് ചോദിച്ചു. 'കുത്താൻ ' എന്ന് ബഷീർ മറുപടിയും പറഞ്ഞു. ബഷീർ കഠാര നിവർത്തി ."

       മലയാളത്തിലെ മനോഹരമായ ഒരു ഗാനം ,ഗസലിനെ എത്തിപ്പിടിക്കാനാകുന്ന ഒരു മനോഹര ഗാനം , കൂടുതൽ ഇമ്പമേറിയ താക്കാൻ 'ഭാഗ്യം ചെയ്ത' ഈ കഠാര സഹായം ചെയ്തു.

        ഭാർഗവീ നിലയത്തിലെ 'താമസമെന്തേ വരുവാൻ' മദിരാശിയിലെ സ്റ്റുഡിയോയിൽ റെക്കോഡിംഗ് നടക്കുന്നു. യേശുദാസ് സ്റ്റുഡിയോയിൽ 'താമസമെന്തേ' പാടുമ്പോൾ കേൾക്കാൻ അവിടെ ബഷീറുമുണ്ടായിരുന്നു. ബാബുരാജാണ് സംഗീത സംവിധായകൻ. സാധാരണ മൂന്നോ നാലോ ടേക്കിനുള്ളിൽ ഭംഗിയായി പാടുന്ന യേശുദാസ് അന്ന്‌ എന്തുകൊണ്ടോ ഏറെ പ്രാവശ്യം പാടിയിട്ടും ശരിയായില്ല.  ശബ്ദത്തിനു ഭാവം പോര. യേശു ദാസിനും തൃപ്തിവരുന്നില്ല.

          സ്റ്റുഡിയോയിൽ ഈ രംഗത്തിനു സാക്ഷ്യം വഹിച്ച ശോഭന പരമേശ്വരൻ നായർ ആ കഥ പൂർത്തിയാക്കുന്നു . 'ടേക്കും റീടേക്കും തുടർന്നപ്പോൾ ബഷീർ അക്ഷമനായി. ഇടയ്ക്ക് യേശുദാസിന്റെ അടുത്തുവന്നു പറയുന്നു. 'നിനക്ക് പ്രേമിക്കാനുള്ള പ്രായമാകാത്തതു കൊണ്ടാണ് കുഴപ്പം. നീ ഒന്ന് സകല്പിച്ചു നോക്ക്, നിനക്കൊരു കാമുകിയുണ്ടു. അതിനു നീ പ്രേമിച്ചിട്ടുണ്ടോടാ ....' യേശുദാസിനു നന്നേ ചെറുപ്പമാണ് . ബഷീറിന്റെ പ്രകടനം കണ്ട് ഇടയ്ക്കിടെ ചിരിക്കുന്നുമുണ്ട്. അടുത്ത ടേക്കിലും പാട്ട് ശരിയാകാതെ വന്നപ്പോൾ ബഷീർ ചെറിയൊരു കഠാര എടുത്ത് ചൂണ്ടി യേശുദാസിനെ ഭീഷണിപ്പെടുത്തി. 'നീ നന്നായി പാടിയില്ലെങ്കിൽ തട്ടിക്കളയും '

       പിന്നീട് പുനലൂർ രാജന്റെ പല ബഷീർ ഫോട്ടോകളിലും ഈ കഠാരയ്ക്ക് ഇടം കിട്ടി. എന്തിനായിരിക്കാം ,ഞാൻ രാജേട്ടൻ എന്നു വിളിക്കുന്ന പുനലൂർ രാജൻ  കഠാരയുടെ സൂക്ഷിപ്പുകാരനാകാൻ എന്നെ നിയോഗിച്ചത് ?  ബഷീറിനെക്കുറിച്ച് രണ്ടു പുസ്തകങ്ങൾ (ഇളം നീല നിറത്തിൽ .ആടിക്കുഴഞ്ഞു വരുന്ന മാദക മനോഹര ഗാനമേ ,ബഷീറിന് ഉമ്മിണി ബല്യ ഒരു പേജ് ) ,പുനലൂർ രാജന്റെ ഫോട്ടോഗ്രാഫുകളുടെ രണ്ട് ആൽബങ്ങൾ ( ഓർമ്മ ഛായ ,എം.ടിയുടെ കാലം) ഒരുക്കിയതിനാലോ? ബഷീർ ,എസ്.കെ .ഉറൂബ് , എം.എൻ.ഗോവിന്ദൻ നായർ ,കെ .സി .ജോർജ്ജ്, സി. അച്യുതമേനോൻ ,എൻ.ഇ. ബാലറാം, പി.ടി.ഉഷ , എന്നിവരെയെല്ലാം 16 എംഎമ്മിൽ ചിത്രീകരിച്ച ചലന ദൃശ്യങ്ങൾ ടെലിസിനി ചെയ്ത് സൂക്ഷിക്കുകയും ഡോക്യു മെന്ററികളിൽ സംപ്രേഷണം ചെയ്യുകയും ചെയ്തിനാലോ? രണ്ടാം ബിനാലെയിൽ (2014) ചിത്രകാരനും ഫോട്ടോഗ്രാഫറുമായ പ്രദീപ് ചന്ദ്രകുമാറുമായി ചേർന്ന് ഫോട്ടോഗ്രാഫുകളുടെ വിപുലമായ പ്രദർശനം ഒരുക്കിയതിനാലോ? അദ്ദേഹത്തെക്കുറിച്ച് രണ്ടു ടെലിവിഷൻ ഡോക്യുമെന്ററികൾ ( തേന്മാവ് :  ബഷീർ പുനലൂർ രാജന്റെ നോക്കിലും വാക്കിലും ,യാത്ര ) ഒരുക്കിയതിനാലോ ? അദ്ദേഹത്തിന്റെ ലഭ്യമായ ഫോട്ടോഗ്രാഫുകളെല്ലാം നെഗറ്റീവുകളടക്കം സൂക്ഷിക്കുന്നതിനാലോ ?

       അല്ല എന്നാണ് എന്റെ ഉത്തരം.   പിന്നെ? കോഴിക്കോട്ട് ചെല്ലുമ്പോഴെല്ലാം തരുവണ്ണൂരിലെ 'സാനഡു' വിൽ ചെന്ന് 'വീട്ടിനു പുറത്തിറങ്ങാത്ത മാന്ത്രികനായ മാൻഡ്രേക്കി'നെ കണ്ട് വർത്തമാനം പറഞ്ഞിരിക്കുന്നതിനാലാകാം , ആകണം. 
   
     

മാങ്ങാട് രത്നാകരൻ 

   ഈ കുറിപ്പ് എഴുതിയവസാനിപ്പിക്കുമ്പോൾ ആ കഠാര തുറന്ന് --അതിന്റെ 'ടെക്നിക്' പുനല്ലൂർ രാജൻ പഠിപ്പിച്ചിരുന്നു  _ അതിന്റെ വായ്ത്തല തടവി ,ബഷീറിന്റെ വാക്കുകൾ ഞാൻ എന്നോടു തന്നെ പറഞ്ഞു , "ജീവിതം ഒരനുഗ്രഹമാണ് അതൊരു ശാപമാക്കരുത് "

Share :