Archives / june 2020

കവളങ്ങാടൻ
മകൾക്ക്

അവരൊക്കെയും കൂടിച്ചേർന്നു ചൊല്ലിയ തത്വ
ശാസ്ത്രമെൻ കുഞ്ഞേപെണ്ണിൻകാര്യമല്ലറിയേണം

പുരുഷാധിപ യുദ്ധമോഹങ്ങൾ ജാതിമത രണ വൈര്യങ്ങൾക്കിടെ നമ്മളെന്നുമീ നാട്ടിൽ
അവന്മാരുടെ കന്നുകാലികൾപൊതുവഴി നയതന്ത്രങ്ങൾ നഗരാധിപരഹസ്യങ്ങൾ
തുണിയാൽ മൂടിക്കൊണ്ടു കാത്തുസൂക്ഷിച്ച സ്വത്തു
വകയാണെന്നും പെണ്ണേ നമ്മളെന്നുമീനാട്ടിൽ

പെണ്ണു ചോദിച്ചുവരും പെണ്ണിനെക്കൊടുത്തീടും പെണ്ണിനുള്ളൊരു കൈകാൽ കണ്ണു കളിവയെല്ലാം
എന്തു ചെയ്യണമെന്തു ചാർത്തണമെവിടേക്കു സഞ്ചരിക്കണമെല്ലാം നിശ്ചയിച്ചവരവർ

ഹിതമെന്തഹിതമെന്തൊക്കെയുമവരുടെ 
വിധിയാണല്ലോ പെണ്ണിൻ ഹിതമൊന്നില്ലോമലേ

കരിമീനല്ലോ മിഴിയിണകൾ ചെഞ്ചുണ്ടുകൾ മധുരം മാത്രം ചുരത്തുന്ന തേനുറവകൾ

കനകം പൊതിഞ്ഞു സൂക്ഷിക്കണം തൊലിയിന്മേൽക്കറുപ്പെന്നതേ മോശം
 കരുത്തെന്നതോ കുറ്റം
അവന്മാരുടെ അപദാനമാലപിക്കുവാൻ ഒരുനാവതു കുഞ്ഞേ അധികപ്പറ്റാണതും !

അവന്മാരുടെ രതിമോദമായിരിക്കേണം 
അവനീസുതകൾതൻ ജീവിത മഹാലക്ഷ്യം

അമ്മ പെങ്ങന്മാരകത്തുള്ളവർ കുലീനകൾ അവനെക്കോരിത്തരിപ്പിക്കുവാൻ കുലടകൾ

അവനെ ച്ചേർത്തല്ലാതെയില്ല പേരുകളൊന്നും
 കതിരോൻ പുരുഷനാണില്ല പെണ്ണിനു സൂര്യൻ

മകളേ അലങ്കാരത്തുണിയിൽപ്പൊതിഞ്ഞു നീ 
അതി സുന്ദരിയായിക്കൊഞ്ചണം അബല നീ

അതിമോഹനം നിന്റെയുടലിൻ ലതാകൃതി മൃദുലം
 ഭയം നിന്റെയുന്നത കുലാദർശം

മകളേ ദൈവത്തിനും നിനക്കുമിടയിലാ -
പ്പുരുഷൻ വിശുദ്ധ സൂക്തജ്ഞനാമധികാരി

കൊലപാതക സഹസ്രങ്ങളാലവൻ തീർത്ത
 ചരിതങ്ങളിൽ വസ്ത്രമുരിഞ്ഞും വയലുകൾക്കരുകിൽ വിശപ്പായും
രതിവാണിഭ നഗരങ്ങളിലപമാന വിഷമേന്തിടും ഇരജന്മമായ്ക്കഴിഞ്ഞു നാം


മകളേ കരിമേഘമെന്നു മഞ്ഞു പെയ്തിടും ?
 ഇടിവാളുകൾ വീണമീട്ടുകില്ലൊരിക്കലും
വെറുതേ പ്രതീക്ഷ തൻ പൂക്കുട വിരിച്ചു നാം
 നെടുനാളുകൾ കെട്ടവഴിയേ നടന്നു പോയ്


കഴുവേറ്റണം കെടുനീതികൾക്കുടയൊരീയടിമക്കാലത്തിന്റെ കുറ്റവാസനകളെ

മകളേ പ്രാവിൻ സൗമ്യലാസ്യഭംഗികൾകൊണ്ടീ
 മലതൻ നിറുകയിലെത്തുകയില്ലാ നമ്മൾ


 

Share :