Archives / june 2020

കെ.കെ. പല്ലശ്ശന
വായനാ പക്ഷാ(ഘാതം)ചരണം

ജൂൺ 19 -  സ്കൂൾ ഗ്രന്ഥപ്പുരയുടെ

 നട തുറപ്പുത്സവം.

    ഗോപി മാഷ്  തുവാല കൊണ്ട്

 മൂക്കും വായും മൂടിക്കെട്ടി  പ്രധാന അലമാരയുടെ വാതിൽ തുറന്നതോടെ പതിനാലു ദിവസത്തെ ആഘോഷ പരിപാടികൾക്ക് ആരംഭം കുറിച്ചു.

ഏഴാം ക്ലാസ്സിലെ തല മുതിർന്ന പതിനാലു പരികർമികൾ അദ്ദേഹത്തെ സഹായിക്കാൻ ഇരു ഭാഗത്തുമായി നിലയുറപ്പിച്ചു. അവർ പറയിപെറ്റ പന്തിരുകുലവും പഞ്ചതന്ത്രവും

പൂതപ്പാട്ടും മറ്റും ഇരുകൈയും നീട്ടി ഏറ്റുവാങ്ങി പുറത്തിറങ്ങി പ്രദക്ഷിണം വച്ചു.

 'വായിച്ചു വളരുക ' എന്ന അരുളപ്പാട് അന്തരീക്ഷത്തിൽ മുഴങ്ങി.

 

         ആഘോഷ പരിപാടികളോടനുബന്ധിച്ച് ആസ്വാദനക്കുറിപ്പ്, പ്രശ്നോത്തരി ,പോസ്റ്റർ രചന,കാവ്യാലാപനം തുടങ്ങിയ പതിവു കലാപരിപാടികളും  സംഘടിപ്പിച്ചിരുന്നു. പതിനാലാം നാൾ സമാപനത്തോടനുബന്ധിച്ച് മത്സരവിജയികൾക്ക് പാരിതോഷികങ്ങളും പ്രഖ്യാപിച്ചു.( ഭണ്ഡാരം വരവ് തൃപ്തികരമാണെങ്കിൽ മാത്രം)

 

      കൊട്ടിക്കലാശത്തിന് ഏതാനും മണിക്കൂറുകൾ ശേഷിക്കെ വാസു മാഷ് പ്രോഗ്രാം നോട്ടീസുമായി ഒരു സംശയം അറിയിച്ചു.

 

           "ഗോപി മാഷേ, വായനാ പക്ഷാചരണം എന്നല്ലേ വേണ്ടിയിരുന്നത്.ഇതിൽ പക്ഷേ, വായനാ പക്ഷാഘാതം എന്നാണ് അച്ചടിച്ചു വച്ചിരിക്കുന്നത്  ! "

 

        ഗോപിമാഷ്  നോട്ടീസ് വാങ്ങിച്ച് അലസമായിട്ടൊന്ന് കണ്ണോടിച്ചു.

 

        "ഒന്നോർത്താൽ ഇതാണു സത്യം;

വായനാ പക്ഷാഘാതം ."

Share :