Archives / june 2020

രമ പി പിഷാരടി ബാംഗ്ലൂർ
ഇന്ന് പെയ്ത മഴയേത്

ഇന്ന് പെയ്ത മഴയേത് ചോദിച്ചു

ചന്ദനമരം, ചോന്നോരരളികൾ

കുന്നിലാകെ പടർന്ന് വനാന്തര-

ഭംഗിയിൽ നിന്നുണർന്ന കദളികൾ

നീലനീൾമിഴിക്കുള്ളിൽ പുഴയുടെ
കാരിരുൾ 
മഷി, മെല്ലെപ്പടരവെ! 

മേഘനീലം പടർന്ന വാനത്തിലായ്

പാതിരാവിൻ്റെ മേഘമൽഹാർസ്വരം .

 

ഇന്ന് പെയ്ത മഴയേത്? ചോദിച്ചു

കണ്ണിലേയ്ക്ക് വിടർന്ന പനീർപ്പൂക്കൾ

മൈനകൾ വന്നിരുന്ന തേന്മാവുകൾ,

ചോലവേങ്ങകൾ, വെള്ളിലയും നീല

ലോഹിതപ്പൂ വിടർത്തിയ  മന്ദാരം.

ഇന്ന് പെയ്ത മഴ മൗനമേറ്റിയ കൺകളെ-

തൊട്ടുണർത്തിക്കലഹിച്ചു വന്നു പോയി,

ജലസ്മിതം തൂവിയ വിണ്ണിലെ 

നിലാപ്പൂക്കൾ കൊഴിഞ്ഞൊരു

ചില്ലയിൽ വന്നിരുന്നു രാപ്പാടികൾ...

 

ഏത് പാട്ടെന്ന് ചോദിച്ചു യാത്രികൻ

പാടുവാനില്ല പാട്ടെന്ന് പക്ഷികൾ!.

Share :