Archives / 

മേഴ്‌സി ടീച്ചർ
ഈ വഴിത്താരയില്‍

\'ഈ വഴിത്താരയില്‍\' എന്നൊരു പംക്തി ഈ മാസം (ഫെബ്രുവരി) മുതല്‍ \'കണ്ണാടി മാഗസിന്‍.കോം\'-ല്‍ ആരംഭിക്കുന്നു. കര്‍മ്മനിരതരായ ഒരു കൂട്ടം ജീവിതങ്ങള്‍ ഇന്നും വിധിയെ പോലും വെല്ലുവിളിച്ച് - തങ്ങളുടെ അവശതകള്‍ മറന്ന് ജീവിക്കുകയും സഹജീവികള്‍ക്ക് ആശയും ആശ്വാസവും പകര്‍ന്ന് നല്‍കുകയും ചെയ്യുന്നു. കാലത്തിന്‍റെ കയങ്ങളില്‍ നിന്നും ആത്മവിശ്വാസം നേടി മുങ്ങിപ്പൊങ്ങി വന്നവരാണ് അവരൊക്കെയും.

ഈ പംക്തിയില്‍ ആദ്യമായി എഴുതുന്നത് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ബോട്ടണി ഡിപ്പാര്‍ട്ട്മെന്‍ റ്റിൽ നിന്നും വിരമിച്ച മേഴ്സി ടീച്ചറാണ്. ഏറെ ശിഷ്യരെ വാര്‍ത്തെടുത്ത അവര്‍ കോളേജിൽലെ HOD - Botany Dept ആയി 1999 -ല്‍ വിരമിച്ചു. ഇപ്പോള്‍ സഹജീവികള്‍ക്കും സ്നേഹവും സമാധാനവും ആവോളം പകര്‍ന്ന് നല്‍കി കൊണ്ട് തന്‍റെ വിശ്രമ ജീവിതത്തില്‍ പോലും കര്‍മ്മനിരതയാണ് ടീച്ചര്‍ - അതും രണ്ടു തവണ ക്യാന്‍സറിന്‍റെ ആക്രമത്തില്‍ നിന്നും സുഖം നേടിയിട്ടും.
തുടര്‍ന്ന് അവര്‍ തന്നെ പറയട്ടേ-
- മുല്ലശ്ശേരി.

ഈ വഴിത്താരയില്‍ - മേഴ്സി ടീച്ചര്‍.

ഈ സായം സന്ധ്യയില്‍ ഇരുള്‍ പകരാന്‍ തുടങ്ങും മുമ്പേ ഞാന്‍ എന്നെ തന്നെ നോക്കി കാണാനുള്ള ശ്രമമാണ് ഈ എഴുത്ത്. എന്നെ കുറിച്ച് എഴുതുന്നത് നിങ്ങളെ അറിയിക്കാനുള്ള വ്യഗ്രത കൊണ്ടല്ല - മറിച്ച് എന്‍റെ സമാന അനുഭവങ്ങള്‍ നേരിട്ടിട്ടുള്ള നിങ്ങളെ - അല്ലെങ്കില്‍ നേരിടേണ്ടിവരുന്ന നിങ്ങളെ - പ്രചോദിപ്പിക്കാനുള്ള എന്‍റെ ശ്രമമായി മാത്രം കാണാം.

ഞാനൊരു എഴുത്തുകാരിയല്ല. എന്‍റെ ചിന്തകള്‍, അനുഭവങ്ങള്‍ ഒക്കെയും അടുക്കും ചിട്ടയുമില്ലാതെ ഞാന്‍ എഴുതുന്നു. ഒരു അദ്ധ്യാപികയായ എനിക്ക് ഏറെ വര്‍ഷത്തെ അനുഭവസമ്പത്തുണ്ട്. അത് ഞാന്‍ എന്‍റെ കുട്ടികള്‍ക്ക് കാലാകാലങ്ങളായി പകര്‍ന്ന് നല്‍കിയിട്ടുണ്ട്. പക്ഷേ, അപ്പോഴും ഞാനെന്ന വ്യക്തിയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയില്ല. അറിയേണ്ടകാര്യവുമില്ല. എങ്കില്‍ ഇവിടെനിന്ന് ഞാന്‍ കടന്ന് പോകുന്നതിന് മുമ്പ് നിങ്ങള്‍ക്ക് അറിയാവുന്നതും അറിയാത്തതുമായ മേഴ്സി ടീച്ചറെ ഒന്ന് ഓര്‍മ്മിപ്പിക്കാന്‍ മാത്രം.

ഇന്ന് ആള്‍ക്കൂട്ടത്തിലെ എന്‍റെ ഏകാന്തതകളില്‍ നിങ്ങളില്‍ ഒത്തിരിപ്പേരുടെ അന്നത്തെ മുഖങ്ങള്‍ എന്‍റെ ഉള്ളില്‍ ഇപ്പോഴുമുണ്ട്. ആ മുഖങ്ങളെ നോക്കിയും - എന്‍റെ സഹപ്രവര്‍ത്തകരേയും - പിന്നെ എന്നെ അറിയുന്ന എല്ലാപേരെയും മനസ്സില്‍ കണ്ടുകൊണ്ട് ഞാന്‍ ഇവിടെ കോറിയിടട്ടെ- എന്‍റെ അമ്മ എന്നെ പ്രസവിക്കുന്നത് തന്നെ. എട്ടാം മാസത്തിലാണ്. ഏറെ കഷ്ടപ്പെട്ടും പരിചരിച്ചുമാണ് അമ്മ വളര്‍ത്തിയത്. അക്കാലത്ത് എന്നെ മറ്റുള്ളവര്‍ നോക്കിക്കണ്ടത് തന്നെ ഏത് ദിവസവും എന്‍റെ മരണം സംഭവിക്കുമെന്ന മുന്‍ വിധിയോടെയാണ്. ദൈവമാണ് എന്നെ വളര്‍ത്തിയതെന്ന് അന്നും ഇന്നും ഞാന്‍ വിശ്വസിക്കുന്നു. (വേണമെങ്കില്‍ എന്നെ ദൈവത്തിന്‍റെ പുത്രിയായി കരുതാം). ഞാന്‍ നടന്ന് തുടങ്ങിയത് മൂന്നാമത്തെ വയസ്സിലാണ് - സംസാരിച്ച് തുടങ്ങുന്നത് നാലാമത്തെ വയസ്സിലും.

എന്‍റെ അച്ഛന്‍റെ ജോലി തമിഴ്നാട്ടിലും പിന്നീട് വടക്കേ ഇന്ത്യയിലുമൊക്കെയായിരുന്നു. അതുകൊണ്ട് എന്‍റെ ബാല്യവും വിദ്യാഭ്യാസവും മറ്റും അമ്മയുടെ വീടായ തിരുവല്ലയില്‍ ആയിരുന്നു. എന്‍റെ അപ്പച്ചന്‍റെ (അമ്മയുടെ അച്ഛന്‍) കൂടെയുള്ള താമസവും മറ്റും ഇന്നും എന്‍റെ ഓര്‍മ്മയില്‍ പച്ചപിടിച്ച് തന്നെ നില്ക്കുന്നുണ്ട്. അദ്ദേഹം മതപരമായി ഏറെ നിഷ്ഠയുള്ള ഒരദ്ധ്യാപകന്‍ കൂടിയായിരുന്നു. ആ സ്വാധീനം വളരെയേറെ എന്നിലുണ്ട് - ഇപ്പോഴും.

പല സ്കൂളുകളിലും മൂന്ന് കോളേജുകളിലുമായി എന്‍റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. BCM Kottayam കോളേജില്‍ ബി.എസ്.സി ഒന്നും രണ്ടും വര്‍ഷവും തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് ഫൈനല്‍ ഇയര്‍ ബി.എസ്.സി യും തുടര്‍ന്ന് യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും എം.എസ്.സിയും നേടി (വര്‍ഷം 1965) അക്കാലത്ത് തന്നെ വിവിധതരത്തിലുള്ള വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും പരിചയപ്പെടാന്‍ കഴിഞ്ഞതും അവരുടെ വ്യത്യസ്തമായ ഭാഷയും ജീവിത രീതികളും മറ്റും എനിക്ക് അക്കാലത്തും പില്‍ക്കാലത്തും എന്‍റെ ക്യരിയറിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്.

മദര്‍ തെരേസയോടൊപ്പം ഒരു കന്യാസ്ത്രീയായി സേവനം അനുഷ്ഠിക്കണമെന്ന് ഞാന്‍ അക്കാലത്ത് ആഗ്രഹിച്ചിരുന്നു. എന്‍റെ അച്ഛന്‍ അതിന് അനുകൂലിക്കുകയും ചെയ്തു. എങ്കില്‍ ജര്‍മ്മനിയില്‍ പോകണമെന്ന് വന്നപ്പോഴാണ് ഞാന്‍ അതില്‍ നിന്നും പിന്‍മാറിയത്. എന്നെ വളര്‍ത്താന്‍ അമ്മ അനുഭവിച്ച ദുരിതങ്ങള്‍ ഓര്‍ത്ത് അവരെ ഒറ്റപ്പെടുത്താന്‍ മനസ്സുവരാത്തതുകൊണ്ട് ഞാന്‍ അതില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.

എന്‍റെ അദ്ധ്യാപക ജീവിതം തുടങ്ങിയത് 1965-ല്‍ All Saints College, തിരുവനന്തപുരം, തുടര്‍ന്ന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ (വര്‍ഷം 1966) അദ്ധ്യാപികയായി(1999 വരെ). തുടരും. . . . . . .

(മേഴ്‌സി ടീച്ചർ PH: +91 9495073910)

Share :

Photo Galleries