Archives / 

സൈഫുദ്ദീൻ തൈക്കണ്ടി
ചുവന്ന താഴ്വര 

1 -

നനഞ്ഞ മണ്ണു  കിളച്ച്

ഉരുളക്കിഴങ്ങ് പൂഴ്ത്തുമ്പോൾ

ചെറുചിരിയോടെ

അവളവൻറെ തോളിൽ

തോളുരുമ്മി നിന്നു.

 

പുൽപ്പാടത്തിൻറെ  

അരികുമൂലകളിൽ

വിയർത്തൊലിച്ച് 

നനഞ്ഞ ശരീരങ്ങൾ

ഉരച്ചു തീ പിടിപ്പിച്ചു 

 

കറുത്ത രാത്രിയിൽ നിന്ന്

താഴ്വര വെളുക്കുമ്പോൾ

മൂടൽമഞ്ഞുപുതച്ച 

കെട്ടുവള്ളത്തെ സാക്ഷിയാക്കി

ജീവിതം വേവിച്ച്

പങ്കിട്ടു രുചിച്ചു 

 

അത്ര നിശ്ശബ്ദമായ 

പുഞ്ചിരിയിലേക്ക്

സൂര്യകാന്തിപ്പൂക്കളെക്കരിച്ച്

തീനാളം താഴ്വര വിഴുങ്ങുമ്പോൾ

അവരുറക്കത്തിലായിരുന്നു

 

പുഴയ്ക്കക്കരേ

ചിനാർ മരങ്ങൾക്കിടയിലൂടെ

വീശിയടിച്ച

നിലവിളികളുടെ കൊടുംകാറ്റ്

ജനലിൽ വന്നടിച്ചപ്പോൾ

വീടൊന്നുലഞ്ഞു .

 

2-

നീ ഓർക്കുന്നോ 

പൊടുന്നനെ

ആ നിലാരാത്രിയിൽ

പടക്കോപ്പുകളുടെ കറുത്ത പുക

താഴ്വാരം മൂടിയ നേരം

നിൻറെ  ആലിംഗനം

എൻ്റെ വാരിയെല്ലുsച്ചിരുന്നു.

 

തകർന്ന കുടിലുകൾ തേടി

കണ്ണുകളിൽ തീപ്പന്തവുമായി

അധികാരത്തിൻ്റെ കാലാൾപ്പട 

ഗ്രാമം വിഴുങ്ങിയത് 

നാമറിയാതെപോയി .

 

ഒടുക്കം 

പച്ചത്താഴ്വര ചുവന്നപ്പോൾ

പൊട്ടിച്ചിരിച്ചിരുന്ന നടവഴികൾ 

കരഞ്ഞുതീർത്ത കുഞ്ഞിൻ്റെ

കവിളുപോലെ 

നനഞ്ഞിരുന്നു .

 

ശവപ്പറമ്പായ താഴ്വരയിൽ

നിന്ന് 

പട്ടാള ബൂട്സിൻ്റെ

ശബ്ദത്തിനൊപ്പം 

നീയെവിടെയാണ്

അപ്രത്യക്ഷനായത് ?

ഈ കൊടുംതണുപ്പിലും

നെഞ്ചു പൊള്ളുന്ന കാത്തിരിപ്പിലാണ്

ഇത്തിരിപ്പോലും 

കണ്ണുനനയാതെ !

Share :