Archives / june 2020

ഷാം എസ് എൻ ആറ്റിങ്ങൽ
അണു രണം


രിപുഗണം മേവുന്നൊരീ വസുധ തന്നിൽ
രാപകലുകൾ  രണാങ്കണത്തിൽ മർത്യരെല്ലാം
പട്ടിൻ്റെ നാട്ടിലായുയിർ കൊണ്ട മാരിയെ
ക്കാണാമോരോസ്വരൂപത്തിലും ഊർജ്ജവ്യനായി
അദൃശ്യരാതി സൂക്ഷ്മരൂപേ  മാനവോന്മൂലനാതി
പ്രയത്നത്തിലെന്നാകിലും
ധിഷണാശാലികളൊന്നായ് ചിന്താ കണങ്ങളിലൂറിയ
സഫലമന്ത്രങ്ങളാലുയിരിട്ട നവ്യായുധങ്ങളായെത്തിടുന്നു
ശക്തനാം വൈരിയൊരു കണത്തിൽ നിന്നൊരായിരമായി മാറവേ
ശസ്ത്രവിഹീനമായിശാസ്ത്രങ്ങളൊക്കെയും
നോക്കുവെൻ ധരിത്രിയിൽ ചേതനയറ്റവരെത്രയെന്നോ
പൈതങ്ങൾ നാരികൾ ശുഭ്രശിരസ്കർ യുവതയുമൊന്നുപോൽ
പശിയാൽപലായനം ചെയ്യുന്നവരിലെത്ര പേർ ജ്ഞാതികളിലശ്രുവേകിടുന്നു
പാതയിൽ പാതിയിൽ കിടാവിന്നുമുന്നിലായി
ദേഹിയെ ത്യജിച്ചൊരു മാതൃപ്രാണൻ
ലോകരിലൊരു നോവായി മാറിയല്ലോ
പൂർവികർ നേരിട്ട പോരിതിങ്കൽ ഗോചരം
വൈരി നേത്ര സമക്ഷമെങ്കിൽ
കരുമനാം ശത്രു തനുവിനുള്ളിലാണതിനാലുതിരും
രുധിരമില്ലാതീരണം തീരണം
പവിഴനീർ മുത്തുകൾ പൊഴിയുന്ന  സമരമെങ്കിലെത്ര
നന്നായിരുന്നെങ്കിലെന്നോർക്കിലീവേളയിൽ
അന്തമില്ലാത്തൊരങ്കമാണെന്നെൻ ചിത്തം ചൊല്ലിടുമ്പോൾ
ആരരിന്തപനെന്ന ചോദ്യം ഗദ്ഗദമായി ഹൃത്തടത്തിൽ
പോർച്ചട്ട മാത്രമായടർക്കളത്തിൽ പ്രാണൻ വെടിഞ്ഞാലുമെൻ്റെ ധർമ്മം
എന്നോർത്ത് നിൽക്കയാണെൻ ഭൗമമാലാഖമാർ
നിശ്ചയം, ഒരു നാളീരണാന്ത്യമുണ്ടാകിലെന്നാലും
ഒരു ചിന്ത, ഈ രണം ചരിത്രം പാടിപ്പറയുമോ
അതോ എൻ ധരണി ഏകാകിയാകുമോ?

 

Share :