Archives / june 2020

ഡോ. നീസാ, കൊല്ലം
 വിവേകം

ഒറ്റയടി പാതയിലൂടേകയായ്
അലയുകയാണെൻ മനസ്സ്;
നീണ്ടു നിവര്‍ന്ന വഴിയിതിലൊരു
വൃക്ഷത്തണൽ പോലുമില്ലാതെ.

പ്രായത്തിൻ പക്വത പാടേ മറന്ന്
ന്യായാന്യായ വേർതിരിവില്ലാതെ;
കടിഞ്ഞാണിൻ കണ്ണിയകറ്റി മാറ്റി
കാലം കഥകൾ തിരുത്തുകയാണ്.

നേരിൻ ബോധമില്ലാത്ത നാട്ടിൽ
രക്തക്കളം തീർക്കും സംവാദങ്ങളായി
പൈശാചിക ശക്തികൾ വിളയാടവേ
കണ്ണടച്ചിരുട്ടാക്കി വാഴുന്നു ചിലർ.

ഓർമ ചെപ്പുകൾ മൂടിവെച്ച്
സദാ മന്ദസ്മിതം തൂകുന്നു പലരും.
ചുറ്റും കളിയാടും ഭീകര രംഗങ്ങൾ
പൊരുളറിയാതെ തുറിച്ചു നോക്കുന്നു.

വിചാരവികാരങ്ങൾ വരുതിയിലാകാതെ
ചിത്തഭ്രമത്തിനടിമ പോൽ കൃത്യങ്ങൾ;
വിവേകമെന്നതൊരു നീണ്ട  നൂൽപാലം
അടർന്നു വീഴാൻ നിമിഷങ്ങൾ മാത്രം.

സംയമനത്തോടെ പ്രതികരിക്കാൻ
സഹതാപത്തിൻ കണ്ണുതുറക്കാൻ
സമാധാനത്തിൻ പാതയിലൂടേവർക്കും
പ്രതീക്ഷകളോടെ യാത്ര തുടങ്ങാം.

Share :