Archives / june 2020

ഗാഥ
പ്രണയച്ചീളുകൾ

പൊട്ടിത്തകർന്ന പ്രണയച്ചീളുകൾ

ചിതറിത്തെറിച്ചു പാഞ്ഞുവന്നു 

കുത്തിക്കേറി ചീന്തിയ ചിത്തത്തിൽ 

നിന്നുമൊലിച്ചിറങ്ങുന്ന പ്രേമച്ചോര 

 

ഒരു യാത്രാമൊഴിപോലുമേകിടാതെ 

നീയകന്നുപോയ വഴിത്താരയിലേകയായ് 

മുറവിളികൂട്ടി കണ്ണീർപൊഴിക്കവേ 

 

പച്ചക്കു കത്തുന്ന നെഞ്ചകത്തീയിൽ 

പൊള്ളലേറ്റു വെന്തുരുകി നമ്മളന്നുവരെ 

നെയ്തുണ്ടാക്കിയ അനുരാഗക്കനവുകൾ 

 

മരണപ്പെട്ട പ്രണയാത്മാക്കളൊക്കെയും 

താരകങ്ങളായാകാശക്കോട്ടയിൽ 

നിശയുടെയേതോയാമങ്ങളിൽ 

കണ്ണീരോടെ വന്നെത്തിനോക്കാറുണ്ടിന്നുമാ 

ജാലകപ്പടിയിലൂടെയെന്നെ ബന്ദിയാക്കുമീ 

ഭ്രാന്തിന്നാലുരഞ്ഞു പൊട്ടിയ മുറിവിനെ 

അമർത്തി ചുംബിക്കുന്ന ചങ്ങലക്കൂട്ടങ്ങളെ 

 

മൃത്യുവെന്നേ സ്വന്തമാക്കിയയെൻ 

സ്വയബുദ്ധിയെ തിരിച്ചു പിടിക്കാൻ 

കഴിയാതെ പൊട്ടിക്കരഞ്ഞും 

അലറിവിളിച്ചും അട്ടഹസിച്ചും 

തേങ്ങലിലവസാനിക്കുന്നയെൻ 

ഭ്രാന്തമാം ഗാഢാനുരാഗം !!!

 

 

Share :