Archives / july 2021

കുളക്കട പ്രസന്നൻ
ഓരോ തുള്ളി എണ്ണയിലും കൊള്ളലാഭം

പുര കത്തുമ്പോൾ വാഴവെട്ടുക എന്നൊരു പഴമൊഴിയുണ്ട്. അതാണ് ഇന്ത്യയിൽ നടക്കുന്നത്. കൊവിഡ് 19 മൂലം രാജ്യത്ത് ജനങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടിലാണ് എന്ന് അറിയാത്തവർ ഉണ്ടോ ? ചിന്താശേഷിയുള്ള ഏതൊരാൾക്കും അതിൻ്റെ കാരണവും അറിയാം . പൊടുന്നനെയുള്ള നോട്ട് നിരോധനം, ജി എസ് ടി നടപ്പിലാക്കൽ ഇവ കാരണം രാജ്യത്തു പടർന്നു പിടിച്ച സാമ്പത്തിക മാന്ദ്യം നിലനിൽക്കെയാണ് ഇടിവെട്ടിയവൻ്റെ തലയിൽ പാമ്പ് കടിച്ചു എന്നതു പോലെ കൊറോണ വൈറസ് ഭീതി  എത്തിയതും. കിട്ടിയ അവസരം വജ്രായുധമാക്കി കേന്ദ്ര സർക്കാർ മാർച്ച് 24ന് രാത്രി ലോക് ഡൗണും പ്രഖ്യാപിച്ചു. യാതൊരു മുൻകരുതലും സ്വീകരിക്കാതെ നടപ്പിലാക്കിയ ലോക് ഡൗൺ മൂലം കൂനിൻമേൽ കുരു എന്ന അവസ്ഥയായി ജനങ്ങൾക്ക്. പലയിങ്ങളിൽപ്പെട്ടു പോയ ലക്ഷങ്ങൾ സ്വന്തം നാട്ടിലേക്ക് കാൽനടയായി ദിവസങ്ങളോളം നടന്നു. റെയിൽ പാളത്തിൽ തളർന്നുറങ്ങിയവരെ ചീറി പാഞ്ഞു വന്ന ട്രെയിൻ അരഞ്ഞു വീഴ്ത്തി. കൂട്ടം കൂടി യാത്ര ചെയ്തും ഒന്നിച്ചു താമസിച്ചും അനേകർ കൊവിഡ് ബാധിതർ ആയി. തൊഴിലില്ലാതായ ലക്ഷങ്ങൾ പട്ടിണിയായി. വിദേശത്തു കിടന്ന് ആയിരങ്ങൾ രോഗബാധിതരായി. ആദ്യഘട്ടത്തിൽ നാട്ടിലെത്താൻ സൗകര്യം ഒരുക്കിയ ശേഷം ലോക് ഡൗൺപ്രഖ്യാപിച്ചിരുന്നു എങ്കിൽ ലോക് ഡൗൺ പ്രയോജനപ്പെട്ടേനെ. ആദ്യ ഘട്ടത്തിൽ അവധി നൽകുകയും ആദ്യ രണ്ടാഴ്ചക്കുള്ളിൽ യാത്രാ സൗകര്യവും നൽകിയിരുന്നുവെങ്കിൽ ഇക്കാലയളവ് കൊണ്ട് കൊവിഡ് നിയന്ത്രണ വിധേയമായേനെ. ജനങ്ങൾക്കു വേണ്ടി ചിന്തിച്ചു നിയമ നടപടി സ്വീകരിക്കാത്തതിലെ  പാളിച്ച മൂലം ദുരിതം അനുഭവിക്കുന്നത് ജനങ്ങളാണ്. നിലവിലെ സാഹചര്യത്തിൽ നിവർന്നു നിൽക്കാൻ കഴിയാതായ ദരിദ്ര നാരായണന്മാർക്കു മേൽ അമിതഭാരം അടിച്ചേൽപ്പിക്കുകയാണ് ഇന്ധനവില വർദ്ധനവ് .

രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 39 ഡോളർ വിലയാണ്. എന്നിട്ടും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂടുകയാണ്. 2014ൽ ക്രൂഡ് ഓയിൽ ബാരലിന് അന്താരാഷ്ട്ര വിപണിയിൽ 109 ഡോളർ ആയിരുന്നപ്പോൾ ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോൾ 71 രൂപയും ഒരു ലിറ്റർ ഡീസൽ 57 രൂപയും ആയിരുന്നുവെങ്കിൽ ഇപ്പോൾ ഒരു ലിറ്റർ പെട്രോൾ 80 രൂപയും ഡീസലിനു അതിനേക്കാൾ രൂപയുമായിരിക്കുന്നു. പെട്രോളും ഡീസലും തമ്മിൽ ഒരു മത്സരം പോലെ എന്നു പറയുന്നതിൽ സ്വല്പം കൗതുകമുണ്ട്. എന്തെന്നാൽ പെട്രോളിനേക്കാൾ ഡീസലിനു വില കൂടിയ ചരിത്രം ഇന്ത്യയിൽ ഇതിനു മുമ്പില്ല.

മൻമോഹൻ സിംഗിൻ്റെ രണ്ടാം സർക്കാർ കാലയളവിലാണ് എണ്ണക്കമ്പനികൾക്ക് വില നിയന്ത്രണാധികാരം നൽകിയത്. ഈ അവസരം എണ്ണക്കമ്പനികൾ നന്നായി പ്രയോജനപ്പെടുത്തുന്നു. ഈ വിലക്കൂട്ടലിനു സർക്കാർ പങ്കു എടുത്തു പറയേണ്ടതുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിനു വിലക്കുറയുമ്പോൾ അതിൻ്റെ പ്രയോജനം ജനങ്ങൾക്ക് കിട്ടാതിരിക്കാൻ കേന്ദ്ര സർക്കാർ എക്സൈസ് തീരുവ വർദ്ധിപ്പിക്കും. ആഗോള വിപണിയിൽ അസംസ്കൃത വസ്തുവിൻ്റെ വില കൂടുമ്പോൾ എക്സൈസ് തീരുവ കുറയ്ക്കുന്നതുമില്ല. അതുമൂലം കേന്ദ്ര ഖജനാവിലേക്ക് കോടികൾ എത്തും. സംസ്ഥാന ഖജനാവിലും നികുതിയിനത്തിൽ കേന്ദ്ര ഖജനാവിൽ എത്തുന്നതു കൂടാതെ തുക ലഭിക്കും.

യൂറോപ്പ്, ആഫ്രിക്ക, ഗൾഫ് രാജ്യങ്ങളിൽ നിന്നും വാങ്ങുന്നതിനേക്കാൾ തുകയ്ക്കാണ് അമേരിക്കയിൽ നിന്നും ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നത്. അമേരിക്കയിൽ നിന്ന് 18 ശതമാനം ക്രൂഡ് ഓയിൽ വാങ്ങുന്നു.   ലോകത്ത് മൂന്നാം സ്ഥാനമാണ് ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇന്ത്യക്കള്ളത്. കേന്ദ്രത്തിൻ്റെ മറ്റൊരു കള്ളക്കളിയും ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. ഒരു രാജ്യം, ഒരു വിപണി, ഒരു നികുതി എന്ന മുദ്രാവാക്യം ഉയർത്തി ജി എസ് ടി നടപ്പിലാക്കിയ കേന്ദ്ര സർക്കാർ പെട്രോളിയം ഉല്പന്നങ്ങളെ എന്തുകൊണ്ട് ജി എസ് ടി പരിധിയിൽ കൊണ്ടു വരുന്നില്ല. ജി എസ് ടി യിൽ ഉൾപ്പെടുത്തിയാൽ ജി എസ് ടി യിലെ ഉയർന്ന സ്ലാബായ 28 ശതമാനത്തിൽ വരും പെട്രോളിയം. തന്മൂലം പെട്രോളിയം ഉല്പന്നങ്ങൾക്കുള്ള വില ജനങ്ങൾക്ക് ആശ്വാസകരമായ വിധമാകും.

പെട്രോളിയം ഉല്പന്നങ്ങളുടെ നികുതിയിനത്തിൽ കിട്ടുന്ന കോടികൾ ജനക്ഷേമ പ്രവർത്തികൾക്കായി സർക്കാർ ഉപയോഗിക്കുന്നുണ്ടോ എന്നു ചോദിച്ചാൽ അതില്ല . കോർപ്പറേറ്റുകൾക്ക് ലഭിക്കുന്ന വമ്പൻ ആനുകൂല്യങ്ങൾ, അവരുടെ കോടികളായ കടബാദ്ധ്യത എഴുതി തള്ളൽ ,സർക്കാർ ധൂർത്ത് ഇതൊക്കെ ജനങ്ങളെ ഞെക്കി പിഴിഞ്ഞെടുക്കുന്ന പണത്തിൽ നിന്നാണെന്ന് ഓർക്കുമ്പോൾ സാധാരണക്കാർ മൂക്കത്ത് വിരൽ വയ്ക്കും.

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന് ജനങ്ങളോട് നിങ്ങൾ എവിടെയാണോ അവിടെ നിൽക്കാൻ പറഞ്ഞിട്ട് കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും കൂടി തീവെട്ടിക്കൊള്ള നടത്തുകയാണ്. നിലാവുണ്ടെന്ന് കരുതി നേരം വെളുക്കുവോളം മോഷ്ടിക്കുന്ന കള്ളനെപ്പോലെയാണ് കൊറോണക്കാലത്തെ എണ്ണക്കൊള്ള . 

ഇന്ധന വില വർദ്ധിക്കുമ്പോൾ നിത്യോപയോഗ സാധനങ്ങളുടെ വില കൂടും എന്നത്  സ്വാഭാവികമാണ്. ചരക്കുഗതാഗതത്തിനു ഇന്ധന വില കൂടുന്നതു മറ്റു സാധനങ്ങളുടെ വിലക്കയറ്റത്തിനു വഴിവയ്ക്കും. അതുപോലെ വാഹനം ഉള്ളവർ കൂടുതൽ തുക ഇന്ധന ചെലവിനായി കണ്ടെത്തേണ്ടി വരും. അതു വഴി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നവർക്ക് യാത്രാക്കൂലി കൂടും. ചങ്ങലപ്പോലെ ബന്ധിപ്പിക്കപ്പെട്ട ഇത്തരം സാഹചര്യങ്ങളെ ഒന്നു പരിശോധിച്ചു നോക്കു. മനുഷ്യർ എങ്ങനെ ജീവിക്കുമെന്ന് ജനങ്ങളുടെ പ്രതിനിധിയായി ഭരണം നടത്തുന്നവർ പറയേണ്ടതുണ്ട്. കൊറോണ വൈറസിനെതിരെയുള്ള ജീവന്മരണ പോരാട്ടത്തിൽ നിത്യോപയോഗ സാധനങ്ങൾക്ക് തീവിലയായാൽ എന്തു ചെയ്യും. ഭരണകൂടമെന്നത് ജനങ്ങളെ ചതച്ചരക്കാനുള്ള കൂടമെടുക്കുന്നവർ ആവരുത്.

കമൻ്റ്: കത്തുന്ന പുരയുടെ കഴുക്കോൽ ഊരിയെടുക്കുന്നവരാകരുത് ഭരണാധികാരികൾ. ജനങ്ങൾക്ക് വിശക്കുമ്പോൾ  അവരുടെ ഉള്ളിലെ തീ കെടുത്താൻ കഴിഞ്ഞില്ലെങ്കിൽ കത്തുന്ന പുരയാവില്ല ജനങ്ങൾ കാണുന്നത്. കൊള്ള ചെയ്യുന്ന ഭരണാധികളെയും കൂട്ടാളികളെയുമാവും. അവിടെ ഉയരുന്നത് നിലവിളികളാവില്ല. അതിജീവനത്തിനുള്ള മുദ്രാവാക്യങ്ങളാവും

Share :