രതിനിർേദം ഒരു ഓർമ
വായനയ്ക്കായി പത്മരാജന്റെ കഥകൾ എടുത്തപ്പോഴാണ് അതിൽ ഇല്ലാതിരുന്ന രതിനിർവേദം എന്ന നോവലിനെ കുറിച്ചും അതിന്റെ സിനിമാരൂപത്തെക്കുറിച്ചും ആലോചിച്ചത്. രതിനിർവേദം എന്ന സിനിമയുടെ ഓർമ്മകൾ അഭ്രപാളികൾ കണക്ക് മനസ്സിനെ ഇപ്പോഴും വ്യാമോഹിപ്പിച്ചു കൊണ്ടിരിക്കുന്നു .
കൃത്യമായി ഓർക്കുന്നു. 1978 കാലം .അഞ്ചാം ക്ലാസിൽ പഠിക്കുന്നു. ഒരു വീടിന് അപ്പുറമാണ് കൃഷ്ണചന്ദ്രൻ താമസിച്ചിരുന്നത്.
കൃഷ്ണചന്ദ്രനുമായും പെങ്ങൾ മീരയുമായും നല്ല പരിചയമുണ്ട്. മീര പാഠശാല സ്കൂളിലെ ഏഴാം ക്ലാസിലാണ് അന്ന് പഠിച്ചിരുന്നത്
അക്കാലത്താണ് രതിനിർവേദം എന്ന സിനിമയിൽ കൃഷ്ണചന്ദ്രൻ അഭിനയിക്കുന്നതും താരമാകുന്നതും. കൃഷ്ണചന്ദ്രൻ ചിറ്റൂർ കോളേജിലെ വിദ്യാർത്ഥികൂടിയായിരുന്നു
.
സിനിമ റിലീസ് ചെയ്തത് ചിറ്റൂരിലെ ബീന തീയേറ്ററിൽ ആണ് .പടത്തിന് എ സർട്ടിഫിക്കറ്റ് ഉണ്ട്. അഡൽസ് ഒൺലി ആണെന്ന് പറഞ്ഞുകേട്ടു. അന്വേഷിച്ചപ്പോൾ മനസ്സിലായി അല്പം നഗ്നതയും ഒക്കെയുള്ള, ആളുകൾ അശ്ലീലം എന്നൊക്കെ പറയുന്ന രീതിയിലുള്ള സിനിമ ആണെന്ന്. അതൊന്നും എനിക്ക് വിഷയമായിരുന്നില്ല. എന്റെ വീട്ടിൽ നിന്ന് എപ്പോഴും നോക്കിയാൽ കാണുന്ന വീട്ടിലെ നല്ല പരിചയമുള്ള ചേട്ടൻ അഭിനയിക്കുന്ന സിനിമ എന്തുവിലകൊടുത്തും കാണണം.
നിയമപ്രകാരം 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് കാണാൻ പറ്റാത്ത ചിലതൊക്കെ അതിലുണ്ടെന്ന് മാത്രം അച്ഛൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. ഞാൻ ശരിക്കും വാശി പിടിച്ചു. സിനിമ കണ്ടേ പറ്റൂ. എന്റെ വാശിക്ക് മുന്നിൽ അച്ഛൻ മൗനിയായി. അങ്ങനെയാണ് പതിവ്. അങ്ങനെ ഞാനും അച്ഛനും കൂടി രതിനിർവേദം മാറ്റിനിക്ക് ബീനാ തീയേറ്ററിലേക്ക് നടന്നുതന്നെ പോയി. 10 വയസ്സാണ് പ്രായം എങ്കിലും അന്ന് ഇന്നത്തെ പോലെ ധാരാളം സിനിമകൾ ഒന്നും ആ കാലത്തേക്ക് കണ്ടിട്ടില്ല.
ഒട്ടും ബോറടിക്കാതെ ഞാൻ അച്ഛനോടൊപ്പം ഇരുന്ന് സിനിമ മുഴുവൻ കണ്ടു. ഒരു കാര്യം മനസ്സിലായി. സിനിമയിലെ പപ്പു എന്ന കഥാപാത്രമായ കൃഷ്ണചന്ദ്രേട്ടന് ജയഭാരതി കഥാപാത്രമായി അവതരിപ്പിക്കുന്ന രതി എന്ന് പേരുള്ള സ്ത്രീയോട് നല്ല ഇഷ്ടമാണ് എന്ന്. ഇഷ്ടം കൊണ്ടായിരിക്കാം ഇടയ്ക്കിടയ്ക്ക് അവർ തമ്മിൽ സംസാരിക്കുന്നത്, തൊടാൻ ശ്രമിക്കുന്നത്. ഉമ്മയൊക്കെ വെക്കുന്നത്
എന്റെ ഓർമ്മ ശരിയാണെങ്കിൽ അതിൽ ജയഭാരതി തുന്നൽ മെഷീനിൽ എന്തോ ഒന്ന് തുന്നുന്ന സമയത്ത് പപ്പു കുസൃതിയോടെ പകുതി തുറന്ന മാറിലേക്ക് കുനിഞ്ഞുനിന്ന് നോക്കുന്നുണ്ട്. അതു മനസ്സിലാക്കിയ രതിചേച്ചി ആകട്ടെ അവൻറെ തുടയിൽ രസകരമായി സൂചികൊണ്ട് കുത്തുന്നുണ്ട്. അതിമനോഹരമായ സ്നേഹ ദൃശ്യം
അതുകൂടാതെ ഒരു കുടുംബജീവിതത്തിനകത്തെ തികച്ചും നൈസർഗ്ഗികമായ ജീവചിത്രങ്ങളും എന്നെ ആകർഷിച്ചു. സിനിമയുടെ തുടക്കത്തിൽ കൃഷ്ണചന്ദ്രന്റെ സുഹൃത്തുക്കളായ ശ്യാം മോഹനേട്ടൻ (പിന്നെയുള്ളവരുടെ പേരുകൾ ഓർക്കാൻ കഴിയുന്നില്ല) കൂട്ടുകാരോടു കൂടി നടത്തുന്ന സൈക്കിൾ യാത്രയുണ്ട്.സിനിമയുടെ ലൊക്കേഷൻ നെല്ലിയാമ്പതി ആയിരുന്നു എന്ന് പിന്നീടാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.
സിനിമയുടെ ഒടുവിൽ ആണെന്ന് തോന്നുന്നു കനത്ത മഴയിൽ പപ്പുവും രതിയും വളരെയധികം സമയം കെട്ടിപ്പുണർന്നു നിൽക്കുന്ന രംഗം ഉണ്ട്. ഒടുവിൽ രതിക്ക് പാമ്പുകടി ഏൽക്കുകയും ഒക്കെ ചെയ്യുന്ന ഒരു അവസ്ഥ .എന്നെ വല്ലാതെ വേദനിപ്പിച്ച ഒരു ഭാഗം.
ഇടയ്ക്ക് ഒരിടത്ത് രണ്ടു വയസ്സുള്ള പപ്പുവിനെ ആറു വയസ്സുള്ള അവൾ (രതി ) എടുക്കാൻ ആഗ്രഹിച്ച് എടുത്തു നടന്ന് എവിടെയോ വീണതിനെ കുറിച്ചൊക്കെ പറയുന്നുണ്ട്. അപ്പോൾ മാത്രം ഒന്നു തോന്നി. ഇങ്ങനെ എടുത്തു നടന്ന ഒരു ചേച്ചിയോട് ആ ചെറിയ ചെക്കന് തൊടാനും ഉമ്മവയ്ക്കാനും ഒക്കെ തോന്നും ആയിരിക്കും അല്ലേ. വലിയ സദാചാര സങ്കല്പങ്ങൾ ഇല്ലാത്തതുകൊണ്ട് അതിലൊന്നും വലിയ തെറ്റില്ല എന്ന് എന്റെ മനസ്സു കരുതി. നിശബ്ദനായി സിനിമ കാണുന്ന അച്ഛനോട് സംശയം ആയിട്ട് ഒന്നും ചോദിച്ചില്ല.
സിനിമ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോരുമ്പോൾ അച്ഛൻ സിനിമയെക്കുറിച്ച് ഒന്നും ചോദിച്ചില്ല. ഞാനൊന്നും പറഞ്ഞുമില്ല ചായയും കഴിക്കാനുമൊക്കെ വാങ്ങിച്ചു തന്നു.
പിൽക്കാലത്ത് രതിനിർവേദം പിന്നെയും കണ്ടു. പക്ഷേ അന്ന് കണ്ട നിർവചിക്കാനാവാത്ത എന്തോ ഒന്ന് പിന്നീട് ഉള്ള കാഴ്ചകളിൽ ഒന്നുമുണ്ടായില്ല. പക്ഷേ ആസ്വാദനത്തിന്റെ തികച്ചും വ്യത്യസ്തമായ ഒരുപാട് അനുഭവങ്ങൾ ആ സിനിമ പകർന്നു നൽകുകയും ചെയ്തു. ഇന്നും ഞാൻ കണ്ട ഏറ്റവും നല്ല 10 സിനിമകളുടെ കൂട്ടത്തിൽ രതിനിർവേദം ഉണ്ട്. പിൽക്കാലത്ത് ഉണ്ടായ രാജീവ് കുമാറിന്റെ ശ്വേതാമേനോനും ഒക്കെ അഭിനയിച്ച രതിനിർവേദമോന്നും എന്നെ ഒട്ടും സ്വാധീനിച്ചില്ല.
എന്റെ മാത്രമല്ല അക്കാലത്ത് പലരുടെയും ലൈംഗികവും സദാചാരപരവും ആയ സങ്കല്പങ്ങളെ ഈ സിനിമ അട്ടിമറിക്കുന്നുണ്ട്. ഭരതനും പത്മരാജനും ചേർന്നൊരുക്കിയ പ്രണയവും ലൈംഗികതയും മനഃശാസ്ത്രവും ഒക്കെ ചേർന്ന് നിൽക്കുന്ന മനോഹരമായ സിനിമ.
ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് കടക്കുന്ന ഏതൊരു ആൺകുട്ടിയും ഉള്ളിൽ കൊണ്ടുനടക്കുകയും സന്ദർഭം കിട്ടിയാൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു വികാരം. അതുപോലെ ഏതൊരു സ്ത്രീക്കും പ്രായത്തിലെ വലിപ്പചെറുപ്പമോ ഒന്നും നോക്കാതെ ആണിനോട് തോന്നുന്ന മനസ്സിന്റെ അടിത്തട്ടിലെ വികാരം. ഈ ഒരു വികാരമാണ് അടിസ്ഥാനപരമായി ഏതൊരു സ്ത്രീപുരുഷ ബന്ധത്തിലും പ്രവർത്തിക്കുന്നത്. മാതൃ പുത്ര ബന്ധം മനഃശാസ്ത്രപരമായി അതിന് ഒരുപാട് പടർച്ചകളും തുടർച്ചകളും ഉണ്ട്. ഇൗഡിപ്പസ് കോംപ്ലക്സ് എന്നൊക്കെ പറയുന്ന രീതിയിൽ അതിന്റെ മറ്റൊരു ആവിഷ്കാരം എന്നൊക്കെ പറയാം
അത് ഒരു ദൃശ്യഭാഷയിലൂടെ ആവിഷ്കരിക്കാനുള്ള ശ്രമം പൂർണമായും വിജയിച്ചു എന്നുള്ളതാണ് രതിനിർവേദം എന്ന സിനിമയുടെ പ്രത്യേകത
പിൽക്കാലത്ത് രാജീവ് കുമാറിന്റെ സിനിമ പരാജയപ്പെട്ടതും അവിടെയാണ്. അതിന് അത്തരത്തിലുള്ള ഒരു അവതരണം സാധ്യമായില്ല .
സിനിമ പ്രദാനം ചെയ്യുന്ന ഒരു ദൃശ്യഭാഷ , ഒപ്പം പ്രണയത്തെയും ലൈംഗികതയെയും ആവിഷ്കരിക്കാനുള്ള ഭരതൻ എന്ന സംവിധായകന്റെ സവിശേഷമായ മികവ് ഇവിടെ തെളിയിക്കപ്പെടുന്നു
സന്ദർഭങ്ങൾക്ക് യോജിച്ച ജയഭാരതിയുടെയും കൃഷ്ണചന്ദ്രനന്റെയും അഭിനയം ഈ സിനിമയെ ഒന്നുകൂടി മികവുറ്റതാക്കുന്നു
കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ഈ സിനിമയ്ക്ക് ലഭിക്കുകയുണ്ടായി.കെപിഎസി ലളിത കവിയൂർ പൊന്നമ്മ സോമൻ അടൂർ ഭാസി ബഹദൂർ എന്നീ നടന്മാരും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് സിനിമയെക്കുറിച്ചുള്ള അന്നത്തെ റിവ്യൂ ഇങ്ങനെ പറയുന്നു-
It is one of the most sensous movies of all the time,and is said to have redefined the art of movie making in South india
രതിനിർവേദത്തിന്‍റെ ഛായാഗ്രഹണം രാമചന്ദ്രബാബുവും സംഗീതം ദേവരാജനും നിർവഹിച്ചു
എന്തൊക്കെയായാലും ചിത്രം കൈകാര്യം ചെയ്ത പ്രമേയവും രീതിയും ഒരുപാട് ചർച്ചകൾക്ക് വിധേയമായി
എന്റെ ബാല്യകൗമാര സ്വപ്നങ്ങൾക്ക് കാഴ്ചകൾക്ക് മിഴിവ് നൽകിയ ഒരു സിനിമ.