ആത്മീയ രസായന വിദ്യ
പ്രാചീനകാലം മുതല്‍ നൂറ്റാണ്ടുകളോളം തെറ്റിദ്ധാരണ പരത്തി നിരവധി ആള്‍ക്കാരെ മോഹവലയത്തില്‍ കുരുക്കിയ മഹത്തായ ഒരു കെണിയായിരുന്നു രസായന വിദ്യ അഥവാ ആല്‍ക്കെമി. വിദ്യാഭ്യാസം സിദ്ധിച്ചവരും ബൗദ്ധികമായി മുന്‍പന്തിയില്‍ നിന്നവരും എല്ലാം തന്നെ രസായനവിദ്യയുടെ പിന്നാലെ സഞ്ചരിച്ചവരാണ്. മെര്‍ക്കുറിയെ രസത്തെ (മെര്‍ക്കുറി) സ്വര്‍ണമാക്കുന്ന അത്ഭുത പ്രവര്‍ത്തനമായിട്ടാണ് രസായന വിദ്യ രംഗപ്രവേശം ചെയ്തത്. തുടര്‍ന്ന് ഇരുമ്പടക്കമുള്ള ഏത് ലോഹത്തെയും സ്വര്‍ണമാക്കാന്‍ കഴിയുമെന്ന അവകാശവുമായി പലരും രംഗത്തെത്തി. സ്പര്‍ശമണി അഥവാ ഫിലോസഫേഴ്‌സ് സ്റ്റോണ്‍ എന്ന അത്ഭുത വസ്തുവാണ് ഏതൊരു ലോഹത്തേയും സ്വര്‍ണമാക്കുന്നതെന്നും വിശ്വസിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്വര്‍ണമുണ്ടാക്കല്‍ നടന്നതായി യാതൊരു സൂചനയും ലഭ്യമായിരുന്നില്ല. തുടര്‍ന്ന് എലിക്‌സിര്‍ അഥവാ ജീവാമൃതം എന്ന വസ്തു ഉപയോഗിച്ച് ലോഹങ്ങളെ സ്വര്‍ണമാക്കാമെന്ന വാദം ശക്തിപ്പെട്ടു. പലരാജ്യങ്ങളിലെയും രാജാക്കന്മാര്‍ ഇതിലേയ്ക്കായി വന്‍തുക ചെലവഴിക്കുകപോലുമുണ്ടായി. സ്വര്‍ണ നിര്‍മാണ സാധ്യത ക്രമേണ സത്യമല്ലെന്ന് ബോധ്യമായതോടെ എലിക്‌സിര്‍ അഥവാ ജീവാമൃതത്തിലൂടെ അമരത്വം നേടാമെന്ന് പ്രചരിപ്പിക്കപ്പെട്ടു. ചിരഞ്ജീവികളാകാമെന്ന് വ്യഗ്രതയോടെ നിരവധി ഭരണാധികാരികള്‍ ഇതിലേയ്ക്കായും വന്‍തുക ചെലവഴിച്ചു. സര്‍ ഐസക് ന്യൂട്ടന്‍, ഡബ്ലിയു.ബി.യീറ്റ്‌സ്, പാരാസെല്‍സസ്, ലിയാനാര്‍ഡോ ഡാവിഞ്ചി തുടങ്ങി നിരവധി പ്രഗത്ഭര്‍ ഈ പരീക്ഷണങ്ങള്‍ക്കായി അവരുടെ വിലയേറിയ സമയം ചെലവഴിക്കുകയുണ്ടായി. കാള്‍ യുങ് മേരി ആന്‍ സൗത്ത് എന്നിവരുടെ ഇടപെടലുകളോടെ രസായന വിദ്യയില്‍ ഒരു വഴിത്തിരിവുണ്ടായി. അങ്ങനെ ആത്മീയ രസായന വിദ്യ (സ്പിരിച്വല്‍ ആല്‍ക്കെമി) എന്ന ഒരു പ്രത്യേക ശാഖ രൂപപ്പെട്ടു. യഥാര്‍ത്ഥത്തില്‍ സ്വയം അറിയുന്നതിനുള്ള ഉത്തമ ഉപാധിയാണ് രസായനവിദ്യ. ഗവേഷണ തത്പരരായ രസായന വിദ്യക്കാര്‍ വ്യക്തിയുടെ സ്വയം മാറ്റ ശാസ്ത്രത്തിലും ആന്തരിക മാറ്റമെന്ന വിസ്മയകരമായ കലയിലും തികഞ്ഞ പ്രാവീണ്യം സിദ്ധിച്ചവരാണ്. തെളിവില്ലായ്മകളും സംശയങ്ങളും നിറഞ്ഞ ഒരു തുടക്കമാണ് രസായവിദ്യയ്ക്കുണ്ടായിരുന്നതെങ്കിലും ആത്മീയ രസായനവിദ്യ ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നു. കലയുടെയും ശാസ്ത്രത്തിന്റെയും കുറവേതുമില്ലാത്ത ഒരു സംയുക്തമാണ് ആത്മീയരസായനവിദ്യ. വിമര്‍ശനാത്മകമായ ആത്മപരിശോധനയ്ക്കും വസ്തുനിഷ്ഠമായ അന്വേഷണത്തിനുമുള്ള മഹത്തായ ഒരു പരീക്ഷണമാണിത്. നമ്മുടെ ആന്തരികമായ അറിവുകള്‍ ആഴത്തില്‍ മനസ്സിലാക്കുവാനും വിവിധ മാനങ്ങളില്‍ അവയെ ആത്മനിഷ്ഠമായും വസ്തുനിഷ്ഠമായും സംയോജനം ചെയ്യുവാനും ഇതിലൂടെ കഴിയുന്നു. ആന്തരികമായ ഇത്തരം പരിണാമമാണ് ഇതിന്റെ അന്തസത്ത. ഉള്ളിലേയ്ക്കുള്ള ഒഴുക്കിനെ വര്‍ദ്ധിപ്പിച്ച് മറ്റൊരാളായി മാറുവാന്‍ കഴിയുന്നുവെന്നതാണ് ആത്മീയന രസായനവിദ്യയുടെ പ്രത്യേകത. ഉള്ളിലുള്ളതാണ് വെളിയിലുള്ളത്. അതുപോലെ വെളിയിലുള്ളതാണ് ഉള്ളിലുള്ളതും. അതായത് നാമാണ് ലോകമെന്നും ലോകം നാമാണെന്നും അര്‍ത്ഥം. സ്വയം മാറ്റം സാധ്യമാകുന്നതിലൂടെ എന്തിനെയും മാറ്റുവാന്‍ നമുക്കാവുന്നു. ഇവിടെ നാം തന്നെ നമുക്ക് സ്വയം വെളിച്ചമായി മാറുന്നു. അപ്പോള്‍ നാം പ്രപഞ്ചമാവുകയും പ്രപഞ്ചം നാമായി മാറുകയും ചെയ്യുന്നു. പ്രശ്‌നങ്ങളുടെ ഉള്ളിലേയ്ക്ക് നോക്കുമ്പോള്‍ നാം നമ്മെത്തന്നെ നോക്കുകയാണ് ചെയ്യുന്നത്. വസ്തുവിനെയും ഊര്‍ജത്തേയും മാറ്റിമറിക്കാനാവുന്നു എന്ന തിരിച്ചറിവാണ് യഥാര്‍ത്ഥത്തില്‍ ആത്മീയ രസായനവിദ്യ. അല്ലാതെ ഇതര ലോഹങ്ങളെ സ്വര്‍ണമാക്കി മാറ്റലല്ല. മനസ്സിലെ കാരിരുമ്പിന്റെ കാഠിന്യത്തെ സ്വര്‍ണത്തിന്റെ തിളക്കവും മാറ്റും നല്‍കി രൂപാന്തരപ്പെടുത്തുന്നുവെന്ന് സാരം. പ്രകൃതിയില്‍ അനായാസം ശരീരം വെളിച്ചമായും വെളിച്ചം ശരീരമായും രൂപാന്തരപ്പെടുമെന്ന് സര്‍ ഐസക് ന്യൂട്ടന്‍ അവകാശപ്പെട്ടതുപോലും അദ്ദേഹത്തില്‍ അന്തര്‍ലീനമായിരുന്ന രസായന സങ്കല്‍പ്പം മൂലമാണ്. പ്രാചീന ശാസ്ത്രത്തിന് പുതുവെളിച്ചം പകര്‍ന്ന രസായനവിദ്യ ആഴത്തിലുള്ള മനശ്ശാസ്ത്രമാണെന്ന് കാള്‍ യുങ് അഭിപ്രായപ്പെട്ടതും ഇതുകൊണ്ടാണ്. സ്വയം അറിയുന്നതിലൂടെ ആത്മസാക്ഷാത്കാരം നേടുന്നതിലുള്ള പാതയില്‍ രസായനവിദ്യ സഹായമാകുന്നു. വേര്‍തിരിക്കലിന്റെയും പരിണാമത്തിന്റെയും പ്രക്രിയ കൂടിയാണ് ആത്മീയ രസായനവിദ്യ. പ്രകൃതിയുടെ സ്വമേധയാലല്ലാത്ത പ്രവര്‍ത്തനങ്ങളും മനുഷ്യന്റെ സ്വമേധയാലുള്ള പ്രവര്‍ത്തനങ്ങളും തമ്മിലുള്ള പരസ്പരൈക്യമാണ് രസായനവിദ്യയെന്ന് പാരാസെല്‍സസ് പറഞ്ഞതും ഇതുകൊണ്ടാണ്. സര്‍ഗാത്മക പ്രവര്‍ത്തനം ഒരാളുടെ മനസ്സില്‍ കേന്ദ്രീകരിക്കുമ്പോള്‍ അയാളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ സഫലീകൃതമാവുകയും ഇത് പ്രപഞ്ച താത്പര്യങ്ങളില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ഇത്തരം ഒരു സാക്ഷാത്കാരം സാധ്യമാകുന്നതിനെ ഫിലോസഫേഴ്‌സ് സ്റ്റോണ്‍ അല്ലെങ്കില്‍ ഡയമണ്ട് ബോഡി എന്ന് വിവക്ഷിക്കുന്നു.
പ്രാചീന കാലത്ത് ഫിലോസഫേഴ്‌സ് സ്റ്റോണ്‍ എന്ന സങ്കല്‍പ്പം ഭാവനയില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു കെട്ടുകഥയാണ്. പരിണാമ ദിശയ്‌ക്കെതിരെ നില്‍ക്കുന്ന ഒരു സങ്കല്‍പ്പമാണിത്. മൃഗങ്ങളുടെ പ്രതിച്ഛായയില്‍ തുടങ്ങി ചെടികളിലൂടെ, രൂപങ്ങളിലൂടെ ലോഹങ്ങളിലേയ്ക്കും ശിലകളിലേയ്ക്കും സ്ഫടികത്തിലേയ്ക്കുമെല്ലാം ഇതു ചെന്നെത്തി. യഥാര്‍ത്ഥത്തില്‍ ഫിലോസഫേഴ്‌സ് സ്റ്റോണിനെ ശരീര ചൈതന്യമായി താരതമ്യപ്പെടുത്താം. ഇതൊരു ഉയര്‍ത്തെഴുന്നേല്പാണ്. പരിമിതികളില്‍ നിന്ന് വിശാലതയിലേയ്ക്കുള്ള ഒരു പ്രയാണം. ഈയൊരു പ്രക്രിയയ്ക്ക് നാശമെന്നൊന്നില്ല. അത് സ്ഥായിയായി നിലനില്‍ക്കുന്നു. പരസ്പര വൈരുധ്യങ്ങളുടെ അനായാസവും അത്ഭുതകരവുമായ ഒരു കൂടിച്ചേരല്‍ കൂടിയാണ്. ഇരുട്ടിനെ വെളിച്ചമാക്കുന്ന, അജ്ഞാനത്തെ ജ്ഞാനമാക്കുന്ന മഹത്തായ കൂടിച്ചേരല്‍. അജ്ഞാനത്തില്‍ നിന്നും വിജ്ഞാനത്തിലേയ്ക്ക് ഒഴുകിയെത്തുമ്പോള്‍ രണ്ട് പരസ്പര വൈരുദ്ധ്യങ്ങള്‍ സമരസപ്പെടുകയും സ്വമേധയാ ഒന്നായി മാറുകയുമാണ്. രസായനവിദ്യയെന്നത് സ്വത്വത്തിന്റെ ഭ്രൂണാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇതൊരു വിശുദ്ധ ബാന്ധവം കൂടിയാണ്. സൂര്യനും ചന്ദ്രനും പോലെ, പോസിറ്റീവും നെഗറ്റീവും പോലെ മഹത്തായ ഒരു കൂടിച്ചേരല്‍. നല്ലതും ചീത്തയും തമ്മില്‍, ആണും പെണ്ണും തമ്മില്‍, അച്ഛനും അമ്മയും തമ്മില്‍, വസ്തുവും ചേതനയും തമ്മില്‍ ഒക്കെയുള്ള ഒരു കൂടിച്ചേരല്‍. ഇതിലൂടെ പരിപാവനമായ ഒരു പുതുജന്മം പിറവിയെടുക്കുന്നു. അങ്ങനെയാണ് മരണാനന്തരവും നാശമില്ലാത്തതും ചേതനയുള്ളതുമായ മനസ്സും ശരീരവും ബാക്കിയാവുന്നത്.
പുരാതന മധ്യകാല രസായനവിദ്യയെ നിഗൂഢതകളില്‍ നിന്നും രക്ഷിച്ച് പുറത്തുകൊണ്ടു വരുന്നതില്‍ പ്രശസ്ത മനശ്ശാസ്ത്രജ്ഞന്‍ യുങിന്റെ സേവനം വളരെ പ്രധാനപ്പെട്ടതായിരുന്നു. രസായനവിദ്യയില്‍ ഒളിഞ്ഞുകിടന്ന മനശ്ശാസ്ത്ര സങ്കേതങ്ങളെ ശേഖരിക്കുന്നതിനും അത് സമാന്യ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനും യുങ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്ത ഒന്നാണ്. രസായനവിദ്യയെ ഒരു പരീക്ഷണ പ്രവര്‍ത്തനമാക്കി മാറ്റുവാന്‍ ആധുനിക രസായനവിദ്യക്കാര്‍ക്കായതും യുങിന്റെ പ്രവര്‍ത്തനം കൊണ്ടാണ്. അസംസ്‌കൃതമായ ഇരുമ്പിനെ സംസ്‌കരിച്ച് സ്വര്‍ണമാക്കി മാറ്റുക എന്നാല്‍ അസംസ്‌കൃതമായ മനസ്സിനെ സ്ഫുടം ചെയ്ത് നവീകരിച്ച് ഗുണപരമായ പരിണാമം സംഭവിപ്പിക്കുക എന്നാണ് ധ്വനി. അതുകൊണ്ടാണ് ക്രിയാത്മകമായ ഒരു പ്രവര്‍ത്തനം നടത്തുന്നതിന്റെ കാവ്യാത്മകമായ രീതിയാണ് രസായനവിദ്യയെന്ന് കരുതേണ്ടി വരുന്നത്. ത്യാഗ മനോഭാവം വളര്‍ത്തിയെടുക്കുവാനും പൊറുക്കുവാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുവാനുമുള്ള ഒരു മുന്നേറ്റം ക്രിയാത്മകമായി വളര്‍ത്തിയെടുക്കാന്‍ രസായനവിദ്യ സഹായിക്കുന്നു. ക്രിയാത്മകതയോടെ ഹൃദയം പ്രവര്‍ത്തിക്കുമ്പോള്‍ നാമറിയാതെ വിശാല മനസ്‌കരായി മാറും. നാം നമ്മുടെയുള്ളിലെ ആവേശത്തിനോട് പ്രതികരിക്കുമ്പോള്‍ നമ്മുടെ അപാരസാധ്യതകള്‍ താനെ ഉണരുന്നു. അങ്ങനെ ഒരവബോധത്തിന്റെ തലത്തിലെത്തുമ്പോള്‍ അതിനെ സ്പര്‍ശമണി അഥവാ ഫിലോസഫേഴ്‌സ് സ്റ്റോണ്‍ എന്നു വിളിക്കാം. ഒരോ വസ്തുവിലും അതിന്റെ ചേതനയെ കണ്ടെത്തുകയാണ് പുരാതന രസായനവിദ്യ ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് ജീവിതത്തിന്റെ പവിത്രതയിലേയ്ക്കുള്ള പ്രയാണമായി ആധുനിക രസായനവിദ്യ മാറുന്നത്.
ശാസ്ത്രത്തില്‍ തത്വവും പ്രയോഗവുമുള്ളതുപോലെ രസായനവിദ്യയിലും രണ്ട് നീതികളുണ്ട്. ഒന്ന് ആത്മീയരസായനവിദ്യ മറ്റൊന്ന് പരീക്ഷണ രസായനവിദ്യ. രസായനവിദ്യയെന്നാല്‍ രൂപാന്തരത്വമാണ്. ആത്മീയരസായനവിദ്യയില്‍ ആത്മീയമായ ഉണര്‍വിലൂടെ രൂപാന്തരമുണ്ടാകുന്നു. ഈ മേഖലയില്‍ ചിന്തകളെ തെളിച്ചുവിട്ടത് യുങ് ആണ്. മനശ്ശാസ്ത്രപരമായ ഒരുള്‍ക്കാഴ്ചയുണ്ടാക്കുവാന്‍ രസായനവിദ്യയ്ക്കാകുമെന്ന് അദ്ദേഹം കണ്ടെത്തി. ഏതൊരു വസ്തുവിനെയും അതിന്റെ പരിശുദ്ധിയിലേയ്ക്ക് ആനയിക്കുക എന്നതാണ് രസായനവിദ്യയുടെ കാതല്‍. മറ്റൊരര്‍ത്ഥത്തില്‍ ഒരു വസ്തുവിനെ അതിന്റെ ഉന്നതാവസ്ഥയിലേയ്ക്ക് കൊണ്ടെത്തിക്കുക.
തകര്‍ന്നടിഞ്ഞ അന്തസ്സത്തയെ പുനര്‍ജീവിപ്പിപ്പ് ഉത്തമവും ഉന്നതവുമാക്കിത്തീര്‍ക്കുന്നതിന് ആത്മീയ രസായനവിദ്യയില്‍ ചില മുറകള്‍ ശീലിച്ചുപോന്നിരുന്നു. അതിന്റെ ഒന്നാംഘട്ടം പുടപാകം അഥവാ കാല്‍സിനേഷന്‍ എന്നു പറയുന്നു. അസംസ്‌കൃത വസ്തുക്കളെ അഗ്നിയിലുരുക്കി സംസ്‌കരിക്കുന്നതുപോലെ അന്തര്‍ചോദനകളെ ഒന്നാകെ സന്തോഷത്തിലേയ്ക്ക് രൂപാന്തരപ്പെടുത്തി ഒരാളില്‍ ചൈതന്യവത്തായ ഒരു മാനസികാവസ്ഥ സൃഷ്ടിക്കുന്ന രീതിയാണ് പുടപാകം. രണ്ടാംഘട്ടമെന്നത് ദ്രവീകരണം അഥവാ ഡിസ്സൊല്യൂഷന്‍ എന്നതാണ്. ഉള്ളിന്റെയുള്ളില്‍ വിലയം പ്രാപിച്ചിട്ടുള്ള തെറ്റായ ധാരണകളെ സ്വയമലിയിച്ച് ഇല്ലാതാക്കുക വഴി അഹങ്കാരമില്ലാതാക്കി അനുകൂലവും പ്രതികൂലവുമായ സ്വഭാവവൈശിഷ്ട്യങ്ങളെ നിരീക്ഷിക്കുന്ന അവസ്ഥയിലേയ്ക്കുള്ള പ്രവര്‍ത്തനമാണ് ദ്രവീകരണം. നാം സൃഷ്ടിക്കുന്ന തെറ്റുകളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാതെയും ദുരിതാവസ്ഥകള്‍ ഓര്‍ക്കാതെയും വരുമ്പോഴുണ്ടാകുന്ന അന്തര്‍ സംഘര്‍ഷം മറ്റുള്ളവരില്‍ സൃഷ്ടിക്കുന്ന ആഘാതം ശ്രദ്ധിച്ചുതുടങ്ങുമ്പോള്‍ നാമൊരു ആത്മീയ പാകതയിലേയ്ക്ക് പ്രവേശിക്കുന്നു. മരണത്തെ മുഖാമുഖം കാണുന്ന രോഗാവസ്ഥയിലോ മറ്റോ ആണ് സാധാരണ ഇത്തരം വെളിപാടുകള്‍ ഉണ്ടാകുന്നത്. ഇവിടെ നാം സ്വയം അതിലേയ്ക്ക് എത്തിച്ചേരുകയാണ്. ഇതുകഴിഞ്ഞാല്‍ വിഭജനം അഥവാ സെപ്പറേഷന്‍ എന്ന തലത്തിലേയ്ക്ക് പ്രവേശിക്കുന്നു. നമ്മുടെ ചിന്തകളെയും വികാരങ്ങളെയും മറ്റ് ചിന്തകളില്‍ നിന്നും വികാരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുമ്പോഴാണ് ഈയൊരവസ്ഥ സംജാതമാകുന്നത്. മറ്റൊരാളുടെ വളരെ മോശമായ പെരുമാറ്റത്തിലൂടെ നമുക്ക് വന്നുചേരുന്ന വൈഷമ്യങ്ങള്‍ നാം പൊറുക്കുവാന്‍ തയ്യാറാകുമ്പോള്‍ ലഭിക്കുന്ന മനസ്സിന്റെ സന്തോഷമാണിത്. ഈ മൂന്നവസ്ഥകളും കൈവരിച്ചു കഴിഞ്ഞാല്‍ സംയോജനം അഥവാ കണ്‍ജംഗ്ഷന്‍ എന്ന തലത്തിലേയ്ക്കു കടക്കുവാനാകും. സ്വയം ശുദ്ധീകരിക്കുകയും അബോധ ചിന്തകളും വികാരങ്ങളും മനസ്സിന്റെ മുകള്‍ത്തട്ടിലേയ്ക്ക് പതഞ്ഞു പൊങ്ങുകയും അവബോധത്തിന്റെ പ്രകാശം പരന്നൊഴുകയും ചെയ്യും. ഇവിടെ നിന്നും പുനര്‍ജന്മത്തിലേയ്ക്കുള്ള തുടക്കമാണ്. അതാണ് പുളിപ്പിക്കല്‍ അഥവാ ഫെര്‍മെന്റേഷന്‍. മുന്തിരി മരിച്ച് വൈന്‍ ഉണ്ടാകുന്നതുപോലെ ഉണ്ടാകുന്ന ഒരു രൂപാന്തരത്വമാണിത്.
ആദ്യ നാല് അവസ്ഥകളും നമ്മുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ടതാണെങ്കില്‍ ഇതു നമ്മുടെ സ്വത്വത്തെ ശുദ്ധീകരിക്കുന്നു. പുളിപ്പിക്കലിന് രണ്ട് അവസ്ഥകളുണ്ട്. ഒന്ന് ജീര്‍ണിക്കല്‍ അഥവാ പ്യൂട്രിഫാക്ഷന്‍. നമ്മുടെ പൂര്‍വ സ്വത്വത്തെ മാറ്റിയെടുക്കുവാനും ബോധ മനസ്സിലും അതിബോധ മനസ്സിലും ഒരു ജീര്‍ണിക്കല്‍ സംഭവിപ്പിക്കലുമാണിത്. മറ്റൊന്ന് ലോകത്തെ ഒരു പുതുവെളിച്ചത്തിലൂടെ കാണുക എന്നതാണ്. ഇതിനെ സ്പിരിറ്റൈസേഷന്‍ എന്നും പറയാം. ആത്മീയമായി ലഭിച്ച അറിവിനെ സ്ഥായിയായി അപ്രകാരം നിലനിര്‍ത്തുക എന്നതാണ് അടുത്ത പടി. അതാണ് സ്വേദനം ചെയ്യല്‍. അഥവാ ഡിസ്റ്റിലേഷന്‍. താപം കടത്തിവിട്ട് ദ്രാവകത്തെ വാതകമാക്കുന്നതുപോലെ കഠിന പ്രവര്‍ത്തനത്തിലൂടെ മനസിനെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണിത്. ആത്മസംയമനവും സമാധാനാവും കൈവരുന്ന ഒരവസ്ഥയാണിത്. ഇത്രയുമായാല്‍ അവസാന പടവുകളിലേയ്ക്ക് അനായാസമെത്താം. അതാണ് ഉറകൂടുക അഥവാ കോഗ്യുലേറ്റ് എന്നത്. ജീവിതവും മരണവും തമ്മിലുള്ള കൂട്ടിമുട്ടലില്‍ സംഭവിക്കുന്ന സ്വയമറിയലാണിത്. മനസ്സില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒരദ്വൈതാവസ്ഥയാണിത്. രക്തത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുവാന്‍ രക്തം കട്ടയാകുന്നതുപോലെ ഒരവസ്ഥ. ഭൗതിക പ്രപഞ്ചവും മനസ്സും ഇവിടെ ഒന്നായി മാറുന്നു. മനസ്സും ഭൗതികാവസ്ഥയും തമ്മിലുള്ള പരസ്പര ബന്ധമാണ് ആത്മീയ രസായനവിദ്യയിലൂടെ സാധ്യമാകുന്നത്.