Archives / june 2020

    കെ.കെ.പല്ലശ്ശന
മഴവായന


 വായിക്കാം,

പ്ലാവിലകൾ കൈക്കുമ്പിളിലേറ്റുവാങ്ങി

നോവിക്കാതെ

മുറ്റത്തേയ്ക്കിറക്കി വിടുന്ന

കുഞ്ഞു മഴയെ

 

മുറ്റത്തെ മുല്ലയ്ക്കു

മുത്തം കൊടുക്കുന്ന

മുത്തശ്ശി മഴയെ

 

തുളസിത്തറയിൽ തീർത്ഥമാകുന്ന

അമ്മ മഴയെ...........

 

വായിക്കാം,

ആറ്റുമീൻ തുള്ളുന്ന

ഞാറ്റുവേല മഴയെ

മകീരത്തിൽ മതിമറന്ന്

തിരുവാതിരയിൽ തിരിമറിയാതെ

പൂയത്തിൽ പുകഞ്ഞു പുകഞ്ഞ് .....

 

മടിച്ചു നിൽക്കുന്ന മുന്നേഴുക്കൾ

കൊടുത്തു പോകുന്ന പിന്നേഴുകൾ ......

 

വായിക്കാം,

മദ്ദളം കൊട്ടുന്ന മഴയെ

തുള്ളിക്കൊരു കുടം മഴയെ

തുമ്പിക്കൈവണ്ണം മഴയെ .....

 

വായിക്കാം,

ഞാറ്റടിയിലെ മഴയെ

ആറ്റിൽ പെയ്യുന്ന മഴയെ

ഇടവഴിയിലെ മഴയെ

പടിപ്പുരയിലെ മഴയെ .....

 

വായിക്കാം,

സ്കൂൾ കുട്ടിയുടെ മുഖമുള്ള

പുലർകാല മഴയെ

അച്ഛൻ്റെ മുഖമുള്ള

ഉച്ച മഴയെ

വിരുന്നുകാരൻ്റെ മുഖമുള്ള

അന്തിമഴയെ

ആടയാഭരണങ്ങൾ

അഴിച്ചെറിഞ്ഞെത്തുന്ന

രാത്രി മഴയെ ........

 

ഇടവപ്പാതിയുടെ പുറംചട്ടയല്ല

കർക്കിടക മഴയ്ക്ക്

തുലാവർഷത്തിൻ്റെ ഉള്ളടക്കമല്ല

വേനൽ മഴയുടേത്

പുലർകാല മഴയുടെ വാക്യഘടനയല്ല

നാലു മണി മഴയുടേത്

ഉച്ചയ്ക്കു ചെയ്യുന്ന മഴയുടെ

വ്യാകരണമല്ല

രാത്രി മഴയുടേത്

 

ഓർക്കുക,

ഒറ്റ വായനയ്ക്കു വഴങ്ങുന്നതല്ല

ഒരു മഴപ്പുസ്തകവും!

 

                  

           

Share :