Archives / july 2021

കുളക്കട പ്രസന്നൻ
ചൈനയുടെ കുതന്ത്രവും ഇന്ത്യയുടെ നയതന്ത്ര പരാജയവും

ചൈന സാമ്പത്തികമായി വളർന്ന രാജ്യമാണ്. ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം. സൈനിക ശക്തിയും ലോക രാഷ്ട്രങ്ങളിൽ സ്വാധീനശക്തിയും ആണെന്ന് തെളിയിക്കാൻ ചൈന കൊതിച്ചു തുടങ്ങിയിട്ട് വർഷങ്ങളായി. സോവിയറ്റ് യൂണിയൻ അമേരിക്ക ചേരികളിൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ ആ സ്ഥാനത്തേക്ക് വരാൻ ചൈന ചുവടുവച്ച് തുടങ്ങിയതാണ്. അത് പിഴച്ച മട്ടാണ്. അതിനു കാരണം ഇന്ത്യയുമായുള്ള സംഘർമല്ല. മറിച്ച് കൊവിഡ് 19 ൻ്റെ തുടക്കം ചൈനയിലെ വുഹാൻ ആണെന്നതും ലോകമാകെ കൊവിഡ് വ്യാപനം ഉണ്ടായതും ചൈനയ്ക്കുണ്ടായ ഇടിവാണ്.

ചൈനയിൽ ജനങ്ങൾക്ക് സ്വാഭാവിക പ്രതിഷേധം പല വിഷയങ്ങളിലുമുണ്ടാവാം. ടിയാനൻമെൻ സ്ക്വയർ പ്രക്ഷോഭത്തിൻ്റെ സ്മരണാർത്ഥം ഈ കൊവിഡ് പശ്ചാത്തലത്തിലും ജനങ്ങൾ ഒത്തുകൂടി. ഹോങ്കോങ്ക് വിഷയവും ടിബറ്റൻ വിഷയവും ചൈനയ്ക്ക് കീറാമുട്ടിയാണ്. ഇതിൻ്റെ എല്ലാം ആഘാതം എന്താവും എന്ന് കണ്ടറിയാൻ പതിനഞ്ച് വർഷത്തിനപ്പുറം പോകേണ്ടി വരില്ല. കമ്മ്യൂണിസ്റ്റ് ഭരണകൂടം ഏകാധിപത്യത്തിലേക്കും സാമ്രാജ്യത്വ ശൈലിയിലേക്കും പ്രയാണം തുടങ്ങിയാൽ അതൊരു ജനതയുടെ വീർപ്പുമുട്ടലായി മാറും. നീറി പുകയിലാവും. ഭൂമിക്കുള്ളിൽ നിന്നും ലാവ ഉരുകി പുറത്തേക്ക് വരുമ്പോലെ പ്രക്ഷോഭമായി മാറും. അത്തരം സമരങ്ങൾക്ക് നായകനുണ്ടാവണമെന്നില്ല. പ്രക്ഷോഭത്തിൽ നിന്നും ഒരു നായകൻ ഉരുവം കൊണ്ടുവരും. അത് മാവോ സേ തുങ്ങിൻ്റെ നാട്ടിൽ ഉണ്ടാവും. നൂറു പൂക്കൾ വിടരും.

ഇന്ത്യയിൽ ചൈനയുടെ എത്രയോ ഉല്പന്നങ്ങൾ വിറ്റഴിക്കുന്നുണ്ട്. മൊട്ടുസൂചി മുതൽ മൊബൈൽ ഫോൺ വരെ ഇന്ത്യൻ വിപണിയിൽ ചൈന ഉല്പന്നങ്ങൾ ലഭിക്കും. അതായത് ചൈനയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഇന്ത്യൻ ജനതയുടെ വിയർപ്പു പറ്റിയ പണമുണ്ടെന്ന് വ്യക്തം. ഇന്ത്യയിൽ ചൈനയുടെ വ്യാപാരം നൂറ്റാണ്ടുകളായി ഉളളതാണ്. എന്നിട്ടും ഇന്ത്യയോട് യുദ്ധം ചെയ്യാനും ഇന്ത്യൻ അതിർത്തിയിൽ കടന്നു കയറാനും ഇന്ത്യക്കെതിരെ ശത്രുരാജ്യങ്ങളെ സൃഷ്ടിക്കാനും ചൈനയ്ക്ക് പ്രത്യേക താല്പര്യമാണ്. ചൈനയുടെ യുദ്ധോപകരണങ്ങൾ വിറ്റഴിക്കാനുള്ള  കുതന്ത്രമാവും ഇതിനു പിന്നിൽ.

ഇന്ത്യ - പാകിസ്ഥാൻ യുദ്ധം മുൻപ് നടന്നപ്പോൾ പാക് പക്ഷത്തുനിന്നു കൊണ്ട് അമേരിക്ക ഏഴാം നാവികപ്പടയുമായി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് തിരിച്ചത് ഇന്ത്യയെ ആശങ്കപ്പെടുത്തിയിരുന്നു. അന്ന് പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ബുദ്ധിപരമായ നീക്കം രാജ്യത്തെ രക്ഷിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് സോവിയറ്റ് യൂണിയൻ തലവനുമായി ചർച്ചയ്ക്ക് ഇന്ദിരാ ഗാന്ധി നിയോഗിച്ചു. ആ ചർച്ചയുടെ ഫലമായി സോവിയറ്റ് യൂണിയൻ ഇന്ത്യയ്ക്ക് അനുകൂലമായി പ്രഖ്യാപനം നടത്തുകയും അതോടെ അമേരിക്ക ഏഴാം നാവികപ്പടയെ പിൻവലിച്ചു. അതു ചരിത്രം.

ചൈന ഇന്ത്യയോടുള്ള പ്രകോപനം തുടർച്ചയാണ്. അതിനൊപ്പം ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, നേപ്പാൾ, മ്യാൻമർ എന്നീ രാജ്യങ്ങളെ ഒപ്പം നിർത്തി. ശ്രീലങ്കയിൽ ഇന്ത്യയേക്കാൾ സ്വാധീനം ചൈന നേടിയിട്ടുണ്ട്. മാലദ്വീപിൽ ഇടക്കാലത്ത് ചൈന നിയന്ത്രണമായിരുന്നു. മാലദ്വീപ് പഴയ സംഭവങ്ങൾ മറന്നു കൊണ്ട് ചൈന പക്ഷത്തായും മറക്കാൻ പാടില്ല. മാലദ്വീപിൽ കൊള്ളക്കാർ ഭരണം കൈവശപ്പെടുത്തിയപ്പോൾ ഇന്ത്യൻ സൈന്യം അവിടെയെത്തി കൊള്ളക്കാരെ തുരത്തി ഭരണം അധികാരികളെ ഏല്പിച്ചത് ഇന്ത്യയാണ്. അതുപോലും വിസ്മരിച്ചാണ് മാലദ്വീപ് ഇടക്കാലത്ത് ചൈന പക്ഷത്തേക്ക് മാറിയത്.

ഇന്ത്യയോട് ചൈനക്ക് പണ്ടേ തുടങ്ങിയ മുറുമുറുപ്പ് വർദ്ധിച്ച് കടിക്കുന്ന അവസ്ഥയിലായി. ഇന്ത്യ ഒരു സാമ്പത്തിക ശക്തി മാറാൻ പാടില്ലെന്ന് ചൈന ചിന്തിക്കുന്നു. അതു കൂടാതെ മറ്റൊരു പ്രതിസന്ധി ചൈന നേരിടുന്നു എന്നു വേണം കരുതാൻ. കൊവിഡ് 19 ൻ്റെ ആവിർഭാവം ചൈനയിലാണെന്ന വിശ്വാസത്താൽ ചൈന ലോകത്ത് ഒറ്റപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കൂടാതെ ചൈനയിലെ 112 കമ്പനികൾ അവിടം വിടാനുള്ള സാധ്യതയുണ്ട്. ഇടിവെട്ടിയവൻ്റെ തലയിൽ പാമ്പുകടിച്ചു എന്ന അവസ്ഥ. അപ്പോൾ അതിൽ നിന്നു ശ്രദ്ധ തിരിക്കണം. അതിനൊരു വഴി ഇന്ത്യയെ ചൊറിയുക.

ഇന്ത്യൻ സൈനികർ 20 പേര് വീരമൃത്യു വരിച്ചു. ചൈനയുടെ ചതിയിൽ. 40 വർഷത്തിനുശേഷം ആദ്യ സംഭവം. ചൈന തീക്കൊള്ളിക്ക് തല ചൊറിയുകയാണ്.

ഇന്ത്യക്ക് നേരിടേണ്ടി വന്ന നഷ്ടം വളരെ വലുതാണ്. 20 സൈനികരുടെ ജീവൻ്റെ വില. ആ വേദന എന്നും കാർ മേഘം പോലെ മൂടപ്പെട്ടുകിടക്കും.

ഇന്ത്യ - ചൈന വിഷയത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ നയതന്ത്ര രംഗം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ചൈന ഇന്ത്യയുടെ അയൽ രാജ്യമാണ്. ഒപ്പം ശത്രുരാജ്യവും. മറ്റു അയൽ രാജ്യങ്ങളോ ?  ഇന്ത്യാ വിഭജനത്തോടെ പാകിസ്ഥാൻ ശത്രുരാജ്യം. എന്നാൽ നേപ്പാളോ ? ആ കൊച്ചു രാജ്യം ഇന്ന് ഇന്ത്യയ്ക്കെതിരെ നിൽക്കുന്നു. ഇന്ത്യയുടെ സ്ഥലങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ ഭൂപടം വരയ്ക്കുന്നു. എന്താണ് ഇങ്ങനെ സംഭവിക്കുന്നത്. നേപ്പാൾ അഞ്ച് വർഷം മുമ്പ് ഹിന്ദു രാഷ്ട്രമായിരുന്നു . ഇപ്പോൾ മതേതര രാഷ്ട്രമാണ്. അന്നു മുതൽ മോദി സർക്കാർ നേപ്പാളുമായി അസ്വാരസ്യത്തിലാണ്. ഇതു നയതന്ത്ര രംഗത്തെ പാളിച്ചയല്ലെ. പൗരത്വ ബില്ല് വിഷയത്തിൽ ഇന്ത്യയുമായി ഏറ്റവും സൗഹൃദമുള്ള ബംഗ്ലാദേശിനെ പരിഭവത്തിലാക്കി. അങ്ങനെ അയൽരാജ്യങ്ങളെ ദീർഘവീക്ഷണമില്ലാത്ത മോദി സർക്കാർ പിണക്കിയിട്ടുണ്ട്. ഇവിടെയാണ് മോദി സർക്കാരിൻ്റെ നയതന്ത്ര രംഗത്തെ പരാജയം അടിവരയിട്ടു പറയാനുള്ളത്.

കൊറോണ വൈറസിൻ്റെ വ്യാപനം ഒരു ഭാഗത്ത് ഭീക്ഷണി ഉയർത്തുമ്പോൾ തന്നെ അയൽരാജ്യങ്ങളിൽ നിന്നു നേരിടുന്ന എതിർപ്പുകളും ഇന്ത്യ എങ്ങനെ അതിജീവിക്കും. ഇന്ത്യൻ ജനത രാജ്യത്തിനു വേണ്ടി ചിന്തിക്കുന്നു എന്നതു തന്നെയാണ് പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആയുധവും. അതെ, ഭരണകൂട പരാജയത്തിലും നമ്മുടെ രാജ്യസ്നേഹമാണ് ഇന്ത്യയുടെ ശക്തി. 

കമൻ്റ്: കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തും മുമ്പ് പ്രധാനമന്ത്രി ലോകം ചുറ്റി നടന്നു. അന്ന് അയൽ ബന്ധം ഊട്ടി ഉറപ്പിക്കാൻ സമയം കണ്ടെത്തിയിരുന്നു എങ്കിൽ കൊറോണ കാലത്ത് അയൽ ഉപദ്രവമില്ലാതെ കഴിഞ്ഞുകൂടാമായിരുന്നു. അമേരിക്കയിൽ ഹൂസ്റ്റണിൽ നടത്തിയ ഹൗഡി മോഡിയും ഇന്ത്യയിൽ ഗുജറാത്തിൽ നടത്തിയ നമസ്തേ ട്രംപും പാഴ് വേലയായിരുന്നു എന്നർത്ഥം.
 

Share :