Archives / july 2021

കുറിഞ്ചിലക്കോട് ബാലചന്ദ്രൻ
 ഭാവ വൈവിധ്യം

  പുതിയ കാലത്തിന്റെ ഭാവം എന്താണെന്നത് അന്വേഷണ- പഠന വിഷയമാക്കാമെന്ന് തോന്നുന്നു. നവീകരിക്കലാണോ ? നവം നവമായ ഏകീകരണമാണോ ?
    
    എല്ലാം ഏകമായി പോകുന്ന . അഥവാ ഏകതയിലേക്ക് മാത്രം ഒതങ്ങിപ്പോകുന്ന കാഴ്ചകളാണ് പൊതുവെ കണ്ടുവരുന്നത്. ഈ വർത്തമാന അവസ്ഥ സാഹിത്യത്തിലും പ്രകടമാകുന്നുണ്ട്. വിഷയ വൈവിധ്യമുള്ളപ്പോൾ തന്നെ അവ വൈയക്തിക ഭാവങ്ങൾ മാത്രമായി ചുരുങ്ങിപ്പോകുന്നു. കവിതയും കഥയും മാത്രമല്ല നോവലുകൾ പോലും ഇത്തരം ഏക ഭാവങ്ങളിലേക്ക് ഒതുങ്ങുന്നു. പൊതു ഇടത്തിനും പൊതു ഭാവങ്ങൾക്കും തീരെ സ്ഥാനമില്ലാതാകുന്നു.

പൊതു ഇടം വിഷയമാക്കി ഒരു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 15 ൽ റഫീക്ക് അഹമ്മദിന്റെ തായി വായിച്ചതാണ് ഈ ചിന്തയിലേക്ക് നയിച്ചത്. നടത്തം എന്ന അതി മനോഹരമായ കവിത. തനതു നടനമായ് ഭാരതത്തിന്റെ പൂർവാ പരസത്യങ്ങളെ വരമ്പിട്ടുന്നു. ഭൂമിയുടെ അറ്റത്തെങ്ങോ ഉള്ള തണൽ തേടി വാറു പൊട്ടിയ ചെരിപ്പിട്ട് ഉരുകി ഒലിക്കുന്ന ടാറിൽ നടന്നുകൊണ്ടേയിരിക്കുന്ന ഓരോ ഭാരതീയന്റെയും ആത്മഭാവത്തെ മനോഹരമായി. വസ്തു നിഷ്ടമായി ആവിഷ്കരിച്ചിരിക്കുന്നു.

     

ഇതേ ലക്കത്തിൽ വീരാൻ കുട്ടിയുടെ ആംഗ്യങ്ങളുടെ സ്കൂളിൽ എന്ന കവിതയും ഏറെ നിലവാരം പുലർത്തുന്നു. ഭാഷയെ മുൻ നടത്താൻ -അതിനെ വെറും കുഞ്ഞായി കാണുന്ന ആംഗ്യത. ചോദ്യമായും ഉത്തരമായും സൂചികയായും പ്രത്യക്ഷപ്പെടുന്നു. വിരൽത്തുമ്പത്തും വിചാര വികാരങ്ങളിലും കുടികൊള്ളുന്നു ഈ ആംഗ്യങ്ങൾ .

      കലാകൗമുദി 2338 ൽ ആനന്ദ് നീലകണ്ഠന്റെ നടന്ന പാതകൾ എന്ന കവിത വായിക്കുന്നു. ഇംഗ്ലീഷ് നോവലിസ്റ്റ് . സ്ക്രീൻ റൈറ്റർ : കോളമിസ്റ്റ് എന്നീ നിലകളിലൊക്കെ ഏറെ പ്രശസ്തൻ. പക്ഷെ കവിത അദ്ദേഹത്തിന് വഴങ്ങുന്നില്ല. താൻ നടന്ന വഴികൾ കവിതയാക്കിയപ്പോൾ ലേഖനം ചുവയ്ക്കുന്നു.

      ഇതേ ലക്കത്തിൽ ജോയ് വാഴയിൽ വൈറസ് എന്ന കൊറോണ കവിതയുമായി നിൽക്കുന്നു. ഒരു പുതുമയും അവകാശപ്പെടാനില്ലെങ്കിലും കവിക്ക് കവിത എന്തെന്നറിയാം. കവിത എഴുതാനറിയാം.

       സുനിൽ കായലരികത്ത് പോലെ എന്ന കവിതയുമായി സമകാലിക മലയാളം വാരികയുടെ ലക്കം 6 - ൽ . ഇതും കവിതയാണത്രെ ! പകൽ പോലെ വ്യക്തം - ഇതൊരു തോന്ന്യാസം. അനുഭവിക്കാൻ വായനക്കാരും !

     

തുടർന്ന് ശിവദാസ് പുറമേരിയുടെ കവിത - ഭൂപടത്തിൽ ഇല്ലാത്തത് . പ്രസ്താവനാ പ്രചുരമെങ്കിലും വിഷയത്തോട് നീതി പുലർത്തുന്നു.

പച്ചക്കുതിര ലക്കം 11
     
     

 സെബാസ്റ്റ്യന്റെ ഭ്രമം എന്ന ഭ്രമിപ്പിക്കുന്ന കവിത. ഭ്രമകൽപനകളിൽ സ്വാസ്ഥ്യത്തിന്റെ മുറിവുണക്കുന്നു കവി. ഇത്തരം പരീക്ഷണങ്ങൾ കവിതയെ ഉത്തരാധുനീകോത്തരമാക്കുമെന്ന പ്രതീക്ഷ. കവി ഉദ്ദേശിക്കുന്നിടത്ത് നിലപാടെത്തുന്നു.

      കർമ്മലി എന്ന കവിതയുമായി എൽ. തോമസ് കുട്ടിയുമുണ്ട്. കവിത നാടകവുമാകാം. വരികളേക്കാൾ കൂടുതൽ അടിക്കുറിപ്പ് കൊടുത്തു കൊണ്ട് വായനക്കാരെ ബധിര കണ് ഠീ വരരുമാക്കാം. ഇതും കവിതയത്രെ!
 ബലാൽസംഗ കൊല. നോട്ടു നിരോധനം, മറുനാടൻ തൊഴിലാളി യുടെ അറസ്റ്റ് എന്നിങ്ങനെ കേരളിയ സമൂഹം കൺകണ്ടറിഞ്ഞ ഒരു പശ്ചാത്തലത്തിൽ ഒരു കഥ പറയുകയാണ് എസ്. അനിലാൽ ഊമക്കൊലുസ്സ് എന്ന കഥയിലൂടെ( ദേശാഭിമാനി വാരിക ലക്കം 6) മറുനാടൻ തൊഴിലാളി; അവൻ ബംഗാളിയോ ബീഹാറിയോ മറ്റേതു ദേശക്കാരനോ ആകട്ടെ . അവന്റെ നിസ്വ ജീവിതത്തിന്റെ ഉള്ളാഴം കാണാൻ ശ്രമിക്കുകയാണ് കഥാകൃത്ത് . ഇവിടെയും വിശേഷ വിധിയായ കഥാ പരീക്ഷ കളൊന്നുമില്ല. ആമുഖമായി പറഞ്ഞതു പോലെ തനത് ഏക ഭാവത്തിൽ മാത്രം സഞ്ചരിച്ചു പോകുന്നു.

     ഭാവ വൈവിധ്യവും വൈ പരിത്യവും ഭാഷ പ്രതീക്ഷിക്കുന്നുണ്ട്. ഇനി തീക്ഷ്ണമായ വായനാനുഭവം വൈവിധ്യത്തോടെ ലഭിക്കുമെന്ന് പ്രത്യാശിക്കുക !

കുറിഞ്ചിലക്കോട് ബാലചന്ദ്രൻ

Share :