Archives / july 2021

ആത്മാരാമന്‍
സുജാതട്ടീച്ചർ

മാതൃഭൂമി ബുക്സ് ഉടൻ പ്രസിദ്ധീകരിക്കുന്ന ബി.സുജാതാദേവിയുടെ 'മൃൺമയി'' എന്ന കവിതാ സമാഹാരത്തിനു് ആത്മാരാമൻ എഴുതിയ പഠനത്തിന്റെ ഒരു ഭാഗം വായിക്കാം

പ്രദര്‍ശനോത്സുകതയുടെയും ആത്മരതിയുടെയും പേരില്‍ ഒരു ക്ഷമാപണവുമില്ല!
എമിലി ഡിക്കിൻസന്റെ നിർദേശപ്രകാരം ചരമശേഷം അവരുടെ സ്വകാര്യകത്തുകൾ കത്തിച്ചുകളയാൻ തിരഞ്ഞപ്പോഴാണത്രേ അനുജത്തി ലവീനിയ ഡിക്കിൻസൻ ചേച്ചിയുടെ ആയിരത്തി എഴുനൂറ്റി എഴുപത്തിയഞ്ചു കവിതകൾ കണ്ടെത്തിയത്. കവിതകൾ കത്തിക്കാൻ നിർദേശമില്ല, അതിനാൽ അവ പ്രസിദ്ധീകരിക്കാമെന്നാണ് ലവീനിയ തീരുമാനിച്ചത്. 
അതിലും കവിഞ്ഞ വാഗ്ദാനലംഘനമുണ്ട് ഈ പുസ്തകത്തിന്റെ പിന്നിൽ. തന്റെ തുച്ഛമായ സമ്പത്തിന്റെ ഒരു ഓഹരി കിച്ചുവെന്ന വളർത്തുപട്ടിക്കും മറ്റൊരു ഓഹരി തെരുവുപട്ടികളുടെ പരിപാലനത്തിന്നും വ്യവസ്ഥ ചെയ്യുന്ന ഒസ്യത്തിൽ തന്റെ കവിതകളെല്ലാം കത്തിച്ചുകളയണമെന്നും പേരക്കിടാങ്ങൾ അതുകണ്ട് രസിക്കട്ടേയെന്നുമാണ് സുജാതട്ടീച്ചറുടെ നിർദേശം. അതുകൊണ്ട് തന്നേക്കാൾ പന്തീരാണ്ടിളപ്പമായ അനുജത്തിയുടെ അപ്രകാശിതരചനകൾ ചരമാനന്തരം പ്രസിദ്ധീകരിക്കാമോ എന്നത് ദുഃഖാർത്തയായ സുഗതച്ചേച്ചിക്ക് സങ്കീർണമായ ധർമപ്രശ്നമായി മാറി. ഒടുക്കം, ലവീനിയയെപ്പോലെ, സുഗതച്ചേച്ചിയും സോദരിയുടെ നിർദേശത്തെ വിഗണിച്ച്, ആ പ്രകൃഷ്ടരചനകളെ പ്രകാശിപ്പിക്കുവാൻ തീരുമാനിക്കുകയാണു ചെയ്തത്.
ലവീനിയയോടും സുഗതച്ചേച്ചിയോടും നന്ദി പറയുക. അല്ലെങ്കിൽ അലോകസാമാന്യരായ ഈ രണ്ടു കവികളെയും നാം സാകല്യേന അറിയില്ലായിരുന്നു.

സുജാതട്ടീച്ചറുടേതായി ഒരേയൊരു കവിതാസമാഹാരമേയുള്ളൂ. നാല്പത്തിയെട്ടാം വയസ്സിൽ നിരാഡംബരമായി പ്രസാധനം ചെയ്ത ആ പുസ്തകത്തിന് ടീച്ചർ അസാധാരണമായൊരു പേരാണിട്ടത് -'മൃൺമയി'. ഇരുപത്തിയഞ്ചു കവിതകളേയുള്ളൂ അതിൽ. 'ദേവി'യെന്ന പേരിലാണ് ടീച്ചർ മൃണ്മയി പ്രസിദ്ധീകരിച്ചത്. കവിതകളെല്ലാം 'ദേവി'യെന്ന പേരിലും ഗദ്യലേഖനങ്ങളെല്ലാം 'സുജാത'യെന്ന പേരിലും; അതായിരുന്നു ടീച്ചറുടെ മുറ. രണ്ടു പന്തീരാണ്ടുകൂടി ജീവിച്ചു ടീച്ചർ. കവിതയെഴുതിപ്പോരികയും ചെയ്തു. എങ്കിലും മിക്കതും ടീച്ചർ പുറത്തുകാട്ടിയില്ല. ('സുജാത നിറയെ കവിതകളെഴുതുന്നുണ്ട്; എന്തു നല്ല കവിതകൾ! എത്ര പറഞ്ഞിട്ടും പ്രസിദ്ധീകരിക്കാൻ കൂട്ടാക്കുന്നില്ല' എന്നു സുഗതച്ചേച്ചി.) ചരമശേഷം ടീച്ചറുടെ നോട്ടുപുസ്തകങ്ങളിൽനിന്നു കണ്ടെടുത്ത കവിതകളും കൂട്ടിച്ചേർത്താണ് ഈ സമാഹാരം സംവിധാനം ചെയ്തിരിക്കുന്നത്; മൃണ്മയി എന്ന അതേ പേരിൽ.

എമിലി ഡിക്കിൻസന്റെ കവിതകളുടെ പ്രാതഃസംശോധനവും പ്രസിദ്ധീകരണവും ഇന്നും വിവാദജടിലമാണ്. മൃണ്മയിയുടെ സമാഹരണവും ഒട്ടും സുകരമായിരുന്നില്ല. ഒരേ പേരിൽ പല കവിതകൾ, ഒരേ കവിതയുടെ പല പാഠങ്ങൾ, വരികളുടെ ആഭ്യന്തരസ്ഥാനവിചാലനങ്ങൾ, അസംഖ്യം തിരുത്തുകൾ, അപ്രചുരപദങ്ങൾ, നിർദേശങ്ങളിലെ അവ്യക്തത, ചിഹ്നനത്തിന്റെ അഭാവം- വൈഷമ്യങ്ങൾ പലതായിരുന്നു. എല്ലാറ്റിനും മേലേ, കൈപ്പടപ്പുസ്തകങ്ങളെല്ലാം കണ്ടുകിട്ടിയെന്നുറപ്പുമില്ല. അതിനാൽ ഈ സമാഹാരത്തിന്ന്'കവിത പാലാണ്, സാമൂഹികപ്രതിബദ്ധത ഉപ്പും. ഇവ കൂട്ടിക്കലർത്തേണ്ടതില്ല' എന്നു ടീച്ചർ. അതിനാൽ ടീച്ചറുടെ കവിതകളിൽ ഒട്ടുമിക്കതും ആത്മനിഷ്ഠമായ തീവ്രാനുഭവങ്ങളുടെ പ്രകാശനമാണ്, സത്യത്തിൽ, തീവ്രപ്രണയങ്ങളുടെ പ്രകാശനമാണ്. ജീവിതരതി കുറുക്കിയ മദഭരരസമാണ് ഈ പാല്. സൗവർണചഷകത്തിൽ നുരഞ്ഞൊഴുകുന്ന കാകോളമാണത്. 
ശൃംഗാരവാത്സല്യങ്ങൾ വേർപിരിയാതവണ്ണം ഇടനെഞ്ഞിൽ കെട്ടിക്കുരുങ്ങിക്കനത്തത്. അതിനാൽ,
തുടുത്തുചോന്നൊരു പനിമലരിന്റെ
തുടിച്ചുനില്ക്കുന്നോരിതളിടയിലായ്
പതുക്കെ ഞാനൊന്നു തൊടുത്തുവെക്കട്ടേ
കറുത്തുമിന്നുന്ന മുഴുത്ത മുന്തിരി!

ഈ അനാവരണത്തിന്റെയും പ്രദർശനോത്സുകതയുടെയും ആത്മരതിയുടെയും പേരിൽ ഒരു ക്ഷമാപണത്തിനും താൻ തയ്യാറല്ല. തീവ്രമായ അനുഭൂതികൾ. പരിമിതിയില്ലാത്ത വികാരങ്ങൾ. വിലക്കുകളെയും അതിരുകളെയും കൂട്ടാക്കാത്ത കവിതയാണ് തന്റേത്. 'ഏറെ ചെറുപ്പത്തിൽ ഉള്ളിൽ നാഗമുണ്ടെന്നു ഭയന്ന് പാറകൊണ്ടടച്ചുപോന്ന ഗുഹ ഒരു വർഷതാണ്ഡവത്തിൽ പാറ തെറിച്ചുപോയി നഗ്നയാക്കപ്പെട്ടു. വെളിച്ചത്തിന്റെ ഒരമ്പ് ഉള്ളിലേക്കു തുളച്ചുകയറിയപ്പോൾ ഉറങ്ങിക്കിടന്ന ആ ചൂടിൽ പൊട്ടിവിരിഞ്ഞ് വെയിൽത്താരയിലൂടെ പുറത്തേക്കു പറന്നുപോന്നത് എന്റെ കവിത' എന്നു ടീച്ചർ. ആകസ്മികത്വത്തിന്റെ ഈ അനിയന്ത്രിതാവേശമാണ് പല രചനകളെയും തീക്ഷ്ണമാക്കുന്നത്.
പുറത്തു ശീതക്കാറ്റിൻ താമസതാളങ്ങളിൽ
അരക്കെട്ടുലഞ്ഞാടും വൃക്ഷദമ്പതികളും
അകത്തു കുഴൽപ്പാട്ടിൻ മായികചക്രങ്ങളിൽ
കുതിച്ചുപുളഞ്ഞാടും അഗ്നിദമ്പതികളും
ഒത്തുചേർത്തിണക്കിയ വിഭ്രാന്തലയങ്ങളിൽ
കത്തിനീറിയ രാഗതപ്തമാെമാരു രാത്രി.
കാറ്റൊത്തു കനലൊത്തു പാട്ടൊത്തു പിണഞ്ഞാടി
ചാർത്തിയൊരേകാന്തതയുരിഞ്ഞെൻ ഹൃദന്തവും
മോന്തിയ ചവർപ്പൊക്കെ മധുവാക്കിയ രാത്രി,
ചീന്തിയ മുള്ളും നഖക്ഷതമാക്കിയ രാത്രി.
പ്രണയം, ഭ്രാന്തമാം പ്രണയം. സർവംകഷമായ ഈ ഉദ്ദാമാഭിനിവേശംമൂലം 'കുടിച്ച ഇരുളൊക്കെ കൊതിയേറ്റുന്നു. കുളിച്ച വെയിലൊക്കെ കുളിരാവുന്നു.' സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന പുരുഷകാപടികന്മാർക്കു താങ്ങാവുന്നതല്ല ഈ സ്ത്രീലോകത്തിന്റെ വൈവിധ്യവും വിസ്തൃതിയും. ആടിയ കാലിനും പാടിയ നാവിനും വേണ്ടേ ഒരതിര്? അതിരുകൾ ലംഘിക്കുന്നവർക്ക് പഴി കേൾക്കാതെ വയ്യ.
ആരോ ചിരിക്കുന്നു, 'ഭ്രാന്തി'യെന്നപ്പുറ-
ത്താരോ ചിനയ്ക്കുന്നുവോ, 'അഴിഞ്ഞാടുവോൾ.'
ആരാകിലെന്തു നീലക്കടലെന്നുള്ളിൽ
ആടിത്തിമിർത്തു നുരഞ്ഞുപതയവേ?
ധർമാധർമങ്ങൾ, ബന്ധങ്ങൾ, സുരക്ഷ, സ്നേഹം, മൂല്യങ്ങൾ എന്നുവേണ്ട, സ്വന്തം നിലനില്പുപോലും സത്യത്തിന്റെ മുന്നിൽ വീണുടയുന്നു. ഓരോ സ്വാതന്ത്ര്യപ്രഖ്യാപനത്തിനും ലോകം വിലയിടുന്നു- ദാമ്പത്യത്തിന്റെ വില, കുടുംബസൗഖ്യത്തിന്റെ വില, മാതൃത്വത്തിന്റെ വില. കൂടിന്നുൾക്കൊള്ളാൻ വയ്യാത്തവണ്ണം പുറത്തേക്കു പരന്നുവിരിഞ്ഞ പെരുംചിറകുകളുള്ള പക്ഷിയായിരുന്നു ടീച്ചർ. ഒട്ടും തികവ് അവകാശപ്പെടുന്നില്ല.

{ കടപ്പാട് : മാതൃഭൂമി ഓൺ ലൈൻ]

Share :