Archives / july 2021

സുഗതകുമാരി ടീച്ചർ 
സുജാത ഇതാ എന്റെ കവിത.

സുഗതകുമാരി ടീച്ചർ 

 

അനിയത്തിയോര്‍മയില്‍ സുഗതകുമാരി ടീച്ചർ  എഴുതിയ കവിത-

 

സുജാത

ഇതാ എന്റെ കവിത.

ഇവൾ ഞാനാണ് എന്നാൽ ഇവൾ മാത്രമാണ് ഞാൻ.
ഇവളിലില്ലാത്തതൊന്നും എന്നിലില്ല.
എന്നിലുള്ളതൊക്കെ ഇവളിലുണ്ട്.
ഇരുളും വെളിച്ചവും ഇമ്പവും ഇടച്ചിലും.കവിതകളിലൂടെ ദേവിയായും ലേഖനങ്ങളിലൂടെയും യാത്രാവിവരണങ്ങളിലൂടെയും സുജാതയായും നിറഞ്ഞുനിന്ന ബി. സുജാതാദേവി ഓർമയായിട്ട് ഇന്നേക്ക് രണ്ടുവർഷം തികഞ്ഞിരിക്കുന്നു. 
''ഈ യാത്രയിൽ ലക്ഷ്യം എത്തും വരെ അല്ലെങ്കിൽ വീഴും വരെ പാടാനാവുമെന്ന് ഞാൻ കൊതിക്കുന്നു. ഈ യാത്രയിൽ എന്നോടൊത്ത് ഇത്തിരി നേരം നടക്കാൻ താല്പര്യമുണ്ടെങ്കിൽ ഈ കവിതകളിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു''എന്നെഴുതിയ കവയിത്രി ഒറ്റയ്ക്ക് നടക്കാനും കൂട്ടത്തിൽ ചേർന്നു നടക്കാനും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്നു. മലയാളത്തിന്റെ മൃൺമയിയായി സാഹിത്യം വാഴ്ത്തിയ സുജാതാദേവിയുടെ ഓർമയ്ക്കുമുന്നിൽ സ്നേഹാഞ്ജലികളോടെ സഹോദരി സുഗതകുമാരി ടീച്ചർ എഴുതിയ കവിത 'സുജാത'ഈയവസരത്തിൽ വായനക്കാർക്കായി സമർപ്പിക്കുന്നു.

സുജാത

ഒരു പെൺകിളി, വെളുവെളുത്ത ചിറകുള്ളോൾ.
ചിറകിൻ തുമ്പാൽ വിണ്ണിൽ തൊടുവാൻ കുതിക്കുന്നോൾ
ഉറക്കെപ്പാടുന്നവൾ,കരയാൻ കൂട്ടാക്കാത്തോൾ
പറക്കലാലേ ഹിമശൃംഗങ്ങൾ തഴുകുവോൾ
അവളെന്റെ കുഞ്ഞാണെന്നു നിനച്ചേനെന്നും.കൊച്ചു
വികൃതി,ഉച്ഛൃംഖല,തിളങ്ങും മേഘജ്ജ്വാല!
നെഞ്ഞിലെ നോവും വേവുമടക്കി,യവളുടെ 
വെൺമടിത്തട്ടിൽ തലചായ്ച്ചു ഞാൻ കിടക്കവേ
ഒന്നു ഞാൻ മയങ്ങവേ, വിളിച്ചതാരോ? പെട്ടെ-
ന്നെന്നെ വിട്ടെഴുന്നേറ്റു മിണ്ടാതെ പോകുന്നേരം 
ഒന്നു നീ തിരിഞ്ഞൊന്നു നിന്നു നോക്കുകയായീ
എന്നെ, ഹാ! പീന്നിൽ കരം നീണ്ടു നീണ്ടു നീണ്ടൊരു 
നോട്ടം...
പിന്നെ ഞാൻ കണ്ടൂ പറന്നുയരും ചിറകുകൾ
തന്നുടെ തൂവൽത്തുമ്പു പുകയുന്നതു ദൂരെ!

{ കടപ്പാട് : മാതൃഭൂമി ഓൺ ലൈൻ]

Share :