Archives / july 2021

എം.കെ.ഹരികുമാർ
ആത്മീയസമസ്യകൾ അഴിക്കാൻ എഴുതുന്നു.

ഇരുപതാം നൂറ്റാണ്ടിൽ ഒരു വലിയ പരിവർത്തനമായി സാഹിത്യകലാപ്രതിഭകൾ അവതരിപ്പിച്ചത് വൈയക്തികലോകങ്ങളായിരുന്നു. അതായത് വ്യക്തികൾ അവരുടേതെന്ന നിലയിൽ കണ്ടെത്തുന്ന യാഥാർത്ഥ്യങ്ങൾ ഒരു സുവിശേഷമായി രൂപാന്തരപ്പെട്ടു.

പാബ്ളോ പിക്കാസ്സോ വരച്ചത് നാം നിത്യവും കാണുന്ന തെരുവുകളോ മനുഷ്യരൂപങ്ങളോ ആയിരുന്നില്ല. അദ്ദേഹം സ്വന്തം നിലയിൽ ഭാവന ചെയ്തതായിരുന്നു. ഭാവന ചെയ്യുന്നതെന്തും യാഥാർത്ഥ്യമാണെന്ന സിദ്ധാന്തമാണിത്. അത് വ്യക്തിപരമായ ഒരു സത്യമായിരുന്നു. അതിന്റെയർത്ഥം അത് പൊതുസമൂഹത്തിന്റെ സാമാന്യ യാഥാർത്ഥ്യങ്ങളോ ,അവരെ നിരന്തരം അലട്ടുന്ന പ്രശ്നങ്ങളോ ആയിരുന്നില്ല എന്നതാണ്.
ഓരോ കലാകാരനും എഴുത്തുകാരനും അവരുടേതായ സ്വകാര്യ ലോകങ്ങൾ അന്വേഷിക്കുകയും അത് കണ്ടെത്തുകയും ചെയ്തു. അവരുടേത് തങ്ങൾ മാത്രം കാണുന്ന ചില ലോകങ്ങളായിരുന്നു. അതിലാണ് അവർ സ്വയം ദർശിച്ചത്.

അങ്ങനെയാണ് ആധുനികമായ മനസ്സ് ഒരു വലിയ സാഹിത്യ സംജ്ഞയായി വിലയിരുത്തപ്പെട്ടത്.കഥയിൽ  ജയിംസ് ജോയ്സിന്റെ ലോകം, ഫോക്നറുടെ ലോകം, കാഫ്കയുടെ ലോകം എന്നതുപോലെ കവിതയിൽ  ഡബ്ളിയു.ബി.യേറ്റ്സിന്റെ ലോകം, എലിയറ്റിന്റെ ലോകം, പെസ്സോവയുടെ ലോകം എന്നതും ഒരു കണ്ടുപിടിത്തമായിരുന്നു.

ഈ വൈയക്തികത നവീന സാഹിത്യത്തിന്റെ അടിസ്ഥാന ശിലയാണ്. ഞാനാണ് കേന്ദ്രം എന്ന് സാർത്ര് പറയുമ്പോൾ അതിനു പിറകിൽ ഈ വ്യക്തിനിഷ്ഠതയാണുള്ളത്. സാൽവദോർ ദാലി വരയ്ക്കുന്നത് അദ്ദേഹത്തിന്റെ മാത്രം അനുഭവമാണ്. അതിൽ യൂറോപ്യൻ നവോത്ഥാനത്തിനു കടന്നു ചെല്ലാനൊക്കില്ല.കാരണം യൂറോപ്യൻ നവോത്ഥാനം യുക്തിയുടെ സൃഷ്ടിയാണ്. ദാലിയുടെ കല യുക്തി യുടേതല്ല.

എന്നാൽ ഇന്ന് കലാകാരന്മാരുടെ ,എഴുത്തുകാരുടെ വൈയക്തിക ലോകം വിനിമയം ചെയ്യാനാവാത്ത വിധം അന്യവൽക്കരിക്കപ്പെടുകയാണ്. സാങ്കേതിക, വ്യാവസായിക ലോകം വ്യക്തിയുടെ ആഭ്യന്തര പ്രശ്നങ്ങളെ സർഗാത്മകമായി കാണുന്ന രീതി അവസാനിപ്പിച്ചു.പിക്കാസോയ്ക്ക് ഇഷ്ടം പോലെ വരയ്ക്കാം, പക്ഷേ അതിന്റെ പിറകിലെ ഒരു ആത്മീയ, ദാർശനിക പ്രശ്നവും പറഞ്ഞു പോകരുത്.അങ്ങനെ പറഞ്ഞാൽ അദ്ദേഹത്തെ മാനസിക പ്രശ്‌നമുള്ളവനായി കണക്കാക്കും.

ഉപഭോക്തൃ കല

ഇന്ന് ഉപഭോക്തൃകലയേയുള്ളു; വൈയക്തിക കലയില്ല.
ലോകം വിവരങ്ങളുടെയും വിനോദങ്ങളുടെയും ദ്വന്ദമായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. വ്യക്തികൾ പോലും ഇല്ല; ഇലക്ട്രോണിക് ,റോബോട്ടിക് നിർമ്മിതികളേയുള്ളു. ആഗ്രഹങ്ങൾ നിർമ്മിക്കപ്പെടുന്നതിനു പല വഴികളുണ്ട്. അതിലൊന്ന് ചാനൽ പരിപാടികളും പരസ്യങ്ങളുമാണ്. മനുഷ്യന്റെ തലച്ചോറിലേക്ക് ഒരേ പരസ്യം നിശ്ചിത സമയത്തിനുള്ളിൽ  പല തവണ കയറ്റി വിട്ട് ഒരാഗ്രഹം നിർമ്മിച്ചെടുക്കുകയാണ്.

കമ്പനിളുടെ ആഗ്രഹനിർമ്മിതിക്ക് അടിമപ്പെടുക എന്ന കാര്യം ഇന്ന് ഒരു വലിയ അംഗീകാരമോ, യോഗ്യതയോ, സദാചാരമോ ആണ്. വിപണിക്ക് അനുയോജ്യമായി പെരുമാറുന്നതിനാണ് ഒരാൾ വിദ്യാഭ്യാസം ചെയ്യുന്നത്. അതായത്, തുടർച്ചയായ പരസ്യത്തിലൂടെ ആഗ്രഹങ്ങളുടെ ഉടമയായാൽ അയാളെ എല്ലാവരും തലകുലുക്കി സമ്മതിക്കും. അയാൾക്ക് ഒന്നിനോടും വിയോജിക്കാനുള്ള അവകാശമില്ല. അയാൾ അനുസരിച്ചാൽ മതി. വിയോജിപ്പുകളും എതിർപ്പുകളുമുളളവർ ചീത്ത കുട്ടികളാണ്.

വിവരങ്ങളും മാധ്യമങ്ങളും പ്രവഹിക്കുകയാണ്. എന്നാൽ അതിനനുസരിച്ച് ആന്തരികമായ, ജ്ഞാനകേന്ദ്രീകൃതമായ യാതൊന്നും ഉണ്ടാകുന്നില്ല. എല്ലാ യാഥാർത്ഥ്യങ്ങളും വിവരസമ്പാദനത്തിന്റെ ഘട്ടങ്ങൾ അല്ലെങ്കിൽ ഉള്ളടക്കം എന്ന നിലയിലാണ് രൂപപ്പെടുന്നത്. യാഥാർത്ഥ്യം വിവരമാണ്; അറിവല്ല. സൂക്ഷമമായ യാതൊന്നും ജ്ഞാനത്തിന്റെയോ സൗന്ദര്യത്തിന്റെയോ വഴിയിൽ പ്രവേശിക്കുന്നില്ല.

മനുഷ്യവ്യക്തി ഇല്ല

'കുമ്പളങ്ങി നൈറ്റ്സ്' എന്ന സിനിമ ചിത്രീകരണത്തിൽ മികച്ചു നിന്നു. ദാരിദ്ര്യവും ഒറ്റപ്പെടലും അതിൽ അവതരിപ്പിച്ചത് ഇന്നത്തെ പ്രേക്ഷകന്റെ മനോനിലയ്ക്കും സാങ്കേതിക, ദൃശ്യഭംഗിക്കും അനുരുപമായാണ്. അടൂർ 'സ്വയംവര 'ത്തിലോ പി.എൻ.മേനോൻ 'ഓളവും തീരവും' എന്ന സിനിമയിലോ ചെയ്തതുപോലെ ഇന്ന് ജീവിതദുരിതത്തെ ആരും ചിത്രീകരിക്കില്ല.'കുമ്പളങ്ങി നൈറ്റ്സിൽ ' സംവിധായകന്റെ വ്യക്തിപരമായ ആകുലതയോ, ദുരന്ത ബോധമോ ,ഉത്ക്കണ്ഠയോ ഇല്ല. അതുകൊണ്ട് പട്ടിണിയും നിരാശയും നിറയുന്ന ഒരു രംഗം ആവിഷ്ക്കരിക്കുമ്പോൾ സംവിധായകനു വർണ്ണപ്പൊലിമയോടെ  ദൃശ്യഭംഗിയൊരുക്കാൻ തടസ്സമില്ല. കാമറ കൊണ്ട് രാത്രിയെ പറുദീസയാക്കാം. മനോഹരമായ സംഗീതം കേൾപ്പിക്കാം. രാത്രിയുടെ കാഴ്ചയിലൂടെ രതിസുഖത്തിനു സമാനമായ അനുഭവം നൽകുമ്പോൾ, ഇന്നത്തെ നിലയ്ക്ക് ചിത്രം വിജയിച്ചു.

ദുരന്തമെന്ന് പറയട്ടെ, ഇന്ന് കലാകാരൻ പൊതുവേ ആന്തരിക യാഥാർത്ഥ്യങ്ങളോ, അസ്തിത്വ ദു:ഖമോ ,ദാർശനിക പ്രതിസന്ധിയോ  ഒന്നും നേരിടുന്നില്ല. അത് എന്താണെന്നു പോലും അറിയില്ല. അയാൾ വ്യക്തിയല്ല, മനുഷ്യജീവിയല്ല ;നിർവ്യക്തീകരിക്കപ്പെട്ട ഒരു സാങ്കേതിക ജീവിയാണ്.

ഫ്രഞ്ച് മനശ്ശാസ്ത്ര ചിന്തകനായ ലക്കാൻ മനുഷ്യാവസ്ഥയിലെ വിരോധാഭാസപരമായ അനുഭവങ്ങളെയാണ് പിന്തുടർന്നത്. ഭാവന ,പ്രതീകം, യാഥാർത്ഥ്യം എന്നിവയെല്ലാം മനുഷ്യന്റെ അവസ്ഥയെ അവനു തന്നെ പരസ്പര വിരുദ്ധമാക്കുന്നു, അജ്ഞാതമാക്കുന്നു. ഇങ്ങനെയാണ് ആന്തരിക ലോകങ്ങൾ ഉണ്ടാകുന്നത്. ഒരു സംവിധായകൻ അയാളുടെ ഉത്ക്കണ്ഠകളെ ചലച്ചിത്രമായി പ്രതിപാദിക്കാൻ തുടങ്ങുന്നിടത്താണ് ഫാസ്ബൈൻഡർ, ബർഗ്മാൻ ,അന്റോണിയോണി തുടങ്ങിയവരുടെ ചിത്രങ്ങൾ കടന്നു വരുന്നത്. അത് വെറുമൊരു ബാഹ്യ പ്രമേയമല്ല, സംവിധായകന്റെ സ്വകാര്യമായ, ആന്തര വൈരുദ്ധ്യങ്ങളും സമസ്യകളുമാണ്. അയാൾക്ക് അത് ഒരു ലേഖനമെഴുതി പരിഹരിക്കാൻ കഴിയാത്തതുകൊണ്ടാണ് സിനിമയെടുക്കുന്നത്. ആ സിനിമ ഒരാൾ തന്നിലേക്ക് തന്നെ തിരിച്ചു വച്ച കാമറയുടെ അനുഭവമായി നാം പരിഗണിക്കണം. അസ്തിത്വത്തെ ചൂഴ്ന്നു നിൽക്കുന്ന ,തന്നെ സ്ഥിരമായി അലട്ടുന്ന ചില കാഴ്ചകളും അനുഭവങ്ങളുമാണ് ആധുനികതയുടെ സംവിധായകർ തിരഞ്ഞത്.അത് ഒരു ആരായലും ആത്മവിമർശനവുമാണ്.

ഫ്രഞ്ച് സംവിധായകനായ ക്രിസ് റ്റോഫ് കീവ്സ്ലോവ്സ്കിയുടെ 'ദ് ഡബിൾ ലൈഫ് ഓഫ് വെറോണിക്ക്  ' (1991)എന്ന ചിത്രം മനുഷ്യനിലെ വിരോധാഭാസപരമായ അവസ്ഥയെ പരിശോധിക്കുകയാണ്. ഇത് സംവിധായകന്റെ അഴിയാക്കുരുക്കാണ്; പ്രേക്ഷകന്റെയല്ല. കഥാപാത്രങ്ങളുടെ ആകുലതകളും കുരുക്കുകളും നമുക്ക് പരിചിതമാണ്. എന്നാൽ സംവിധായകന് അതിനേക്കാൾ സങ്കീർണമായ അഭ്യന്തര, ആത്മീയ പ്രശ്നങ്ങളുണ്ട്. അത് അഴിച്ചെടുക്കാനാണ് അയാൾ സൃഷ്ടി  പ്രക്രിയയിൽ ഏർപ്പെടുന്നത്.

അതേസമയം ഇന്ന് ചാനൽവത്കൃത കാഴ്ചാനുഭവങ്ങളിൽ ഇതുപോലുള്ള  വ്യക്തികേന്ദ്രീകൃതമായ അവസ്ഥകൾ  ഇല്ലേയില്ല. ഇതാർക്കും വിനിമയം ചെയ്യപ്പെടുകയില്ല. ഇവിടെ സംവിധായകൻ എന്ന വ്യക്തിജീവി അഥവാ കലാകാരവ്യക്തി ഇല്ല. അയാൾക്ക്  സ്വകാര്യ ആന്തരിക സമസ്യകൾ ഇല്ല. അയാൾ സാങ്കേതിക സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഒരു ടെക്നീഷ്യനായി മാറിനിൽക്കുന്നു.

 

Share :