പ്രകാശന വേഗം
സാഹിത്യം ആർക്കുവേണ്ടിയാണ് ? ചിലർ, സ്വന്തം ആത്മായനങ്ങളുടെ പ്രകാശനമായി കണക്കാക്കുന്നു. മറ്റു ചിലർ, അത് അനുവാചകന് ആസ്വാദ്യമാകാനാണെന്ന് കരുതുന്നു. ഇനിയും ചിലർ സ്വത്വപ്രതിസന്ധിയുടെ രൂപപരിണാമമായി കാണുന്നു. ഇവിടെല്ലാം ഓരോരുത്തർക്കും അവരവരുടെ ന്യായങ്ങളുണ്ട്. ഇതി ലൊന്നും പെടാത്ത ചിലരുണ്ട്.
ഈയിടെ ഒരു പുതുകവി എന്നോടൊരു ചോദ്യം - കവിതയ്ക്ക് നിയത നിയമമുണ്ടോ എന്ന് . ഉണ്ടെന്ന് ഞാൻ . അത് മനസിലാക്കണമെന്നേയുള്ളു; അനുസരിക്കണമെന്നില്ല. അപ്പോൾ ആ ദി കവി ഏത് നിയമമാണ് അനുസരിച്ചത് എന്ന് മറു ചോദ്യം. ആ ദി കവിത വായിച്ചിരുന്നെങ്കിൽ ഈ ചോദ്യമുയരില്ലായിരുന്നു എന്ന ആശ്വാസത്തിൽ ഞാൻ മുനിയായി.
സാമൂഹ മാധ്യമങ്ങൾ തുറന്നിട്ട എന്തിനും പോന്ന വഴികളിൽ വഴി തെറ്റിപ്പോയ അനേകങ്ങൾ .... ഇതാണ്. ഇതു മാത്രമാണ് കാവ്യവഴി എന്ന് തെറ്റിദ്ധരിച്ചു പോയതിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടത് ?
ഗുരുത്വത്തെ നിരാകരിക്കുന്ന പലരുണ്ട്.... ഗുരു പകർന്ന ഗഹനത അവർ അറിയുന്നേയില്ല. നിഷേധമാകാം. പക്ഷെ അത് ഗുരുത്വത്തിന്റെ ഗഹനത അറിഞ്ഞാവണം. വൃത്തവും ഛന്ദോബന്ധവും നിഷേധിക്കും മുമ്പ് അതെന്താണെന്നെങ്കിലും അറിഞ്ഞിരിക്കണം. അതിന് അക്കാദമിക പാണ്ഡിത്യമൊന്നും വേണ്ട. ഛന്ദോബദ്ധമായ വായിക്കുകയെങ്കിലും വേണം.
ഹാ . കഷ്ടം എന്നല്ലാതെ എന്തു പറയാൻ?
ഇത്രയും പറയേണ്ടി വന്നത് മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1164 ൽ സി.എസ്.രാജേഷിന്റെ ഇൻബോക്സ് എന്ന കവിതയും സന്ധ്യ. ഇ യുടെ ഇറങ്ങാതെ പോയവൾ എന്ന കവിതയും വായിച്ചതിന്റെ ക്ഷീണത്തിലാണ്.
കവിതയുടെ രൂപം ഏതമാകട്ടെ , അതിൽ കവിത്വാംശം ഉണ്ടാകേണ്ടതില്ലേ ? രാജേഷിന് ഒന്നും പറയാനില്ലാതെ കുറേ വാക്കുകൾ അടുക്കാൻ താൽപര്യം. സന്ധ്യക്കാകട്ടെ ഈ വിഷയത്തെ ഒരു കഥ ആക്കാമായിരുന്നു. ഇതൊന്നും പരീക്ഷണമല്ല : വായനക്കാരുടെ മുഖത്തു നോക്കിയുള്ള കൊഞ്ഞനം കുത്താണ്.
അതേ സമയം തന്നെ മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 116 2 ൽ ശ്രീകുമാർ കരിയാട്ടിന്റെ കലുങ്ക് എന്ന കവിത വായിക്കാനിടയാകുന്നു. കവിതയെ കടലാക്കുന്ന രസതന്ത്രം . ഞാനും നീയുമെന്ന ദ്വന്ദ്വത്തെ ഏകതാനമായി ഒരേ നിരയിൽ ചിത്രപ്പെടുത്തുന്ന രംഗ ശിൽപം. ഏറെ സംതൃപ്തി തരുന്ന രൂപ ഭദ്രത . അതിനിണങ്ങുന്ന ഭാവവും .
: മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം12 വളരെ നല്ല കവിതകളമായി ഏറെ ആഹ്ളാദം പകരുന്നു.
കാട് കാമമാകുന്നൂ : ജനിച്ചവ -/
രായു രാനന്ദ പൂർത്തി തേടുന്നിടം
ആലങ്കോട് ലീലാകൃഷ്ണന്റെ മരണ കാനനം എന്ന കവിതയിലെ വരികളാണ്. മീന മാസ ചൂടിൽ നനുത്ത് പെയ്ത് പെയ്ത് തിമിർത്ത് സകലവും കുളിർപ്പിക്കുന്ന കാവ്യാനുഭവം. പാരിസ്ഥിതി ക മൂല്യങ്ങളെ വന്യതയുടെ സൂക്ഷ്മ ഭാവങ്ങളായി പ്രണയോത്സവം കവി പകർത്തിയിരിക്കുന്നു.
തുടർന്ന് ലോപയുടെ തുറുങ്ക് എന്ന കവിത വായിക്കുന്നു. കഠിനകാലത്തിന്റെ കനത്ത വാതിൽ തഴുതിട്ട ട ക്കുന്ന ജീവിത നിരാസം നന്നായി പറഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ അറുമുഷിപ്പനായ ആ വർത്തന വിരസത കശ . കലഹം. കണ്ണീര് ... മരണമെത്തി വാതിലിൽ മുട്ടുമ്പോൾ . തുറക്കരുത് : ജീവിതകാമന പിന്നെയും അവശേഷി ഇന്നു എന്ന് ഓർമ്മിപ്പിക്കുകയാണ് കവി.
പൂർവാ പരബന്ധങ്ങളെ ഒരേ ചരടിൽ ഒരു ഗ്രാമത്തിന്റെ ആത്മ കാവ്യമായി അവതരിപ്പിക്കുന്നു പവിത്രൻ തീക്കുനി ഒളി ച്ചോട്ടം എന്ന കവിതയിലൂടെ. ഭ്രമാത്മക കൽപനകളില്ലാതെ . കവിതയെ ഏതു കാലത്തിന്റെയും ധ്വനിയായി പ്രസരിപ്പിക്കാൻ ഈ കവിതക്ക് കഴിയുന്നു.
ഒന്നുമിന്നി മറയുന്നു/ കവിതക്കിപ്പുറം!
എന്ന് കവിത അവസാനിക്കുമ്പോൾ കവിതയുടെ അപ്പുറമിപ്പുറം ഒരു ധ്വന്യാകാശം വളരുകയാണ്.
: പൂരമെരിയുമ്പോൾ
ഗീത വായിക്കുന്നു
- നാം നിർദ്ദയം !
എന്ന വർത്തമാന ഇന്ത്യനവസ്ഥയെ വളരെ ഭദ്രമായി വരച്ചിടുന്നു എൽ. തോമസ് കുട്ടി പുര-വഴി - പാട് ! എന്ന കവിതയിൽ . അതിശക്തമായ ഇടപെടലിന്റെ വാങ്മയ ചിത്രമാകുന്നു ഇവിടെ കവിത.
: കഥ വായനയിൽ പുതുമ തേടുക സ്വാഭാവികം. സാഹിത്യത്തിൽ നല്ല പരീക്ഷണങ്ങൾ നടന്നിട്ടുള്ളത് എന്നും കഥയെഴുത്തിലാണ്. പക്ഷെ, ഈ ആഴ്ച വായിച്ച കഥകളിൽ ശ്രദ്ധിക്കപ്പെടാവുന്ന ഒന്നും കണ്ടില്ല. മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1164 ൽ ജേക്കബ് ഏബ്രഹാം ഹരിത വിപ്ലവം എന്നൊരു കഥ എഴുതിയിട്ടുണ്ട്. കമ്യൂണിറ്റി കിച്ചൻ എന്ന പുത്തനാശയത്തിന്റെ വർത്തമാനത്തെ നഷ്ട പ്രണയത്തിന്റെ പശ്ചാത്തലമാക്കി മഹേഷിനോടുള്ള തന്റെ ഇഷ്ടം വിപ്ലവകരമാക്കുന്നു. ഹരിത . പുതുമയൊന്നും അവകാശപ്പെട്ടാ നി ല്ലാതെ . വെറുതെ ഒരു കഥ പറയുന്നു. പരീക്ഷണമോ നിരീക്ഷണമോ ഒന്നുമില്ലാതെ ഒരു കഥ .
സ്വയം പ്രകാശനത്തിനുള്ള വ്യഗ്രത എഴുത്തുകാരനെ സ്വതന്ത്ര നാക്കുന്നില്ല. എക്കാലത്തും സ്വയം പ്രകാശിപ്പിക്കാനുള്ള പ്രവണത ഉണ്ടായിട്ടുണ്ട്. അതൊന്നും നിലനിന്നില്ല എന്നത് ചരിത്ര സത്യം. എഴുത്തുകാരനല്ല. എഴുത്താണ് കാലാതിവർത്തി ; അത് എഴുത്തുകാരനെയും കാലാതീതനാക്കുന്നു.