ചിതലരിക്കാത്ത നിരപ്പലകകള്‍
2018ല്‍ മാതൃഭൂമി ഓണപ്പതിപ്പില്‍ വന്ന
ശ്രീകണ്ഠന്‍ കരിക്കകത്തിന്‍ കഥറെ മൂലധനത്തിന്‍റെ താക്കോ'ലിനെ മുന്‍നിര്‍ത്തി ഒരു ഒറ്റക്കഥാ വായന
ചിതലരിക്കാത്ത ചില നിരപ്പലകകളുണ്ട് ചരിത്രത്തിന്‍റെ കവലകളില്‍;കൃത്യതയോടെ തിരുകി നിരത്തിയാല്‍മാത്രം
ചേര്‍ന്നിരിക്കുന്നവ... അപ്പോള്‍മാത്രം കെട്ടുറപ്പു പ്രദാനം ചെയ്യുന്നവ.ഏറെ പഴക്കമുള്ളൊരു കടയോ കലവറയോ തഴക്കമുള്ളൊരു സംസ്കാരത്തിന്‍റെ ആസ്തിയും ആസ്ഥാനവുമാണെന്നും സുരക്ഷിതവും ധനഭരിതവുമായ അതിലെ പണപ്പെട്ടി പൈതൃക സമൃദ്ധിയുടെ അവസാനിക്കാത്ത സമ്പത്താണെന്നും തിരിച്ചറിയുവാന്‍ അതു തുറക്കാനുള്ള ചാവി കൈവശ്യമുള്ളവര്‍ക്കേ സാധ്യമാകൂ..ശ്രീകണ്ഠന്‍ കരിക്കകം അതു കൃത്യമായും തിരിച്ചറിഞ്ഞിരിക്കുന്നു മൂലധനത്തിന്‍റെ താക്കോല്‍ എന്ന(മാതൃഭൂമി ഓണപ്പതിപ്പ് 2018)കഥയില്‍....
ഒരു സംസ്കാരത്തെയും കള്ളച്ചാവികളാല്‍ നമുക്കു തുറക്കാനാവില്ല;സംരക്ഷിക്കാനും.മറ്റൊരു സമാന ചാവിയെന്ന ആഗ്രഹത്തിന് അവിടെ പ്രസക്തിയുമില്ല.എന്തെന്നാല്‍ അതു തുറക്കാനും നിരപ്പലകകള്‍ ക്രമംതെറ്റാതെ അടുക്കാനും
തിരിച്ചു നിരത്താനും അതിന്‍റെ കൃത്യത തിട്ടമുള്ള അവകാശിക്കേ കഴിയൂ...അയാളായിരിക്കും അതിന്‍റെ അര്‍ഹതയുള്ള ഉടമ..അല്ലെങ്കില്‍ ഒന്നിന്‍റെ സ്ഥാനത്ത് അഞ്ചാംപലക തിരുകി ഒരിക്കലും യോജിക്കാത്ത,അടച്ചു ഭദ്രമാക്കാനാകാത്ത ഒരവ്യക്തത ആ അടച്ചുറപ്പിനുമേല്‍ വന്നുപെടും.
സസൂക്ഷ്മം പരിശോധിച്ചാല്‍ നമുക്കു മനസ്സിലാക്കാനാകും ഭൂലോകത്തെ ഒരു സംസ്കൃതിക്കും അധികം ചാവികളില്ലെന്ന്;വാതിലുകളും...ഏറെ കെട്ടുറപ്പുള്ള ഒരു അറുപഴഞ്ചന്‍ കടയും(പ്രത്യക്ഷ ഘടനയിലല്ല ആ കെട്ടുറപ്പും പ്രൗഢിയും.അവ്യക്ത
മായ അതിന്‍റെ സമൃദ്ധിയിലാണ്.ഇടറിപ്പോകാത്ത ഇടപെടലുകളുടെ നൈരന്തര്യത്തിലാണ്..) കൃത്യതയും സൂക്ഷ്മതയുമുള്ള ഒരുടമയും തളര്‍ത്താനാകാത്ത അതിന്‍റെ സജീവതയും നമ്മുടെ സാംസ്കാരിക മൂലധനമാണല്ലൊ.അതിരുന്ന കവലകളാണ് നമുടെ രാഷ്ട്രീയ ബോധ്യങ്ങളുടെ ആസ്ഥാനവും...
അര്‍ഹിക്കുന്നവന്‍റെ കൈയിലെ താക്കോല്‍ സുരക്ഷയിലായിരുന്നു അന്ന് അതിലെ എല്ലാ മൂല്യങ്ങളും സംരക്ഷിക്കപ്പെട്ടിരുന്നത് ..?ശ്രീകണ്ഠന്‍ കരിക്കകം ഈ കഥയിലതു കൃത്യമായും പറഞ്ഞുറപ്പിക്കുന്നുണ്ട്...അധികമാരും ആശ്രയിക്കാത്തൊരു കഥാ പരിസരത്തിലേയ്ക്കാണ് കഥാകൃത്ത് കഥ പറയാന്‍ പ്രവേശിച്ചതും
വായനക്കാരെ കൊണ്ടുപോകാന്‍ ശ്രമിച്ചതും.ഭംഗിയായിത്തന്നെ അതു നിര്‍വഹിക്കുകയും ചെയ്തിരിക്കുന്നു.
ഒരു പലചരക്കു കടയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വന്നുപോകുന്ന മൂന്നു തലമുറകളുടെ സാന്നിധ്യത്തെ വ്യത്യസ്തങ്ങളായ വീക്ഷണകോണുകളില്‍ നിര്‍ത്തി നോക്കിക്കാണുന്നതാണ് കഥ.തലമുറകള്‍ക്കൊപ്പം കടയും അനുബന്ധ സംവിധാനങ്ങളും പ്രധാന പ്രമേയമാകുന്നു.വാണിഭത്തിനായ് ഉപയോഗിച്ചിരുന്ന പരമ്പരാഗതമായ സ്ഥാപന സാമഗ്രികളെ വെവ്വേറെ സന്ദേശങ്ങള്‍ക്കുള്ള ഉപായമാക്കുന്നതിനാല്‍ വിവിധ ബിംബങ്ങളാല്‍ സമൃദ്ധവുമാണ് കഥ(ട)..പണപ്പെട്ടിയും നിരപ്പലകയും ചാവിയും,ഉടമയും ജീവനക്കാരും...ഒക്കെ കഥയിലെ മുഖ്യബിംബങ്ങളായ് വരുന്നു.... വഴുതിപ്പോകാന്‍ സാധ്യത ഏറെയുള്ള പ്രമേയമായിട്ടും ഒന്നും അധികപ്പറ്റാകാതെ കാക്കാനും അതേവിധംതന്നെ പറയാനും കഥാകൃത്തിനു സാധിച്ചിരിക്കുന്നു...ചിട്ടയും കെട്ടുറപ്പും കഥയെ ഭിന്നപാഠോത്പാദക
തലത്തിലും ശ്രദ്ധേയമാക്കുന്നു.
വായന വ്യക്തിപരമായാല്‍ ഭാവന യുക്ത്യാധിഷ്ഠിതമായ ഭൗതികതയില്‍മാത്രം കുടുങ്ങിപ്പോകും.അതതിന്‍റെ പ്രത്യക്ഷ ഘടകങ്ങളില്‍ കിടന്നു ചുറ്റിക്കറങ്ങും....സൂക്ഷവും സൂക്ഷ്മവുമായ തലങ്ങള്‍ക്കു പുറത്താകും മറ്റെല്ലാം.
ചില സിംബലുകളെ കഥയുടെ പരിധിയില്‍ കൊണ്ടുവന്ന് അതിന്മേല്‍ നിന്നുകൊണ്ടുള്ള എഴുത്തുരീതിയാണ് `മൂലധനത്തിന്‍റെ താക്കോലില്‍' ശ്രീകണ്ഠന്‍ കരിക്കകം
ഉപയോഗിച്ചിട്ടുള്ളത്. കഥ എന്നെ സ്വാധീനിക്കാനുള്ള കാരണവും മറ്റൊന്നല്ല.കഥയുടെ ഭൂമിക പലചരക്കു കച്ചവടം നടത്തുന്ന മൂന്നു തലമുറകള്‍ ഉള്‍പ്പെടുന്നതാണ്.അതിനാല്‍ പരിസരവും സിംബലുകളുടെ പരിധിയില്‍ വരാതെ തരമില്ല.തലമുറകളെന്നത് പൈതൃകങ്ങളുടെ ജൈവികമായ തുടര്‍ച്ചയോ ഭാവിയുടെ ആണിക്കല്ലുകളോ ആണെന്നാണല്ലോ വയ്പ്...ആ ബിംബങ്ങളെ പ്രദര്‍ശിപ്പിക്കാന്‍ കഥാകാരന്‍ കൈയാളുന്ന ഇടമോ
ഒരുകാലത്ത് നമ്മുടെ രാഷ്ട്രീയ,സാമൂഹിക ബോധ്യങ്ങളുടെ ആസ്ഥാനവും വിപുലനകേന്ദ്രവുമായിരുന്ന ഒരു കവലയാണ്.കച്ചവടം എന്നത് ഇവിടെ ക്രയവിക്രയങ്ങളുടെ തലത്തില്‍മാത്രം ഒതുങ്ങുന്ന ഒന്നല്ല.പകരം പലചരക്കെന്ന മലയാണ്മയുടെ വിതരണവും വിപുലീകരണവുമാണ് ..അതിന്‍റെ ലക്ഷ്യം എന്നത് പണമെന്ന ലാഭപൂരിതമായ ആക്രാന്തമല്ല.മൂലധനമെന്ന(ഏതൊന്നിന്‍റെയും അടിസ്ഥാനം അതാണെന്ന ധാരണയിയിലാണ് ലോകം.സര്‍വ്വതും അതില്‍ വിലയംകൊള്ളുകയും ചെയ്യുന്നു) പൂര്‍വ്വാവബോധങ്ങളുടെ കൈമാറ്റത്തിലൂടെ ലഭിക്കുന്ന ആശ്വാസത്തിലാണ്;ആനന്ദത്തിലാണ്...
അതുവരെ സിംബലുകള്‍ സാധാരണ നിലയിലേ(പ്രതിഭയുടെ മിന്നലാട്ടമുള്ള ആര്‍ക്കും അയത്നമായ് ചെയ്യാന്‍ കഴിയുന്ന തരത്തിലേ)കഥയില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ എന്നു കാണാം...പക്ഷേ,അതു ഷാര്‍പ്പും കൂര്‍പ്പുമാകുന്നത് എങ്ങനെയാണെന്ന് നോക്കൂ...രാഷ്ട്രീയമോ സാംസ്കാരികമോ ആയ പൊളിച്ചെഴുത്തായി കഥയെമാറ്റാന്‍ സാധ്യമാക്കാന്‍ ചില ഇമേജുകളിലൂടെ കഥാകൃത്തിനു സാധിച്ചിരിക്കുന്നു.ഒന്ന്, നിരപ്പലകകളെന്ന,പിഴച്ചാല്‍ പിണഞ്ഞു പോകുന്ന അടച്ചുറപ്പിനുള്ള ഉപാധികളാണ്.രണ്ട്, അതിന്‍റെ വെട്ടുകുറികളുള്ള പഴമയുടെ പ്രൗഢിപേറുന്ന കടയാണ്. മൂന്ന്,ആ കടയില്‍ അറകളാല്‍(അറകളിലെ കേരളീയത അറിയാന്‍ നമ്മുടെ തറവാടിത്തങ്ങള്‍ തേടി ഒരുപാടു പിറകിലേയ്ക്കു പുറപ്പെടേണ്ടിവരും)അവ്യക്തമായ,എന്നാല്‍ അഭിവൃദ്ധിയും മൂല്യഭരിതവുമായ പണപ്പെട്ടികളാണ്.നാല്, അവ വെളിപ്പെടുത്താന്‍ മടിക്കുന്ന വിജയ രഹസ്യമാണ്.അഞ്ച്,പട്ടറ എന്ന നമ്മുടെ പഴയ ഈടുറപ്പിന്‍റെ ഇടമാണ്....കഥയുടെ തലം പാടേ മാറുന്നതും പുതുമാനങ്ങള്‍ കൈവരിക്കുന്നതും ഇവിടെയാണ്....ഇവിടെ വിധേയപ്പെടലിന്‍റെ വിപരീതം പ്രകടമാകുന്നു എന്ന നിലയിലൊരു ശങ്ക
വായനയ്ക്കിടയില്‍ വന്നു പെട്ടേക്കാം.ചിലരങ്ങനെ സംശയം പ്രകടിപ്പിച്ചു കാണുകയും ചെയ്തു.അസ്ഥാനത്താണ് ആ ആശങ്കയെന്നു ഞാന്‍ കാണുന്നു.കാരണം,മകന്‍ എന്നത് ഇവിടെ മൂന്നാം തലമുറയുടെ പ്രതിനിധിയാണ്.....?ധൂര്‍ത്തമായ ഭാവനാലോകത്തിലെ ധാരാളി...?പട്ടറ എന്നതും പണപ്പെട്ടി എന്നതും അവനുമുന്നില്‍ ഏറെപ്പഴകിയൊരു ചെടിപ്പാണ്..അവനത്, പൊളിച്ചെഴുതാനുള്ള പഴുതുമാത്രമാണ്...സമ്പത്ത്(ഇവിടെ സംസ്കാരം പൈതൃകം)എന്നത് അവന് കരുതലിനും വിനിമയത്തിനുമുള്ള മൂല്യമല്ല..ഇരട്ടിപ്പിക്കാനുള്ള ഉപാധിയാണ്...ഇവിടെയാണ് അവനു കല്പിച്ചു നല്‍കുന്ന അകലത്തിന് കഥയില്‍ പ്രസക്തി ഏറുന്നത്.കടയില്‍ അവന് ഇടമുണ്ടെന്നതു കാണണം..അതൊരു തൊഴിലാളിയുടെ സാന്നിധ്യം മാത്രമല്ല.അധ്വാനത്തിന്‍റെയും അഭിവൃദ്ധി സംരക്ഷണത്തിന്‍റെയും തിക്തത തിരിച്ചറിയാനുള്ള ഇടംകൂടിയാണ്...ജീവിത,അതിജീവന
മാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുന്ന സ്കൂള്‍..?.മൂലധന രഹസ്യം അവനുമുന്നില്‍ ദുരൂഹമാക്കി വയ്ക്കുകയാണ് കഥാകാരന്‍.അതെന്താവും..?അതങ്ങനെതന്നെ ആയിരിക്കണമെന്നതിന്‍റെ പൊരുളെന്താവും?... നോക്കൂ,നമ്മുടെ സാംസ്കാരിക പൈതൃകങ്ങള്‍,നവോത്ഥാന ബോധ്യങ്ങളുടെ കാവല്‍ക്കാര്‍,രക്തസാക്ഷികളായ സാമൂഹിക,രാഷ്ട്രീയ പരിഷ്കര്‍ത്താക്കള്‍,സാംസ്കാരിക മാര്‍ക്കറ്റുകളായി നമ്മുടെ കവലകളില്‍ സജീവമായിരുന്ന ഗ്രന്ഥശാലകള്‍...ഒക്കെ എന്തോ ഒന്ന് ഇപ്പോഴും ദുരൂഹമാക്കി വച്ചിട്ടില്ലെ...?തോറ്റമ്പുമ്പോഴും അവ പ്രദാനം ചെയ്യുന്ന ഊര്‍ജ്ജമല്ലേ നമ്മെ അതിജീവിക്കാനും നയിക്കാനും പിന്നെയും പിന്നെയും പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നത്.. ?...ഇനി കഥയുടെ ഉപരിപ്ളവമായ അര്‍ത്ഥതലം ഒന്നെടുക്കൂ..സമ്പത്തിന്‍റെ പരിധിയില്‍ മാത്രം നിര്‍ത്തി ചിന്തിച്ചു നോക്കൂ..പാരമ്പര്യമായ് സംരക്ഷിച്ചുപോന്ന ഭൂസ്വത്തിന്‍റേയും പൈതൃകമൂല്യങ്ങളുടെയും അവസ്ഥ ഇന്നെന്തായി...?ദുരൂഹമായ് മാത്രമല്ലേ
ഇപ്പോഴും നമുക്കുണ്ടായിരുന്ന ആ അഭിവൃദ്ധിയേയും അതിന്‍റെ ശോഷണത്തേയും വീക്ഷിക്കാനാകൂ..കഥ ഈ തലത്തില്‍ മാത്രമങ്ങ് ഒതുങ്ങിയിരുന്നെങ്കിലോ, തീര്‍ത്തും അപ്രസക്തമാകുമായിരുന്നില്ലേ...?അതിനാല്‍ അത്തരം അകലങ്ങളെ വിധേയപ്പെടുത്തലിന്‍റെ തലത്തില്‍ നിര്‍ത്തിയല്ല ഞാന്‍ കാണുന്നത്.അനിവാര്യമായ അനുശീലനോപാധിക്കുള്ള ഇടമായാണ്.അതുകൊണ്ടുതന്നെ കഥ അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും മികച്ചതാണെന്ന് എനിക്കു തോന്നുന്നു.
ഇത്തരം സാന്നിധ്യങ്ങളുടെ ഇടയില്‍ ജീവിക്കുന്നു എന്നതിനാല്‍,മൂലധനത്തിന്‍റെ താക്കോലിനെ മുന്‍നിര്‍ത്തി ഇത്രയെങ്കിലും പറയാതെ പോകുക പ്രയാസം.