Archives / june 2020

ചന്ദ്രസേനൻ മിതൃമ്മല
ക്ലവര്‍ ഹാന്‍സ്

കൂട്ടലും കുറയ്ക്കലും സ്‌ക്വയര്‍റൂട്ട് കണ്ടെത്തലും സാമാന്യം ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ.  എന്നാല്‍ അവയെല്ലാം നിഷ്പ്രയാസം ചെയ്യുകയും ബൗദ്ധികമായ നിരവധി പ്രവര്‍ത്തനങ്ങള്‍ അനായാസം നിര്‍വഹിക്കുകയും ചെയ്യുന്ന ഒരു കുതിര ജര്‍മനിയിലുണ്ടായിരുന്നു.  ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോകജനതയെ ആകെ അത്ഭുതപ്പെടുത്തി ഈ കുതിര തന്റെ പ്രത്യേക കഴിവുകള്‍ പ്രകടിപ്പിച്ചു.  കണ്ടവരെല്ലാം മൂക്കത്ത് വിരല്‍വച്ചു.  ഹാന്‍സ് എന്ന കുതിര അങ്ങനെ ക്ലവര്‍ ഹാന്‍സ് എന്ന പേരില്‍ അറിയപ്പെടുവാന്‍ തുടങ്ങി.  ക്ലവര്‍ഹാന്‍സ്ഇഫക്ട് എന്ന സങ്കേതം പോലും മനശാസ്ത്രത്തില്‍ രൂപപ്പെട്ടു.  അങ്ങനെ ക്ലവര്‍ഹാന്‍സ്പ്രതിഭാസം ചിന്തകരുടെ ഇടയില്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെടുവാന്‍ തുടങ്ങി.  2 + 4 എന്ന് ബോര്‍ഡിലെഴുതേണ്ട താമസം ഹാന്‍സ് തന്റെ മുന്‍കാലുകള്‍ ആറു തവണ ഉയര്‍ത്തിക്കാണിക്കും.  16ന്റെ സ്‌ക്വയര്‍ റൂട്ട് ചോദിച്ചാല്‍ ഉടനെ ഹാന്‍സ് നാലെന്ന് കാണിക്കും.  കൂട്ടലും കുറയ്ക്കലും ഹരിക്കലുമൊന്നും ഹാന്‍സിന് പ്രശ്‌നമേയല്ല.  സമയം പറയും, തീയതി പറയും, അക്ഷരമാല, അക്ഷരവിന്യാസം ഇതെല്ലാം ചുറുചുറുക്കോടെ കാണിക്കുവാന്‍ ഹാന്‍സിന് ഒരു വിഷമവുമില്ല.  ഹാന്‍സിന്റെ ഇത്തരം അത്ഭുത പ്രവൃത്തികള്‍ ശാസ്ത്ര സ്‌നേഹികളെ തീര്‍ത്തും വെട്ടിലാക്കി. ആര്‍ക്കും തന്നെ ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് വെളിപ്പെടുത്തുവാനായില്ല.  ചോദിച്ചാലും എഴുതിക്കാണിച്ചാലും തന്റെ കുളമ്പുകളുയര്‍ത്തി ഉത്തരം നല്‍കുന്ന ഹാന്‍സ് പലരെയും കഴുതകളാക്കി എന്നതാണ് സത്യം.  ഇതോടെ ഹാന്‍സിനെക്കുറിച്ചുള്ള നിറം പുരട്ടിയ അത്ഭുതകഥകള്‍ നിരവധിയുണ്ടായി.  ഗുസ്റ്റാവ് വൂള്‍ഫ് എന്ന ജര്‍മന്‍ സൈക്യാട്രിസ്റ്റ് ഹാന്‍സിന്റെ ഒരാരാധകനായിരുന്നു.  മനുഷ്യനെപ്പോലെ ചിന്തിക്കുവാനും ആശയങ്ങള്‍ പ്രകടിപ്പിക്കുവാനും മനുഷ്യന് മനസ്സിലാകുന്ന വിധത്തില്‍ അതവതരിപ്പിക്കുവാനും മൃഗങ്ങള്‍ക്കും കഴിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.  പണ്ട് നാം കേട്ട പഞ്ചതന്ത്രം കഥകളിലെല്ലാം മനുഷ്യനുമായി അനായാസം സംസാരിക്കുന്ന എത്രയോ പക്ഷികളെയും മൃഗങ്ങളെയും നാം കണ്ടിരിക്കുന്നു.  തിര്യക്കുകളുടെ ഭാഷ വശമാക്കിയ അത്ഭുതവ്യക്തികളെയും നാം കഥകളിലൂടെ മാത്രമേ കണ്ടിട്ടുള്ളൂ.  എന്നാല്‍ ഇവിടെ ഹാന്‍സ് ഇതെല്ലാം ചെയ്യുന്നു.    ഇതോടെ പുരോഗമന പ്രവര്‍ത്തകരെല്ലാം അങ്കലാപ്പിലായി.  എങ്ങനെയാണിത് സംഭവിക്കുന്നതെന്ന് വിശദീകരിക്കുവാന്‍ കഴിയാതിരുന്നതിനാല്‍ ഇതെല്ലാം വിശ്വസിക്കുകയല്ലാതെ മറ്റുവഴികളൊന്നുമുണ്ടായിരുന്നില്ല.  അങ്ങനെ 1891മുതല്‍ ഹാന്‍സ് പ്രതിഭാസം ഒരഴിയാക്കുരുക്കായിത്തന്നെ നിന്നു.  
ഇതിനൊരു പരിഹാരമെന്നോണം ജര്‍മനിയിലെ എഡ്യൂക്കേഷന്‍ ബോര്‍ഡ് ഒരു കമ്മീഷനെ നിയമിച്ചു.  ഹാന്‍സ് കമ്മീഷനെന്ന പേരില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.  കാള്‍ സ്റ്റംപ് എന്ന മനശ്ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ പതിമൂന്ന് പേരടങ്ങുന്ന ഒരു സംഘമായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്.  ഒരു മൃഗഡോക്ടര്‍, ഒരു സര്‍ക്കസ് മാനേജര്‍, ഒരു കുതിരപ്പട ഉദ്യോഗസ്ഥന്‍, ബര്‍ലിന്‍ സുവോളജിക്കല്‍ ലാബിന്റെ ഡയറക്ടറും കുറെ അധ്യാപകരും ഒക്കെ ചേര്‍ന്നതായിരുന്നു ഈ കമ്മീഷന്‍.  1904 സെപ്റ്റംബര്‍ മാസത്തില്‍ ഈ കമ്മീഷന്‍ അതിന്റെ കണ്ടെത്തലുകള്‍ പ്രഖ്യാപിച്ചു.  യാതൊരുവിധ തന്ത്രങ്ങളും ഈ പ്രതിഭാസത്തിന് പിന്നിലില്ലെന്നതായിരുന്നു വിധിയെഴുത്ത്.  ഇതോടെ ക്ലവര്‍ഹാന്‍സ് ഒരത്ഭുതകുതിര തന്നെയെന്ന് വിലയിരുത്തപ്പെട്ടു.  കമ്മീഷന്റെ കണ്ടെത്തലുകള്‍ ഓസ്‌കര്‍ ഫംഗ്സ്റ്റ് എന്ന മനശ്ശാസ്ത്രജ്ഞന്‍ മൂല്യനിര്‍ണയം നടത്തി.  അദ്ദേഹം ആദ്യം പഠിച്ചത് കുതിരയുടെ ഉടമസ്ഥനും പരിശീലകനുമായ വില്‍ഹം വോണ്‍ ഓസ്റ്റണെയാണ്.  അദ്ദേഹം ഗണിതശാസ്ത്ര അധ്യാപകനും കുതിര പരിശീലകനുമാണെന്ന കണ്ടെത്തല്‍ വളരെ വിലപ്പെട്ടതായി.  പരീക്ഷണ സമയങ്ങളില്‍ തെളിഞ്ഞ മറ്റൊരു വസ്തുത ഓസ്റ്റണ് അറിയുന്ന ഉത്തരങ്ങള്‍ മാത്രമേ കുതിര കൃത്യമായി പറയുന്നുള്ളൂവെന്നതാണ്.  ഓസ്റ്റണല്ലാതെ മറ്റൊരാള്‍ ചോദ്യമുന്നയിച്ചാല്‍ ആറുശതമാനം മാത്രമേ ശരിയുത്തരം ലഭിക്കുന്നുള്ളൂ.  ചോദ്യകര്‍ത്താവിന്റെ ഭാവം, ചലനം, മുഖഭാവം എന്നിവയില്‍ പ്രകടമായ മാറ്റങ്ങള്‍ ഫംഗ്സ്റ്റ് കണ്ടെത്തി.  എപ്പോള്‍ തന്റെ കുളമ്പിന്റെ ചലനം നിര്‍ത്തണമെന്നത് ഇത്തരത്തിലാണ് കുതിര കണ്ടെത്തുന്നതെന്ന് ഫംഗസ്റ്റണ് മനസ്സിലായി.  മനപൂര്‍വമല്ലാത്ത ആംഗ്യസൂചനകള്‍ അതിവിദഗ്ദ്ധമായി കണ്ടെത്തുവാനുള്ള കുതിരയുടെ കഴിവാണ് ഈ അത്ഭുതത്തിന് ആധാരമെന്ന് ഫംഗ്സ്റ്റ് കണ്ടെത്തി.  ഉത്തരങ്ങളിലേയ്‌ക്കെത്തുന്ന സൂചനകള്‍ കാണികള്‍ പോലും അവരറിയാതെ നല്‍കുന്നുണ്ടായിരുന്നുവെന്നതാണ് ഏറെ രസരമായ വസ്തുത.  പല മൃഗങ്ങള്‍ക്കും തൊട്ടടുത്തു നില്‍ക്കുന്നവരുടെ ഹൃദയമിടിപ്പ് അറിയുവാനാകുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലാണ് ക്ലവര്‍ ഹാന്‍സ് ഇഫക്ട് എന്നപേരിലറിയപ്പെട്ടത്.  
യഥാര്‍ത്ഥ വസ്തുത വെളിവായിട്ടും ഓസ്റ്റണ്‍ തന്റെ അത്ഭുത പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു തന്നെ പോയി.  ആരൊരാളിനും തളയ്ക്കുവാനാകാത്ത അശ്വമേധം തന്നെ ഹാന്‍സ് നടത്തി.  ഇതംഗീകരിക്കുന്ന ഒരു മഹാഭൂരിപക്ഷം ഹാന്‍സിന്റെ ആരാധകര്‍ ഹാന്‍സ് എന്ന കുതിരയെ വാഴ്ത്തിപ്പാടി.  സാമാന്യ ജനങ്ങള്‍ക്ക് ബോധ്യപ്പെടുവാന്‍ പാകത്തില്‍ ഇതിന്റെ പിന്നിലെ തന്ത്രങ്ങള്‍ വിശദീകരിക്കുവാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ല.  ഈയൊരു സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഓസ്റ്റണ്‍ തന്റെ അത്ഭുതവിദ്യകളുമായി ലോകം ചുറ്റിയത്.  പ്രകൃത്യാതീതമെന്ന് തോന്നുന്ന ഇത്തരം സംഭവങ്ങള്‍ക്ക് മുന്നില്‍ എല്ലാം മറന്ന് പകച്ചുനില്‍ക്കുക എന്നത് പൊതു സമൂഹത്തിന്റെ ഒരു സ്ഥിരം ശൈലിയാണ്. ശാസ്ത്രീയ വിശകലനം ചെയ്യുവാനും വസ്തുതകളെ ശരിയായ നിലയില്‍ വ്യാഖ്യാനിക്കുവാനുമുള്ള അറിവ് സമ്പാദിക്കല്‍ മടിപിടിച്ച മനസ്സുകളില്‍ ഒരിക്കലുമുണ്ടാവുകയില്ല.  ഒരു മഹാഭൂരിപക്ഷം ഇത്തത്തില്‍ അഭിരമിക്കുന്നതിനിടയില്‍ ആരെങ്കിലും ഇതിനെതിരായി ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ പോലും പലപ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ പോവുകയാണ് പതിവ്.  കാരണം നാം ഓരോരുത്തരും അത്ഭുതങ്ങള്‍ ഇഷ്ടപ്പെടുന്നവരും അത് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുമാണ്.  അത്ഭുതങ്ങള്‍ കേള്‍ക്കുന്നവേളയില്‍ത്തന്നെ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ അവ പാടി പ്രചരിപ്പിക്കുന്ന തരത്തില്‍ വികസിച്ച ഒരു സാമൂഹ്യമനശ്ശാസ്ത്രം ഇതിന്റെ പിന്നിലുണ്ട്.      അതിനാല്‍ നാം പലപ്പോഴും ശാസ്ത്രത്തെത്തന്നെ നിരാകരിക്കുന്നു.  ചാള്‍സ് ഡാര്‍വിന്റെ പ്രശസ്തമായ രചനകള്‍ മൃഗങ്ങളുടെ സ്വഭാവത്തെപ്പറ്റിയായിരുന്നുവെന്ന് പലരും ചിന്തിക്കാതിരുന്നതാണ് ഇവിടെ ചിന്താക്കുഴപ്പത്തിന് കാരണമായത്.  മൃഗങ്ങള്‍ എത്രമാത്രം ബുദ്ധിപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം വളരെ ഭംഗിയായി രേഖപ്പെടുത്തിയിട്ടുണ്ട്.  അതിന്റെ ചുവടുപിടിച്ച് കടന്നുവന്ന പ്രശസ്തനായ ഡച്ച് ബയോളജിസ്റ്റ് നിക്കോളാസ് ടിന്‍ ബര്‍ഗന്‍ (1907-1988), ഓസ്‌ട്രേലിയന്‍ ബയോളജിസ്റ്റുകളായ കോണ്‍റാഡ് ലോറന്‍സ് (1903-1989), കാള്‍വോണ്‍ ഫ്രിഷ് (1886-1982) എന്നിവര്‍ സ്വഭാവരൂപീകരണ ശാസ്ത്രത്തില്‍ മികച്ച പഠനങ്ങളുമായി മുന്നോട്ടുവന്നു.  മനപൂര്‍വമല്ലാത്ത വളരെ ചെറിയ ചലനങ്ങള്‍ പോലും സൂക്ഷ്മമായി നിരീക്ഷിക്കുവാന്‍ മൃഗങ്ങള്‍ക്കാവുമെന്ന മഹത്തായ അറിവ് അതോടെ ലോകമറിഞ്ഞു.  ഈ പഠനത്തിലൂടെ 1973ലെ ഫിസിയോളജി/മെഡിസിന്‍ വിഭാഗത്തിലെ നൊബേല്‍ സമ്മാനം ഇവര്‍ മൂന്നുപേരുമായി പങ്കിടുകയായിരുന്നു.  ഐഡിയോമോട്ടോര്‍ പ്രതിഭാസ പ്രകാരം നാമറിയാതെ ചില സൂചനകള്‍ നമ്മില്‍ നിന്നുതന്നെയുണ്ടാകുമെന്ന കണ്ടെത്തല്‍ അറിവിന്റെ മേഖലയില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിരുന്നു.  ഹാന്‍സിന് കാലുയര്‍ത്തുവാന്‍ പാകത്തില്‍ ഓസ്റ്റന്റെ ശരീരത്തില്‍ ചില ഭാവമാറ്റങ്ങളുണ്ടാവുകയും അതുമനസ്സിലാക്കിയ ഹാന്‍സ് കാലുകളുയര്‍ത്തുവാന്‍ തുടങ്ങുകയുമായിരുന്നു.  ശരിക്കുള്ള ഉത്തരമറിയുന്ന ഓസ്റ്റണ്‍ അറിഞ്ഞും ചിലപ്പോള്‍ അറിയാതെയും സ്വന്തം കണ്‍പീലികള്‍ ചലിപ്പിച്ച് ചലനം നിര്‍ത്തുവാനുള്ള സൂചന നല്‍കുകയുമായിരുന്നു.  ഫെസിലിറ്റേറ്റഡ് കമ്മ്യൂണിക്കേഷന് സമാനമായ പ്രവര്‍ത്തനമാണ് ഇവിടെയും നടക്കുന്നത്.  സമര്‍ത്ഥമായി സൂചനകള്‍ നല്‍കുവാനും അതിസമര്‍ത്ഥമായി അവ സ്വീകരിക്കുവാനും കഴിയുമ്പോള്‍ അവിടെ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നതില്‍ തര്‍ക്കമില്ല. നിരന്തരപരിശീലനത്തിലൂടെ ഇത് സ്വായത്തമാക്കുവാന്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അനായാസം സാധിക്കും. സൂക്ഷ്മനീരീക്ഷണവും ഗൗരവമായ പഠനവും സമന്വയിച്ചു നിന്നാല്‍ മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങളെ കണ്ടെത്തുവാനാകൂ. അല്ലാത്തപക്ഷം അമാനുഷികതയിലും അത്ഭുതപ്രവര്‍ത്തനങ്ങളിലും അഭയം കണ്ടെത്തുന്നവരായി നാം ഓരോരുത്തരും മാറുമെന്നതില്‍ തര്‍ക്കമില്ല.

Share :