Archives / june 2020

സുഗുണാ രാജൻ പയ്യന്നൂർ
മനസ്സുകൾ

ചില മനസ്സുകളുണ്ടങ്ങനെ...
നിറഞ്ഞ പാൽക്കുടം പോലെ തുള്ളിതുമ്പുന്നവ
കത്തുന്ന നിറദീപം പോലെ
പലരിലേക്കും പലതിലേക്കും മിഴികൾ നീട്ടി
വെളിച്ചം തട്ടിത്തൂവിയങ്ങനെയങ്ങനെ....

ചില മനസ്സുകളുണ്ടങ്ങനെ....
സൂര്യനേക്കാൾ തേജസ്വിയായി
സ്നേഹസുഗന്ധവാഹകരായി
മെഴുകുതിരിയെന്ന പോലെ സ്വയമുരുകി മറ്റുള്ളവരിലേക്ക് പ്രതീക്ഷയുടെ പളുങ്കുമണികളുതിർത്തങ്ങനെ....

ചില മനസ്സുകളുണ്ടങ്ങനെ......
ഒരു നോക്കുകൊണ്ടൊരായിരം സാന്ത്വനരാഗങ്ങളാകുന്നവ....
ഒരു മൃദുസ്പർശനം കൊണ്ടനേകം ഹൃദയങ്ങളിൽ വസന്തമായ് നിറയുന്നവ
ഒരൊറ്റ വാക്കു കൊണ്ടൊരു വാനം മുഴുവൻ  നക്ഷത്രപ്പൂക്കൾ വിരിയിക്കുന്നവ ....

ചില മനസ്സുകളുണ്ടിങ്ങനെയും...
മുഷിഞ്ഞിരുണ്ട ഭിത്തികളിലങ്ങിങ്ങായി
കുമ്മായമടർന്ന കുഴികളുമായി
വിരിച്ചു വെച്ച വലകളിൽ  മറഞ്ഞിരിക്കുന്ന എട്ടുകാലികളുള്ള  അതി നിഗൂഢമായവ...

ചില മനസ്സുകളുണ്ടിങ്ങനെയും...
എന്തിലുമേതിലും അതൃപ്തിയുമായി
ആശയദാരിദ്ര്യം പേറുന്നവ....
എന്നാലുമില്ലല്ലോ,  എങ്കിലുമില്ലല്ലോന്ന് മാത്രം ചിന്തിച്ചു ചുറ്റിലും കരി പടർത്തുന്നവ.....


 

 

Share :