Archives / june 2020

-ജാഫർ തലപ്പുഴ
തേയിലച്ചപ്പ് നുള്ളുന്നവർ...

മഞ്ഞിനെ
വിളിച്ചുണർത്തി
മലമുകളിലേക്ക്
നടന്നു കയറുന്ന
ചിലരുണ്ട്....

കടപ്പാടുകൾക്കും
ഞെരുക്കങ്ങൾക്കും-കീഴെ
കിനാവുകൾക്ക്
ഖബറൊരുക്കിയവർ....

ചിറ കെട്ടിയ
കണ്ണീർ,
കണ്ണുകൾക്ക് ചുറ്റും
കരി കൊണ്ട്
കളം വരയ്ക്കപ്പെട്ടവർ...

ഔപചാരികതയുടെ
ആമത്തോടുകളോട്
ഇനിയും
അടിമപ്പെടാത്തവർ...

സ്നേഹത്തിനു
മറ പണിയാൻ
തുനിയാത്തവർ...
മതം പറയാത്തവർ!

ബന്ധങ്ങളുടെ
ചോരപ്പൊട്ടുകളെ
അവിശ്രമം
വാക്കുകളാൽ
അടയാളപ്പെടുത്തുന്നവർ....

നാടിന്റെ നന്മ
ചണചാക്കുകളിൽ
പൊതിഞ്ഞു
ഹൃദയത്തിൽ
സൂക്ഷിക്കുന്നവർ...

     

Share :