ചായക്കോപ്പയിലെ കൊടുങ്കാറ്റ്
ഇംഗ്ലീഷ് ഭാഷയിൽ 'storm in a tea cup' എന്ന ഒരു പ്രയോഗം ഉണ്ട്. ചായക്കോപ്പയിലെ കൊടുങ്കാറ്റ്. നിസാരമായ കാര്യം എന്നാണ് ഉദ്ദേശം. പക്ഷെ ഇത് കേൾക്കുമ്പോൾ എല്ലാം എനിക്ക് മനസ്സിൽ വരിക തേയിലക്കാട്ടിൽ വീശുന്ന കാറ്റാണ്. അതോടൊപ്പം തങ്ങളുടെ തലയിൽ ഉള്ള ചാക്കും മറ്റും പാറിപ്പോകാതിരിക്കാൻ ശ്രമിക്കുന്ന ചില തേയിലച്ചപ്പ് നുള്ളുന്ന സ്ത്രീകളും.
എനിക്ക് ചപ്പുപെണ്ണുങ്ങൾ പരിണമിച്ച്, "ചപ്പെണ്ണ്ങ്ങൾ" ആണ് ഇവരുടെ പേര്. ഫാക്ടറിയിൽ നിന്നുള്ള 5 മണി സൈറണോ അതിനു മുൻപോ എഴുന്നേറ്റ് ഇരുട്ടിനെ പുച്ഛത്തോടെ നോക്കി വെളിച്ചത്തിലേക്ക് ഇറങ്ങുന്ന ഒരു കൂട്ടം പെണ്ണുങ്ങൾ. ഇട്ടാവട്ടമുള്ള തന്റെ പാടിയോ വീടോ വൃത്തിയാക്കി, ഭക്ഷണവുമുണ്ടാക്കി 7 മണി ആവുമ്പഴേക്കും അവർ കാട്ടിൽ എത്തിയിട്ടുണ്ടാവും. ഇളംപച്ച നിറമുള്ള ആ കുരുന്നിലകൾ നുള്ളിയിട്ടാണത്രേ അവരുടെ കൈകൾക്കിത്ര ഉറപ്പ് വന്നത്!!!
തനിക്കു പിറകിലുള്ള ഓരോ തേയിലച്ചാക്ക് നിറക്കുമ്പോഴും പ്രതീക്ഷയാണ്, തന്റെ തലയിലുള്ള ഭാരം കുറയ്ക്കാൻ ഇത് മതിയാവുമെന്ന്. ഓരോ ഇലയും നുള്ളിയെടുക്കുന്നത് നാളേയ്ക്കുള്ള സ്വപ്ന ങ്ങളായിട്ടാണ്. ഇരുട്ടുപിടിച്ച, സങ്കടങ്ങൾ കൂമ്പി കിടക്കുന്ന ഓർമ്മകളിൽ നിന്നും രക്ഷ നേടാൻ ആയിരിക്കണം അവർ സംസാരിച്ചുകൊണ്ടേയിരുന്നു. കോരിചൊ രിയുന്ന മഴയ്ക്കോ ഉച്ചിക്കു മീതെ ഉയർന്നു നിന്ന സൂര്യനോ അവരെ നിശ്ശബ്ദരാക്കാൻ സാധിച്ചില്ല.
ചെറുപ്പത്തിലേ സംസാരിക്കാൻ മടിയുള്ള കൂട്ടത്തിൽ ആയിരുന്നു ഞാൻ. ആൾക്കാരെ അഭിസംബോധന ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ടോ എന്തോ ഈ പെൺകൂട്ടം റോഡ് സൈഡിലോ മറ്റോ ഉണ്ടെങ്കിൽ തല താഴ്ത്തി പോവുക ആയിരുന്നു പതിവ്. പക്ഷെ, "ഓയ്... ഒന്ന് നോക്കീട്ടെങ്കിലും പോ" എന്ന് പേര് അറിയുന്നവരോ അറിയാത്തവരോ ആയി ആരെങ്കിലും വിളിച്ചു പറയും. അപ്പോഴൊക്കെ ഞാനൊന്ന് ചിരിക്കും. പിന്നീട് നിരനിരയായി വരുന്ന ഇവരുടെ ചിരി ശീലമായി മാറി.
മഴ കുറയുമ്പോൾ, ആ ഹരിത നിറമുള്ള ചെരിഞ്ഞ കുന്നുകളിൽ വരൾച്ചയുടെ ചായപ്പൊടി നിറം പടരുമ്പോൾ, അരികുപറ്റിക്കൊണ്ട് ചണചാക്കുകൾ നിറക്കാൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു. തൊട്ടടുത്തു നിൽക്കുന്നവർക്കും തണൽ ലഭിക്കാൻ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടാവും. ഒരു കുപ്പി തീരുമ്പോൾ മറ്റൊരു കുപ്പിയിൽ നിന്നും വെള്ളമെടുത്തു കുടിച്ചു കൊണ്ട് അവർ ആ മീനവെയിലിനെ തോൽപിച്ചു. എങ്കിലും ചിറക്കരയിലെയും തലപ്പുഴയിലെയും വള്ളിയൂർക്കാവ് ഉത്സവത്തിനും നബിദിനത്തിനും അനൗൺസ്‌മെന്റായി അവരുടെ സംഭാവന വിളിച്ചു പറയുന്നത് കേൾക്കുന്നതിൽ ഒരു കുറവും വന്നിട്ടില്ല. നിർവികാരത നിറഞ്ഞ ആ കണ്ണുകൾക്ക് അപ്പോൾ തൊട്ടു മുമ്പിൽ കത്തിനിൽക്കുന്ന എൽ ഇ ഡി ബൾബുകളെക്കാൾ തിളക്കം ഉണ്ടാവും. തട്ടമിട്ടും പൊട്ടുതൊട്ടും അവർ പരസ്പരം നോക്കി മന്ദഹസിക്കും.
പതുക്കെ സംസാരിക്കാൻ അറിയാത്തവരാണ് ചപ്പെണ്ണുങ്ങൾ. സദാ ചിലച്ചുകൊണ്ടിരിക്കുന്ന ചപ്പിലക്കിളികളെ പോലെ... വികാരങ്ങൾ മുഴുവനും ആ ശബ്ദത്തിലാണ്. പാടിയിലേക്കോ വീട്ടിലേക്കോ കയറിച്ചെല്ലുമ്പോൾ അകത്തു കയറാതെ മുറ്റത്ത് നിന്ന് സംസാരിക്കുന്നതിനോട് വല്ലാത്ത വിരക്തി ആണ്. അവർ ഉറക്കെ വിളിച്ചു പറയും...എങ്ങടാ ഇത്ര തെരക്കിട്ട് പായണെ...ഇങ്ങ് കേറി വാ...സ്നേഹം കലർത്തിയ ആ ശകാത്തിനു മുമ്പിൽ ചൂളിക്കൊണ്ട് കയറേണ്ടി വരും. ഞാൻ ദാ ഇവിടെ വരെ എന്ന് പറയുമ്പോളേക്കും ചായപ്പൊടിക്കുപ്പിയും പഞ്ചസാരക്കുപ്പിയും കൂട്ടി മുട്ടുന്ന ശബ്ദം കേൾക്കാം.
ശനിയാഴ്ചകളിൽ ലഭിക്കുന്ന ചെലവ് പൈസയും മാസങ്ങളിലെ പത്താം തിയ്യതി ലഭിക്കുന്ന ശമ്പളവുമാണ് ഇവരുടെ സമ്പാദ്യം. പണി കഴിഞ്ഞ് തിരക്കിട്ട ചെക്ക് റൂളുകളിലേക്ക് പോകുമ്പോൾ അവരോട് കുശലം ചോദിച്ചാൽ ചിരിച്ചു കൊണ്ട് പറയും"ഇന്ന് ശനിയായ്ചല്ലേ...ചെലവയ്‌ശ വാങ്ങണ്ടേ" എന്ന്. ചെക്ക് റൂൾ എന്നാണ് കൂലി കൊടുക്കുന്ന ഓഫീസുകൾക്ക് പറയുക. ഇത്രയും പഴമയുള്ള ഈ കെട്ടിടത്തിന് പണ്ട് എന്ത് നിറമായിരുന്നു എന്ന് അറിയാൻ ഞാൻ ഒരിക്കൽ ചുരണ്ടി നോക്കിയിട്ടുണ്ട്. അടിയിൽ പച്ച...പച്ച...പച്ച മാത്രം. ഇവിടെ നിന്നാണ് വെല്ലമിട്ട ആ കാപ്പി കിട്ടിക്കൊണ്ടിരുന്നത്. പാചകത്തിന്റെ ഏത് റെസിപ്പി തിരഞ്ഞാലും നിങ്ങൾക് ആ സ്വാദ് കിട്ടില്ല. ഫ്ലാസ്കിൽ ഒഴിച്ച് തേയിലക്കൊമ്പുകളിൽ തൂക്കിയിടുന്നത് കൊണ്ടാവാം ചിലപ്പോൾ ഇത്ര രുചി കിട്ടിയത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഫ്ലാസ്കിന്റെ മൂടിയിൽ പകർന്ന് ഞാനുമത് കുടിച്ചിട്ടുണ്ട്.
എസ്റ്റേറ്റിനു ചുറ്റുമുള്ള ചില മതിൽക്കെട്ടുകളിൽ മുമ്പത്തെ ഉടമകളായിരുന്ന ചില കമ്പനികളുടെ പേര് കാണാം. ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയ്ക്ക് ശേഷം വന്നവർ. ഭഗവതിയും ആസാംബ്രൂക്കും ഒക്കെ ഇവയിൽ പെട്ടതാണ്. ഒരു കമ്പനി ലോക്ക് ഔട്ട് ചെയ്ത് മറ്റൊന്ന് വരുന്നത് വരെ ഉപജീവനത്തെ കുറിച്ചോർത്ത് ശരിക്കും കനൽ തിന്നാണ് ഇവർ ജീവിച്ചിരുന്നത്. ആസാംബ്രൂക്ക് ലോക്ക് ഔട്ട് ചെയ്ത് ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് പരിസൺസ് തേയില എസ്റ്റേറ്റ് ഏറ്റെടുക്കുന്നത്. ആ ഇടവേളയിൽ തേയിലച്ചടികൾക്കിടയിലൂടെ കളകാടുകൾ മുളച്ചു പൊന്തി. ചപ്പെണ്ണുങ്ങളുടെ മുറ്റത്തും അവയെത്തി. അവരത് നിരാശയോടെ പിഴുതെടുത്തു കൊണ്ടിരുന്നു. കുറച്ചു കാലത്തേക്ക്...എസ്റ്റേറ്റ് തുറക്കുന്നത് വരെ തോട്ടക്കാർക്ക് പറ്റ് ഇല്ല എന്ന് നാട്ടിലെ ചില പലചരക്കുകാർ പറഞ്ഞു തുടങ്ങി. കണ്ണ് നനയ്ക്കാതിരിക്കാനും തൊണ്ട നനയ്ക്കാനും അന്ന് പാട് പെട്ടത് പലർക്കും ഇന്നലെ എന്നോണം ഓർമ്മയുണ്ട്.
ഇന്നെനിക്ക് ഉശിരുള്ള പെണ്ണുങ്ങൾ എന്ന് കേൾക്കുമ്പോൾ ഇക്കൂട്ടരെ ആണ് ഓർമ വരുന്നത്. കുപ്പിവളയിട്ട്, താളത്തിൽ കൊളുന്തുകൾ ക്ഷണവേഗത്തിൽ നുള്ളിയിടുന്നവർ. ആരോടും തോൽക്കാതെ, പറയാൻ ഉള്ളത് മുഖത്തു നോക്കി വിളിച്ച് പറഞ്ഞു, അവനവനായി ജീവിക്കുന്ന പെണ്ണുങ്ങൾ. ചമയക്കൂട്ടുകളിൽ പൊതിഞ്ഞു പോവാതെ, കുഴിനഖത്തിൽ നിന്നും രക്ഷ നേടാൻ മൈലാഞ്ചി അണിയുന്നവർ. അടുത്ത് നിന്ന് നോക്കുമ്പോൾ നൊമ്പരമാണ്. അകലെ നിന്ന് നോക്കുമ്പോൾ അത്ഭുതവും.