Archives / june 2020

ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ
സമൂഹമാധ്യമങ്ങളുടെ പ്രഭാവം

തങ്കു പൂച്ചയും, സായി ടീച്ചറും നിങ്ങൾക്ക് തമാശയാകാം. ഇതൊരു
കളിയല്ല തമാശയല്ല ഒരുപാട് മനുഷ്യരുടെ കൂട്ടായ പ്രവർത്തനത്തിന്റെ
ഫലം തന്നെയാണ്. അപ്രതീക്ഷിതമായി വന്ന സാഹചര്യത്തിൽ കുട്ടികളുടെ
വിദ്യാഭ്യാസം ഒരു ചോദ്യചിഹ്നമായപ്പോൾ കുട്ടികളെ സുരക്ഷിതരാക്കാനും
അതെ സമയം വിദ്യാഭ്യാസം തുടരാനും സാഹചര്യം ഒരുക്കിയത് സമൂഹ
മാധ്യമങ്ങളുടെയും, ഡിജിറ്റൽ മാധ്യമങ്ങളുടെയും ഇടപെടൽ തന്നെ.
ലോകമെമ്പാടും ദിവസങ്ങളായി കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി
ലോക് ഡൗൺ തുടർന്നുകൊണ്ടിരിയ്ക്കുന്നു.  ഇന്നലെവരെ തിരക്കുപിടിച്ച
ജീവിതചക്രത്തിൽ ഒന്നിനും സമയമില്ലാതെ ഓടിക്കൊണ്ടിരുന്ന ജനങ്ങൾക്ക്
പെട്ടന്നുണ്ടായ ഒരു മാറ്റം ഉൾകൊള്ളാൻ കഴിഞ്ഞതിൽ പ്രധാന
പങ്കുവഹിച്ചത് സമൂഹ മാധ്യമങ്ങളുടെ പ്രഭാവം കൊണ്ടുതന്നെയാണ് എന്ന്
വേണമെങ്കിൽ പറയാം വിവരസാങ്കേതിക വിദ്യയുടെ പുരോഗതി
കുതിച്ചുയർന്നപ്പോൾ വിവരങ്ങൾ പങ്കുവയ്ക്കാനും കൈമാറാനും ഇന്ന്

മനുഷ്യർക്ക് അനവധി മാർഗ്ഗങ്ങൾ ലഭ്യമാണ്., ഫെയ്‌സ് ബുക്ക്, വാട്സാപ്പ്,
യുട്യൂബ്, ട്വിറ്റെർ, ബ്ലോഗുകൾ തുടങ്ങിയവ അതിൽ പ്രധാനമാണ്.
മാർക്കറ്റ് റിസേർച്ച് കമ്പനിയായ നെൽസൺ നടത്തിയ പഠനത്തിൽ ലോക്
ഡൗൺ പ്രഖ്യാപിച്ചതോടെ സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തിൽ 87
ശതമാനം വർദ്ധനവ് ഉള്ളതായി പറയപ്പെടുന്നു. എടുത്തുപറയുകയാണെങ്കിൽ
ഇൻസ്റ്റാഗ്രാം 25 ശതമാനം, ടിക്‌ടോക് 72 ശതമാനം ഫെയ്‌സ്ബുക്ക് 70
ശതമാനം എന്നിങ്ങനെ വർദ്ധനവ് ഉണ്ടായി എന്ന് പഠനങ്ങൾ
വെളിപ്പെടുത്തുന്നു. ഹൌസ് പാർട്ടി ആപ്പ് ഈ ലോക് ഡൗൺ കാലത്ത്
ലോകം മുഴുവൻ രണ്ടു ദശലക്ഷം ആളുകൾ ലോകം എമ്പാടും
ഉപയോഗിയ്ച്ചു എന്നതും സാമൂഹ്യ മാധ്യമങ്ങളുടെ ലോക് ഡൗണുമായുള്ള
ബന്ധം എടുത്തു കാണിയ്ക്കുന്നതായി മാധ്യമങ്ങൾ വ്യക്തമാക്കി.
ഈ കാലഘട്ടത്തിൽ മാധ്യമങ്ങൾ പ്രധാനമായും ഇടപെട്ടത് ജനങ്ങളെ
ബോധവത്കരിയ്ക്കുന്നതിൽ ആണ്‌ എന്ന് തന്നെ പറയാം.
മഹാമാരിയെക്കുറിച്ചും, ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഇത്
ജനജീവിതത്തെ എങ്ങിനെ ബാധിച്ചു എന്ന് ജനങ്ങൾക്ക് മനസ്സിലാക്കാൻ
കഴിഞ്ഞത് സാമൂഹിക മാധ്യമങ്ങളിൽ കൂടിയാണ്. അതുപോലെത്തന്നെ ഈ
മഹാമാരിയെ എങ്ങിനെ ചെറുത്തുനിൽക്കാം, എങ്ങിനെ നേരിടാം തുടങ്ങിയ
ബോധവത്കരണം നടത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത് സമൂഹ
മാധ്യമങ്ങൾ തന്നെ. വീട്ടിൽ അടച്ചിരുന്നു കൊണ്ടുതന്നെ തനിയ്ക്ക് ചുറ്റിലും
എന്ത് സംഭവിയ്ക്കുന്നു എന്ന സ്ഥിതിവിശേഷങ്ങൾ ജനങ്ങളിൽ
എത്തിച്ചുകൊടുക്കാനും ഇവ പ്രത്യേകം ശ്രദ്ധചെലുത്തുന്നു.
പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ വീടിനുള്ളിൽ തന്നെ
അടച്ചിരിയ്ക്കുക എന്ന ഒരു സാഹചര്യം സാമൂഹിക മാധ്യമങ്ങളുടെ
പിറവിയ്ക്കു മുൻപുള്ള കാലഘട്ടത്തിൽ ആയിരുന്നെങ്കിൽ ജനത ഒരുപക്ഷെ
വീർപ്പുമുട്ടുമായിരുന്നു. കാരണം മനുഷ്യൻ സാമൂഹിക ജീവിയാണ്.
പരസ്പരം കാണാതെയും സംസാരിയ്ക്കാതെയും ഒത്തുചേരാതെയും

കൂട്ടിലടച്ച പക്ഷിയെപ്പോലെ തുടരുക ദുസ്സഹമാണ്. എന്നാൽ ഇന്ന്
വീട്ടിലിരുന്നും സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ ജനങ്ങൾ
പരസ്പരം കാണുന്നു, മുഖാമുഖം സംസാരിയ്ക്കുന്നു , സന്തോഷനിമിഷങ്ങൾ
പങ്കുവയ്ക്കുന്നു, സന്താപ നിമിഷങ്ങളിൽ സാന്ത്വനവുമായെത്തുന്നു. ദൂരം
ഇന്ന് ഒരു പ്രശ്നമല്ലാതായിരിയ്ക്കുന്നു.
ഗവൺമെന്റ് ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ പുറത്തിറങ്ങാതെ
ജോലിയ്ക്കുപോകാതെ എങ്ങിനെ സമയം ചിലവഴിയ്ക്കും എന്ന
ആശങ്കയിലായിരുന്നു ജനങ്ങൾ. എന്നാൽ ഒന്നുരണ്ടു ദിവസങ്ങൾ
പിന്നിട്ടപ്പോൾ ആ വെല്ലുവിളിയെയും നേരിടാൻ പുതിയ ആശങ്ങളുമായി
ജനങ്ങൾ ഉണർന്നു. ഒരുപക്ഷെ പുറത്തുപോകുന്നതിനേക്കാൾ
ജോലിയ്ക്കുപോകുന്നതിനേക്കാൾ തിരക്കിലാണ് ഇന്നവർ എന്ന് വേണമെങ്കിൽ
പറയാം. അതായത് സാഹചര്യങ്ങളെ തരണം ചെയ്യാൻ അവൻ
അവന്റേതായ നേരമ്പോക്കുകൾ കണ്ടെത്തിയിരിയ്ക്കുന്നു. സാഹിത്യത്തിൽ
അഭിരുചിയുള്ള വിഭാഗം പുതിയ സൃഷ്ടികൾക്ക് രൂപം നൽകുന്നു.
ചിത്രരചന ഇഷ്ടപ്പെടുന്നവർ അവരുടെ കലാരൂപങ്ങൾ കടലാസിൽ
പകർത്തുന്നു. പാട്ടു പാടാൻ ഇഷ്ടപ്പെടുന്നവർ നിറയെ പാട്ടുകൾ പാടി
റെക്കോഡ് ചെയ്യുന്നു. നൃത്തത്തിൽ താല്പര്യമുള്ളവർ നൃത്തം ചെയ്ത
വീഡിയോകൾ ഉണ്ടാക്കുന്നു. പാചകത്തിൽ താല്പര്യമുള്ളവർ പുതിയ രീതി
കണ്ടെത്തി പുതിയ വിഭവങ്ങളുടെ പാചകക്കുറിപ്പ് എഴുതിയും
വീഡിയോകൾ തയ്യാറാക്കുന്നു. മറ്റുചിലർ സമൂഹത്തെ കുടുകുടാ
ചിരിപ്പിയ്ക്കുന്ന കാർട്ടൂണുകൾ തയ്യാറാക്കുന്നു. തിരക്കുപിടിച്ച
ജീവിതത്തിന്റെ നെട്ടോട്ടത്തിൽ ഓരോരുത്തരിലും അന്തർലീനമായ
കഴിവുകൾ ഈ കാലഘട്ടത്തിൽ പുറത്തെടുത്തു. ഇത് സ്വയം
ആസ്വദിയ്ക്കുക മാത്രമല്ല എണ്ണമറ്റ ആസ്വാദകരിൽ എത്തിയ്ക്കാനും
കഴിഞ്ഞു എന്നുള്ളിടത്താണ് സാമൂഹിക മാധ്യമങ്ങൾ പ്രാധാന്യം കുറിച്ചത്.

കൊറോണയും അതിനോടനുബന്ധിച്ച ലോക് ഡൗണും രാജ്യത്ത് സാമ്പത്തിക
മാന്ദ്യം തീർച്ചയായും ഉണ്ടാക്കുമെന്ന് തയ്യാറെടുപ്പിലാണ് സമൂഹം
എന്നിരുന്നാലും ഈ ലോക് ഡൗൺ കാലഘട്ടത്തിലും പലരും കഴിയാവുന്നത്ര
വീട്ടിൽ ഇരുന്നുകൊണ്ട് ജോലിചെയ്യുന്നു എന്നതും സമൂഹമാധ്യമങ്ങളുടെ
സഹായം തന്നെയാണ്. ഇത് വളരെ ചെറിയതോതിൽ സാമ്പത്തിക
മാന്ദ്യത്തിൽ നിന്നും പല മേഖലകളെയും പിടിച്ചു നിർത്താൻ ഒരുപക്ഷെ
സഹായകമാക്കിയേക്കാം. വാണിജ്യ വ്യവസായ ചർച്ചകൾ, മുഖാമുഖമ
സംസാരിച്ചുള്ള തീരുമാനങ്ങൾ കരാറുകൾ എന്നിവ ഒരു പരിധിവരെ
സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ നടക്കുന്നുണ്ട്. അതു കൂടാതെ
അത്യാവശ്യമായ രേഖകൾ, കടലാസുകൾ കൈമാറുന്നതിനും ഇവ
സഹായകമായി.
സമൂഹമാധ്യമങ്ങളെ പോലെത്തന്നെ ഡിജിറ്റൽ മാധ്യമങ്ങൾക്കും ഈ ലോക്
ഡൗൺ കാലഘട്ടം വളരെ പ്രാധാന്യം അർഹിയ്ക്കുന്നു. മരുന്നുകൾ, മറ്റു
പല അത്യാവശ്യ സാധങ്ങളുടെ ഓൺലൈൻ ലഭ്യത, വീട്ടിലിരുന്നും
സാമ്പത്തിക ഇടപാടുകൾ നടത്താനുള്ള സംവിധാനം എന്നിവ ഈ
കാലഘട്ടത്തിൽ ജന ജീവിതത്തിന് ഒരു അനുഗ്രഹം തന്നെയായി.

എന്നാൽ ഇത്തരം ഒരു സാഹചര്യത്തിൽ ഓർത്തിരിയ്‌ക്കേണ്ട ഒരു പ്രധാന
കാര്യം സമൂഹ മാധ്യമങ്ങൾ ഗുണകരമായ കാര്യങ്ങൾക്കായിരിയ്ക്കേ ഇത്
സമൂഹത്തിൽ ദ്രോഹമായി ദുരുപയോഗപ്പെടുത്തുന്നു എന്നതാണ്. ഇന്നത്തെ
കാലഘട്ടത്തിൽ ഒരു മനുഷ്യന്റെ നിത്യജീവിതം പാസ്സ്‌വേർഡുകളാലും ഒ ടി
പികളാലും സംരക്ഷിയ്ക്കപ്പെടുന്നു. എന്നാൽ ഈ പാസ്സ്‌വേർഡുകളും ഒ ടി
പിയും തന്നെ മനുഷ്യന്റെ സ്വകാര്യതകൾ വെളിപ്പെടുത്തി
സാമ്പത്തികമായും മറ്റു തലങ്ങളിലും ഭീഷണിയാകുന്നു.
ഒരു കാലത്ത് വർത്തമാനപത്രങ്ങളും, റേഡിയോവും , ടെലഫോണുകളും
നൽകിയിരുന്ന വാർത്തകളേക്കാൾ കൂടുതൽ സമൂഹത്തിന്റെ ഓരോ

നിശ്വാസവും മനസ്സിലാക്കാൻ ഒരാൾക്ക് ഉള്ളം കയ്യിൽ ഒതുങ്ങുന്ന ഒരു
ഫോൺ മതി. എന്നാൽ ഈ വിവരങ്ങളിൽ എത്രമാത്രം വിശ്വസനീയത ഉണ്ട്
എന്ന് മനസ്സിലാക്കാൻ പ്രയാസമാണെന്ന് മാത്രമല്ല, തെറ്റായ ഒരു
വാർത്തയാണെങ്കിലും അത് കാട്ടുതീ പോലെ സമൂഹത്തിൽ പടരുന്നു.
അതുമല്ല നല്ല വാർത്തകൾ പരത്തുന്നതിനേക്കാളും, മോശവും
പൈശാചികവുമായ വാർത്തകൾ പരത്തുവാൻ ഉള്ള പ്രവണത ഇവിടെ
കൂടുതലായി കാണാൻ കഴിയുന്നു. അതുകൊണ്ട് തന്നെ സമൂഹ
മാധ്യമങ്ങളിലൂടെ ലഭ്യമാകുന്ന വിവരങ്ങൾ സമൂഹത്തിൽ നന്മയെക്കാൾ
തിന്മ വിതയ്ക്കുന്നതിൽ പങ്കാളിത്തം വഹിയ്ക്കുന്നു.

എന്നതുപോലെത്തന്നെ വ്യക്തിബന്ധങ്ങളിലും സമൂഹ മാധ്യമങ്ങൾ
വളരെയധികം സ്വാധീനം ചെലുത്തിയിരിയ്ക്കുന്നു. ലോകത്തിന്റെ ഏതു
മൂലയിലുള്ള വ്യക്തികളുമായി കണ്ടും കേട്ടും ബന്ധങ്ങൾ നിലനിർത്താൻ
ഇതിലൂടെ ഇന്ന് നിഷ്പ്രയാസം സാധിയ്ക്കുന്നു. ഒരുപക്ഷെ നേരിൽ
കാണുന്നതിലും ആശയവിനിമയം നടത്തുന്നതിന് ജനങ്ങൾക്ക് സൗകര്യപ്രദം
സമൂഹ മാധ്യമങ്ങളിൽ കൂടിയാകാം. ഈ കാലഘട്ടത്തിൽ ജീവിതത്തിൽ
എന്നോ കണ്ടുമറന്നരെപ്പോലും ഫേയ്ബുക്കിലൂടെ കണ്ടെത്താൻ കഴിയുന്നു.
അതുമല്ലാതെ ഈ മാധ്യമത്തിലൂടെ ഒരു വ്യക്തി കണ്ടുമുട്ടാത്തവരുമായി
ഉണ്ടാക്കപ്പെടുന്ന ബന്ധങ്ങൾ നിരവധിയാണ്, ഇങ്ങനെ ഫെയ്‌സ്
ബുക്കിലൂടെ കണ്ടുമുട്ടുന്ന അപരിചിതരുമായുള്ള അമിത ചങ്ങാത്തങ്ങളിൽ
പലപ്പോഴും അപകടങ്ങൾ പതിയിരിയ്ക്കുന്നു. ദിനംപ്രതി
വാർത്താമാധ്യമങ്ങളിൽ കാണുന്ന നിരവധി വാർത്തകൾ ഇത്തരം
കെണികളിൽ അകപ്പെടുന്ന ഇരകളുടേതാണ്. വിപത്തുകൾക്ക് ആദ്യം
ഇരയാകുന്നത് സ്ത്രീകളും കുട്ടികളും തന്നെ. യുവതികളുടെയും,
വീട്ടമ്മമാരുടെയും സമൂഹത്തിൽ നിന്നുള്ള തിരോദ്ധാനം, നടുറോഡിൽ
ആസിഡ് പ്രയോഗം, പല സ്ഥലങ്ങളിലും കാണപ്പെടുന്ന യുവാക്കളുടെ
അജ്ഞാത ജഢം, അകാരണമായ ആത്മഹത്യകൾ, വിഷാദരോഗം എന്നിവ

സമൂഹമാധ്യമങ്ങളുടെ അറിയപ്പെടാത്ത അടിയൊഴുക്കുകളുടെ ദൂഷ്യ
ഫലങ്ങളാണ്.

കുട്ടികളിൽ സാമൂഹ്യ മാധ്യമങ്ങൾ ഉണ്ടാക്കുന്ന ദൂഷ്യപ്രഭാവവും
നിരവധിയാണ്. അവരുടെ നിഷ്ക്കളങ്ക നയനങ്ങൾക്ക് മുന്നിൽ
ബലാൽസംഗവും, കൊലപാതകവും, അങ്ങനെ അക്രമപരമായ ദൃശ്യങ്ങൾ
തെളിയുന്നു. അവരുടെ വളർച്ചയിൽ അത്തരം കാഴ്ച്ചകൾ വലിയ പങ്കു
വഹിക്കുന്നുണ്ട്. അക്രമ രംഗങ്ങളും അശ്ളീല രംഗങ്ങളുമുള്ള സിനിമകൾക്ക്
സെൻസർ ഏർപ്പെടുത്തിയിരിക്കുന്നപോലെ ഇത്തരം സൈറ്റുകൾക്ക് ഒരു
മതിയായ നിയന്ത്രണം ഇല്ലാത്തതുകൊണ്ട് മുതിർന്നവരെയും
അക്രമസക്തരാക്കാൻ പ്രേരിപ്പിക്കുന്നു.

എല്ലാവരും ഒരുമിച്ച് കൂടുന്ന ഒരു സമൂഹമില്ലായെന്നുള്ളതാണ് ഈ
കാലഘട്ടത്തിന്റെ പോരായ്മ. ബന്ധങ്ങൾ ഉണ്ടാകുന്നതും അവ
ഉറപ്പിക്കപ്പെടുന്നതും വിരൽത്തുമ്പുകളിലൂടെയാണ്. മുത്തശ്ശിയെ
കാണാനെത്തുന്ന ഒരു കൂട്ടം പേരക്കിടാങ്ങൾ മുത്തശ്ശിയെ ശ്രദ്ധിക്കാതെ
അവരവരുടെ ഫോണിൽ കുത്തി നിശ്ശബ്ദരായിരിക്കുന്നത് സമൂഹമാധ്യങ്ങളിൽ
പ്രചരിച്ചിരുന്ന ഒരു വാർത്തായായിരുന്നു.
ആശയവിനിമയ രംഗത്ത് , വാണിജ്യ രംഗത്ത്, സാമ്പത്തിക രംഗത്ത്
വിദ്യാഭ്യാസ രംഗത്ത്, മത രാഷ്ട്രീയ-സാംസ്കാരിക രംഗത്ത്,
വ്യക്തിബന്ധങ്ങളുടെ നിലനില്പിൽ, കുടുംബജീവിതത്തിൽ എല്ലാം
പ്രത്യക്ഷമായും, പരോക്ഷമായും സമൂഹമാധ്യമങ്ങൾ നമ്മെ
പിടിയുറപ്പിച്ചു കഴിഞ്ഞു.

സമൂഹമാധ്യമങ്ങളുടെ ആവിർഭാവം തീർച്ചയായും സമൂഹത്തിന്റെ നന്മ
എന്ന ഉദ്ദേശത്തോടെ മാത്രമാണ്. എന്നാൽ അതിനെ ദുരുപയോഗം
ചെയ്യുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം സമൂഹത്തിന്റെ മാത്രമാകുന്നു.

Share :