Archives / june 2020

ആശ അഭിലാഷ് 
വായനാദിന കവിത... ചുവന്നമഷി....

വായനശാല തൻ ഒളിയിടങ്ങളിൽ ചിതലിൻ്റെ ചിത്രക്കൂട്ടാകും ഏടുകൾ..!
തൂലിക പൊടിഞ്ഞൊരു മൂകസാക്ഷി...
കണ്ണട ഒടിഞ്ഞൊരു ദു:ഖജ്വാല...
അക്ഷരക്കൂട്ടിലെ കിളികൾ തൻ കണ്ഠത്തിൽ ചുവന്ന തുപ്പൽ!!
പുസ്തകത്തട്ടിൽ പരതുന്ന വിരലുകൾ തടഞ്ഞത് നീറിൻ ചിന്തകൾ....
രാവുറക്കത്തിൻ യാമകൂപങ്ങളിൽ മഞ്ഞിൻ പുതപ്പിൽ ഒരു തിരി നാളത്തിൻ ഭാവനയാൽ നീറിപ്പിടഞ്ഞ ഇരുട്ട് പ്രസവിച്ച ചിന്തകൾ!
കാലപ്പഴക്കത്തിൻ കുതിരയോട്ടത്തിൽ ചവിട്ടി മെതിച്ചു പോയ് ചുവന്ന പൂക്കളെ.....
വാകച്ചോട്ടിൽ ചതഞ്ഞുപടർന്നത് ഹൃദയരക്തപ്പൂക്കൾ..
പുകയുന്ന ചുണ്ടിൽ കിനിയുന്ന മദ്യം
ലഹരി പിടിപ്പിക്കും അക്ഷരച്ചാർത്ത്!!
മറന്നു വച്ചത് തലമുറകൾ തൻ ചോരയിൽ നിന്നൂറ്റിയ അക്ഷരത്തരികൾ!
നിലാവൊപ്പ് പതിഞ്ഞ ഗ്രന്ഥങ്ങൾ..
ഏടുകൾ ചിതറിച്ച് ഭ്രാന്തിയെപ്പോലെ തെരുവിൽ അലയുന്ന സാക്ഷ്യം!
ഈ ശോണിതത്തിൻ കുളിർമ്മ ഞാനിന്നെൻ്റെ
ഹൃദയവായനശാല തൻ അറകളിൽ പതിക്കുന്നു..
ഇറ്റിറ്റു വീഴുന്ന സാഹിത്യ തുള്ളികൾ.. വാകപൂവിതളിൻ പരവതാനിയായ്....!

   

Share :