Archives / july 2021

ഷുക്കൂർ ഉഗ്രപുരം
ഈ- സ്‌കൂൾ

ഓൺലൈൻ ക്ലാസ്സ് തുടങ്ങിയത് മുതൽ കിറ്റു വളരെ
സജീവമാണ്. രാവിലെ കുളിയും കുറിയുമൊക്കെ കഴിഞ്ഞ് അവൻ ടി വിക്ക്
മുന്നിലിരിക്കും. ക്ലാസ്സ് കഴിയുന്നത് വരെ ശ്രദ്ധയോടെ കേൾക്കും, നോട്സൊക്കെ
കൃത്യമായി എഴുതിയെടുക്കും. എട്ട്-ബി ക്ലാസ്സിലെ ലീഡറാണവൻ. ഒന്നാം ക്ലാസുമുതൽ
ഇത് വരെ അവൻ ഒന്നാം സ്ഥാനം ആർക്കും വിട്ടുനൽകിയിട്ടില്ല. ആദർശവാദിയായ
പഞ്ചായത്ത് സെക്രട്ടറിയാണ് അവൻറെ അച്ഛൻ. അത് കൊണ്ടാണ് ഗവൺമെൻറ്
സ്‌കൂളിൽ മലയാളം മീഡിയത്തിൽ തന്നെ അവനെ ചേർത്തിയത്. ലാംഗ്വേജ് ക്ലാസ്
തുടങ്ങിയത് മുതൽ എട്ടിൻറെ പണിയാണ് അവൻറെ മാതാപിതാക്കൾക്ക് കിട്ടിയത്.
ഇംഗ്ലീഷ് ക്ലാസ് മുഴുവൻ ഇംഗ്ലീഷിൽ ഹിന്ദി ക്ലാസ് മുഴുവൻ ഹിന്ദിയിൽ അറബി ക്ലാസ്സ്
മുഴുവൻ അറബിയിൽ. കിറ്റുവിന് കാര്യമായൊന്നും മനസ്സിലാകുന്നില്ല, അവൻ ആകെ
നിരാശയിലായി. അച്ഛനേയും അമ്മയേയും കാര്യം ബോധിപ്പിച്ചു. അവരും
സങ്കടത്തിലായി. ഓഫീസ് ഫയലുകളുടെ തിരക്കിനിടയിൽ കിറ്റുവിൻറെ ഇ - സ്കൂൾ
ഭാഷാപഠനത്തിനും കൂടെ രക്ഷിതാക്കൾ കൂടുതൽ സമയം കണ്ടെത്തേണ്ടതായി വന്നു.
പലപ്പോഴും അത് വലിയ സ്‌ട്രസ്സിന് കാരണമായി. അവസാനം അയൽവാസി
മാധവേട്ടനുമായി കൂടിയാലോചിച്ച് ഒരു പരിഹാരം കണ്ടെത്തി. ഭാഷാ പഠനത്തിനും
വേണ്ടി ബഹു കേമന്മാരായ മൂന്ന് അധ്യാപകരെ ട്യൂഷന് വേണ്ടി ഏർപ്പാട് ചെയ്തു.
ഹിന്ദി ഭാഷക്ക് വായനശാലയുടെ സെക്രട്ടറി ബാബുവിനെ
ഏർപ്പാട് ചെയ്തു. ഒമ്പതാം ക്ലാസ്സിൽ നിന്നും ഹിന്ദി പാഠപുസ്തകത്തിലെ
കബീർദാസിൻറെ കവിതയുടെ ‘ബാബാർത്ഥ്’ പഠിക്കാത്തതിന് സ്കൂളിൽ നിന്നും
തല്ലിപ്പുറത്താക്കിയതാണ് ബാബുവിനെ. പിന്നീട് പഠനം നിർത്തി അവൻ നാട് വിട്ടു,
മുംബൈയിലേക്ക് കള്ളവണ്ടി കയറി. അവിടെ ഒരു ഹോട്ടലിൽ വർഷങ്ങളോളം ജോലി
ചെയ്തു. ആയിടക്ക് ഹിന്ദി സാഹിത്യത്തിൽ അവൻ തൻറെ വ്യക്തിമുദ്ര പതിപ്പിച്ചു.
ഹിന്ദി പത്രങ്ങളിലും ആനുകാലികങ്ങളിലും കവിതയും ലേഖനങ്ങളും
നിരൂപണങ്ങളും അവൻ സ്ഥിരമായി എഴുതിക്കൊണ്ടിരുന്നു. ഔദ്യോഗിക
വിദ്യാഭ്യാസം ഒൻപതാം ക്ലാസ്സാണെങ്കിലും ഒരു ഹിന്ദി പ്രഫസർക്കുള്ള
വിജ്ഞാനത്തിലധികം അവനുണ്ട്!

ഇംഗ്ലീഷ് പഠിപ്പിക്കാനേൽപ്പിച്ചത് നാട്ടിലെ ആർട്സ് ക്ലബ്
പ്രസിഡണ്ട് ഷാജിയെയാണ്. കക്ഷി പത്താം ക്ലാസിൽ സെക്കൻറ് ക്ലാസ്സ്
മാർക്കുണ്ടായിട്ടും കണക്ക് പരീക്ഷയിൽ തോറ്റു പോയതാണ്. അന്ന് ഇന്നത്തെ പോലെ
‘സേ പരീക്ഷ’യൊന്നുമില്ല. പിന്നീട് ഫീസടച്ച് പഠിച്ച് പരീക്ഷയെഴുതാൻ പണമില്ലാഞ്ഞിട്ട്
പഠനം നിർത്തി കോവളം ബീച്ചിലും കന്യാകുമാരിയിലുമൊക്കെ വർഷങ്ങളോളം
കടലയും ഐസ്ക്രീമും വിറ്റ് നടക്കുകയായിരുന്നു. അവിടെ വരുന്ന
ഇംഗ്ലീഷുകാരോടൊക്കെ നല്ല സുഹൃത് ബന്ധത്തിലായിരുന്നു ഷാജി. പലപ്പോഴും
അവരുടെ തർജ്ജമക്കാരനായും അവൻ പ്രവർത്തിച്ചിട്ടുണ്ട്. മുൻപ് ജോഹൻ
ആൻഡ്രുസ് എന്ന സഞ്ചാര സാഹിത്യകാരൻ കേരളം മുഴുവൻ ചുറ്റിത്തിരിഞ്ഞ്
വിവരങ്ങൾ ശേഖരിക്കാൻ വന്നപ്പോൾ ഷാജിയായിരുന്നു തർജ്ജമക്കാരനായി സേവനം
ചെയ്തിരുന്നത്.
അറബി പഠിപ്പിക്കാനായി റീഡേഴ്സ് ഫോറം സെക്രട്ടറിയും
അയൽവാസിയുമായ മോനുവിനെയാണ് ഏർപ്പാടാക്കിയത്. പത്താം ക്ലാസ്സാണ്
അവൻറെ യോഗ്യത. വീട്ടിലെ പ്രാരാപ്തo കാരണം പ്ലസ് ടു വിന് ചേരാതെ നേരെ
ഗൾഫിലേക്ക് പോവാൻ പാസ്പോർട്ടെടുക്കാനായിരുന്നു അവൻറെ വിധി. കുറച്ച്
കാലം നാട്ടുദർസിൽ ഓതാൻ പോയിരുന്നു അവൻ, ബാപ്പ മരിച്ചതിന് ശേഷം നാല്
പെങ്ങന്മാരെ കെട്ടിച്ചയച്ചതും വീട് നന്നാക്കിയതും ഷാർജയിലെ കടയിൽ ജോലി
ചെയ്താണ്. വെള്ളിയാഴ്ചകളിൽ അവിടുത്തെ മലയാളി കൂട്ടായ്മയിൽ
സംഘടിപ്പിച്ചിരുന്ന സാഹിത്യ മത്സരങ്ങളിൽ ഒരുപാട് തവണ അവൻ
കലാപ്രതിഭയായിട്ടുണ്ട്. ഉറൂബിനെ കുറിച്ചും എസ് കെ പൊറ്റക്കാടിനെ കുറിച്ചും
അവനെഴുതിയ അറബി പുസ്തകങ്ങൾ പ്രകാശനം ചെയ്തത് ഷാർജ അന്താരാഷ്‌ട്ര
പുസ്തക മേളയിൽ അവിടുത്തെ ശൈഖ് ആയിരുന്നു.
രണ്ടാഴ്ച്ച കഴിഞ്ഞപ്പോഴേക്കും കിറ്റു ലാംഗ്വേജിൽ പുപ്പുലിയായി.
മാതാപിതാക്കളോടൊപ്പം അവൻ ഡൈനിംഗ് ടേബിളിലിരുന്ന് ഞായറാഴ്ച്ച സമ്പൂർണ്ണ
ലോക്ക് ഡൗണിൻറെ തണുത്ത മഴയിൽ പ്രാതൽ കഴിക്കുമ്പോൾ ചോദിച്ചു, -‘’അമ്മയും
അച്ഛനും ഏത് വരെയാ പഠിച്ചത്’’ ?
അച്ഛൻ പറഞ്ഞു- ; ഞങ്ങൾ പോസ്റ്റ് ഗ്രാജ്വേഷൻ വരെ പഠിച്ചു
‘’എന്നിട്ടും എന്താ എൻറെ ട്യൂഷൻ മാഷന്മാരെ പോലെയുള്ള വിജ്ഞാനം
നിങ്ങൾക്കില്ലാതെ പോയത്’’ - കിറ്റു ചോദിച്ചു.
പുറത്തേ ഇടിമിന്നൽ അച്ഛൻറെ നെഞ്ചിലേക്ക് ഒരു നിമിഷം കയറി ഇരുന്നത് പോലെ
തോന്നി, മൗനത്തിന് ശേഷം അച്ഛൻ അവനോട് പറഞ്ഞു - അവർ പഠിച്ചത്

ജീവിതമെന്ന അറിവിൻറെ പാഠശാലയിൽ നിന്നാണ്, പൊള്ളുന്ന അനുഭവ
യാഥാർഥ്യങ്ങളാണ് അവരെ വഴി നടത്തിയത്, എന്നെയും അമ്മയെയും വഴി
നടത്തിയത് മാർക്കും സെർട്ടിഫിക്കറ്റും മാത്രമാണ്…

Share :