Archives / june 2020

നിബിൻ കള്ളിക്കാട്
ഭ്രൂണബലി

ആദിതാളത്തിന്റെ
വേരാഴ്ന്നിറങ്ങിയ
അവിഹിത ഗർഭങ്ങളിൽ..
നീളുന്നൊരായുധ മുനയിൽ
ചൂഴ്ന്നെറിയുന്ന ഭ്രൂണത്തിൻ
അവസാന ഞെരുക്കങ്ങളിൽ...
മൃത്യുവിൻ കൈകളിൽ
നോവറിയാതെ മുറിച്ചിടും
പൊക്കിൾകൊടി തുമ്പുകളിൽ..
നീലരാത്രിതൻ സുഖത്തിന്റെ
പാപത്തിൻ നീളുന്ന
കുമ്പസാരങ്ങളിൽ .....
അപമാന വിഷം കുടിച്ചൊടുങ്ങി
നീറി തുടുത്തൊരു
രാത്രിയുടെ യാമങ്ങളിൽ ...
മന്ദസ്മിതത്താൽ തലോടി
പിഴുതെറിയും നവ
ശാസ്ത്ര സത്യങ്ങളിൽ ....
മിഴിനീർ നഗ്നതയുറഞ്ഞാടും
പേക്കിനാവിൻ അവസാന
ശ്വാസത്തിനിടർച്ചകളിൽ ...
അവസാന വേരും അടർത്തി
മാറ്റും ഗർഭപാത്രത്തിൻ
അബോധ തുടിപ്പുകളിൽ ..
തെറ്റിന്റെ ജീവനെടുക്കുവാൻ
വെമ്പുന്ന ബന്ധനത്തിൻ
നേർ ബന്ധങ്ങളിൽ....
ജനിമൃതികൾക്കിടയിലെ
ജന്മനക്ഷത്രമറിയാത്ത
പ്രാണൻ പിടയ്ക്കുമാ
ഭ്രൂണബലികളേ നോക്കി,
മഹാത്ഭുതം കണ്ടില്ല ഞാൻ
ആണ്ടുബലി കളത്തിൽ
പിണ്ഡ വറ്റിൻ കണങ്ങളും..
ആണ്ടുനേർച്ചതൻ

പ്രാർത്ഥനകൾക്കായ്
വിരിച്ചൊരീ പായയും..
തെളിച്ചില്ലൊരാ ഉയിരിൻ
ആത്മശാന്തിമന്ത്രത്തിൻ
മെഴുകുതിരി നാളവും ....

Share :