Archives / june 2020

  സുഷമ.കെ.ജി
കൂട്.....

 

എവിടേയ്ക്കു പറന്നു പോകിലും
തിരിച്ചെന്റെ ഹൃദയച്ചില്ലകളിലേക്കുതന്നെ
നീ എത്തുമെന്ന് ഞാനറിയുന്നു
അവിടെയാണല്ലോ സ്നേഹത്തിന്റെ പശിമ
പുരട്ടി കരുതലാലും,പാരസ്പര്യത്താലും ചിന്തേരിട്ട
പ്രണയത്തിൻ്റെ പലവർണ്ണനാരുകളാൽ
നമ്മൾ കൂടൊരുക്കിയിരിക്കുന്നത്..
  നെഞ്ചിലുറക്കി കിടത്തിയിരിക്കുന്ന
താരാട്ടുപാട്ടുകൾ പാടി നമ്മുടെ
സ്വപ്ന കുഞ്ഞുങ്ങളെ നീ തൊട്ടിലാട്ടുമ്പോൾ
നിന്നോടു ചേർന്നിരുന്ന് ആ മിഴികളിൽ പൂക്കുന്ന സ്നേഹ പൂക്കളിലെനിക്കുമ്മ വയ്ക്കണം....
രാവേറുമ്പോൾ നിശ നിലാവു
പുതച്ച്
നിദ്ര കൊള്ളുമ്പോൾ ....
മലഞ്ചരുവുകളിൽ മഞ്ഞു വീണു പുൽനാമ്പുകൾക്ക് കുളിരുമ്പോൾ..
കുതിച്ചൊഴുകുന്ന കാട്ടരുവി കിതപ്പോടെ,
കാത്തിരിക്കുന്ന നദിയിൽ ചേർന്നലിയുമ്പോൾ
താഴ്‌വാരങ്ങളിലെ മുളങ്കാടുകൾ ഒന്നാകെ പൂത്തുലയുന്നു...
സോമലേഖ പോലുമൊരു മാത്ര മേഘച്ചേലയിൽ മുഖംമറയ്ക്കുന്നു..
രാവു വെളുക്കും മുൻപ് നീ തിരികെ
പോകുമ്പോൾ നമ്മുടെ സ്വപ്ന കുഞ്ഞുങ്ങളെ മാറോടണച്ചു ഞാൻ
നിൻ്റെ സ്നേഹപുതപ്പിൻകീഴെ മയക്കത്തിലാഴുന്നു....
നീ തിരികെ വരുവോളം......!
                

Share :