
കൊവിഡ് കുഞ്ഞൻ കൊലയാളി : കൂട്ടു കൂടരുത്
ലോകമിന്ന് ഒരു പരമാണുവിൻ്റെ മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്നും 2019 ൽ മാനവരാശിയെ ആശങ്കപ്പെടുത്തി കൊണ്ട് വരവറിയിച്ച നോവൽ കൊറോണ വൈറസ് ഇന്ന് ലോകത്തെ 80 ലക്ഷത്തോളം പേരിൽ ബാധിച്ചു കഴിഞ്ഞു. നാലര ലക്ഷത്തോളം പേർ മരിച്ചു. ഇന്ത്യയിൽ മൂന്നു ലക്ഷത്തോളം പേർ കൊവിഡ് രോഗബാധിതരായി. 9000 ത്തോളം പേർ ഇതിനകം മരിച്ചു. കേരളത്തിൽ 20 പേർ മരിച്ചു.
ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളും അതിൻ്റെ ദുരന്തങ്ങളും ലോക ജനതയ്ക്കു മുന്നിൽ ചരിത്ര പുസ്തകങ്ങളായുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ദൃക്സാക്ഷികളും ഇന്നീ ലോകത്ത് ജീവിച്ചിരുപ്പുണ്ട്. എന്നാൽ കൊറോണ വൈറസ് വ്യാപനത്തിൻ്റെ ഭീതിക്കു സമാനമായ ഒരു മഹാമാരിയെ കുറിച്ച് ചർച്ച ചെയ്യാൻ ആരേലും ഈ ഭൂമുഖത്ത് ജീവിച്ചിരുപ്പുണ്ടാവുമോ ?
മഹാമാരി ആദ്യത്തേതല്ല. പ്ലേഗും വസൂരിയും സാർസും തുടങ്ങിയ മഹാമാരികൾ വന്നിട്ടുണ്ട്. അതിൻ്റെ കെടുതികൾ ലോകം അനുഭവിച്ചിട്ടുണ്ട്. പക്ഷെ, ആരോഗ്യം, സാമ്പത്തികം, വിദ്യാഭ്യാസം, എല്ലാ മേഖലകളെയും തകർത്തു കൊണ്ട് ലോകത്തെ 7 മാസത്തോളമായി ചക്രശ്വാസം വലിപ്പിക്കുന്ന ഒരു ദുർഘട ഘട്ടം ഇതിനു മുമ്പ് ഉണ്ടായി കാണുമോ ? പറഞ്ഞു വന്നത് ഒരു ലോകമഹായുദ്ധത്തിൻ്റെ പ്രതീതിയിൽ എത്തപ്പെട്ട സാഹചര്യം ബോധ്യപ്പെടുത്താനാണ്.
ഒരു യുദ്ധം ഉണ്ടായാൽ അമ്പും വില്ലും തുടങ്ങി തീതുപ്പുന്ന യന്ത്രത്തോക്കുകളും മിസൈലുകളും കഴിഞ്ഞ് പുതിയ സംവിധാനത്തിലേക്ക് ലോകം കടക്കുമ്പോഴാണ് കൊവിഡ് എന്ന കുഞ്ഞു ഭീകരൻ രംഗം കൈയടക്കിയത്. നഗ്നനേത്രം കൊണ്ട് കാണാൻ കഴിയാത്ത നോവൽ കൊറോണ വൈറസിലെ അടുത്ത സീരിയസിൽപ്പെട്ട കൊവിഡ് 19 മാനവരാശിക്ക് ഭീഷണിയായി കടന്നു വന്നത്. ജാതിയോ, മതമോ, രാഷ്ട്രീയമോ എന്നില്ലാതെ പ്രജാപതി യോ പ്രജയോ എന്നു നോക്കാതെ, അടിമയോ ഉടമയോ എന്ന വേർതിരിവില്ലാതെ, പണമുള്ളവനോ പണമില്ലാത്തവൻ എന്നോ അതിർവരമ്പില്ലാതെ കൊവിഡ് കടന്നു കൂടാൻ ശ്രമിക്കും. അതിനെ പ്രതിരോധിക്കാൻ ജാഗ്രതയാണ് വേണ്ടത്.
അപായമുണ്ടാവാതിരിക്കാൻ അവനവൻ ശ്രദ്ധിക്കുക എന്നതല്ലാതെ ഇതിനു മുന്നിൽ മറ്റൊരു ഉപായമില്ല. ഓരോ വ്യക്തികളും പടയാളിയാകുക എന്ന വഴിയിൽ കാലാൾപ്പട നയിക്കുന്ന ഒരു യുദ്ധമാണിത്. ജാഗ്രത കൈവിട്ടാൽ ഗുരുതരമാകുന്ന സ്ഥിതിയാണ് ലോകത്തിനും ഇന്ത്യയ്ക്കും കേരളത്തിനുമുള്ളത്.
ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഓരോരുത്തരും നെഞ്ചത്ത് കൈ വച്ച് പരിശോധിക്കണം. ജനങ്ങൾ പശിയടക്കാൻ വരുമാനം കണ്ടെത്താൻ ഒരോ തൊഴിൽ സ്വീകരിച്ചിട്ടുള്ളവരാണ്. തൊഴിലിൻ്റെ ഭാഗമായി വീടുവിട്ടു പുറത്തു പോകേണ്ടി വരും. അതു സ്വാഭാവികം. എന്നാൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ശ്രദ്ധാലുവാണോ എന്നിടത്താണ് നമ്മുടെ പരിശോധന വേണ്ടത്.
മാസ്ക് ധരിക്കുക, കൈ സോപ്പിട്ട് കഴുകുക, സാനിട്ടൈസർ ഉപയോഗിക്കുക തുടങ്ങി കാര്യങ്ങളിൽ വീഴ്ച വരുത്താൻ പാടില്ല. മാസ്ക് ധരിക്കുമ്പോൾ അത് കീഴ്ത്താടി മറച്ചു നടക്കാനല്ലെന്നറിയുക. വായും മൂക്കും മറച്ചു നടക്കാനാണ്. മറ്റുള്ളവരുമായി സംസാരിക്കുമ്പോഴും മറ്റുള്ളവർക്കൊപ്പം നിൽക്കുമ്പോഴും ശരിയായ വിധം മാസ്ക് ധരിക്കേണ്ടത്. സാനിട്ടൈസറിൽ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കുന്ന അളവിൽ ആൽക്കഹോൾ ഉണ്ടെങ്കിലെ അതുപയോഗിച്ചാൽ കൊവിഡ് പ്രതിരോധമാകുകയുള്ളു. സോപ്പാണ് ഉത്തമം.
വീടിനു പുറത്തിറങ്ങുന്നവർ സാമൂഹിക അകലം പാലിക്കണം എന്നത് പലയിടത്തും ശ്രദ്ധിക്കുന്നുണ്ടോ ? കാര്യങ്ങളൊക്കെ പഴയ പടിയായി തുടങ്ങിയോ ? ഇതു വെറും ചോദ്യങ്ങളല്ല.
എല്ലാവർക്കും അറിവുള്ള ഒരു കാര്യമുണ്ട്. കൊവിഡ് 19 ന് ഇതുവരെ വാക്സിൻ കണ്ടെത്തിയിട്ടില്ല. വളരെ പെട്ടെന്ന് വാക്സിൻ കണ്ടെത്താൻ കഴിയുന്ന ഒന്നല്ല. അതല്ല, വാക്സിൻ കണ്ടെത്തിയാലും പല പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കഴിഞ്ഞെ ഉപയോഗിച്ചു തുടങ്ങുകയുള്ളു. എന്തിനു പറയുന്നു, കൊവിഡ് 19 ൻ്റെ ടെസ്റ്റിനുള്ള കിറ്റ് തന്നെ ദുർലഭമാണ്. ഒരാൾക്ക് കൊവിഡ് ഉണ്ടോ എന്ന് സ്ഥിരീകരിക്കാനും കൊവിഡ് വിമുക്തനാണോ എന്ന് സ്ഥിരീകരിക്കാനുമുള്ള ടെസ്റ്റിനു തന്നെ ലോകം ബുദ്ധിമുട്ടുകയാണ്. കാരണം കൊറോണ വ്യാപനം ഒരു പ്രദേശത്തോ, ഒരു സംസ്ഥാനത്തോ, അതല്ല ഒരു രാജ്യത്തോ മാത്രമല്ല എന്നുള്ളിടത്താണ് ഇതിൻ്റെ ഗൗരവം വർദ്ധിക്കേണ്ടത്.
രോഗബാധിതരുടെ എണ്ണം കൂടിയാൽ ആകെ കുഴയും. ഐസലോഷൻ വാർഡുകൾ പരിമിതമാകും. ഓക്സിജൻ സിലിണ്ടറുകൾക്ക് ക്ഷാമം ഉണ്ടാകും. ആരോഗ്യ പ്രവർത്തകർ വളരെ ബുദ്ധിമുട്ടിലാകും. ആശുപത്രികളിൽ മറ്റു രോഗികൾക്ക് എത്താനാകാതെ ആവും.
കേരളീയർ ഓരോ ചുവടും ശ്രദ്ധിച്ചു മുന്നോട്ടു പോകേണ്ടതുണ്ട്. 600 കിലോമീറ്റർ നീളവും 100 കിലോമീറ്റർ വീതിയുമുള്ള കൊച്ചു സംസ്ഥാനം. ജനസാന്ദ്രത കൂടിയയിടം. പച്ചക്കറിയും അരിയും തുടങ്ങിയ ഭക്ഷ്യ വിഭവങ്ങളും അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തണം. വ്യക്തമായി പറഞ്ഞാൽ ഉപഭോക്തൃ സംസ്ഥാനം .ജീവിത ശൈലീ രോഗങ്ങൾ കൂടുതലുള്ളവരുടെ നാടു കൂടിയാണ് കേരളം.25 ലക്ഷത്തോളം ആളുകൾ ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും തൊഴിലുള്ളവർ. പoനത്തിനും കേരളത്തിനു പുറത്തു പോയ ലക്ഷങ്ങളുണ്ട്. കൊവിഡ് കാലത്ത് ഇതിൽ 10 ലക്ഷത്തോളം പേർ കേരളത്തിലേക്ക് വരുന്നുണ്ടാവും. ഈ സാഹചര്യങ്ങൾ മനസ്സിലാക്കി വേണം കൊവിഡിനെതിരെ ജാഗ്രത പുലർത്തേണ്ടത്. ഇതു നിസ്സാരമല്ല.
സ്കൂളുകൾ സെപ്റ്റംബർ വരെയെങ്കിലും ഓൺലൈൻ ക്ലാസും പാഠപുസ്തകങ്ങൾ കുട്ടികൾക്ക് നൽകി വീട്ടന്തരീക്ഷത്തിൽ തന്നെ പoനവുമെ സാധ്യമാകുകയുള്ളു. ആരാധനാലയങ്ങളിൽ സെപ്റ്റംബർ വരെ നിയന്ത്രണങ്ങൾ വേണ്ടിവരും. ഈ വിഷയത്തിൽ എല്ലാവരും സഹകരിച്ചെ മതിയാവും. കൊറോണ എന്ന കുഞ്ഞു ഭീകരനെ തുരത്താൻ ഇതൊക്കെ മാർഗ്ഗമുള്ളു.
കമൻ്റ്: 2020 അപ്രതീക്ഷിതമായി വെല്ലുവിളി നിറഞ്ഞവർഷമായി.2021 നല്ലവർഷമാകാൻ ഓരോരുത്തരും അവരവരുടെ കടമ നിർവ്വഹിക്കണം. അതിനുള്ള വിവേചനബുദ്ധി പകരാൻ ഈ മഹാമാരി കാലഘട്ടത്തിൽ എല്ലാവരും മുന്നോട്ടു വരിക. അല്ലേൽ പ്രശ്നം ഗുരുതരമാകും.