Archives / june 2020

- ജോയിഷ് ജോസ്
തലകുനിക്കാതെ,ഒരു ആത്മകഥ-    വംഗാരി മാതായ്    

കുനിഞ്ഞ ശിരസ്സല്ല,ഒരിക്കലുംകുനിയാത്ത ശിരസ്സാണ് പെണ്ണിന്‍റെ സൗന്ദര്യമെന്ന്'' തെളിയിച്ച വംഗാരി മാതായ് യുടെ ജീവിത കഥ.
    ഇരുണ്ട ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കെനിയായുടെ പര്‍വ്വതപുത്രിയായി പ്രകൃതിയോടുയിണങ്ങി വളര്‍ന്ന ഒരു ഗോത്രവര്‍ഗ്ഗ പെണ്‍കുട്ടി കൊടുമുടിയോളം വളര്‍ന്നത് നമ്മുടെ പെണ്‍കുട്ടികള്‍ക്കും ഒരു മാതൃകയാണ് ‍.തങ്ങളുടെ ഭാഷയെ സംസ്കാരത്തെ എല്ലാത്തിന്‍റെയും കടക്കല്‍ കോടാലി വച്ചുകൊണ്ട് തങ്ങളുടെ ഹരിത സമൃദ്ധിയേയൂംഗോത്ര നന്മകളെയുംചൂഷണം ചെയ്യാന്‍വന്ന അധീശ ശക്തികള്‍ക്കെതിരെ ഒരു മനുഷ്യകോട്ടപണിത്,സ്വന്തം വീട്ടുവളപ്പില്‍ നിന്ന് മരം നട്ടുപിടിപ്പിച്ച് മരങ്ങളെയും മനുഷ്യരെയും''ഗ്രീന്‍ ബല്‍റ്റ് എന്ന മഹാപ്രസ്ഥാനത്തിന്‍റെ എെക്യദാര്‍ഢ്യത്തിന്‍റെ വംഗാരി മാതായുടെ ജീവിതകഥയാണിത്...
  
വംഗാരി മാതായ്‌ എന്ന വംഗാരി മുത 1940 ഏപ്രിൽ 1ന്‌ കെനിയയിലെ ഇഹിതെ എന്ന കൊച്ചുഗ്രാമത്തിലാണ്‌ ജനിച്ചത്‌. രണ്ടുവർഷം കഴിഞ്ഞപ്പോൾ അവളുടെ മാതാപിതാക്കൾ ജോലിതേടി റിഫ്‌റ്റ്‌ വാലി എന്ന പ്രദേശത്തുള്ള ഒരു ഫാമിലേയ്ക്ക്‌ താമസം മാറ്റി. അവിടെ വിദ്യാഭ്യാസത്തിനുള്ള സൗകര്യം കുറവായതിനാൽ വംഗാരിക്ക്‌ എട്ടുവയസ്സുള്ളപ്പോൾ അവർ ഇഹിതെയിലേയ്ക്ക്‌ മടങ്ങിവന്നു. അവിടെ ഒരു പ്രൈമറി സ്കൂളിലാണ്‌ വംഗാരിയുടെ വിദ്യാഭ്യാസം ആരംഭിച്ചത്‌.

പിന്നീട്‌ സെന്റ്‌ സിസിലിയ സ്കൂളിലും ലൊറേറ്റോ ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പഠനത്തിൽ അതീവ സമർത്ഥയായിരുന്നു വംഗാരി. അതുകൊണ്ടുതന്നെ ആഫ്രിക്കയിലെ ഏറ്റവും സമർത്ഥരായ 300 കുട്ടികൾക്ക്‌ അമേരിക്കയിൽ പഠിക്കാൻ അവസരം ലഭിച്ചപ്പോൾ അവരിലൊരാൾ വംഗാരി മാതായ്‌ ആയിരുന്നു. അവിടെ സെന്റ്‌ സ്കൊളസ്റ്റിക്‌ കോളേജിൽനിന്നും ജീവശാസ്ത്രത്തിൽ ബിരുദവും പിറ്റ്‌സ്‌ബർഗ്‌ യൂണിവേഴ്‌സിറ്റിയിൽനിന്നും ബിരുദാനന്തരബിരുദവും നേടി.

അവിടെ പഠിക്കുമ്പോഴാണ്‌ നഗരത്തെ വായു മലിനീകരണത്തിൽനിന്നും മുക്തമാക്കാനുള്ള ഏതാനും പരിസ്ഥിതി പ്രവർത്തകരുടെ ശ്രമം അവരുടെ കണ്ണിൽപ്പെടുന്നത്‌. വംഗാരി അവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായി. പഠനം പൂർത്തിയാക്കി കെനിയയിലെ നെയ്‌റോബിയിൽ തിരിച്ചെത്തി അവിടെ വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ ഗവേഷണം ആരംഭിച്ചെങ്കിലും സ്ത്രീ എന്ന നിലയിലും കറുത്ത വർഗക്കാരി എന്ന നിലയിലും വലിയ വിവേചനം അവർക്ക്‌ നേരിടേണ്ടതായി വന്നു.

ഗത്യന്തരമില്ലാതെ വംഗാരി ജർമ്മനിയിലേക്ക്‌ പോയി. അവിടെ നിന്നും ഡോക്ടറേറ്റ്‌ നേടി തിരികെ നെയ്‌റോബി യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ്‌ ലക്‌ചററായി നിയമിതയായ വംഗാരിയ്ക്ക്‌ 1971ൽ ഡോക്ടറേറ്റ്‌ നേടിയ ആദ്യ കിഴക്കൻ ആഫ്രിക്കൻ വനിത എന്ന നിലയിൽ അവാർഡു ലഭിച്ചു. പിന്നീട്‌ യൂണിവേഴ്‌സിറ്റിയിലെ പല ഉന്നത പദവികളും അവർ അലങ്കരിച്ചു.പഠനത്തിലും ഉദ്യോഗത്തിലും ഉയരങ്ങൾ താണ്ടുന്നതോടൊപ്പം വംഗാരി പല സാമൂഹ്യ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു.

വർഗ-ലിംഗ വിവേചനങ്ങൾക്കെതിരെ അവർ ശക്തമായി പ്രതികരിച്ചു. സ്ത്രീകൾക്ക്‌ തുല്യപദവിക്കായി അവർ പല വേദികളിലും ശബ്ദമുയർത്തി. ഒപ്പംതന്നെ പരിസ്ഥിതി പ്രശ്നങ്ങളിലും ക്രിയാത്മകമായി ഇടപെട്ടു. 1973ൽ കെനിയയിലെ റെഡ്‌ക്രോസ്‌ സൊസൈറ്റി ഡയറക്ടറായി അവർ തിരഞ്ഞെടുക്കപ്പെട്ടു. സാമൂഹ്യപ്രവർത്തനങ്ങളിൽ മുഴുകി നെയ്‌റോബിയുടെ ഉന്നമനത്തിനായി പരിശ്രമിക്കുമ്പോൾ വംഗാരി ഒരു സത്യം തിരിച്ചറിഞ്ഞു.

പരിസ്ഥിതിക്ക്‌ സംഭവിച്ച അപചയമാണ്‌ നെയ്‌റോബിയിലെ സാമൂഹ്യപ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാനം. 'എൻവിറോകെയർ' എന്ന ഒരു സ്ഥാപനം അവർ ആരംഭിച്ചു. വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. സാമ്പത്തിക പരാധീനതമൂലം ആ പദ്ധതി വലിയ വിജയം കണ്ടില്ലെങ്കിലും അവർ യു.എൻ. കോൺഫറൻസിലേക്ക്‌ ക്ഷണിക്കപ്പെട്ടു.

തിരികെ നെയ്‌റോബിയിലെത്തിയ വംഗാരി നാഷണൽ കൗൺസിൽ ഓഫ്‌ വുമൻ ഓഫ്‌ കെനിയ (NCWK) യുമായി ബന്ധപ്പെട്ട്‌ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പരിപാടി പുനരാരംഭിച്ചു. പിന്നീട്‌ അതാണ്‌ ലോക ശ്രദ്ധയാകർഷിച്ച 'ഗ്രീൻ ബെൽറ്റ്‌' മൂവ്‌മെന്റ്‌ ആയി മാറിയത്‌. വിവാഹമോചനം അവരുടെ സാമ്പത്തികസ്ഥിതിയെ ദോഷമായി ബാധിച്ചെങ്കിലും അവർ തന്റെ ദൗത്യങ്ങൾ തുടർന്നുപോന്നു.

അവരുടെ പരിസ്ഥിതിസംരക്ഷണപ്രവർത്തനങ്ങൾ ലോകശ്രദ്ധ ആകർഷിച്ചുതുടങ്ങി. ഗ്രീൻ ബെൽറ്റ്‌ മൂവ്‌മെന്റ്‌ ആഫ്രിക്കയിലെങ്ങും പടർന്നുപന്തലിച്ചു. ഒപ്പംതന്നെ വംഗാരി രാഷ്ട്രീയകാര്യങ്ങളിലും ഇടപെടാൻ തുടങ്ങി. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഗവണ്മെന്റിന്റെ കടന്നുകയറ്റത്തിനെതിരെ വംഗാരി ശബ്ദമുയർത്തി. ഒടുവിൽ അവർ പരിസ്ഥിതി-ഭൂവിഭവ സഹമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

തന്റെ പദവികളെല്ലാം തന്നെ പ്രകൃതി സംരക്ഷണത്തിനായി അവർ ഉപയോഗപ്പെടുത്തി. ആഫ്രിക്കയുടെ രാഷ്ട്രീയ-പാരിസ്ഥിതിക മേഖലകളിൽ വലിയ വിപ്ളവം സൃഷ്ടിക്കാൻ വംഗാരി മാതായിക്ക്‌ കഴിഞ്ഞു. തന്റെ പ്രവർത്തനങ്ങളിലൂടെ അവർ ലോകശ്രദ്ധ പിടിച്ചുപറ്റി. ഒടുവിൽ 2004ൽ നൊേബൽ സമ്മാനം അവരെ തേടിയെത്തി. അനേക രാഷ്ട്രങ്ങളും യൂണിവേഴ്‌സിറ്റികളും അവരെ ആദരിച്ചു. ഇന്ത്യാ ഗവണ്മെന്റിന്റെ 2006ലെ ഇന്ദിരാഗാന്ധി സമാധാനപുരസ്കാരവും അവർക്ക്‌ ലഭിച്ചു

 

Share :