Archives / july 2021

കുളക്കട പ്രസന്നൻ
കൊവിഡ് കാലത്തും നന്നാവാത്തവർ

സ്ത്രീ എന്നാൽ സഹോദരിയാണ്, അമ്മയാണ് എന്നു  കരുതി പോരുന്ന സംസ്കാരമാണ് നമ്മളുടേത്. അന്യൻ്റെ ഭാര്യയെ മോഹിക്കരുതെന്നും പ്രമാണം. സ്ത്രീയെ ദേവിയായി സങ്കല്പിക്കുന്നു. നാരീ പൂജയുമുള്ള നാട്. അക്രമം സ്ത്രീകളോടല്ല വേണ്ടതെന്ന് എത്രയോ കാലം മുതൽക്കെ  വാക്കായും വരിയായും നമ്മളിൽ പതിഞ്ഞതാണ്. എന്നിട്ടുമെന്തേ കഠിനഹൃദയരുടെ കൈകൾ സ്ത്രീകൾക്കു നേരെ നീളുന്നു.

പണ്ടുമുതലെ സ്ത്രീകളോട് വേർകൃത്യമുണ്ട്. ഭർത്താവ് മരിച്ചാൽ ഭർത്താവിൻ്റെ ചിതയിൽ ചാടി ഭാര്യയും മരണപ്പെട്ടുകൊള്ളണമെന്ന സതി എന്ന ദുരാചാരം നടന്നിരുന്നു. നവോത്ഥാന നായകനായ രാജാറാം മോഹൻ റോയിയുടെ പരിശ്രമം മൂലം സതി എന്ന ദുരാചാരം ഇല്ലാതായി. എങ്കിലും ഉമിത്തീയിൽ നീറി മരിക്കുന്നതിനു സമാനമായ ജീവിതം സ്ത്രീകൾക്ക് തുടർന്നുമുണ്ടായി. 

വീടിൻ്റെ അകത്തളങ്ങളിൽ കഴിഞ്ഞുകൂടേണ്ടവരാണ് പെണ്ണുങ്ങൾ എന്ന ചിന്താഗതി വച്ചു പുലർത്തിയിരുന്ന സാമൂഹിക അന്തരീക്ഷത്തിൽ നിന്നും പറന്നുയരാൻ കാലം ഏറെ വേണ്ടി വന്നു. പഠിക്കാൻ അവകാശമില്ലാതെ , പൊതുവേദികളിൽ നിന്നു അകറ്റപ്പെട്ട് , കലയിലും സാഹിത്യത്തിലും കായിക രംഗത്തും അവഗണിക്കപ്പെട്ട് സ്ത്രീകളുടെ ധർമ്മം എന്നാൽ പ്രസവിക്കുകയും മക്കളെ വളർത്തുകയും ആണെന്ന് കരുതിപ്പോന്നിരുന്ന ഒരു ജനവിഭാഗത്തിൽ നിന്ന് കുതറി മാറാൻ ഏറെക്കാലം വേണ്ടിവന്നു. 

മാറുമറയ്ക്കാൻ അവകാശമില്ലാതിരുന്ന സ്ത്രീ സമൂഹം  മലയാളക്കരയുടെ ചരിത്രമാണ്. മാറുമറയ്ക്കൽ സമരവും പുരോഗമനേച്ഛുക്കളുടെ ഇടപെടലും മൂലം സ്ത്രീകൾക്ക് മാന്യമായി വസ്ത്രം ധരിക്കാർ അവകാശം നേടികൊടുത്തു. എന്തിന് പറയുന്നു, മുലക്കരം പോലും പിരിച്ചിരുന്നു എന്ന ലജ്ജാവഹമായ സംഭവവും ഉണ്ട്.സ്ത്രീകളുടെ മാറ് വളരുന്നതിന് അനുസരിച്ച് കരവും നിശ്ചയിച്ചിരുന്നു. ഇതിനെതിരെ ആലപ്പുഴയിലെ ചേർത്തലയിൽ നങ്ങേലി മുലക്കരത്തിനു പകരം മുലയറുത്തിട്ടു ആത്മഹത്യ ചെയ്തു.ഈ സ്ഥലത്തിനു മുലച്ചിപ്പറമ്പ് എന്നു വിളിപ്പേരു കിട്ടി.


പെൺക്കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതിനെപ്പറ്റി ചിന്തിക്കാതിരുന്ന കാലമുണ്ടായിരുന്നു. മറ്റൊരു വീട്ടിലേക്ക് വിവാഹിതയായി പോകേണ്ട പെണ്ണ് എന്ന കാഴ്ചപ്പാടിലായിരുനു വിദ്യാഭ്യാസം നൽകാൻ മടിച്ചിരുന്നത്. പിൽക്കാലത്ത് പെൺക്കുട്ടികൾ പഠിച്ച് ഉന്നത നിലകളിലെത്തി.


തൊഴിലിടങ്ങളിൽ പോലും വേർതിരിവുണ്ടായിരുന്നു. ആണാൾക്കുള്ള ജോലിക്കൂലി പെണ്ണാൾക്ക് ലഭിക്കില്ലായിരുന്നു.അങ്ങനെ വിവേചനത്തിൻ്റെയും അവഗണയുടെയും അതിർവരമ്പുകൾ തകർത്ത് സ്ത്രീകൾ മുഖ്യധാരയിൽ വിജയക്കൊടി പാറിക്കുമ്പോഴും നരകയാതന സ്ത്രീസമൂഹം നേരിടുന്നു .

തൊഴിലിടങ്ങളിൽ, പഠനകേന്ദ്രങ്ങളിൽ വീട്ടകങ്ങളിൽ ഒക്കെ വനിതകൾ സുരക്ഷിതരല്ലായെന്നത് വലിയ പ്രശ്നമാണ്. പല ദിവസങ്ങളിലെ വാർത്തകൾ അസ്വസ്തപ്പെടുത്തുന്നതാണ്. ബാല്യത്തിൽ മാതാപിതാക്കളും കൗമാരത്തിൽ സഹോദരനും യൗവ്വനത്തിൽ ഭർത്താവും വാർദ്ധക്യത്തിൽ മക്കളും സംരക്ഷിച്ചു പോരേണ്ടുന്ന സ്ത്രീ പ്രാധാന്യം വെറുമൊരു വാചകമല്ല. 

സ്ത്രീ സംരക്ഷണം അർത്ഥവത്താകുന്നുണ്ടോ എന്നൊരു വിലയിരുത്തൽ സമൂഹത്തിൽ ഉയർന്നു വരേണ്ടതല്ലെ. എത്രയോ പീഡന വാർത്തകൾ വാർത്തകളെ അല്ലാതാകുന്നു. എന്നു പറഞ്ഞാൽ പണ്ടൊരു വ്യക്തി പറഞ്ഞതു പോലെ ചായ കുടിക്കുന്നതുപോലെ പീഡനങ്ങൾ നടക്കുന്നുണ്ടെന്ന അവസ്ഥ. ഒരു സ്ത്രീയെ മോശമായി 14 സെക്കൻ്റിൽ കൂടുതൽ നോക്കിയാൽ കുറ്റമാണെന്ന് കണക്കാക്കുന്ന നിയമസംഹിതയുള്ള നാട്ടിലാണ് സ്ത്രീകൾ ആശങ്കയോടു കൂടി ജീവിക്കേണ്ടുന്നത്. ഒരു പെൺകുട്ടി സ്കൂളിൽ പോയാൽ വീട്ടിലെത്തുന്നതു വരെ മാതാപിതാക്കൾക്ക് ഭീതിയാണ്. കാരണം ഭീദിതമായ സംഭവങ്ങളാണ് നാട്ടിൽ നടക്കുന്നതെന്നർത്ഥം.

മൂന്നര വയസുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച വാർത്ത ഈ അടുത്ത കാലത്ത് മാധ്യമങ്ങളിൽ വന്നതാണ്. 80 വയസ്സുള്ള വൃദ്ധയ്ക്കുണ്ടായ ദുരന്തം കുറെ മാസങ്ങൾക്കു മുൻപ് വാർത്തയായിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുന്നു . ശിക്ഷിക്കുന്നു. ഇതൊക്കെ എല്ലാവരും വായിച്ചും കേട്ടും അറിയുന്നുണ്ട്. എന്നിട്ടും മനുഷ്യമൃഗങ്ങൾ ചാടി വീഴുകയാണ്.


തെലുങ്കാനയിൽ ഒരു സ്ത്രീയെ കൂട്ടബലാൽസംഗം ചെയ്തിട്ട് തീ കൊളുത്തി കൊന്നത് 2019 ലാണ് . അതിലെ പ്രതികളെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയ വാർത്ത കാതുകളിൽ നിന്നും മാറിയിട്ടുണ്ടാവില്ല. 2012 ൽ ഡൽഹിയിൽ നടന്ന കൂട്ടബലാൽസംഗത്തിലെ പ്രതികളെ തൂക്കിലേറ്റിയതിൻ്റെ ആനന്ദത്തിൽ ലഡു നൽകിയതിൻ്റെ രുചി നാവിൻത്തുമ്പിൽ നിന്നും മാറിയിട്ടുണ്ടാവില്ല. പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളി ഒരു പെൺക്കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൻ്റെ വാർത്ത കൺമുന്നിൽ നിന്നും മറയാറായിട്ടില്ല. ഗോവിന്ദ ചാമി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പെൺക്കുട്ടിയുടെ ദീനരോധനം  അന്തരീക്ഷത്തിൽ നിന്നും മാറാറായിട്ടില്ല. ഒരു സിനിമാനടിക്കുണ്ടായ ദുരനുഭവം ഇന്നും സമൂഹം ഞെട്ടലോടെയാണ് ഓർക്കുന്നത്. ഇങ്ങനെ ഒരു പാട് സംഭവങ്ങളുണ്ടായിട്ടും അതിൻ്റെ പ്രതിഷേധ അലയടികളിൽ വൈകൃത ചിന്താ കോണുകളിൽ ഒരു മാറ്റവും സംഭവിക്കാത്തതെന്തുകൊണ്ട് ? ഇത് വലിയൊരു ചോദ്യമായി വളരുകയാണ്.

സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന തല  തിരിഞ്ഞ രീതിയാണ് സ്ത്രീയെ കശക്കിയെറിയാൻ പ്രേരിപ്പിക്കുന്നത് എന്നുണ്ടോ ? അങ്ങനെയെങ്കിൽ ആ തലതിരിഞ്ഞ രീതി മാറേണ്ടതുണ്ട് എന്നു തന്നെയാണ് കഠിനംകുളം സംഭവത്തിൽ പറയാനുള്ളത്.

കഠിനംകുളത്ത് വീട്ടമ്മയെ സംഘം ചേർന്ന് പീഡിപ്പിച്ച കേസിൽ ഭർത്താവും പ്രതിയാണ് എന്നുള്ളത് ആൺ സമൂഹത്തിന് തലക്കുനിച്ചു നടക്കാനുള്ള  സാഹചര്യമാണുണ്ടാക്കിയത്. ഭാര്യയ്ക്ക് ഭർത്താവ് സംരക്ഷകനായിരിക്കേണ്ടിടത്ത്  അതു ചെയ്യാതെ ക്രൂരതയ്ക്ക് കൂട്ടുനിൽക്കുക എന്നു വന്നാൽ ആണത്തം ചോർന്നു പോവുകയല്ലെ ചെയ്തിരിക്കുന്നത്.

ഭർത്താവുൾപ്പെടെ ഏഴു പേരാണ് ഈ കേസിൽ പ്രതികളായിട്ടുള്ളത്. ഇവരുടെ നാലു വയസ്സുള്ള മൂത്ത കുട്ടിയേയും ഈ ചെന്നായ്ക്കൾ ക്രൂരമായി മർദ്ദിച്ചു. ആ കുട്ടിയുടെ മുന്നിലിട്ടു ആ സ്ത്രീയെ നരാധമന്മാർ പീഡിപ്പിച്ചു എന്നത് മനഃസാക്ഷിയുള്ള ഒരാൾക്കും ന്യായീകരിക്കാൻ കഴിയുന്ന സംഭവമല്ല. ഇക്കൂട്ടത്തിൽ ഒന്നു കൂട്ടിച്ചേർക്കാനുണ്ട്. ആ കാമ പരിഷകളിൽ നിന്നും ആ സ്ത്രീ മകനെയും കൂട്ടി ഓടി അകലാൻ ശ്രമിക്കുമ്പോൾ സഹായിച്ച അതുവഴി പോയ നന്മ വ്യക്തികളെ അഭിനന്ദിക്കപ്പെടേണ്ടതുണ്ട്. സമൂഹം മറന്നു പോകാൻ പാടില്ലാത്ത ഒന്നാണത്. ആ നന്മയിലാണ് സ്ത്രീക്കും കുട്ടിക്കും ജീവിതം തിരിച്ചുകിട്ടിയത്.


കമൻ്റ്: കൊവിഡ് മാനവരാശിക്കു ഭീഷണിയായി തിമർത്തുപെയ്യുമ്പോഴാണ് ഇത്തരം സംഭവങ്ങൾ എന്നത് പ്രത്യേകം ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ഇപ്പോഴും നന്മയുടെ അംശമില്ലാതെ ക്രൂരതയുമായി നടക്കുന്നവരോട് മനസ്സുകൊണ്ടകലം പാലിക്കണം. കൊറോണ വ്യാപനം തടയാൻ ശാരീരിക അകലം പാലിക്കുന്നതു പോലെ ക്രൂരകൃത്യങ്ങൾ ചെയ്യുന്നവരോട് മാനസ്സിക അകലവും പാലിക്കാൻ ശീലിക്കുക. രണ്ടും സുരക്ഷയ്ക്കു വേണ്ടിയാണ്.
-

Share :