എം.കെ.ഹരികുമാറിന്റെ പേജ്  / 

എം.കെ.ഹരികുമാർ
അകൽച്ച ഇപ്പോൾ ഒരു വേദവാക്യമാണ്

എം ടി .വാസുദേവൻ നായരുടെ  യാത്രാനുഭവ സ്മരണകൾക്ക് 'ആൾക്കൂട്ടത്തിൽ തനിയെ ' എന്നാണ് പേരിട്ടിരിക്കുന്നത്. ആൾക്കൂട്ടത്തിനു വ്യക്തിത്വം ഇല്ലല്ലോ. ചിന്തിക്കുന്നവൻ അവിടെ ഒറ്റപ്പെടും. ആൾക്കൂട്ടം ഒരു വലിയ ശരീരമാണ്. അത് ചിലപ്പോൾ ആക്രമിച്ചേക്കാം. പിന്നീട് എം.ടി എഴുതിയ ഒരു തിരക്കഥയും ഇതേ പേരിലായിരുന്നു. അത് ഐ.വി.ശശി സിനിമയാക്കി. ഈ കൊറോണക്കാലത്ത് ,ആരിൽ നിന്നെല്ലാമാണ് അകലം പാലിക്കേണ്ടതെന്ന് ആലോചിച്ച് വിഷണ്ണരാവുന്നവർക്ക് എം. ടി യുടെ ഈ ഗ്രന്ഥനാമം കൂടുതൽ ആലോചിക്കാൻ സഹായിക്കും. അവനവനിൽ നിന്ന് അകലം പാലിച്ചാലോ ?

കൊറോണ നമ്മെ ആൾക്കൂട്ടത്തിലും ഒറ്റപ്പെടുത്തി.സമീപത്തുള്ള കൂട്ടം വർജ്യമായിത്തീരുന്ന പോലെ .ഇത് അടുത്തുള്ളവനെ സംശയിക്കാൻ പ്രേരിപ്പിക്കുന്നു. ബന്ധമോ സ്വന്തമോ ഒന്നും പ്രശ്നമല്ല.വൈവാഹിക ജീവിതത്തിൽ ഇത് അകൽച്ചയ്ക്ക് ഇടയാക്കാവുന്നതാണ്‌. ആരിലും രോഗമുണ്ടെന്ന ചിന്ത അല്ലെങ്കിൽ അപരൻ ഒരു രോഗാണുവാണെന്ന തോന്നൽ എല്ലാ പ്രണയങ്ങളും നശിപ്പിക്കും. അകൽച്ച ഇപ്പോൾ ഒരു വേദവാക്യമാണ്. അത് അതിജീവനത്തിനു അത്യാവശ്യമാണ്. ഒരിക്കലും പുറത്തു പോയിട്ടില്ലാത്ത ദമ്പതികൾ പോലും ചിലപ്പോൾ പരസ്പരം സംശയിച്ചേക്കാം. കാരണം മരണഭയം ഏറ്റവും വലിയ രോഗമാണ് .രോഗങ്ങളെ സൃഷ്ടിക്കുന്ന രോഗമാണത്. കൊറോണക്കാലത്ത് മാനവരാശിക്ക്  അതിജീവനത്തിനു മാതൃകയാക്കാവുന്ന ഒരു മനഷ്യനുണ്ട്.

അമെരിക്കയുടെ ജയിൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ ആൽബെർട്ട് വുഡ്ഫോക്സ് ആണത് .ഈ മനുഷ്യൻ ഒരു മഹാവിസ്മയമായി നമുക്കു മുമ്പിൽ ഉള്ളപ്പോൾ കൊറോണ ക്വാറൻ്റൈനെ എങ്ങനെ സമീപിക്കണം ?

നാല്പത് വർഷത്തിലേറെക്കാലമാണ് വുഡ്ഫോക്സ് ജയിലിൽ കഴിഞ്ഞത്.1972 ൽ ഒരു ജയിൽ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് ആക്റ്റിവിസ്റ്റായ വുഡ്ഫോക്സ് പിടിയിലാവുന്നത്.ലൂസിയാനയിലെ അംഗോള ജയിലിൽ നാലു പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം ഒറ്റമുറി ജയിലിൽ കിടന്നു .ജീവനോടെ പുറത്തു വരുമെന്ന പ്രതീക്ഷയില്ലായിരുന്നു.

2016 ഫെബ്രുവരിയിലാണ് അധികൃതർ വുഡ്ഫോക്സിനെ ദയാഹർജിയിലൂടെ പുറത്തു വിട്ടത്.ചെയ്യാത്ത കുറ്റത്തിനാണ് ഈ പീഡനം അനുഭവിച്ചത്.ഒരു തെളിവും ഉണ്ടായിരുന്നില്ല .എന്നാൽ ജീവിതം നിരാശയുടെ ഇരുട്ടുകൊണ്ട് മൂടപ്പെടുമ്പോൾ എങ്ങനെ അതിൽ നിന്നു കരകയറും ? ദീർഘകാലത്തേക്ക് പൊരുതാൻ മനുഷ്യനാകുമോ ? ഒരു ശൂന്യതയെ നേരിടാൻ ഭയമാണോ ഉപകരിക്കുന്നത് ? അല്ലെങ്കിൽ സർവ്വതും എതിരായി വരുമ്പോൾ ആശ്രയിക്കാനെന്താണുള്ളത് ?ഇരുട്ടിൻ്റെ നീണ്ടുപോകുന്ന പാതകളിൽ പ്രകാശത്തെ സങ്കല്പിക്കാനാവുമോ ?

വുഡ്ഫോക്സ് മനുഷ്യൻ്റെ അജയ്യമായ ശക്തിയുടെ പ്രതീകമാണ്. ജീവിതം കണ്ണുനീരല്ല, ഉരുക്കുപോലെയുള്ള  ആത്മാവിൻ്റെ അസ്ഥിയാണെന്ന് ഈ വിചിത്ര മനുഷ്യൻ കാണിച്ചു തരുന്നു. ഇപ്പോൾ  എഴുപതു വയസ്സ് പിന്നിട്ട വുഡ്ഫോക്സ് ഒരു ആഫ്രിക്കൻ അമേരിക്കൻ വംശജനാണ്. അദേഹം കറുത്ത വർഗക്കാർക്ക് വേണ്ടി ശബ്ദമുയർത്തുന്ന ബ്ളാക്ക് പാന്തർ പാർട്ടി അംഗവുമായിരുന്നു.

അമെരിക്കയിൽ ഏറ്റവും സുരക്ഷയുള്ള ജയിലാണ് അംഗോളയിലേത്.പതിനെണ്ണായിരം ഏക്കർ വിസ്തീർണമുള്ള ആ പ്രദേശത്തിൻ്റെ മൂന്നു വശവും മിസ്സിസിപ്പി നദി ഒഴുകുന്നു.

ജയിൽ മോചിതനായ ശേഷം വുഡ് ഫോക്സ്  എഴുതിയ "സോളിറ്ററി  :അൺബ്രോക്കൻ ബൈ ഫോർ  ഡെക്കേഡ്സ് ഇൻ സോളിറ്ററി കൺഫൈൻമെൻ്റ് .മൈ സ്റ്റോറി ഓഫ് ട്രാൻസ്ഫർമേഷൻ ആൻഡ് ഹോപ്പ് " എന്ന കൃതി പ്രശസ്തമാകുകയാണ്.

പ്രതീക്ഷയുടെ തുരങ്കം.

ജയിലധികാരികളുടെ ദിവസേനയുള്ള തോന്നിയവാസങ്ങളും അക്രമങ്ങളും സഹിച്ചാണ് ജീവിച്ചത്. ഇത് അദ്ദേഹത്തിനു സ്വന്തം ശക്തി മനസ്സിലാക്കാൻ സഹായകമായി.ഇതാണ് ദീർഘകാല ദുരിതത്തെ തരണം ചെയ്യാനുള്ള കരുത്തിൻ്റെ രഹസ്യം.മനുഷ്യത്വരഹിതമായ ഏകാന്ത തടവ് പരിഷ്കൃത ജനാധിപത്യത്തിനു അലങ്കാരമാണോ എന്ന ചോദ്യം ഈ കൃതി ഉയർത്തുകയാണ്.ഒരു കൗമാരക്കാരനെ അമ്പതുവർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കുന്നതിലെ യുക്തി വ്യക്തമാവുന്നില്ല .

പ്രതികൂല സാഹചര്യങ്ങളിൽ ,അസ്വാതന്ത്ര്യത്തിൻ്റെ കെടുതികളിൽ ഒരാൾ തൻ്റെ ആന്തരിക ചൈതന്യത്തെ നഷ്ടപ്പെടുത്താതെ എങ്ങനെ അതിജീവിക്കും. ? മനുഷ്യനിൽ ശക്തി ഇനിയും അവശേഷിക്കുന്നു. മോചനമില്ലെന്നു തോന്നുന്ന ഒരു ഘട്ടത്തിൽ ,ദൂരെയെവിടെയെങ്കിലും പ്രതീക്ഷയുടെ ഒരു കണമുണ്ടെന്നുള്ള  ചിന്ത ചിലപ്പോൾ സഹായിച്ചേക്കാം. സ്വയം നഷ്ടപ്പെടുത്താതിരിക്കാൻ ശ്രമിച്ചാലും ,മർദ്ദനമേൽക്കുമ്പോൾ എല്ലാം കൈവിട്ടു പോകും. ജയിലിൽ തത്ത്വചിന്തകനാവുന്നതിനു പകരം കൂടുതൽ പഠിക്കാനാണ് വുഡ്ഫോക്സ് ശ്രദ്ധിച്ചത്.

കൂടുതൽ ആകുലപ്പെടുന്നത് ,അങ്ങനെ ചെയ്താൽ പ്രയോജനമുള്ളതുകൊണ്ടോ ,വേറൊന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ടോ ആണ്.ഇതു രണ്ടും തിരുത്താൻ അദ്ദേഹത്തിനു സാധിച്ചു.അദ്ദേഹം വായിക്കാനാണ് ഒഴിവുവേളകൾ നീക്കിവച്ചത്. വായിക്കുമ്പോൾ നമ്മൾ മറ്റൊരാളാകുന്നു. കൂടുതൽ എന്തോ ചെയ്യാനുണ്ടെന്ന തോന്നൽ അതോടെ ഉണ്ടാവുന്നു.

വലിയ മാനസിക പ്രശ്നങ്ങളിൽ നിന്ന് എങ്ങനെ ഒഴിഞ്ഞു നിൽക്കാമെന്ന പാഠം ജന്മവാസന പോലെ അഭ്യസിക്കേണ്ടതുണ്ട്. കറുത്ത വർഗ്ഗക്കാർക്കെതിരെ നടന്ന  അതിക്രമങ്ങളാണ് വുഡ്ഫോക്സിനെ ഒരു പ്രതികരണ ശേഷിയുള്ള മനുഷ്യനാക്കിയത്. എന്നാൽ ഒരിക്കലും വേദനകൾ വെറുപ്പിലേക്ക് നമ്മെ തള്ളിവിടരുത്. അത് മറ്റുള്ളവരോടുള്ള ദയയായി രൂപാന്തരപ്പെടണം - ഇതാണ് വുഡ് ഫോക്സ് മുറുകെപ്പിടിച്ച തത്ത്വം. പകയും ദേഷ്യവും നമ്മെത്തന്നെ നശിപ്പിച്ചേക്കാം. അദ്ദേഹം എഴുതുന്നു: 'ജയിലിൽ ചെറുത്തു നിന്നാൽ വൻ തിരിച്ചടിയുണ്ടാക്കും. ഒരു മനുഷ്യനാണ്  നമ്മൾ എന്ന് അവർ ഒരിക്കലും അംഗീകരിക്കുകയില്ല. അങ്ങനെയുള്ള ഐഡൻ്റിറ്റികൾ അവർ ആദ്യമേ നശിപ്പിക്കും. ജയിൽജീവികൾ ശരിയായ അടിമകളാണ്. എന്നാൽ മാനസികമായി കീഴടങ്ങരുത്. അത് തകരാത്ത ഒരു ബലം നൽകും. പുസ്തകങ്ങൾ  വായിക്കാൻ തയ്യാറായാൽ അത് ഒരു ചെറുത്തുനില്പായി രൂപാന്തരപ്പെടും. അതിലൂടെ നമുക്ക് മനുഷ്യ സ്വാതന്ത്ര്യത്തെക്കുറിച്ചും സഹജീവി സ്നേഹത്തെക്കുറിച്ചം ധാരണയുണ്ടാകും.'

ഒട്ടും പ്രതീക്ഷ തരാത്ത കാലത്തും ഒരു മനുഷ്യൻ ജീവിച്ചതിൻ്റെ സാക്ഷ്യമാണിത്. കൂടുതൽ മെച്ചപ്പെട്ട ലോകവീക്ഷണത്തിനും സാമൂഹ്യ ചുറ്റുപാടുകൾക്കും ഉതകുന്ന തരത്തിൽ ഒരാൾക്ക് വളരാനാകും .അത് ഒരു ജീവിത ശൈലിയായി തിരിച്ചറിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

ചിലപ്പോൾ മനുഷ്യർ അവർക്ക് വേണ്ടിയല്ല ജീവിക്കുന്നത്; അവർ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഏതോ ആളുകൾക്ക് വേണ്ടിയാണ്. പ്രതീക്ഷ ഒരു തുരങ്കമാണ്. അത് വളരെ ദൈർഘ്യമേറിയതാകാം.എന്നാൽ അതിലെ കടന്നു പോകുക തന്നെ വേണം. രോഗം ഒരു തടവറയാണ്. അവിടെ രോഗി ഏകാന്തനായി കഴിയുന്നു. അയാളുടെ മനസ്സാണ് ആ ഒറ്റമുറി. അവിടെ നിന്നു മോചനം കിട്ടുന്നതിനു വേണ്ടി ആ ഏകാന്തവാസത്തെ പരിവർത്തന വിധേയമാക്കേണ്ടതുണ്ട്.അതായത്, ഇരുണ്ട വികാരങ്ങളിൽ നിന്ന് അകറ്റി നിർത്തണം.
വസന്തം പുറത്തുണ്ട്; അത് അകലെയുമല്ല

Share :