സാഹിത്യ ലോകം  / ആസ്വാദനം

അനു പി ഇടവ 
ലോക്ഡൗൺ സ്കെച്ചുകൾ മനസ്സിൽ പതിപ്പിച്ചത്...

കോവിഡ് 19 ലോകത്തെയാകമാനം  മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ് . ഭാവിയിൽ കോവിഡിനു മുൻപെന്നും പിൻപെന്നും ചരിത്രം വിഭജിക്കപ്പെടും . ആ വിഭജനത്തിൽ ഒരു ഉപവിഭജനം ഇതാവും - പുസ്തകങ്ങൾ : കോവിഡിനു മുൻപും പിൻപും . നാലു വർഷം മുൻപ് ''പുസ്തകമുക്ത ലോകം'' എന്ന പേരിൽ യെസ് മലയാളം മാസികയിൽ ഒരു ലേഖനം ഞാൻ എഴുതിയിരുന്നു . പുസ്തകങ്ങൾ നൂറ്റാണ്ടുകൾ കൊണ്ട്  നേടിയ മുന്നേറ്റം തകർക്കാൻ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ ഡിജിറ്റൽ വിപ്ലവത്തിനാവില്ല എന്ന് അതിൽ ഞാൻ സ്ഥാപിച്ചിരുന്നു . എന്നാൽ എത്ര പെട്ടെന്നാണ് ഒരു സൂക്ഷ്മാണു കാര്യങ്ങളെ തകിടം മറിച്ചത് . പ്രസാധന രംഗത്ത് ഡിജിറ്റൽ വൻ മുന്നേറ്റമാണ് കഴിഞ്ഞ മാസങ്ങളിൽ ഉണ്ടാക്കിയത് . പുസ്തകങ്ങൾ ആനുകാലികങ്ങൾ എന്നിവയൊക്കെ ഇ അവതാരമെടുത്ത് കഴിഞ്ഞു . ഈ സന്ദർഭത്തിലാണ് പേപ്പർ പബ്ലിക്ക എത്തുന്നത് . അച്ചടിച്ച അക്ഷരങ്ങളെ മണത്തു നോക്കാൻ പറ്റുന്ന പുസ്തകങ്ങൾക്ക്  ഇനിയും ഭാവിയുണ്ടെന്ന്  പേപ്പർ പബ്ലിക്കയുടെ ആദ്യ പുസ്തകമായ ''ലോക്ഡൗൺ സ്കെച്ചുകൾ' തെളിയിക്കുന്നു .

കവിയും മാധ്യമ പ്രവർത്തകനുമായ അൻസാർ വർണ്ണനയാണ് ലോക്ഡൗൺ സ്കെച്ചുകൾ എഡിറ്റ് ചെയ്തിരിക്കുന്നത് . എം മുകുന്ദൻ , സി രാധാകൃഷ്ണൻ , ബാബു കുഴിമറ്റം , പി കെ പാറക്കടവ് , അമൽ തുടങ്ങിയ എഴുത്തുകാർ നെടുമുടി വേണു, സലിം കുമാർ തുടങ്ങിയ നടൻമാർ , ഡോ എം രാജീവ് കുമാർ , സുനിൽ സി ഇ തുടങ്ങിയ നിരൂപകർ ഒക്കെ ഈ പുസ്തകത്തിൽ തങ്ങളുടെ കൊറോണക്കാലത്തെ ജീവിതം വരച്ചിടുന്നു . എഴുപത്തിമൂന്ന് എഴുത്തുകാരാണ് ഈ പുസ്തകത്തിന്റെ 160 പേജുകളെ ധന്യമാക്കിയിരിക്കുന്നത് . 32 ലേഖനങ്ങൾ 28 കഥകൾ 13 വരകൾ എന്നിവ ഉൾക്കൊള്ളുന്നു . ഈ പുസ്തകത്തിന്റെ ആസ്വാദനം തയ്യാറാക്കുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി എങ്ങനെ ഇത്രയും രചനകളെയും  എഴുത്തുകാരെയും പരാമർശിക്കും എന്നതാണ് . രചനകൾക്കും എഴുത്തുകാർക്കും പകരം ചില ആശയങ്ങളെ അല്ലെങ്കിൽ ചിന്തകളെ പരാമർശിക്കാമെന്ന് തീരുമാനിച്ചത്  അതുകൊണ്ടാണ്  .

മനോരാജ്യം എന്ന രാജ്യം സ്വന്തമായുള്ളൊരാൾ . എന്ന ഒരു പ്രയോഗം ഒരു ലേഖനത്തിലുണ്ട് . ആ രാജ്യത്ത് താമസിക്കുന്ന എഴുത്തുകാരൻ എന്തു ഭാഗ്യവാനാണ് . അതിരുകളില്ലാത്ത ആ രാജ്യത്തു കൂടെ അയാൾക്ക് എവിടെയൊക്കെ പോകാം . ആരും എവിടെയും പോകാൻ പാസ്സ് എടുക്കണ്ട! ആ രാജ്യത്ത് ലോക്ക് ഡൗണുമില്ല .

റേഷനരിയെ പറ്റി എന്താണ് അഭിപ്രായം ? വരേണ്യ / ഇടത്തരം വർഗ്ഗത്തിന് അത് കണ്ണിനും മുക്കിനും വയറിനും പിടിക്കില്ല . അത് പക്ഷേ കൊറോണയ്ക്ക് മുൻപായിരുന്നു . കൊറോണയ്ക്കു ശേഷം ഇങ്ങനെയാവും ''പഴയ പോലെയല്ല എല്യോടി ഇപ്പോഴത്തെ റേഷനരിയൊക്കെ . നല്ല അരിയാ . കുത്തരി പോലുണ്ട് . കുത്തരി പോലുണ്ട് ''. എത്ര വേഗമാണ് നമ്മുടെയൊക്കെ ചിന്താഗതികൾ മാറുന്നത് .

നമുക്ക് ലോക്ഡൗൺ പുതുമായാണ് . എന്നാൽ ലോകത്ത് പലയിടങ്ങളിലും യുദ്ധം ആഭ്യന്തര സങ്കർഷങ്ങൾ എന്നിവയൊക്കെ സമാനമായ സാഹചര്യങ്ങളിലേയ്ക്ക് ആളുകളെ തള്ളിവിട്ടിട്ടുണ്ട് . കൊറോണയെ നേരിടാനുള്ള മാസ്ക് നമ്മൾ ധരിക്കും പോലെ രാസായുധങ്ങളെ നേരിടാനുള്ള മാസ്കും ധരിച്ച് ജീവിക്കേണ്ടി വരുന്ന ജനങ്ങൾ . ചരിത്രം പല രൂപത്തിലും ഭാവത്തിലുമൊക്കെ ആവർത്തിക്കുകയാണ് .

ഗൾഫിലൊക്കെ താമസിക്കുന്നവർ നാട്ടിലുള്ള മാതാപിതാക്കളെ വിളിച്ച് സംസാരിക്കുന്നത് വെള്ളിയാഴ്ച്ചകളിലാണ് . ബാക്കിയുള്ള ദിവസങ്ങളിലൊക്കെ തിരക്കോട്  തിരക്ക് . അഞ്ച് മിനിട്ട് സമയം അമ്മയോട് സംസാരിക്കാൻ കഴിയാത്തത്ര തിരക്ക് . ''അത്ര തിരക്കൊന്നും എനിക്കുണ്ടായിരുന്നില്ല'' എന്ന് തിരിച്ചറിയാൻ കൊറോണ വരേണ്ടി വന്നു .
ഇങ്ങനെയുള്ള മക്കളെ അമ്മമാരും തിരിച്ചറിഞ്ഞു കഴിഞ്ഞു . ''നീയിപ്പോ വരണ്ട ഡ റോണിയേ'' . എന്ന് ഒരു കഥയിലെ അമ്മ പറയുന്നു .

എഴുത്തുകാരോട് സ്ഥിരം ചോദിക്കുന്നത് ലോക് ഡൗൺ കാലത്ത് ധാരാളം എഴുതിക്കൂടെ എന്നാണ് . പക്ഷേ ''സാഹിത്യം ഫ്രീ  ടൈം വച്ചുള്ള കളിയല്ല എന്ന് ഈ കാലം കാട്ടിത്തരുന്നു .

ലോക്ഡൗൺ കഴിയുമ്പോൾ അല്ലെങ്കിൽ കൊറോണ കഴിയുമ്പോൾ മനുഷ്യൻ മാറുമെന്ന് കരുതുന്നുണ്ടോ ? സ്പാനിഷ് ഫ്ളൂ മുതൽ നിപ്പ വരെ വന്നിട്ടും മാറിയില്ലല്ലോ . ലോകയുദ്ധങ്ങളും  സാമ്പത്തിക മാന്ദ്യവുമെlക്കെ നമ്മെ മാറ്റിയോ . ഇല്ല എന്നതാണ് സത്യം . ''പ്രകൃതി അതു മാത്രമാണ് സത്യം . അത് കറക്ട് ചെയ്തു . ഇനി വൈറസിനെ പിൻവലിക്കാമെന്ന് തോന്നുന്ന സമയത്ത് എല്ലാ മനുഷ്യ ദുഷ്ടന്മാരെയും പോലെ ഞാനുമിറങ്ങി ചൂഷണം ചെയ്യും . അത്ര തന്നെ .'' .

ചില നർമ്മ ഭാവനകളുമുണ്ട് കൂട്ടത്തിൽ . അതിലൊന്ന് മുഖക്കുരു പാട് അറിയാതിരിക്കാൻ മാസ്ക് വച്ച് പെണ്ണുകാണൽ ചടങ്ങിൽ ചെക്കനെ സ്വീകരിച്ച പെൺകുട്ടിയുടെ കഥയാണ് . അവനും മാസ്ക് വച്ചിരുന്നു . (കാരണം അറിയാൻ പുസ്തകം വായിക്കുക .) . ലോക് ഡൗൺ നീളുന്നതിൽ അദ്ദേഹം ആശങ്കാകുലനാണ്  എന്ന് പറയുന്ന ഭാര്യയുടെ കാർട്ടൂണും ചിരി വിടർത്തും . ലോക്ക്  ആയ പാവം ഭർത്താക്കൻമാർ .

മുഴുവൻ രചനകളെയും പരാമർശിക്കാൻ സാധിക്കാത്ത വിഷമം ആദ്യമേ പറഞ്ഞുവല്ലോ .  പക്ഷേ ലേഖനങ്ങൾ കഥകളെക്കാൾ മികച്ചു നിൽക്കുന്നു എന്ന് പറയാതെ വയ്യ . ഒരു പക്ഷേ കഥ പോലെ വായിച്ചു പോകാൻ പറ്റിയ ലേഖനങ്ങളായതുകൊണ്ടാവാം അങ്ങനെ തോന്നിയത് . കാർട്ടൂണുകളും വരകളും മികച്ചത് തന്നെ .  കാർട്ടൂണുകളും വരകളും കഥകൾക്കും ലേഖനങ്ങൾക്കുമിടയിൽ വളരെ സമർത്ഥമായാണ്  ചേർത്തിരിക്കുന്നത്  . ശ്രീ അൻസാർ വർണ്ണനയുടെ മികച്ച എഡിറ്റിങ് .

 

 

Share :