Archives / june 2020

അശോക്
അമ്മ

മനമുരുകി പാടുന്ന സ്വരമാണെൻ്റമ്മ

നനവുള്ള ചിന്തയ്ക്ക് നിറമാണെൻ്റമ്മ

അതിലോലമാം മൃദുമനമുണ്ടതിൽ നൂറു-

ചിറകായ് വിരിയുന്ന കനിവുമുണ്ട്.

 

സ്നേഹവർഷംതൂവുമമ്മതൻതാരാട്ടിൻ

ഈണമെൻ കാതിലിന്നുമുണ്ട്

അമ്മവിരൽ തൊട്ടാൽ അന്നേരമെന്നുടൽ

പൂത്തശോകപൂങ്കുലകൾ പോലെ

 

എന്നും പ്രഭാതത്തിൽ ചൂടുവാൻ തന്നയാ

പുഞ്ചിരിയുമ്മതന്നോർമ്മയുണ്ട്

എന്നും അടുത്തിരുത്തിക്കുഴച്ചൂട്ടുന്ന

നന്മയാണമ്മയെന്നോർമ്മയുണ്ട്.

 

കണ്ണിമചിമ്മാതുറങ്ങാതെയൂറ്റിയ

അമ്മതൻ പാലാഴിയെൻ്റെ പുണ്യം

പൊട്ടിക്കരഞ്ഞുക്കുഴഞ്ഞു വീഴാതെ പാൽ

ചുണ്ടിൽ പുരട്ടിയതമ്മയല്ലോ.

 

പൂത്താലൊരൊത്തിരിപൂമണം തൂവുന്ന

സൗഗന്ധികപൂവുതന്നെയമ്മ

കേട്ടാലൊരൊത്തിരി ഇമ്പമായി മാറുന്ന

സ്നേഹക്കടലിൻ ഇരമ്പലമ്മ

 

ഭൂമിതന്നവതാര സ്നേഹസ്വരൂപിണി

ഭൂതലസ്നേഹ പ്രതീകമമ്മ

ഈറനണിഞ്ഞു തുളസിക്കതിർ തൊട്ടാൽ

വീടിനു ദേവതാബിംബമമ്മ.

 

അമ്മേ നിനക്കെൻ്റെയുള്ളിലെ വന്ദനം

അമ്മേ കനിഞ്ഞു നീ തന്നതെൻ ജീവിതം

അങ്ങനെ തന്നെയീ ഭൂമിയിലൊക്കെയും

അല്ലാതെയില്ലൊരു ജീവൻ്റെജീവനും......

 

 

Share :