Archives / May 2020

ഡോക്ടർ പി ആർ ജയശീലൻ
.കവിത ഏകാധിപത്യത്തിന് എതിരാണ്. 

 

മലയാളത്തിൽ ചങ്ങമ്പുഴ ആശാൻ വൈലോപ്പിള്ളി എന്നിവരടങ്ങുന്ന കവികൾ സാധാരണ മനുഷ്യരും സാധാരണ കവികളും ആയിരുന്നു. അവർ കവിതകളെഴുതിയാണ് കവികൾ ആയത്. കുട്ടികൃഷ്ണമാരാർ, ജോസഫ് മുണ്ടശ്ശേരി, ഡോക്ടർ എസ് ഗുപ്തൻ നായർ, എം പി ശങ്കുണ്ണി നായർ എന്നിവരടങ്ങുന്ന മലയാള നിരൂപകർ ഈ കവികളുടെ,കവിതകൾ മാത്രം അടിസ്ഥാനമാക്കിയുള്ള നിരൂപണ രീതിയാണ് അവലംബിച്ചിരുന്നത്. അതുകൊണ്ടുതന്നെ പിൽക്കാലത്ത് മേൽപ്പറഞ്ഞ കവികളുടെ കവിതകളെക്കുറിച്ച് മനസ്സിലാക്കണമെങ്കിൽ കവിതകൾ വായിക്കുന്നതിനൊപ്പം ഈ നിരൂപകരെ ആണ് നമ്മൾ തേടി ചെല്ലുക. 

പിന്നീട് ആധുനിക കാലത്ത് എം ഗോവിന്ദൻ, അയ്യപ്പപ്പണിക്കർ, സച്ചിദാനന്ദൻ, കുഞ്ഞുണ്ണി മാഷ് എന്നിവർ കവിതയുടെ മേഖലയിൽ നടത്തിയ അന്വേഷണങ്ങളും പഠനങ്ങളും മലയാളിയുടെ കാവ്യ ബോധത്തിൽ കൃത്യമായ ഒരു ദിശാസൂചിക നൽകി.

ഇവിടെ പരാമർശിക്കപ്പെടാതെ പോയ ,കവിതയ്ക്കു വേണ്ടി തന്നെ പ്രവർത്തിച്ച കവികളും നിരൂപകരും വേറെയുമുണ്ട്. അവരുടെയെല്ലാം പേരെടുത്ത് പറയുന്നില്ല എന്ന് മാത്രം. അതെല്ലാം ഒരു സാമാന്യ വൽക്കരണത്തിന് വിധേയമാക്കുകയാണ്.

 പിൽക്കാല മലയാളസാഹിത്യം കേട്ടെഴുത്തിന്റെയും കണ്ടെഴുത്തിന്റെയും രൂപത്തിലേക്ക് മാറുന്നുണ്ട്. ഇത് കവിതയിലും കഥയിലും നോവലിലും അല്ല മറിച്ച് അനുഭവങ്ങൾ എന്ന രീതിയിൽ ഉള്ള എഴുത്തിൽ ആണ് സംഭവിക്കുന്നത് . വി കെ ശ്രീരാമൻറെ വേറിട്ട കാഴ്ചകൾ ഒക്കെ ഇതിൻറെ ആദ്യപടിയാണ്. അതിൻറെ ഒരു പ്രത്യേകത അതിൽ തികച്ചും വേറിട്ട അത്ഭുതകരമായ ജീവിതങ്ങൾ ഉണ്ടായിരുന്നു എന്നുള്ളതാണ്. അത് തേടിപ്പിടിച്ച് ആവിഷ്കരിക്കുകയാണ് വി കെ ശ്രീരാമൻ ചെയ്തത്. ഒരർത്ഥത്തിൽ കഥയോടൊക്കെ അടുത്തുനിൽക്കുന്ന ഒരു എഴുത്തു രൂപം.

 ഇത്തരം ആവിഷ്കാരങ്ങൾ ഉള്ളപ്പോൾ തന്നെ മലയാളത്തിൽ കെ പി അപ്പൻ, ശ്രീ ആഷാമേനോൻ, രാജകൃഷ്ണൻ എന്നിവർ അവരുടെ സ്വകീയമായ ശൈലിയിൽ മികച്ച നിരൂപണങ്ങൾ മലയാള വായനക്കാർക്ക് തന്നുകൊണ്ടിരുന്നു. ആത്മഭാരങ്ങളുള്ള വലതുപക്ഷ നിരൂപകർ ആയി ഇവരെ വ്യാഖ്യാനിച്ചിരുന്നു എങ്കിലും ഇവർ മലയാളസാഹിത്യത്തിന് സംഭാവന ചെയ്ത നിരൂപണങ്ങൾ നാഴികക്കല്ലായി തുടരുകതന്നെ ചെയ്യും

പിന്നെ പറയാനുള്ളത് എം എൻ വിജയൻ മാഷിനെ കുറിച്ചും സുകുമാർ അഴീക്കോടിനെ കുറിച്ചുമാണ്. അത് മലയാള വായനക്കാർ കൃത്യമായി കുറിച്ചു വെച്ചിട്ടുള്ള താരതമ്യ സാഹിത്യ വിഭാഗവുമാണ്. അതിൽ തന്നെ എം എൻ വിജയൻ മാഷ് വൈലോപ്പിള്ളിക്കും കവി അല്ലെങ്കിലും ബഷീറിനും ഒക്കെ എഴുതിയ ജീവിത ഗന്ധിയായ അനൗപചാരിക മനശാസ്ത്ര നിരീക്ഷണ രീതികൾ കൊണ്ട് സമൃദ്ധമായ നിരൂപണങ്ങൾ മലയാളി എങ്ങനെ വീക്ഷിച്ചു എന്നുള്ളതും പ്രധാനപ്പെട്ടതാണ്.

 ഇനി പറയാനുള്ളത് മലയാളത്തിലെ പുതിയകാല നിരൂപണ രീതിയെ കുറിച്ചാണ്. ഈ അടുത്ത കാലത്ത് മലയാളത്തിലെ മുഖ്യ വാരികയിൽ പ്രത്യക്ഷപ്പെട്ട പി കുഞ്ഞിരാമൻ നായരെ കുറിച്ചുള്ള രണ്ടു ലേഖനങ്ങൾ മലയാളികളിൽ ചിലർ വായിച്ചിട്ടുണ്ടാകും. 

മലയാളത്തിലെ ലാളിത്യം നിറഞ്ഞ ഒരു അധ്യാപകനിരൂപകൻ കുഞ്ഞിരാമൻനായരുടെ കവിതകളെക്കുറിച്ച് ഒന്നും പറയാതെ കുഞ്ഞിരാമൻനായരുടെ ചെരുപ്പിനെ കുറിച്ചാണ് അതിൽ പറഞ്ഞിട്ടുള്ളത്. ആധുനികതയുടെ ആർക്കും മനസ്സിലാകാത്ത ചില ക്ലീഷേഡ്‌ ആയ പ്രയോഗങ്ങൾ മുൻനിർത്തി കുഞ്ഞിരാമൻനായരുടെ ചെരുപ്പ് കമ്പനിയാണോ കുടിൽവ്യവസായം ആണോ എന്ന് തീർച്ചപ്പെടുത്താൻ ആവാതെ ടാഗോറിന്റെ ഷൂസ്കളെ കുറിച്ച് പറ യുന്നു. 

എന്തിനു വേണ്ടിയാണ് ആ ലേഖനം എഴുതിയത് എന്ന് മറ്റുള്ളവർക്ക് മനസ്സിലാകാത്ത രീതിയിൽ അവസാനിപ്പിക്കുകയാണ്. കേരളം മുഴുവൻ നടന്നു തീർത്ത കുഞ്ഞിരാമൻ നായർ എന്ന കവി തികഞ്ഞ സമൃദ്ധിയിൽ ആണ് ജീവിച്ചത്. അങ്ങനെ ജീവിക്കാൻ കവിക്ക് കവിയുടെതായ വഴികൾ ഉണ്ടായിരുന്നു. 

കവിയുടെ കാൽപ്പാടുകൾ എന്ന വളരെ പ്രശസ്തമായ കാവ്യാത്മകമായ ആത്മകഥാ പുസ്തകത്തിൽ തന്നെ, നിലാവും ചുണ്ണാമ്പും മാറിപ്പോകുന്ന രീതിയിലുള്ള ലഹരിയിൽ കുതിർന്ന അനുഭവങ്ങളും കവിക്കുണ്ട്. കളിയച്ഛൻ പോലുള്ള കവിതകൾ ഒട്ടും ക്രമമില്ലാതെ പല കടലാസ് തുണ്ടുകളിൽ എഴുതി പിറ്റേന്ന് റേഡിയോ സ്റ്റേഷനിൽ വായിക്കുമ്പോൾ കവിതയായി രൂപപ്പെട്ടതും ശരി.

 പിൽക്കാലത്തെ അയ്യപ്പൻറെ സഹനവും കവിതയും നടപ്പും കുഞ്ഞിരാമന്നായരിൽനിന്ന് വ്യത്യസ്തമാണ്. രണ്ടും രണ്ടു കാലങ്ങൾ ആണ് എന്നതും ഓർക്കേണ്ടതാണ്. ഇതിൽ നിന്നും വ്യത്യസ്തമാണ് ഡി വിനയചന്ദ്രൻ എന്ന കവിയുടെ യാത്രയും കവിതയും കവിതാ വതരണവും. പറഞ്ഞുവരുന്നത് മറ്റൊന്നാണ്

 മലയാള കവിതയിൽ മലയാള ഭൂപ്രകൃതിയിൽ ആധുനികമായ സൗന്ദര്യബോധം വിതച്ച കവിയായിരുന്നു കുഞ്ഞിരാമൻനായർ. അതിനെക്കുറിച്ചൊന്നും നമ്മുടെ പഠനമേഖലകൾ കൈകാര്യം ചെയ്യാറില്ല. കുഞ്ഞിരാമൻനായരുടെ ജ്ഞാന മേഖലകൾ എങ്ങനെയാണ് വികസിച്ചുവന്നത് എന്നും പരസ്പര ബന്ധിതമായി വിന്യസിച്ചിരിക്കുന്നത് എന്നതും നമ്മുടെ പഠന മേഖലയിൽ ഇല്ല. പിൽക്കാല കവികൾക്ക് കുഞ്ഞിരാമൻ നായർ എങ്ങനെയാണ് മാതൃകയാകുന്നത് എന്നും നമ്മുടെ വിഷയത്തിൽ പെട്ടതല്ല. 

മറിച്ച് കവിയുടെ കുളിയും ചെരിപ്പും വിഷയം ആകുന്ന രീതി എത്രകണ്ട് അഭികാമ്യമാണ് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മലയാളത്തിലെ മുഖ്യ വാരിക ശരിവെക്കുന്ന കാര്യങ്ങൾ എല്ലാ വായനക്കാർക്കും ശരിയായിക്കൊള്ളണമെന്നില്ല. പിന്നെ ഇതിലൊന്നും അടങ്ങാത്ത സാധാരണ മനുഷ്യരുടെ കവിതയും കാഴ്ചയും എന്താണ് എന്നുള്ളത് ആസ്ഥാന നിരൂപകർക്ക് വിഷയമല്ലല്ലോ . 

കുഞ്ഞിരാമൻനായരുടെ യാത്രയും ചലച്ചിത്രവും തമ്മിൽ വളരെ എളുപ്പത്തിൽ യോജിപ്പിക്കാം എന്നതാണ്. ഹൈസ്കൂൾ ക്ലാസുകളിൽ ഒക്കെ നടക്കുന്ന ശിശു കേന്ദ്രീകൃത പ്രക്രിയാബന്ധിത പഠന സംവിധാനങ്ങളിൽ ഏറ്റവും നന്നായി പ്രയോഗിക്കാവുന്നതാണ് ഇത്തരത്തിലൊരു ചലച്ചിത്രത്തിന്റെ സാധ്യത. അതൊരു മുഖ്യവിഷയമായി പ്രമുഖ വാരിക ഒരു ലേഖനം പ്രസിദ്ധീകരിച്ചത് കേമം തന്നെ. മറ്റു വിഷയങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ടായിരിക്കാം.

ഇത്തരം രചനാ രീതികൾ വായിക്കാനും ആസ്വദിക്കാനും ഒക്കെ ധാരാളം വായനക്കാരും ആസ്വാദകരും ഉണ്ടായിരിക്കാം. അവരൊക്കെയും കവിത ജീവിതത്തിൽ എവിടെയാണ് അനിവാര്യമായി വന്നു ഭവിക്കുന്നത് എന്ന് ആലോചിക്കേണ്ടതാണ് . കവിത കൊണ്ട് ഒരു മനുഷ്യന് ജീവിക്കേണ്ട കാലമല്ല ഇത് എന്നാണ് നമ്മുടെ പക്ഷം. കവിതകൊണ്ട് ജീവിക്കൽ സങ്കുചിതമായ സാമ്പത്തിക താൽപര്യത്തിൽ മാത്രമല്ല.കവിതകൾ കാലത്തിൻറെ നൈരന്തര്യത്തെ എങ്ങനെയാണ് വഹിക്കുന്നതെന്നും നമ്മുടെ വിഷയമല്ല

നമ്മുടെ പിൽക്കാല എഴുത്ത് വൈലോപ്പിള്ളി ആശാൻ ചങ്ങമ്പുഴ, പി കുഞ്ഞിരാമൻ നായർ എന്നിവരെ കുറെയൊക്കെ ദന്തഗോപുര വാസികൾ ആക്കിയിട്ടുണ്ട് എന്നാണ് എൻറെ പക്ഷം. കാരണം ആഷാമേനോനും കെ പി അപ്പനും വരെയുള്ളവർക്ക് വ്യക്തത ഉണ്ടായിരുന്നു.വായനയും വായനയിൽ കുതിർന്ന ചിന്തകളും ഉണ്ടായിരുന്നു. 

പിൽക്കാലത്ത് ഇത്തരം  നിരൂപണ രീതിയിൽനിന്ന് മാറിപ്പോയ ഒന്നിൽ കവിയുടെ കവിതയ്ക്ക് യാതൊരു പ്രാധാന്യവുമില്ല. കവിയുടെ ജീവിതം കവിതയോട് ബന്ധപ്പെട്ടതും അല്ല. കുളിയും ചെരുപ്പും സ്വതന്ത്ര വിഷയങ്ങളായി മാറിപ്പോകുന്നു എന്നുള്ളതാണ്. 

ചിന്താവിഷ്ടയായ സീതയുടെ നൂറാം വർഷത്തിൽ എത്ര മലയാളികൾ ചിന്താവിഷ്ടയായ സീത പുനർ വായിച്ചു എന്ന് ചിന്തിക്കേണ്ടതാണ്. ആശാനും വൈലോപ്പിള്ളിയും ഒക്കെ നമുക്ക് സൗകര്യപ്രദമായ രീതിയിൽ പ്രത്യയശാസ്ത്രത്തിനും സാമൂഹ്യ സന്ദർഭത്തിനും അനുസരിച്ച് എടുത്തു ഉദ്ധരിക്കാവുന്ന ഉപകരണങ്ങളായി മാറുന്നുണ്ടോ എന്ന് സംശയിക്കേണ്ട താണ്. 

അതിൽ തന്നെ ജി ശങ്കരക്കുറുപ്പ്, ആർ രാമചന്ദ്രൻ, അതിശക്തയായ സ്ത്രീ കവി ബാലാമണിയമ്മ എന്നിവർ പാടെ അവഗണിക്കപ്പെടുന്നു. വേറെയുമുണ്ട് അവഗണിക്കപ്പെടുന്നവർ. പേരെടുത്ത് പറയുന്നില്ല  അവർ എഴുതിയ കവിതകൾ മോശം ആയതുകൊണ്ടാണോ  ഇത് സംഭവിക്കുന്നത്? അതോ പിൽക്കാലത്തെ പൈങ്കിളി എഴുത്തിന് വേണ്ടി പരുവപ്പെടാൻ പറ്റാത്ത ശക്തവും ആന്തരികവുമായ ഒരു ജീവിതവും ലോകവും അവർക്ക് ഉള്ളതുകൊണ്ടാണോ? നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

 മേൽപ്പറഞ്ഞതിൽ ഏതിൻറെ ഒക്കെ സാന്നിധ്യം കൊണ്ടാണോ അസാന്നിധ്യം കൊണ്ടാണോ എന്നറിയില്ല കവിതയെക്കുറിച്ച് കാതലായ ചിന്തിക്കുന്നവർ വളരെ കുറവാണ്. പക്ഷേ കവിതയെഴുതുന്ന സാധാരണ മനുഷ്യർ വളരെ കൂടുതലും ആണ്. നല്ല രീതിയിൽ അക്കാദമിക വിദ്യാഭ്യാസമുള്ളവർ , സർക്കാർ ജോലികൾ ചെയ്യുന്നവർ, സ്വകാര്യ ജോലികളിൽ ഏർപ്പെടുന്നവർ, പ്രൊഫഷണലുകൾ ,അതുകൂടാതെ കൃഷിക്കാർ ,നിർമ്മാണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ, ഡ്രൈവർമാർ, വളരെ ദരിദ്രരായ ചെരുപ്പ് പോലും ഇല്ലാത്ത എത്രയോ യുവാക്കൾ ഇവരെല്ലാം കവിതകൾ എഴുതുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. എന്തുകൊണ്ടും വിലക്കപ്പെടേണ്ട തെറ്റായ ഒരു സംഗതിയും അല്ല അവർ ചെയ്യുന്നത് . പക്ഷേ അവർ എന്തൊക്കെയോ എഴുതി  പോകുന്നു, അതിൽ കാര്യം ഒന്നും ഇല്ല എന്നുള്ളതാണ് ആസ്ഥാന നിരൂപക പക്ഷം.

 കവിതയും ജീവിതവും എല്ലാം ജനാധിപത്യപരമായി ഏറെ സാധാരണക്കാർക്കും അവകാശപ്പെട്ടതാണ്. സ്കൂൾ വിദ്യാഭ്യാസകാലത്ത് എല്ലാ കുട്ടികളും നിർബന്ധമായും കവിത എഴുതണം എന്ന് നമ്മൾ അനുശാസിക്കുന്നു ,വിശ്വസിക്കുന്നു. 
പഠനം സർഗാത്മകം ആക്കുന്നതിന്റെ ഭാഗമായാണ് നമ്മൾ കവിത എഴുതിക്കുന്നതും ചിത്രം വരപ്പിക്കുന്നതും ഒക്കെ. എല്ലാ പഠനങ്ങളുടേയും അവസാനം സർഗാത്മകത ആണെന്ന് ആരോ നമ്മളെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്

 കവിതയെ മുൻനിർത്തിയാണോ കവിയെക്കുറിച്ച് ചിന്തിക്കേണ്ടത്?അതോ കവിത ഇല്ലാത്ത കവിയുടെ ജീവിതം മാത്രം മതിയോ?

 കവിത കവിതയ്ക്ക് മാത്രമല്ലാതെ വേറെ എന്തിനൊക്കെ പ്രയോജനപ്പെടുന്നു ?അതോ കവിയുടെ കെട്ടിപ്പൊക്കിയ പ്രസിദ്ധിയുടെ അടിസ്ഥാനത്തിൽ മാത്രമാണോ കവിതയെ കാണേണ്ടത്?

 വായിച്ചു നോക്കുമ്പോൾ ആണല്ലോ പ്രാഥമികമായി കവിത ആസ്വാദനത്തിന് വിധേയമാകുന്നത്? വായന, കവിതയുടെ ചെറു വായനകൾ പോലും പാടെ അപ്രത്യക്ഷമായി പോകുന്ന കാലത്ത് എങ്ങനെയാണ് നല്ല കവിതകൾ കണ്ടെത്താനാവുക? പിന്നെ മുഖ്യ പ്രസിദ്ധീകരണങ്ങൾ തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്ന കവിതകൾ മാത്രം വായിച്ചാൽ മതി എന്നു ചിന്തിക്കാൻ കഴിയുമോ? 

കവിയുടെ ചെരുപ്പിനെ കുറിച്ച് എഴുതുന്ന കാര്യത്തിൽ നമുക്ക് അത് മതി എന്ന് ചിന്തിക്കാം. ഇനി കുഞ്ഞിരാമൻനായർ എന്തായാലും കവിത എഴുതുകയില്ല. വരാനിരിക്കുന്ന ധാരാളം കുട്ടികൾ കവിത എഴുതാനും മതി....

 

Share :