എം.കെ.ഹരികുമാറിന്റെ പേജ്  / 

എം.കെ.ഹരികുമാർ
ഹേ കൊറോണ എന്നു പാടിക്കൊണ്ടു

കൊറോണക്കാലം സാഹിത്യരചനയ്ക്ക് പറ്റിയതല്ലെന്ന് ആദ്യമേ തന്നെ പറയട്ടെ .അടുത്ത ചില എഴുത്തുകാരും വായനക്കാരും അത് സ്നേഹസംഭാഷണങ്ങൾക്കിടയിൽ ചോദിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അവരെ സത്യാവസ്ഥ ബോധ്യപ്പെടുത്താതിരിക്കുന്നത് വഞ്ചനയാണ്. അതുകൊണ്ടാണ് ഇത് എഴുതുന്നത്. നോവൽ എഴുതുന്നില്ലേ ? കവിത കാണുന്നില്ലല്ലോ ? കഥ എഴുത്ത് നിർത്തിയോ എന്നിങ്ങനെയാണ് ചോദ്യങ്ങൾ.
പതിവുള്ള കോളങ്ങൾ മാത്രമേ ഇപ്പോൾ എഴുതാൻ പറ്റുന്നുള്ളു; അത് പ്രൊഫഷൻ്റെ ഭാഗമായി ചെയ്യുന്നതാണ്. ഡോക്ടർമാരുടെ പ്രാക്ടീസ് പോലെ. മറ്റ് ക്രിയേറ്റീവ് ജോലികളൊന്നും ചെയ്യാനുള്ള ഏകാന്തത ഇപ്പോഴില്ല. കാരണം മനസ് ആധിയിൽ നിന്ന് വിമുക്തമായാലേ എന്തെങ്കിലും ചെയ്യാനൊക്കൂ. നമ്മൾ സമൂഹത്തിൽ നിന്ന് മാറി ഏകാന്തവാസം നയിക്കുകയല്ലല്ലോ. ഭൗതികമായി ഒരു മുറിയുണ്ടെങ്കിലും അത് എനിക്കു മാത്രമായി പ്രവർത്തിക്കുന്നില്ല .വിർജിനിയ വുൾഫ് വനിത എന്ന നിലയിലുള്ള തൻ്റെ  സാഹിത്യപ്രവർത്തനങ്ങൾക്ക് ഈ ലോകത്ത് സ്വന്തമായി ഒരു മുറി ഇല്ലെന്ന് പറഞ്ഞല്ലോ. ആ അർത്ഥത്തിലല്ല ഞാൻ പറയുന്നത്. എൻ്റെ മുറി വേറെയാണ്.അത് പ്രവർത്തിക്കണമെങ്കിൽ ഞാൻ മാത്രം വിചാരിച്ചാൽ പോരാ. എൻ്റെ വീടു മാത്രമല്ല, എൻ്റെ ചുറ്റുപാടും ചേർന്നതാണ് എൻ്റെ ശരീരം .സ്നേഹമുള്ളവർ കഷ്ടപ്പെടുമ്പോൾ നമ്മൾ എങ്ങനെയാണ് സുഖം തേടുന്നത്.

കൊറോണ ഈ ലോകത്തിൻ്റെ മനസ്സിലേക്ക് തീ കോരിയിട്ടിരിക്കയാണ്. ഓരോരുത്തരും അങ്കലാപ്പിലാണ്. നല്ല ബാങ്ക് ബാലൻസുള്ളവർക്ക് സൂപ്പർ മാർക്കറ്റ് തുറന്നോ എന്ന് നോക്കിയാൽ മതി.എന്നാൽ പലർക്കും ഇപ്പോൾ തൊഴിലില്ല .നേരത്തേ തന്നെ നഷ്ടത്തിൽ പൊയ്ക്കൊണ്ടിരുന്ന കടകൾ അടച്ചിട്ടതോടെ ദൈനംദിന ജീവിതം പോലും വിഷമത്തിലായിരിക്കയാണ്.പലർക്കും മരുന്നു വാങ്ങാൻ പോലും പണമില്ല.എന്നാൽ ഇതിനു ആരെയും  കുറ്റപ്പെടുത്താനാവില്ല .ഇറങ്ങി നടന്നാൽ കൊറോണ പിടിക്കും. അതേസമയം മനുഷ്യൻ്റെ ഈ അവസ്ഥ ദുസ്സഹമാണ്‌. എന്നുവരെ ഇത് തുടരുമെന്ന് പറയാനാവില്ല. രോഗഭീതി മറ്റൊരു മാനസികാവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കയാണ്.വിഷാദം സാവധാനം പിടിമുറുക്കും. ഇതൊക്കെ എനിക്കു കാണാനാവുന്നുണ്ട്. ലോകമെമ്പാടും ആയിരക്കണക്കിനാളുകൾ മരിച്ചുവീഴുകയും നമ്മൾ അതിൽ നിന്ന് രക്ഷപ്പെടുമെന്ന് ഒരു ഉറപ്പും ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ നമുക്ക് ഒരു മുറിയിലിരുന്ന് സാഹിത്യമെഴുതാൻ കഴിയുമോ ? നമ്മെ സൃഷ്ടിച്ചിരിക്കുന്നത് കല്ലുകൊണ്ടല്ലല്ലോ.വൈകാരികമായ അനുഭവങ്ങൾ, സംവേദനങ്ങൾ നമ്മെ ചിലപ്പോൾ ഔപചാരികമായിപ്പോലും പെരുമാറാൻ അശക്തനാക്കും.യു.എസിൽ ഒരാഴ്ച കഴിഞ്ഞാൽ ഒരു ലക്ഷത്തിനു മുകളിൽ ആളുകൾ കോറോണ മൂലം മരിക്കുമെന്ന് പ്രസിഡൻ്റ് യാതൊരു സങ്കോചവുമില്ലാതെ പറയുകയാണ്. എൻ്റെ വളരെ അടുത്ത സുഹൃത്തുക്കൾ യു.എസ്സിലുണ്ട്.ഞാൻ എങ്ങനെയാണ് ഈ സമയത്ത് സർഗാത്മക സാഹിത്യമെഴുതുന്നത്.?ഇതൊക്കെ മനസ്സിനെ ബാധിക്കാതിരിക്കുമോ?

രോഗത്തിൻ്റെ ആഗോളവത്കരണമാണ് ഈ കാലയളവിൽ നമ്മൾ അഭിമുഖീകരിക്കുന്നത്. കൊറോണ ഭീതിയാണ്, മരണമാണ്, അപസ്മാരമാണ് കൊണ്ടുവരുന്നത്‌. കൊറോണക്കാലത്ത് കിട്ടന്ന സമയം സാഹിത്യരചനയ്ക്ക് നീക്കിവയ്ക്കുമെന്ന് പറയുന്ന എഴുത്തുകാരോട് എന്താണ് പറയാനുള്ളതെന്ന് ഒരു സുഹൃത്ത് ചോദിച്ചതുകൊണ്ട് പറയുകയാണ്, നീറോ ചക്രവർത്തിയാകരുത് ! ചിലർ ഇത് നല്ല അവസരമായി കാണുന്നുണ്ടാകാം. ഈ മാനസികാവസ്ഥ എങ്ങനെ കിട്ടുന്നു ?. മറ്റുള്ളവരെക്കുറിച്ചോ, ലോകത്തെക്കുറിച്ചോ ഒരു ചിന്തയുമില്ലാതെ, ആരോടും ഒരു ബന്ധവുമില്ലാതെ സ്വന്തം പ്രശസ്തിയിലും പണത്തിലും മാത്രം ശ്രദ്ധിക്കുന്നവർക്ക് ഇതൊക്കെ കഴിയും. ഇന്ന് പല 'ജനപ്രിയ' എഴുത്തുകാരും ജീവിക്കാത്ത ജീവിതത്തെക്കുറിച്ച് കൃത്രിമമായി എഴുതുകയാണ്. ചില പ്രസാധകന്മാർ ഇവരുമായി ചങ്ങാത്തമുള്ളവരാണ്. അങ്ങേയറ്റം കൃത്രിമമായി എഴുതാനാണ് ഇക്കൂട്ടരുടെ വാസന .
അനുഭവിച്ചു എന്ന് തെളിയിക്കുന്ന ഒരു വാചകം പോലുമില്ലാത്ത കൃതികൾ പ്രസിദ്ധീകരിക്കാൻ പ്രസാധകന്മാർ തയ്യാറാവുന്നു. വെറുതെ ആൻഡ്രോയിഡ് കുഞ്ഞപ്പ നായിട്ടു കാര്യമില്ല.

റോമാനഗരം

റോമാനഗരം കത്തിയെരിഞ്ഞപ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നു എന്നൊരു ചൊല്ല് നൂറ്റാണ്ടുകളായി പ്രചരിക്കുന്നുണ്ട്. എ.ഡി 64 ൽ  ഭരിച്ച നീറോ  റോമിലെ  അവസാനത്തെ ചക്രവർത്തിയായിരുന്നു. കുപ്രസിദ്ധമായ ഭരണത്തിനൊടുവിൽ അദ്ദേഹം രാജ്യം വിടുകയും തുടർന്ന് ആത്മഹത്യ ചെയ്യുകയുമായിരുന്നു. എ.ഡി 64 ൽ റോമിൽ ആറ് ദിവസം തുടർച്ചയായി വൻ തീപ്പിടിത്തമുണ്ടായി.എന്നാൽ തീയണയ്ക്കാൻ നീറോ ഒന്നും ചെയ്തതില്ലത്രേ.മുപ്പത്തഞ്ച് മൈൽ അകലെ ആൻ്റിയം എന്ന തൻ്റെ വില്ലയിൽ നീറോ സുരക്ഷിതനായി സമാധാനത്തോടെയിരുന്ന് വീണ വായിക്കുകയായിരുന്നത്രേ. അദ്ദേഹത്തെ തീ അസ്വസ്തമാക്കിയില്ല. അദ്ദേഹം കലാസ്വാദകനായതു കൊണ്ട് തീ ഒരു ശല്യമായില്ല! വീണ വായിച്ചു എന്നത് ആലങ്കാരികമായി പറഞ്ഞതാകാം. പക്ഷേ, അതിൽ അയാളെപ്പറ്റി സമൂഹത്തിനുണ്ടായിരുന്ന കാഴ്ചപ്പാട് വ്യക്തമാണ്. ഇതിനു സാധൂകരണം നൽകുന്ന ഒരു വസ്തുത ,തീപ്പിടിച്ച് നശിച്ച സ്ഥലം നീറോ ചക്രവർത്തി സ്വന്തമാക്കുകയും അവിടെ തൻ്റെ പുതിയ കൊട്ടാരം പണിയുകയും ചെയ്തു എന്നതാണ്. നീറോ തന്നെയാണ് തീയിട്ടതെന്ന് സംശയിക്കാനും ഇത് ഇടവരുത്തി.

ഇതുപോലെയുളള നീറോ ചക്രവർത്തിയാകാൻ എഴുത്തുകാർ ശ്രമിക്കരുത്.കൊറോണക്കാലം നമ്മുടെ രോഗങ്ങളിലേക്ക് തിരിച്ചു പോകാനുള്ളതല്ല. ഇത് ഒരു ആപത്ക്കാലമാണ്. അതിജീവിക്കുമെന്ന് ഉറപ്പില്ലാത്ത ഒരു കാലത്തിൻ്റെ ദീനസ്വരങ്ങളാണ് ഇന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ഒരാൾ താൻ ഗംഗാ നദീതടത്തിൻ്റെ  പശ്ചാത്തലത്തിൽ ഒരു നോവലെഴുതുകയാണെന്നും പ്രസാധകർ കാത്തിരുന്നു ക്ഷമ കെട്ടെന്നും കൊറോണ അതിനു പറ്റിയ കാലമാണെന്നും പ്രഖ്യാപിച്ചാൽ അതിലെ ഹൃദയശുന്യത ആർക്കും ബോധ്യപ്പെടാനാവും. സെൻസിറ്റിവിറ്റി  നഷ്ടപ്പെട്ടാൽ എഴുത്തുകാർ ഇതിലപ്പുറവും ചെയ്യും.

ഒരാൾ കൊറോണ ,ഹേ കൊറോണ എന്നു പാടിക്കൊണ്ടു കാട്ടിലൂടെ നടക്കുന്നതിൻ്റെ വീഡിയോ ടിവിയിൽ  കണ്ടു. ഇത് സമ്പൂർണ ഓർക്കസ്ട്രയോടു കൂടി ചിത്രീകരിച്ചിരിക്കുകയാണ്.ഇവർ ചിന്തിക്കുന്നത് കൊറോണ ബാധിച്ച് ഐസൊലേഷൻ വാർഡിൽ കിടക്കുന്നവരുടെ ബന്ധുക്കൾ ഈ പാട്ടിനൊപ്പിച്ച് ചുവടുകൾ വയ്ക്കണമെന്നായിരിക്കും. അതായത് ,മഹത്തായ സഹജീവി സ്റ്റേഹത്തിൽ നിന്നും അപാരമായ പരഹൃദയജ്ഞാനത്തിൽ നിന്നും പിറക്കേണ്ട കല തന്നെ ചിലരുടെ കൈയിൽ വൈകാരിക ശൂന്യതയുടെയും ക്രൂരതയുടെയും ഉപകരണമായിത്തീരുന്നു.

'വേമ്പനാട്ടു കായലിന്നു ചാഞ്ചാട്ടം' എന്ന് സിനിമയിൽ പാടുന്നതു പോലെ സന്തോഷം തരുന്നതാണോ കൊറോണ ? അല്പം തിരിച്ചറിവു നാം കാണിക്കണം. നമുക്ക് ക്രൂരമായ അധിനിവേശവും വെട്ടിപ്പിടിത്തവും തുടരാൻ ഇനിയും ധാരാളം അവസരമുണ്ടല്ലോ.തങ്ങളുടെ സ്നേഹശൂന്യത ഒരാഭരണമായി അണിഞ്ഞ് സമൂഹമധ്യത്തിലേക്ക് വന്ന് കോമാളിത്തം കാണിക്കാതിരിക്കൂ എന്നാണ് അവരോടു പറയാനുള്ളത്. ജനപ്രിയ നോവലുകൾ എഴുതി തള്ളാൻ സമയം എന്ന ഘടകം മാത്രം മതി. കൃത്രിമമായി  വികാരം കുത്തി നിറയ്ക്കാമല്ലാ.എന്നാൽ മികച്ച കൃതികളെഴുതാൻ ,ഹ്വാൻ റുൾഫോയുടെ 'പെഡ്രോ പരാമോ' പോലെ, കൂടുതൽ ഏകാന്തതയും സത്യസന്ധതയും വേണം. സ്വയം തപിക്കണം.അത് മൂന്നാറിലേക്ക് ടൂർ പോകുന്ന പോലെയല്ല.

ഒരിക്കൽ സുകുമാർ അഴീക്കോട് പറഞ്ഞു, എഴുത്തുകാരനു ഭൗതികമായ സുരക്ഷിതത്വം വേണം; എന്നാൽ അവൻ ഒരിക്കലും ആത്മീയമായി സുരക്ഷിതനാവരുത് .അങ്ങനെ വന്നാൽ അതവൻ്റെ രചനയിൽ നിന്ന് സഹൃദയത്വവും മാനുഷികതയും നഷ്ടപ്പെടുന്നതിനു ഇടയാക്കും.,

ചില എഴുത്തുകാർ കൊറോണക്കാലം സാഹിത്യരചനകൾക്കായി മാറ്റി വച്ചിരിക്കുകയാണെന്ന് അറിയിച്ചപ്പോൾ ശരിക്കും കുഴഞ്ഞു പോയി. ധാരാളം പുസ്തകങ്ങളിലൂടെ റോയൽറ്റി വകയായി നല്ല തുക സ സമ്പാദിക്കുന്നതിനും  അടിക്കടി വലിയ തുകയുടെ അവാർഡു കിട്ടുന്നതിനും നെറ്റ്വർക്ക് ഉള്ള എഴുത്തുകാർ ഈ കാലത്ത് ഒരു വിഹിതം പാവപ്പെട്ടവർക്ക് കൊടുക്കണം. ദാനം ചെയ്താൽ പാപം തീരുമെന്നാണ് ഭാരതീയ തത്ത്വശാസ്ത്രം പറയുന്നത്. നമ്മുടെ പാപപങ്കിലമായ അസ്തിത്വത്തെ ചികിത്സിക്കാനുള്ള ഉത്തമ ഔഷധമാണ് ദാനം.ദാനം ധർമ്മം തന്നെയാണ്. ഫേസ്ബുക്കിൽ വന്ന് വൈറലാകുന്നത് ധർമ്മമല്ല;അത് ചിലപ്പോൾ അധർമ്മമാണ്. രാഷ്ട്രീയ പാർട്ടികളുടെ പ്രിയപ്പെട്ടവരാകാനുള്ള ഒരു ഉപകരണമാണ് ഫെയ്സ്ബുക്ക്.

Share :