മുറിവുകളും മുല്ലപ്പൂക്കളും --രണ്ട്
എനിക്കാവാർത്ത വിശ്വസിയ്ക്കാനെ കഴിയുന്നില്ല. കേട്ടപ്പോൾ മുതലേ എന്തോയൊരു അപാകത ആ വർത്തയ്ക്കുണ്ടെന്നൊരു തോന്നൽ. ആ സാറും ഞാനുമായുള്ള ബന്ധം അറിയാവുന്നർക്കൊക്കെ എന്നോട് ആ വാർത്ത പറയാൻ വല്ലാത്ത ബുദ്ധിമുട്ടുള്ളതു പോലെയും എനിക്കു തോന്നി.
ആ വാർത്തയുടെ ഉറവിടം ഏകദേശം എനിക്കൊരു രുപമുണ്ടായിരുന്നു. പക്ഷേ അതെനിക്ക് ആരോടും പറയാനുമാകില്ല. ആ വാർത്ത: സാറിന് മറവിരോഗം വന്നു - എന്ന്.
ഇപ്പോൾ ആ വാർത്ത പരക്കുകയല്ല - മറിച്ച് പ്രചരിപ്പിക്കുകയാണ് -- അതും സാറിന്റെ പ്രിയപ്പെട്ടവർ തന്നെ.
സാറിന്റെ വീട്ടിൽ ഞാൻ അവസാനമായി പോയ രംഗം എന്നിൽ നിന്നും ഇത് വരേയും മാഞ്ഞിയിട്ടില്ല. സാറിന്റെ വീട്ടിലെ കാളിംഗ് ബെല്ലടിച്ചു . വാതിൽ തുറന്ന് വന്നത് സാറിന്റെ പ്രിയപ്പെട്ടവരിൽ ഒരാളാണ്. ഞാൻ സാറിനെ കാണാനാണ് വന്നതെന്ന് കക്ഷിയ്ക്കറിയാം. ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ പ്രിയപ്പെട്ടവൻ - സാറിന്റെ പ്രിയപ്പെട്ടവൻ ഒന്ന് നിന്നു. പിന്നെ സാമാന്യ മര്യാദ എന്ന പോലെ സെറ്റി ചൂണ്ടി കാട്ടി ഇരിയ്ക്കാൻ പറഞ്ഞു. ഇപ്പോൾ ആ പ്രിയപ്പെട്ടവന്റെ മുഖത്ത് തന്ത്രത്തിൽ വരുത്തിയ 'മന്ദഹാസം പൂവണിയുന്നുണ്ടു.' അപ്പോഴേയ്ക്കും തന്ത്രത്തിൽ വരുത്തുന്ന മറു മന്ദഹാസം ഞാനും പൊഴിഞ്ഞു.
പക്ഷേ , ഒട്ടും പ്രതീക്ഷിയ്ക്കാതെ സാർ അകത്ത് നിന്നും പുറത്തിറങ്ങി വന്നു -- ഞാൻ ഇരിക്കുന്ന സെറ്റിയുടെ സമീപത്ത് എത്തി. ഞാൻ എഴുന്നേറ്റ് നിന്നു. "എടാ .നീ കാറിലാണോ വന്നത്? എന്നെയൊന്ന് ....."" ആ വാചകം പൂർത്തിയാക്കാൻ സമ്മതിച്ചില്ല. അപ്പോഴേയ്ക്കും അകത്ത് നിന്നും വന്നപ്രിയപ്പെട്ടവരും എന്നാടൊപ്പമുള്ള പ്രിയപ്പെട്ടവനും --" ഡോക്ടർ പ്രത്യേകം പറഞ്ഞതല്ലേ ബെഡ് റെസ്റ്റ് എടുക്കണമെന്ന്."
പ്രിയപ്പെട്ടവർ ചേർന്ന് അദ്ദേഹത്തെ അകത്തേക്ക് കൂട്ടികൊണ്ട് പോയി. ഞാൻ അകത്ത് കടക്കാതിരിയ്ക്കാനാണെന്ന് ഉറപ്പ് , പെട്ടെന്ന് എന്നോടൊപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവൻ തിരികെ വന്നു. 'കുടിയ്ക്കാൻ' .... അത് പൂർത്തിയാക്കാൻ അനുവദിയ്ക്കാതെ ഞാൻ പറഞ്ഞു - " ഞാൻ ഇറങ്ങുന്നു ,സാർ റെസ്റ്റ് എടുക്കട്ടെ!" .. ആ മുഖത്തെ അപ്പോഴത്തെ ആശ്വാസം ഇന്നും എന്റെ ഓർമ്മയിൽ നിന്നും മായാതെ കിടക്കുന്നു.....
ഞാൻ സ്ക്കൂളിൽ പഠിയ്ക്കുന്ന കാലത്താണ് അദ്ദേഹം കുടുംബവുമായി ഞങ്ങളുടെ നാട്ടിൽ വന്ന് താമസമാക്കിയത്. എന്റെയൊരു ഏട്ടനുമായി നല്ലൊരു സൗഹൃദം അദ്ദേഹത്തിനെയുണ്ടായിരുന്നു. ആ സൗഹൃദമാണ് ഞങ്ങളെ കൂടുതൽ അടുപ്പിച്ചതും. അന്ന് മുതലേ ഒരു പ്രത്യേക സ്നേഹം എന്നോട് അദ്ദേഹത്തിനുണ്ടായിരുന്നു. ജീവിത പാoങ്ങൾ ഇടക്ക് ,പലപ്പോഴും എന്നോട് മനസ് തുറന്ന് സംസാരിച്ചിരുന്നു. -- "എടാ നിന്റെ ഈ നാട്ടിൽ ആദ്യമായി വരുമ്പോൾ എന്റെ കൈയിൽ എട്ടണയും ഒരു പാക്കറ്റ് 'പ്ളേഴ്സ് ' സിഗററ്റും മാത്രമാണ് ഉണ്ടായി രുന്നത്. (പ്ളേഴ്സ് സിഗററ്റ് പഴയ ബ്രിട്ടീഷ് പാരമ്പര്യത്തിന്റെ ബാക്കിപത്രമായിരുന്നു. നേവിക്കാരന്റെ തൊപ്പിയോടെയുള്ള ചിത്രം പാക്കറ്റിൽ ആ ലേഖനം ചെയ്തിരുന്നു. അക്കാലത്ത് ആഢ്യത്വത്തിന്റെയും പ്രതീകമായിരുന്നു - ആ സിഗററ്റ് ) അതാണെന്റെ കൈമുതൽ. ഇടക്കിടക്ക് അദ്ദേഹം മനസ് തുറക്കുമ്പോൾ പറയുമായിരുന്നു.
എന്റെ പഠനവിഷയങ്ങളിൽ അദ്ദേഹം വലിയ താല്പര്യമെടുത്തിരുന്നു. അന്ന് തുടങ്ങിയ സ്നേഹ ബന്ധമായിരുന്നു - ഞങ്ങളുടേത്. എന്നും അദ്ദേഹത്തിന്റെ വീട്ടിൽ എനിക്കൊരു സ്വാതന്ത്ര്യമുണ്ടായിരുന്നു.
അദ്ദേഹം വളർന്ന് കൊണ്ടിരുന്നു - താമസം നഗരത്തിലേക്ക് മാറ്റി. മക്കൾക്കെല്ലാം വീടുകൾ വെച്ച് കൊടുത്തു .ആർഭാടമായി തന്നെ അവരുടെ വിവാഹങ്ങൾ നടത്തി. എന്നോടുള്ള പെരുമാറ്റത്തിന് എന്നുമൊരു സ്ഥായീഭാവമുണ്ടായിരുന്നു. എന്റെ ഏട്ടൻ മരിച്ച ശേഷം ആ സ്നേഹവും കൂടി എനിക്ക് നൽകിയിരുന്നുവോ?
സാറിന്റെ പല കാര്യങ്ങളും എന്നോട് പറയുമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഈ 'അവസ്ഥ' ആ വീട്ടിൽ കയറാൻ ഒരു വിഷാദ മൂകമാക്കുന്നു. ആ വീട്ടിലെ കാളിംഗ് ബെൽ അമർത്തിയാൽ വാതിൽ സാറിന്റെ പ്രിയപ്പെട്ടവരിൽ ആരെങ്കിലും തുറന്ന് വന്ന് എന്നോട് "അസാദ്ധ്യമായ മേനേഴ്സോടെ" പറയും. " ഡോക്ടർ പറഞ്ഞതനുസരിച്ച് സാർ റെസ്റ്റ് എടുക്കുന്നുവെന്ന് " -- പിന്നെ അവിടെ വീണ്ടും നില്ക്കാൻ എനിക്ക് കഴിയുകയുമില്ല -- അതെനിക്കറിയാം - അത് കൊണ്ടാണ് ഞാൻ അവിടെ പോകാൻ മടിയ്ക്കുന്നത് ..... പക്ഷേ എനിക്ക് സാറിനെയൊന്ന് കാണണം. ആ 'മറവിരോഗം' അറിയണം.അത് എനിക്ക് മാത്രമേ മനസിലാവൂ. ഞാൻ അവിടെ പോകാൻ സ്വതന്ത്രമായി സാറിനെ കാണാൻ അവസരം പാത്ത് നടക്കുകയായിരുന്നു.
ഒരു ഉച്ചകഴിഞ്ഞ് ഞാൻ ബൈക്ക് വളരെ ദൂരെ വെച്ചിട്ട് സാറിന്റെ വീട്ടിലേക്ക് നടന്നു് പോയീ. വാതിൽ തുറന്ന് കിടക്കുന്നു. ഗേറ്റ് ശബ്ദമില്ലാതെ തുറന്ന് തിരികെ ചാരി . മുറ്റത്ത് നിന്ന ആ കൊച്ചുമോൾ- അവൾക്കെന്നെ അറിയാം. ഞാൻ ആ വീട്ടിൽ വരുന്നതെന്തിനാണെന്നും അറിയാം. എന്റെ കൈ പിടിച്ച് നേരെ സാർ കിടക്കുന്ന മുറിയിലേക്ക് കൂട്ടികൊണ്ട് പോയീ. അപ്പോഴും എന്റെ അത്ഭുതം മാറിയില്ല ആ കൊച്ചു കുട്ടിയുടെ ആ പ്രവൃത്തിയിൽ. കട്ടിലിൽ സാറ് കിടക്കുന്നു. മറ്റൊരു കട്ടിലിൽ അദ്ദേഹത്തിന്റെ ഭാര്യയും. രണ്ടു പേരും അമ്പരപ്പോടെയാണ് എന്നെ നോക്കിയത്. എങ്ങനെ ഞാൻ ആ മുറിയിൽ എത്തിപ്പെട്ടു ? ഞാൻ സാറിന്റെ കണ്ണിൽ തന്നെ നോക്കി. പെട്ടെന്ന് അദ്ദേഹം കണ്ണ് പിൻവലിച്ചു. ഞാനാ കൈയിൽ പിടിച്ചു. എന്നെ നോക്കിയല്ലാതെ ഒന്നും പറഞ്ഞില്ല. ഒന്നെനിക്ക് മനസിലായി സാറിന് ' മറവിരോഗം: ഇല്ല. എല്ലാമൊന്നു് മറന്ന് കിട്ടാനുള്ള തത്ര പാടാണെന്ന് ആ മുഖം എന്നോട് പറയുന്നു. യാത്ര പറയുന്ന ഭാവത്തിൽ ഞാൻ സാറിന്റെ ഭാര്യയുടെ അടുത്തെത്തി. മുമ്പെന്ന പോലെ ആ കൈയിൽ ഞാൻ പിടിച്ചു -- യാത്ര ചോദിക്കുന്ന ഭാവത്തിൽ .പക്ഷേ കൈയിലെ പിടി വിട്ടില്ല.അവർ കൈ പിൻവലിയ്ക്കാൻ ശക്തി കൂട്ടിയിട്ടും ഞാൻ പിടി വിട്ടില്ല. അപ്പോഴാണ് -- ''എടാ '' -- എന്ന സാറിന്റെ വിളി . ഞാൻ പിടി വിട്ടു. സാറിന്റെ ഭാര്യയോടായി - -- "ഈ സാറിനെയാണോ നിങ്ങളെല്ലാപേരും ചേർന്ന് മറവി രോഗിയാക്കിയ"തെന്ന ചേദ്യം പുറത്ത് വന്നത്. എങ്ങനെ ഞാനാ ചോദ്യം അപ്പോൾ ചോദിച്ചതെന്ന് എനിക്കറിയില്ല. ആരും മിണ്ടിയില്ല. ഞാൻ ശബ്ദം താഴ്ത്തി സാറിന്റെ ഭാര്യയോടായി സംസാരിച്ച് തുടങ്ങി --- "നിങ്ങൾക്ക് എങ്ങനെ തോന്നീ ഈ സാറിനോട് ഇങ്ങനെ പെരുമാറാൻ ? നിങ്ങൾ അവസാനം പ്രസവിച്ച മോൾ സാറിന്റെതല്ലെന്ന് അറിഞ്ഞ് കൊണ്ടല്ലേ അദ്ദേഹം അവളെ വളർത്തി വലുതാക്കി മറ്റുള്ള മക്കളെ പോലെ ആർഭാടമായി തന്നെയല്ലേ വിവാഹം ചെയ്തു കൊടുത്തത് ?"
സാറിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. പക്ഷേ സാറിന്റെ ഭാര്യ അമ്പരപ്പോടെയാണ് അപ്പോൾ എന്നെ നോക്കിയത്. ആ മുഖത്ത് വല്ലാത്തൊരു കുറ്റബോധം നിഴലിക്കുന്നത് പോലെ. വീണ്ടും ഞാൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ സാർ ആംഗ്യം കാട്ടി --ഒന്നും സംസാരിക്കരുതെന്നും അവരെ വേദനപ്പിയ്ക്കുതെന്നും.
ഞാൻ സാറിന്റെ അടുത്തെത്തി. ആ കൈകളിൽ പിടിച്ച് ഒന്നും മിണ്ടാതെ നിന്നു. അപ്പോൾ ഞങ്ങളുടെ ഹൃദയങ്ങൾ സംസാരിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് സാറിന്റെ പ്രിയപ്പെട്ടവരിൽ ഒരാൾ ആ മുറിയിൽ കടന്ന് വന്നത്. എന്നെ കണ്ടപ്പോൾ വന്ന മുഖഭാവം മാറ്റി കൊണ്ട് --- - ഒരു മന്ദഹാസം എടുത്ത് ഫിറ്റ് ചെയ്തു കൊണ്ട് -- "മറ്റാരോയാണെന്ന് കരുതിയാണ് നിങ്ങളെ പിടിച്ചിരിക്കുന്നത് "
ഞാൻ പറഞ്ഞു -" എനിയ്ക്കും തോന്നി -- എന്നെ മനസ്സിലായില്ല സാറിനെന്ന് -- ഞാൻ ഇപ്പോൾ വന്നതേയുള്ളു. ആ കൊച്ചു മോള് എന്നെ ഈ മുറിയിൽ കൊണ്ട് വന്നതേയുള്ളു. -- അപ്പോഴേയ്ക്കും നിങ്ങളുമെത്തി." അപ്പോൾ ആ പ്രിയപ്പെട്ടവന്റെ മുഖത്ത് വന്ന ആശ്വാസവും എനിക്ക് നാളിതുവരേയും മറക്കാൻ കഴിഞ്ഞിട്ടില്ല. പിന്നെ ഞാൻ അവിടെ നിന്നില്ല. സാറിന്റെ പ്രിയപ്പെട്ടവനോട് ആംഗ്യം കൊണ്ട് യാത്ര പറഞ്ഞു. ഗേറ്റ് കടന്ന് തിരികെ ചാരി . ആ വീടിനെ തിരികെ നോക്കി - ആ വീടും സാർ വെച്ചതാണ്.-- വീണ്ടും വീണ്ടും ആ വീടിനെ തന്നെ നോക്കി . ഞാൻ ആദ്യമായി ആ വീടിനെ കാണുന്നത് പോലെ --- അപ്പോഴാണ് ഞാൻ കണ്ടത് -- ആ വീട് നിശ്ശബ്ദമായി കരയുന്നുണ്ടായിരുന്നു. ..