കണ്ണാടിയിലൂടെ (സാഹിത്യ വാരം )  / 

കുറിഞ്ചിലക്കോട് ബാലചന്ദ്രൻ
  വാക്കുടയ്ക്കൽ

 നേരിൽ പറയുക എന്നാൽ, നേരിട്ടു പറയുക എന്നതുതന്നെയാണ്. നേരിട്ടു പറയുമ്പോൾ അത് നെഞ്ചിനുനേരേ പിടിച്ച വാഗ്ധ്വനിയായി പ്രതിഫലിക്കും.എന്നാൽ രാസസംതുലനങ്ങളെ ആശ്രയിക്കുന്ന രസതന്ത്രസംജ്ഞയായി അസ്തമിക്കുമ്പോഴാണ് വാക്കുകൾക്ക് അർത്ഥമില്ലാതാകുന്നത്. അർത്ഥമില്ലാത്ത വാക്കും ലയിച്ചു ചേരാത്ത അക്ഷരങ്ങളും ഭാഷയുടെ അപചയത്തെയാണ് സൂചിപ്പിക്കുന്നത്. എവിടെ അക്ഷര പ്രകൃതിയും വാഗർത്ഥവും ലയിച്ചു ചേരാതാകുന്നുവോ അവിടെ സാഹിത്യം അസ്തമിക്കുന്നു!
: നമ്മുടെ ജീവിതവും ഇത്തരമൊരു അസ്തിത്വപ്രതിസന്ധിയെ നേരിടുന്നുണ്ട്. അതിന്റെ പ്രതിഫലനം സാഹിത്യത്തിലും കടന്നു വരാതെ തരമില്ല. ഏറെ ചർച്ചകളും തർക്കവിതർക്കങ്ങളും പ്രതിഷേധങ്ങളും നടന്ന പൗരത്വ സൂചിക തന്നെയാണ് സൂചിപ്പിച്ചത്.

    ജനിച്ച മണ്ണിൽ അന്യവൽക്കരിക്കപ്പെടുക. താങ്ങേണ്ടവർ തലകൊയ്യാൻ വാളുമായി നിൽക്കുക. അവിടെ തല കുമ്പിട്ടു കൊടുക്കുക എന്നതല്ല, പ്രതിരോധിക്കാൻ തയ്യാറാവുക എന്നത് തന്നെയാണ് കരണീയമായിട്ടുള്ളത്. ഷംനാദ് എന്ന ഭാരതീയൻ-ക്രിക്കറ്റ് കളിച്ച് കേമനാകാൻ ആഗ്രഹിക്കുന്നവൻ! അവൻ മാത്രമല്ല, കൂട്ടുകാരും നാട്ടുകാരും. അപ്പോഴും 'മേത്തനായ' തനിക്ക് സെലക്ഷൻ കിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്ന ഷംനാദ് വർത്തമാന ഇന്ത്യൻ അവസ്ഥയിലെ ന്യൂനപക്ഷ ചിന്തകളുടെ അപകർഷതയെ പ്രതിനിധാനം ചെയ്യുന്നു. മനു മാധവൻ എന്ന സഹപാഠി ആൽഫിയ എന്ന തന്റെ മകളോട് "നീയും നിന്റെ വാപ്പച്ചിയും ഉമ്മച്ചിയുമൊക്കെ ഇനി എന്നാടീ പാകിസ്ഥാനിലേക്ക് മടങ്ങിപോകുന്നത്

പൗരത്വത്തിന്റെ അനിശ്ചിതത്വം ഷംനാദിനെ ഭീതിയുടെ ഉൾവലിയലിലേക്കല്ല, തന്റെ അസ്തിത്വം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ഈ അസ്തിത്വ പ്രതിസന്ധിയെ "ഭൂമിയോളം തെഴുത്ത ആലിംഗനങ്ങൾ" (മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 11 61) എന്ന കഥയിലൂടെ  ശ്രീകണ്ഠൻ കരിക്കകം നന്നായി ആവിഷ്കരിച്ചിരിക്കുന്നു

    പി.ജിംഷാർ,"ചീരുവിന്റെ ഭഗത് സിങ്ങ്" എന്ന കഥയുമായി സമകാലിക മലയാളം വാരികയിൽ (ലക്കം 3). പൂർവാപരബന്ധത്തിന്റെ ചരിത്രത്തെയും വർത്തമാനത്തെയും വേർപിരിച്ചെടുക്കാനാവാത്തവിധം ഏകതാനതയോടെ വരച്ചിടുന്നു ഈ കഥ. ചീരുവും ഭഗത് സിംഗും പൂർവത്തിന്റെയും അപരത്തിന്റയും പ്രതീകങ്ങളായി നിന്നിലേക്കും എന്നിലേയ്ക്കും കുടിയേറുന്നു

കഥ, കവിതയോടടുക്കുന്നു എന്നും കഥയിലാണ് പരീക്ഷണങ്ങൾ ഏറെ നടക്കുന്നതെന്നും അടുത്ത കാലംവരെ ഒരഭിപ്രായം നിലനിന്നിരുന്നു. ഒരർത്ഥത്തിൽ അത് ശരിയുമാണ്. അപ്പോൾ, കവിത ലേഖനങ്ങൾ ആയിപ്പോകുന്നുവെന്ന് ആരെങ്കിലും പറഞ്ഞാൽ അത് അംഗീകരിക്കാതിരിക്കാനാകുമോ? ബിനു എം പള്ളിപ്പാട് സമകാലിക മലയാളം വാരികയിൽ (ലക്കം 3) മൂന്നുപുറങ്ങളെ നിറച്ചു കൊണ്ട് "കുയിൽകുടി" എന്നൊരു കവിത എഴുതിയിരിക്കുന്നു. തമിഴ്നാട്ടിലേക്കുള്ള യാത്രയാണ്--കാഴ്ചകളാണ്. പത്തോ പതിനഞ്ചോ വരികളിൽ ഭംഗിയായി ധ്വനിപ്പിക്കാവുന്ന ഭാവനയെ ഇങ്ങനെ അടിച്ചു പരത്തേണ്ടതുണ്ടായിരുന്നോ? ഒരു യാത്രാവിവരണം ആകുന്നതായിരുന്നു നന്ന് എന്ന് തോന്നുന്നു.

    ഭാഷാപോഷിണി (ലക്കം 6) ആറ് കവിതകളുമായി ആഘോഷമായി തന്നെ പുറപ്പെട്ടിട്ടുണ്ട്. കെ. ഷെരീഫ് പതിനൊന്ന് കവിതകളുമായി പരീക്ഷിക്കുന്നു. " ഒരു തുള്ളി വെള്ളം/ ചെറുമീനായി നീന്തി" എന്നീ രണ്ട് വരികളിൽ മാത്രം കവിത്വം വെളിപ്പെടുത്തി, രണ്ട് പുറം നിറയെ പ്രസ്താവനകൾ നിരത്തി വല്ലാതെ വെറുപ്പിക്കുന്നു.

    ഇതേ ലക്കത്തിൽ സുജാ സൂസൻ ജോർജ് 'ക്രൂശിതന്റെ റിപ്പബ്ലിക്' എന്ന നല്ല കവിതയുമായി രംഗത്തുണ്ട്. ബിബ്ളിക്കൽ ബിംബങ്ങക്കൊപ്പം ബൈബിൾ സ്വാധീനവും ഇഴ തുന്നുന്നു ഈ കവിത. വിഷയത്തിനിണങ്ങുന്ന ഭാവവും ഭാവനയും ഇണങ്ങി ചേരുന്നു.

      സാജോ പനയംകോടിന്റെ 'മുറിവേറ്റ വീടുകൾ' എന്ന കവിതയും നിലവാരം പുലർത്തുന്നു.

  ദേശാഭിമാനി വാരിക (ലക്കം 4) ബൈജു മേപ്പയൂരിന്റെ ' നിന്നെയോർക്കുമ്പോൾ ' എന്ന കവിത, പ്രണയഭാവ ഭാവനയിൽ സുഭദ്രം.
 വാക്കുടയ്ക്കുമ്പോഴും ഉടഞ്ഞ വാക്കുകളെ ഇഴയടുപ്പത്തോടെ ബന്ധിപ്പിക്കുമ്പോഴുമാണ് കവിയുണ്ടാകുന്നത്. വൃത്തവും താളവും ഛന്ദസും താളരാഹിത്യവുമൊന്നും അതിന് പ്രതിബന്ധമാകരുത്. പരീക്ഷണങ്ങളാകാം;ആകണം. അത് പക്ഷെ, ആ സങ്കെതത്തെ തകർക്കുന്നതാകരുത്.

 

Share :