അതിമോഹം അതിരുവിടുമ്പോൾ
ജീവിതത്തെ പലരും പലവിധമാണ് നോക്കി കാണുന്നത്. പഠിച്ച് ഒരു ജോലി നേടി ജീവിത നിലവാരം ഉയർത്തണമെന്ന് ആഗ്രഹിക്കുന്നവർ, കാർഷിക വൃത്തിയിലൂടെ ജീവിത ലക്ഷ്യമുള്ളവർ, കലാരംഗങ്ങളിലൂടെ മുന്നോട്ടുള്ള ജീവിതം തെരഞ്ഞെടുക്കുന്നവർ; അങ്ങനെ വ്യത്യസ്ത സാഹചര്യങ്ങളെ ഇഷ്ടപ്പെടുന്നതാണ് സമൂഹം . എന്നാൽ ജീവിതം ആഘോഷമാക്കി മാറ്റാൻ കുറുക്കുവഴികൾ തേടുന്നവരുണ്ട് . അവർ അപകടകാരികളാണ്.
ഒരു ഓട്ടമത്സരം സംഘടിപ്പിച്ചാൽ ഓരോരുത്തർക്കും ഓരോ ട്രാക്കുണ്ടാവും. അതിലൂടെ അതിവേഗം ഓടിയെത്തുന്നയാൾ വിജയിയാകും. അവിടെ ചിലർ ട്രാക്ക് മാറി ഓടും. കുഴഞ്ഞു വീഴുന്നവരുണ്ടാകും. ചിലപ്പോൾ അക്കൂട്ടത്തിൽ വിജയിക്കാൻ ഉത്തേജക മരുന്ന് കഴിച്ചവർ ഉണ്ടാകും. വിജയത്തിലെത്താനും അതിലൂടെ കിട്ടുന്ന പ്രശസ്തിയും പോരാത്തിനു സമ്മാനതുകയിൽ ജീവിതാഘോഷവും ആകും കുറുക്കു വഴി തേടുന്നവരുടെ ലക്ഷ്യം. അതായത് കുറുക്കുവഴികളിലൂടെ മുന്നോട്ടു പോകാൻ ശ്രമിക്കുന്നവർ.
നന്മയും തിന്മയും വേർതിരിക്കപ്പെടുമ്പോൾ ചിലർ തിന്മയുടെ വേലിക്കകത്തായിരിക്കും. അവർ ശരി കാണുന്നില്ല. മനുഷ്യത്വമെന്നതിനോട് പൊരുത്തപ്പെടാത്തവർ. ഇവരിൽ സാമാന്യ ബുദ്ധി പ്രവർത്തിക്കില്ല.
ഒരു കള്ളനെ നിരീക്ഷിച്ചാൽ അയാൾ എങ്ങനെ മോഷണം നടത്താം എന്ന ഗൃഹപാoത്തിലായിരിക്കും. ഓടിളക്കി വീടിനുള്ളിൽ കയറുന്ന മോഷ്ടാവുണ്ട്. കതക് കുത്തിതുറന്ന് കയറുന്ന വിദഗ്ധനുണ്ട്. അതിപ്പോ , മോഷണമായാലും ഓരോരുത്തർക്കും ഓരോ കഴിവുകളായിരിക്കും. മോഷണം ഒരു കലയാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. അത് ശരിയായിരിക്കും.
കള്ളൻ അന്യൻ്റെ മുതല് മോഷ്ടിക്കുമ്പോഴും അതിലും ഒരധ്വാനമുണ്ട്. വീടും പരിസരവും ശ്രദ്ധിക്കണം. അവിടെ കയറിപ്പറ്റണം. ഒരു വീട്ടിൽ പട്ടിയുണ്ടേൽ അതിനെ ഉൾപ്പെടെ ഒരു കള്ളൻ ബുദ്ധി ഉപയോഗിച്ച് നേരിടണം. ഇതൊക്കെ ശ്രദ്ധിച്ച് കളവു നടത്തിയാലും പിടിക്കപ്പെട്ടേക്കാം. അതാണല്ലോ പണ്ടുള്ളവർ പറഞ്ഞു വച്ചത്, പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന്.
പല പല കള്ളന്മാരെ കുറിച്ചു പറയുമ്പോൾ അഴിമതിക്കാരെ കുറിച്ചും പറയണം. മാന്യമായി ജീവിക്കാൻ ശമ്പളം കിട്ടുന്നവരിലും ഒരു ചെറിയ വിഭാഗം കിമ്പളവും മാസപ്പടിയുമൊക്കെ വാങ്ങി സുഖലോലുപിതരാകാറുണ്ട്. ശർക്കരക്കുടത്തിൽ കൈയിടുന്തോറും സ്വാദ് കൂടുമല്ലോ.
പണമുണ്ടാക്കാൻ ക്വട്ടേഷൻ തൊഴിലാക്കിയവരുണ്ട്. ഇതൊക്കെ നിയമ വിരുദ്ധമാണ്. നാടോടിക്കാറ്റ് സിനിമയിൽ പവനായി എന്ന ക്വട്ടേഷൻ തലവനെ ഓർമ്മയില്ലെ. അതു സിനിമയിലെങ്കിൽ ക്വട്ടേഷൻ വർക്ക് എന്നത് യാഥാർത്ഥ്യവുമാണ്. എന്നാൽ ഇപ്പോൾ കേൾക്കുന്ന ചില വാർത്തകൾ സിനിമയിലേതാണോ, ജീവിതത്തിലെയാണോ എന്ന ആശങ്ക മാറിയിട്ടില്ല.
കൂടത്തായി കൊലപാതക പരമ്പര സമൂഹത്തെയാകെ ഞെട്ടിച്ചതാണ്. ഒരു സ്ത്രീ ഭർത്താവിനെയും ബന്ധുക്കളെയും ഒക്കെ കൊന്നുവെന്നത് സമൂഹത്തെയാകെ അത്ഭുതപ്പെടുത്തി. കൂടത്തായിലെ കൊലപാതകങ്ങൾ ആദ്യ സംഭവമല്ല. എന്നു കരുതി ഒരു സ്ത്രീ രണ്ടു മൂന്നും വർഷത്തെ ഇടവേളകൾ വച്ച് ആറോളം പേരെ കൊന്നു എന്നത് അത്ഭുതാവഹം തന്നെ. ജ്യൂസിലും മറ്റും സയനൈഡ് നൽകി നടത്തിയ കൊലപാതകങ്ങൾ. ആർക്കും ഒരു സംശയവും കൂടാതെ സമൂഹത്തിൽ മാന്യയായി ആ സ്ത്രീ ജീവിച്ചു പോന്നു. സന്തോഷവതിയായി. ഒരു കുടുംബത്തിലുള്ള ആറോളം പേരുടെ ജീവിതത്തിൻ്റെ അന്ത്യം കുറിച്ചു. ചില പ്രേതസിനിമയിലെ യക്ഷിയെപ്പോലെയവൾ രക്തദാഹിയായി മുന്നോട്ടു പോയി. എന്തായാലും കൂടുതൽ കൊലപാതകങ്ങൾക്ക് വഴിവെക്കാതെ അവർ നിയമത്തിൻ്റെ വലയിലകപ്പെട്ടു. ആ സ്ത്രീയുടെ പേരു പോലും ആളുകൾ ഭയപ്പെടുന്ന ഘട്ടം കഴിഞ്ഞോ എന്തോ ?
ദാ, കൊല്ലം ജില്ലയിൽ അഞ്ചൽ ഒരു സംഭവം നടന്നിരിക്കുന്നു. കൊല്ലം എന്നത് ഇംഗ്ലീഷിൽ എഴുതിയാൽ കൊള്ളാം എന്നും കൊല്ലാം എന്നും വായിക്കാം. അത് എങ്ങനെ വായിച്ചാലും പാമ്പിനെ കൊണ്ട് കൊത്തിച്ചു കൊല്ലിച്ച സംഭവം നടന്നത് കൊല്ലം അഞ്ചലിലാണ്. ഇംഗ്ലീഷ് സിനിമയിൽ ഇത്തരം സീൻ ഉണ്ട്. മലയാള സിനിമയിലും ഉണ്ട്. അതൊക്കെ സിനിമയല്ലെ. ജീവിതത്തിലായാലോ : അതു ക്രൂരതയാണ്.
സാധാരണ കുടുംബത്തിലെ ബികോം വിദ്യാഭ്യാസമുള്ള ഒരുവന് 98 പവനോളം സ്വർണ്ണവും കാറും നൽകി മാതാപിതാക്കൾ ഒരു പെൺകുട്ടിയെ അയച്ചത് വലിയ സ്വപ്നത്തോടെയാവും. ആ പെൺകുട്ടിയുടെ സന്തോഷമാഗ്രഹിച്ച് മാതാപിതാക്കൾ പെൺകുട്ടിയുടെ കരം അവൻ്റെ കയ്യിൽ ഏൽപ്പിച്ചപ്പോൾ അവർ ഒരിക്കലും പ്രതീക്ഷിച്ചതല്ല നടന്നത്. അവൻ്റെ അതിമോഹം അവനെ ഭ്രാന്തനാക്കി . ആ പെൺകുട്ടിയുടെ സ്വത്തു വകകൾ കൈക്കുള്ളിലാക്കാൻ നടത്തിയ ശ്രമം.
രണ്ടു തവണ വിഷപാമ്പിനെ കൊണ്ടു ഭാര്യയെ കൊത്തിപ്പിക്കുവാൻ അവൻ തയ്യാറായി എന്നത് അവൻ്റെ ക്രൂര മനസിനെയാണ് ഭയപ്പെടുത്തുന്നത്. പാമ്പിനെ ആയുധമാക്കി എന്നതും കുത്തിക്കൊല്ലുക എന്ന രീതിയിൽ കൊത്തിപ്പിക്കുക എന്ന പ്രക്രിയയാണ് ഇവിടെ നടന്നത്. ഇതു കയ്യബ്ദമല്ല.
ഇതിനു സമാനമായ സംഭവം മഹാരാഷ്ട്രയിൽ നടന്നിട്ടുണ്ട്. മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുക്കാൻ ഇളയ മകൻ ക്വട്ടേഷൻ കൊടുത്ത് മാതാപിതാക്കളെ കൊല്ലിപ്പിച്ചു . അവിടെ നടന്നത് പാമ്പിനെ കൊണ്ട് കൊത്തിച്ചാണ് കൊന്നത്. 2010 ൽ നടന്ന ഈ കൊലപാതകത്തിന് ദൃക്സാക്ഷികൾ ഇല്ലാതിരുന്നിട്ടും എല്ലാ പ്രതികളെയും നാഗ്പൂർ കോടതി ജീവപര്യന്തം ശിക്ഷിച്ചു. ഈ കോടതി വിധി പഠിച്ച് അഞ്ചൽ കേസിൽ പഴുതടച്ച് കുറ്റപത്രം തയ്യാറാക്കാനുള്ള കേരള പോലീസ് നീക്കം പ്രതീക്ഷയുളവാക്കുന്നു.
ഗാർഹിക - സ്ത്രീധന പീഡനങ്ങൾക്കെതിരെ പെൺക്കുട്ടിയുടെ ഭർത്താവിൻ്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. ഒരു കേസുകൊണ്ട് തീരേണ്ടുന്ന ഒരു വിഷയമല്ലിത്. കൂടത്തായി കൊലപാതക പരമ്പരയ്ക്കും അഞ്ചൽ കൊലപാതകത്തിനും സാമ്യതയുണ്ട്. കൂടത്തായി സംഭവത്തിൽ ഒരു സ്ത്രീയും അഞ്ചൽ സംഭവത്തിൽ ഒരു പുരുഷനുമാണ് പ്രതിപട്ടികയിൽ എങ്കിലും ഇരു സംഭവങ്ങളും ആസൂത്രിതമാണ്. ദിവസങ്ങളോടെ ചിന്തിച്ചും നിരീക്ഷിച്ചും പഠിച്ചും ഒക്കെ നടത്തിയ കൊലപാതകങ്ങൾ . കൊലപാതകം ലഹരിയായി മാറുന്ന കുറ്റവാളികൾ. ജീവിതം ആഘോഷിക്കപ്പെടാനുള്ളത് എന്ന് കരുതി ഹീന പ്രവൃത്തി തെരഞ്ഞെടുത്തവർ. കൂടത്തായി സംഭവത്തിൽ ആറു പേർ കൊല്ലപ്പെട്ടു. ഇനിയും ആ പരമ്പര നീളാമായിരുന്നു. അതു തന്നെ അഞ്ചലും സംഭവിക്കാമായിരുന്നു. അവൻ്റെ കരം സ്വീകരിച്ചു മറ്റൊരു പെണ്ണു കൂടി ഈ വിധി വരാതിരുന്നതിൽ ആശ്വസിക്കാം. അഞ്ചൽ സംഭവത്തിൽ പെൺക്കുട്ടി പാമ്പ് കൊത്തി മരിച്ചതിൽ സംശയമുയർന്നത് കേസിനു വഴിതിരിവായി. ഇവിടെ ആവർത്തിച്ചു പറയാനുള്ളത് ജീവിതം കുറുക്കു വഴികളുടേതല്ലായെന്ന് ബോധ്യപ്പെടുക. അതിമോഹം അതിരുവിടരുതെന്നും.
കമൻറ്: മോഹൻലാലിൻ്റെ ദൃശ്യം സിനിമയിൽ ചാനലുകൾക്ക് മുന്നിൽ തൻ്റെ കുടുംബത്തെ രക്ഷിക്കാൻ വേണ്ടി മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ ഒരു പ്രകടനമുണ്ട്. എന്നെയും കുടുംബത്തെയും പോലീസ് ദ്രോഹിക്കുന്നുവെന്ന്. അതുപോലെയാണ് അഞ്ചൽ സംഭവത്തിലെ കുറ്റാരോപിതൻ ചാനലുകൾക്ക് മുന്നിൽ നടത്തുന്ന പ്രകടനം. സിനിമയേയും ഉപയോഗപ്പെടുന്നത് കാഴ്ചക്കാരൻ്റെ മനോഭാവം അനുസരിച്ചാണെന്ന് സാരം.