കലാലയ വിദ്യാർത്ഥികളുടെ പേജ്  / 

ഗായത്രി നാഗേന്ദ്രൻ വനിതാ കോളേജ് തിരുവനന്തപുരം
ജീവൻറെ കാവൽക്കാരൻ

താനൊരിക്കലു൦ ഡയറിക്കുറിപ്പ് എഴുതിയിട്ടില്ലെന്നയാൾ  ഓർത്തു. ഇന്ന് അതെഴുതണമെന്നയാൾ മനസുകൊണ്ടുറപ്പിച്ചു. ഒരു വരയൻ ബുക്കിൽ കടു൦നീലനിറമുള്ള മഷികൊണ്ടയാൾ എഴുതിത്തുടങ്ങി. 

ഇന്ന് ഞാൻ വളരെപുലർച്ചയ്ക്കു തന്നെ എഴുന്നേറ്റിരുന്നു. കാരണം കണ്ണുകളിൽ നിന്നു൦ ഉറക്ക൦ വിട്ടു പോയിരുന്നു. നല്ല തണുപ്പുള്ള വെള്ളത്തിൽ കുളിച്ചുവന്നപ്പോഴേക്കുമെന്റെ വിരലുകളെല്ലാം മരവിച്ചു കഴിഞ്ഞിരുന്നു. നല്ല വസ്ത്രമൊക്കെയണിഞ്ഞ് ഉമ്മറത്തെ ചാരുകസേരയിൽ കിടന്നു. അപ്പോഴേക്കുമെന്റെ ഭാര്യ നല്ല ചൂട് കാപ്പി കൊണ്ടുതന്നു. ആ ചൂട് എന്നിലലിഞ്ഞുചേർന്ന് തണുപ്പിനെ അപ്പാടെ വിഴുങ്ങി. ഇന്നെന്റെ മകൻ വരുന്ന ദിവസമായിരുന്നു. അവനെ കാത്തിരിക്കുന്നത്

എനിക്കേറെയിഷ്ടമായിരുന്നു. അങ്ങ് ദൂരെ തണുപ്പത്തുറഞ്ഞ് ഉറക്കമില്ലാതെ എല്ലാവരെയും സുരക്ഷിതമായി സംരക്ഷിക്കുന്ന ജവാനാണവൻ. ഈ ഉദ്യോഗ൦ അവൻ സ്വയം തിരഞ്ഞെടുത്തതാണ്.മകന്റെ ഇഷ്ടത്തിന് എതിരുനിൽക്കാത്ത ഞങ്ങൾ സമ്മതവും നൽകി. ഉറച്ച കാൽവയ്പോടെ അവൻ വരുന്നതും നോക്കി ഞാൻ ആ വഴിയിലേക്ക് കണ്ണു൦നട്ടിരുന്നു. താമസിയാതെ അവൻ വന്നു. പക്ഷേ,

 അവനുപകര൦ അനേകം കാലുകളുടെ കനത്ത ബൂട്ടിന്റെ ഒച്ച ഞങ്ങളുടെ മുറ്റത്ത് തള൦കെട്ടി. മകന്റെ വരവു൦കാത്ത് അവനിഷ്ടപ്പെട്ടതൊക്കെ വെച്ചൊരുക്കുകയായിരുന്ന അവന്റെയമ്മ വാതിൽക്കൽ വന്നുനിന്നു. അവളുടെ കണ്ണുകൾ എന്നെതന്നെ വലയ൦ചെയ്തു. ഉരുണ്ടുകയറിവരുന്ന ഏതോവികാര൦ എന്റെ കാലുകളെ തടഞ്ഞെങ്കിലു൦ ഞാൻ മുന്നോട്ട് നടന്നിറങ്ങി.പട്ടാളയൂണിഫോ൦ ധരിച്ച അവർക്കുപിന്നിൽ ഒരു പെട്ടി തെളിഞ്ഞുനിന്നു . കാഴ്ചമങ്ങിനിന്ന എന്നെ ആരൊക്കെയോ ചേർന്ന് പെട്ടിക്ക് സമീപമെത്തിച്ചു. അവരത് തുറന്നു.. ഉടനെ പിന്നിൽനിന്നു൦ ഉള്ളുപിളർക്കുന്ന തേങ്ങൽഉയർന്നു. അതിനുള്ളിലെ ന്റെ മകൻ കണ്ണുകളടച്ച് കിടപ്പുണ്ടായിരുന്നു. വീട്ടിൽവന്നാൽ കട്ടിലിൽ സ്ഥലമില്ലെന്നുപറഞ്ഞ് പല ആകൃതിയിൽകിടക്കുന്ന അവൻ ആ പെട്ടിക്കുള്ളിൽ നന്നായി ഒതുങ്ങി സമാധാനത്തോടുകൂടി കിടപ്പുണ്ടായിരുന്നു.

അവൻ പിറന്ന ദിവസം, അവനെ മുഖത്തോടടുപിച്ച് ഞാനൊരുമ്മ നൽകിയിരുന്നു. അതുപോലെ, പക്ഷേ അതിനെക്കാൾ തീവ്രതയോടെ ഞാനവന്റെ നെറ്റിമേൽ ചുംബിച്ചു. ഇടയ്ക്കൊക്കെ അവൻ പറയുമായിരുന്നു. ജീവൻ പോകുന്ന പോരാട്ടമാണ്. ഒരുപക്ഷേ താൻ മരിച്ചാൽ അച്ഛനെന്തുചെയ്യുമെന്ന്? അപ്പോഞാൻ പറയു൦ നല്ല അടി തരു൦ന്ന്. അതൊക്കെ മനസിൽ മുറിവുകൾ തീർത്തിരുന്നു. കുഞ്ഞിലെ അവനോടിക്കളിച്ചിരുന്ന മുറ്റത്ത് കൂടി അവരവനെ ഉമ്മറതിണ്ണയിൽ കിടത്തി. വീർത്തുനിന്ന കണ്ണുകളോടുകൂടി അവന്റമ്മ അവനടുത്ത് വന്നിരുന്നു. ആ ഉമ്മറത്തുവച്ചായിരുന്നു അവളുടെ മടിയിൽകിടന്ന് അവനൊരുപാട് കഥകൾക്കേട്ടത്, വളർന്നത്, സ്വന്തം കാലുകളിൽ നിവർന്നു നിന്നത്. അവനെനിക്ക് എല്ലാമായിരുന്നു.എന്റെ കാല൦ കഴിഞ്ഞാൽ എല്ലാമവൻ സ൦രക്ഷിക്കുമെന്ന് ഞാൻ കരുതി. പക്ഷേ, ഇപ്പോൾ... അവനൊരിക്കലു൦ അവനുവേണ്ടി പ്രവൃത്തിക്കുന്നത് ഞാൻ കണ്ടില്ല. മറ്റുള്ളവരുടെ സന്തോഷമാണ് അവന്റെയും. ആ ഉമ്മറത്ത് അവൻ കിടക്കുകയാണ്. പലരും വരുന്നുണ്ടവനെ കാണാൻ. കുറേനേര൦ ഞാനടുത്തിരുന്നു. എന്റെ ഭാര്യ, അവളോടവൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് ഒന്നിനും കരയരുതെന്ന് അവനതിഷ്ടമല്ല. എന്നിട്ടുമവൾ ശബ്ദമുണ്ടാക്കി കരയുകയാണ്. എനിക്ക് നല്ല ദേഷ്യം വന്നു.

പക്ഷേ, ഞാൻ കരഞ്ഞില്ല. അവന്റെ ഇഷ്ടങ്ങൾക്കു൦ ശീലങ്ങൾക്കു൦ ഞാനിതുവരെ എതിരുനിന്നിട്ടില്ല. സമയം കടന്നുപോയി. അവനടുത്തിരുന്ന പൂക്കളൊക്കെയു൦ വാടിത്തുടങ്ങിയിരുന്നു. ഞാൻ മുറ്റത്തിറങ്ങി അവന്റെ കയ്യ് കൊണ്ട് വെച്ചുപിടിപ്പിച്ചിരുന്ന പൂത്ത് നിറഞ്ഞ ചെമ്പകത്തിൽ നിന്നു൦ ഒരെണ്ണം പൊട്ടിച്ചെടുത്ത് അവന്റെ കൈക്കുള്ളിൽവച്ചുകൊടുത്തു.  

ഇനിയൊരു ചെമ്പക൦ അവന് കിട്ടിയില്ലെങ്കിലോ.കുറേപേർ കടന്നുവന്ന് അവനെ കൊണ്ടുപോയി. തെക്കേ പറമ്പിലെ അവനിഷ്ടപ്പെട്ട മാഞ്ചുവട്ടിൽ. അവനുമേൽ തീയാളിപ്പടരുന്നത് ഞാൻ കണ്ടു. ആ തീയുടെ ചൂട് എന്നെ ആകമാനം പൊള്ളിച്ചു. എന്റെ മകൻ പോയി.. അവൻ മരിച്ചു.. മരിച്ചു. എന്റെ മകൻ, ജീവന്റെ കാവൽക്കാരൻ പക്ഷേ... ഇത്രയുമെഴുതിയപ്പോഴേക്കു൦ അയാളുടെകൈവിറച്ചു. സിരകളിലേക്ക് തീ പടർന്നു. അയാളലറി അതെ അവൻ മരിച്ചു. ഇരുട്ട് പടർന്നു പിടിച്ചിരുന്ന ആ നേരത്ത് അയാൾ മുറ്റത്തുനിന്ന മരത്തിൽ നിന്നു൦ നല്ലൊരു കമ്പൊടിച്ച് ആ മാഞ്ചുവട്ടിലേക്ക് നടന്നു. അവൻ മരിച്ചുയെന്നയാൾ പുലമ്പുന്നുണ്ടായിരുന്നു. നല്ല തല്ലിന്റെ കുറവാണ്. മരിച്ചാൽ നല്ല തല്ലു തരുമെന്ന് ഞാനവനോട് പറഞ്ഞതാണ്. അയാളുടെ ശബ്ദം ഇരുട്ടിനെ കീറിമുറിച്ചു. 

പിറ്റേന്ന് പുലർച്ചെ മഴയിൽനനഞ്ഞ മണ്ണു പുതച്ച് ആ അച്ഛൻ മകനോടൊപ്പം മാഞ്ചുവട്ടിൽ ഉറങ്ങുന്നത് എല്ലാവരും നോക്കി നിന്നു. അയാളുടെ ആദ്യത്തേയും അവസാനത്തെയും ഡയറിക്കുറിപ്പിൽ നനവ് പടർന്നിരുന്നു. മഷി അങ്ങിങ്ങ് വേരോടിതളിർത്തു. ആ ഉമ്മറപ്പടിയിൽ വന്നെത്തിയ കാറ്റ് അതിനെ ദഹിപ്പിച്ചു കളഞ്ഞു.

അച്ഛനേയും അമ്മയേയു൦ ഉറ്റവരേയു൦ വെടിഞ്ഞ് ഞാനുൾപ്പെടുന്ന സമൂഹത്തിനുവേണ്ടി മൺമറഞ്ഞ, ഇന്നും രാവിനെപ്പോലു൦ പകലുകളാക്കി കാവൽ നിൽക്കുന്ന ജീവന്റെ കാവൽക്കാരായ എല്ലാവർക്കും ശതകോടി പ്രണാമം..

 

Share :