Archives / May 2020

ഡോ. നീസാ, കരിക്കോട്
പ്രമേഹവും വ്യായാമവും

ജീവിത ശൈലി രോഗങ്ങളിൽ പ്രധാനിയാണ് പ്രമേഹം.
ഒരു വ്യക്തിയുടെ രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ് കൂടിയ
അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്.
ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന
കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം
ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു.
രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ
പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക്
എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം
ആവശ്യമാണ്‌.
ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ
ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത്
രക്തത്തിൽ ഗ്ലൂക്കോസിന്റെ നില കൂടാൻ കാരണമാകും.
രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാൽ മൂത്രത്തിൽ
ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.
ലോകത്ത് 42.5 കോടി പ്രമേഹ രോഗികളുണ്ടെന്നാണ് കണക്ക്.
അതിൽ ഏറ്റവും കൂടുതല്‍ പ്രമേഹബാധിതരുള്ളത് ചൈനയിലാണ്. 7.3 കോടി
രോഗികളുമായി ഇന്ത്യയാണ് രണ്ടാമത്. കേരളത്തിൽ അഞ്ചിൽ ഒരാൾക്ക്
പ്രമേഹമുണ്ടെന്നാണ് കണ്ടെത്തൽ. ലോക ശരാശരിയുടെ ഇരട്ടിയാണിത്. 80%
പേർക്കും ഭക്ഷണത്തിലെ ശ്രദ്ധയും വ്യായാമവും വഴി രോഗം
പ്രതിരോധിക്കാൻ കഴിയും.

ജീവിതശൈലി
തെറ്റായ ജീവിതശൈലിയാണ് പ്രമേഹത്തിലേക്ക് നയിക്കുന്നത്.
അനാരോഗ്യപരമായ ആഹാരരീതി, വ്യായാമക്കുറവ്, ദുര്‍മേദസ്സ്,
രക്താതിസമ്മര്‍ദ്ദം, പുകവലി, ലഹരി ഉപയോഗം തുടങ്ങിയവ പ്രമേഹത്തിനു
കാരണമാകുന്നു. ഇതു മനസ്സിലാക്കി ശരിയായ രീതിയില്‍ ജീവിത ശൈലി
ക്രമീകരിച്ചാല്‍ ഒരു പരിധി വരെ പ്രമേഹത്തെ പിടിച്ചു നിർ- ത്താനാകും.
പകുതിയിലധികം പേരിലും രോഗം വരാതെ തടയാനോ രോഗബാധ
നീട്ടിക്കൊണ്ടുപോകാനോ സാധിക്കും.
രോഗിയെ ബോധവൽക്കരിക്കുക, ഭക്ഷണം ക്രമീകരിക്കുക, ചെയ്യാവുന്ന
വ്യാ‌യാമക്രമം നിർദ്ദേശിക്കുക എന്നിവ കൊണ്ട് ഹ്രസ്വകാലത്തേയ്ക്കും
ദീർഘകാലത്തേയ്ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ
സാധിക്കും.
മരുന്നുകൾ കൊണ്ട് മാത്രം പ്രമേഹം നിയന്ത്രണത്തിൽ വരുത്തുക എന്നത്
അസാധ്യമാണ്. തിരക്കുകൾ നിറഞ്ഞ ജീവിതത്തിനിടയിലും പ്രമേഹമുള്ളവർ
വ്യായാമത്തിനായി സമയം കണ്ടെത്തണം. ദിവസേന ഇരുപത് മുതല്‍ മുപ്പതു
മിനിറ്റു വരെ മാത്രം മാറ്റിവച്ചാൽ മതി. വീട്ടിലെ മറ്റംഗങ്ങളെയും
വ്യായാമത്തിന് പ്രേരിപ്പിക്കുന്നത് പ്രമേഹം പ്രതിരോധിക്കാന്‍
സഹായിക്കും.
വ്യായാമം ശരീരഭാരം കുറയ്ക്കുന്നതിനും ഇന്‍സുലി​​ന്റെ പ്രവര്‍ത്തനക്ഷമത
കൂട്ടുന്നതിനും ഹൃദയാരോഗ്യത്തിനും സഹായകമാകുന്നു. ശാരീരികവും
മാനസികവുമായ പ്രയോജനങ്ങള്‍ വേറെയുമുണ്ട്.

കഴിക്കുന്ന ഭക്ഷണം ഊർജ്ജാവശ്യത്തിനായി വിനയോഗിക്കപ്പെടുന്നു
എന്ന് ഉറപ്പുവരുത്തുന്നതിന് വ്യായാമം അത്യാവശ്യമാണ്. ശരീരത്തിനും
മനസ്സിനും ഉന്മേഷം ലഭിക്കുന്നതിനൊപ്പം മൊത്തത്തിലുള്ള ആരോഗ്യം
മെച്ചപ്പെടുത്തുന്നതിനും വിവിധ രീതിയിലുള്ള വ്യായാമങ്ങൾ
വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല.
പ്രമേഹരോഗിയായ ഒരാൾ പിന്തുടരേണ്ടത് ദീർഘകാലത്തേക്ക് ഉതകുന്ന ഒരു
വ്യായാമ മുറയാണ്. അതുപോലെ തന്നെ എല്ലാ ദിവസവും ചെയ്യാൻ
കഴിയുന്നതും ഏതു സ്ഥലത്തു ചെയ്യാൻ കഴുന്നതും ആയിരിക്കണം ഈ
വ്യായാമ രീതികൾ.
ഊർജ്ജത്തിന്റെ ഉപയോഗം ധാരാളം ആവശ്യമുള്ള എയറോബിക് വ്യായാമം
വളരെ നല്ലതാണ്. വേഗത്തില്‍ നടക്കുക, ഓടുക, നീന്തുക, സൈക്കിള്‍
സവാരി, കായികവിനോദങ്ങൾ തുടങ്ങിയവയാണ് ഉത്തമ വ്യായാമരീതി.
തുടരെയുള്ള വ്യായാമങ്ങളിൽ ഏർപ്പെടുമ്പോൾ ക്ഷീണം
അനുഭവപ്പെടുന്നുണ്ടെകിൽ അപ്പോൾ തന്നെ നിർത്തി ഒരല്പം
വിശ്രമിച്ച ശേഷം തുടരാവുന്നതാണ്. ധാരാളം വെള്ളം കുടിക്കാൻ പ്രത്യേകം
ശ്രദ്ധിക്കണം. ബാഡ്മിന്റൺ, ടെന്നീസ്, ബാസ്കറ്റ്ബോൾ, നീന്തൽ,
സൈക്ലിംഗ്, ഡാൻസിങ് എന്നിവയൊക്കെ മികച്ച വ്യായാമ രീതികളാണ്.
പതിവായി വ്യായാമം ചെയ്യുന്നവർക്ക്‌ പ്രമേഹ നിയന്ത്രണം
മാത്രമല്ല കൂടുതൽ ഉത്‍സാഹത്തോടും ആത്‌മവിശ്വാസത്തോടും കൂടി
ജീവിതത്തെ നേരിടാൻ സഹായിക്കും. ദേഹത്തിലെ സന്ധികളിലും
മറ്റുമുണ്ടാകുന്ന വേദനകളും മറ്റും അപ്രത്യക്ഷമാകും.

ഹൃദ്രോഗം, രക്തസമ്മർദ്ദം മുതലായ രോഗങ്ങളുള്ളവർ വ്യായാമത്തിന്റെ
രീതി, സമയ ദൈർഘ്യം മുതലായവ നിർണ്ണയിക്കുന്നതിന് ഒരു
ഡോക്ടറിന്റെ ഉപദേശം തേടേണ്ടതാണ്.

കാലിലെ നാഡികളെയും മറ്റും തളർത്തുന്ന ഡയബറ്റിക് ന്യൂറോപ്പതി
ഉണ്ടെങ്കിൽ നീന്തൽ സൈക്കിൾ സവാരി, ഭാരോദ്വഹനം മുതലായ
വ്യായാമങ്ങളാണ് അനുയോജ്യം.
വളരെ അദ്ധ്വാനം വേണ്ട ചില വ്യായാമങ്ങൾ കൊണ്ട് പഞ്ചസാരയുടെ
അളവ് രക്തത്തിൽ കുറഞ്ഞു ഹൈപ്പോ ഗ്ലയിസീമിയ ഉണ്ടാകാം. ഇന്സുലിന്
എടുക്കുന്ന രോഗികൾ ഇത് പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ
സാധ്യതയുള്ളവർ കഠിന വ്യായാമത്തിനു മുമ്പായി ലഘു ഭക്ഷണം
കഴിക്കുന്നത് നല്ലതാണ്.
അലസത മാറ്റി വ്യായാമ ശീലം നിത്യജീവിതത്തിന്റെ ഭാഗമാക്കൂ.
തീർച്ചയായും പ്രമേഹം നിങ്ങൾക്കു വരുതിയിൽ നിർത്താം.

Share :