Archives / May 2020

രമ പിഷാരടി ബാംഗ്ലൂർ
എഴുതാൻമറന്നിട്ട കവിത

അപരാഹ്നത്തിൻ രക്തശോണിമ

സായന്തനം എഴുതാൻ മറന്നിട്ട കവിത

രാത്രിയ്ക്കെന്നും കരഞ്ഞു തീർക്കാനായി

നിലാവിൻ  മറക്കുട!

അനന്തകാലത്തിന്റെ മുഴക്കോൽ, 

പെരുന്തച്ചനറിയാതറിഞ്ഞെയ്ത മുറിവ്,  ഉളിപ്പാട്.

ദിശതെറ്റിയതിരക്കോളുമായ്  സമുദ്രങ്ങൾ

വിരലറ്റു വീണൊരു ഗോത്രദക്ഷിണ, രാജ-

കലയെ ചുരുക്കുന്ന വനവാസങ്ങൾ ദൂരെ-

കുതിരക്കുളമ്പടിയശ്വമേധമോ, ജന്മദുരിതം

കാണും കാലരഥത്തിൻ യാഗാശ്വമോ?

പഴയകാലത്തിന്റെ തിരശ്ശീലയിൽ വന്യ-

ത്രിഗർത്തനാദം, കത്തിയാളുന്ന തിരിനാളം

ഉൽസവമവിടെയാണൊരു ശ്രീബലിക്കല്ലിൽ

നിത്യതയ്ക്കായി തൂവും കരുതൽ, കൃപാകണം

പലകാലത്തിനതിർയുദ്ധത്തിൽ നിന്നും വീണ്ടും

പലായനംചെയ്യുന്ന തഥാഗതന്മാർ;

നിത്യവനസഞ്ചാരം ചെയ്യും നിറഞ്ഞ മുകിൽ പോലെ

പലദേശങ്ങൾ ചുറ്റി വരുന്ന കാറ്റ്,  മൗനം നുകർന്നു

നിൽക്കും താഴ്വാരത്തിന്റെ പ്രതിധ്വനി

നിളയിൽനിറയുന്നമഴ, പണ്ടിതേപോലെ

കരഞ്ഞു തളർന്നൊരു മദ്ധ്യാനം മൂടിക്കെട്ടി

മനസ്സിൽ പെരുംകാട്വളർത്തുംരോഷം,

ഉലയുമിത്തീയതിൽ നീറിപ്പുകഞ്ഞ സത്യം

പണ്ടേ പകുത്ത സൂര്യൻ രാവിന്നിടവേളകളൊരു-

ജലപാത്രത്തിൽ തുള്ളിത്തൂവിയ പ്രളയങ്ങൾ

പഴയ ഓടാമ്പലിൻ ഭസ്മഗന്ധങ്ങൾ

തിരക്കൊഴിഞ്ഞു കിടക്കുന്ന അറകൾ

മുക്കൂറ്റികൾ തിരഞ്ഞു നടക്കുന്ന

തൊടികൾ, ഈറൻ മാറിയെഴുതും

അശോകപ്പൂസന്ധ്യകൾ, സമസ്യകൾ

പഴയ ഓലച്ചീന്തിൽ നിറഞ്ഞൊരറിവിന്റെ

പകുതിപോലും വായിച്ചറിയാതിരിക്കുന്ന

പുതിയ ഹൃദയമീമണ്ണിന്റെയമൃതിനെ

പകർന്നെടുക്കാനൊരു ഭൂമിയെ തേടീടുമ്പോൾ

മഴപെയ്യുന്നു സമുദ്രങ്ങളിൽ വീണ്ടും തീര-

മണലിലെഴുതുന്നു ബാല്യവും, കൗമാരവും..

തിരകൾ മായ്ക്കും മണലെഴുത്തിൽ നിന്നും

 

ഞാനും തിരികെനടക്കുന്നു മഴയോ ചിരിക്കുന്നു..

 

Share :